'അതിജീവനത്തിന്‍റെ പാതയില്‍' നവകേരള സൃഷ്ടിക്കായി സന്ദേശമുയര്‍ത്തി കുടുംബശ്രീയുടെ തെരുവുനാടകം

Posted on Sunday, September 30, 2018

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി നാടെങ്ങും സന്ദേശമുയര്‍ത്തി കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയിലെ കലാകാരികള്‍. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്‍റെ പുനരുദ്ധാരണത്തിനും വേണ്ടി സര്‍ക്കാരിന്‍റെ വിഭവസമാഹരണം ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തില്‍ പുറത്തിറക്കിയിട്ടുള്ള നവകേരളം ലോട്ടറിയുടെ വില്‍പനയ്ക്ക് കൂടുതല്‍ പ്രചാരം ലഭ്യമാക്കുക എന്നതു കൂടി ലക്ഷ്യമിട്ടാണ് രംഗശ്രീ കലാകാരികളുടെ തെരുവുനാടകം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സാമ്പത്തിക സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളജനത ഒറ്റക്കെട്ടായി നിന്നുകൊണ്ട് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതും ജനങ്ങള്‍ സാഹോദര്യത്തോടും സന്തോഷത്തോടും പുതിയൊരു കാലത്തെ വരവേല്‍ക്കുന്നതുമാണ് 'അതിജീവനത്തിന്‍റെ പാതയില്‍' എന്നു പേരിട്ടിരിക്കുന്ന തെരുവുനാടകത്തിന്‍റെ പ്രമേയം. അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടെടുക്കുന്നതിന്‍റെ ആവശ്യകതയും പ്രാധാന്യവുമെല്ലാം നാടകത്തില്‍ ഊന്നി പറയുന്നു. കൂടാതെ പ്രളയകാലത്ത് ജാതിമതഭേദങ്ങളും സാമ്പത്തികവുമായ അന്തരങ്ങളും മറന്ന് ജനങ്ങള്‍ പരസ്പരം സഹായിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതും അവരൊരുമിച്ച് സമൂഹനന്‍മയ്ക്കായി നിലകൊള്ളുന്നതും നാടകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. .       
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എട്ടു കേന്ദ്രങ്ങളില്‍ രംഗശ്രീയുടെ നേതൃത്വത്തില്‍ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ടു വരെയാണ് അവതരണം. തൊണ്ണൂറോളം കുടുംബശ്രീ വനിതകളാണ് വിവിധ ജില്ലകളിലായി അരങ്ങേറുന്ന തെരുവുനാടകത്തില്‍ അഭിനയിക്കുന്ന കലാകാരികള്‍. അയല്‍ക്കൂട്ട വനിതകളില്‍ നിന്നും ഏറ്റവും മികച്ച കലാകാരികളെ തിരഞ്ഞെടുത്ത് ഈ മേഖലയില്‍ പ്രശസ്തരായ വ്യക്തികളുടെ കീഴില്‍ പരിശീലനം നല്‍കിയാണ് രംഗശ്രീ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുളളത്. 'അതിജീവനത്തിന്‍റെ പാതയില്‍' എന്ന പുതിയ തെരുവു നാടകത്തിന്‍റെ ആശയവും സ്ക്രിപ്റ്റുമെല്ലാം ഇതിലെ കലാകാരികള്‍ തന്നെയാണ് നിര്‍വഹിച്ചിട്ടുള്ളത്. നാടക സംവിധായകനായ പ്രമോദ് പയ്യന്നൂരിന്‍റെ സാങ്കേതിക സഹായവും ലഭിച്ചിരുന്നു. കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നാടകം അവതരിപ്പിച്ചു.  മറ്റ് ജില്ലകളില്‍ നാടകം അവതരിപ്പിച്ചു വരികയാണ്.
                                                                     

 

Content highlight
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എട്ടു കേന്ദ്രങ്ങളില്‍ രംഗശ്രീയുടെ നേതൃത്വത്തില്‍ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്.