ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് നൂറു കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് ഈ നേട്ടം. പദ്ധതിയുടെ ഭാഗമായി ബ്രോയിലർ ഫാമുകൾ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്ലെറ്റുകൾ നടത്തുന്ന വനിതകളും ഉൽപ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 79 ലക്ഷം കിലോഗ്രാം ചിക്കൻ ഈ കാലയളവിൽ ഉത്പാദിപ്പിച്ച് ഔട്ട്ലെറ്റുകളിലൂടെ വിപണനം നടത്തി.
2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പും കെപ്കോയുമായി ചേർന്നുകൊണ്ട് കുടുംബശ്രീ മുഖേന ഈ പദ്ധതിക്ക് തുടക്കമിട്ടത്. ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കൻറെ അമ്പത് ശതമാനം ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയും അതുവഴി കുടുംബശ്രീ വനിതകൾക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. തുടർന്ന് ഉത്പാദനം, വിപണനം, വിതരണം എന്നിവയ്ക്ക് ഏകീകൃത പിന്തുണാ സംവിധാനമൊരുക്കുന്നതിൻറെ ഭാഗമായി കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും കേരള ചിക്കൻ പദ്ധതിയുടെ കീഴിൽ രൂപീകരിച്ചു.
പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ കേരള ചിക്കൻറെ സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂർ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി ആകെ 270 ബ്രോയിലർ ഫാമുകളും 94 കേരള ചിക്കൻ ഔട്ട്ലെറ്റുകളും പ്രവർത്തിക്കുന്നു.
വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി നടത്തിപ്പ്. പദ്ധതി ഗുണഭോക്താക്കളാകുന്ന കുടുംബശ്രീ വനിതകൾക്ക് സാമ്പത്തിക സഹായമടക്കം നിരവധി പിന്തുണകളാണ് കുടുംബശ്രീ നൽകുന്നത്. ഗുണഭോക്താവിന് ഒരു ദിവസം പ്രായമായ 1000 കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, പ്രതിരോധ വാക്സിൻ എന്നിവ കുടുംബശ്രീ മുഖേന സൗജന്യമായി നൽകും. കോഴിക്കുഞ്ഞിന് 45 ദിവസം പ്രായമാകുമ്പോൾ ഇവയെ ഔട്ട്ലെറ്റുകളിലെത്തിക്കും. ഇപ്രകാരം ഓരോ 45 ദിവസം കഴിയുമ്പോഴും വളർത്തുകൂലി ഇനത്തിൽ ഓരോ സംരംഭകർക്കും ശരാശരി അമ്പതിനായിരം രൂപ വരുമാനം ലഭിക്കുന്നു. ഔട്ട്ലെറ്റ് നടത്തുന്നവർക്ക് ശരാശരി 87,000/- രൂപ വീതവും ലഭിക്കുന്നു.
2017 നവംബറിൽ തുടക്കമിട്ട പദ്ധതി പ്രകാരം ഇതുവരെ സംരംഭകർക്ക് വളർത്തുകൂലി ഇനത്തിൽ 9.30 കോടി രൂപയും ഔട്ട്ലെറ്റ് നടത്തുന്ന ഗുണഭോക്താക്കൾക്ക് 11.05 കോടി രൂപയും വരുമാനമായി ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം 50 സംരംഭകർക്ക് മൃഗസംരക്ഷണ വകുപ്പിൽ നിന്നും സബ്സിഡി ഇനത്തിൽ 24 ലക്ഷം രൂപയും ലഭ്യമായി. നാളിതുവരെ 42.68 ലക്ഷം കോഴിക്കുഞ്ഞുങ്ങളെയും കർഷകർക്ക് വിതരണം ചെയ്തു.
2019 ജൂൺ മുതൽ ഫാമുകളും ഔട്ട്ലെറ്റുകളും മുടക്കം കൂടാതെ പ്രവർത്തിച്ചുവരുന്നതിനാൽ കോവിഡ് കാലത്തും സംരംഭകർക്ക് വരുമാനം ലഭ്യമാക്കാൻ കഴിഞ്ഞത് പദ്ധതിയുടെ നേട്ടമാണ്. ഈ കാലയളവിൽ മാത്രം സംരംഭകർക്ക് ആറുകോടി രൂപ വരുമാനമായി ലഭിച്ചു. ബ്രോയിലർ ഫാമുകൾ നടത്തുന്ന കർഷകർക്ക് ആവശ്യമായ പിന്തുണകൾ ലഭ്യമാക്കുന്നതിനും ഉൽപാദന വിപണന മേഖലകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പിന്തുണാ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്. ഇതിനായി ഫാമുകൾ പ്രവർത്തിക്കുന്ന എല്ലാ ജില്ലകളിലും അഞ്ച് വീതം മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ, ഫാം സൂപ്പർവൈസർമാർ, രണ്ടു വീതം ലിഫ്റ്റിങ്ങ് സൂപ്പർവൈസർമാർ എന്നിവർ ഉൾപ്പെട്ട ടീമും പ്രവർത്തിക്കുന്നു. കൂടാതെ കർഷകരുടെ സഹായത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.
നിലവിൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് പൗൾട്രി പ്രോസസിംഗ് പ്ലാൻറിൻറെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതോടൊപ്പം പ്രതിവർഷം 1000 ബ്രോയിലർ ഫാമുകളും 500 ഔട്ട്ലെറ്റുകളും ആരംഭിച്ചുകൊണ്ട് ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കൻ ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും കേരള ചിക്കൻ ബ്രോയിലർ ഫാമുകളും ഔട്ട്ലെറ്റുകളും പ്രവർത്തനം ആരംഭിച്ചുകൊണ്ട് സ്ത്രീകൾക്ക് തൊഴിലും അതുവഴി പ്രാദേശിക സാമ്പത്തിക വികസനവും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിനായി കാര്യക്ഷമമായ ഉൽപാദനം, മാംസ സംസ്കരണം, വിതരണം, വിപണനം എന്നിവയ്ക്ക് പ്രത്യേകം ഊന്നൽ നൽകി അഞ്ചുവർഷത്തെ വിശദമായ കർമ്മപദ്ധതിയ്ക്കും രൂപം നൽകിയിട്ടുണ്ട്. പേരൻറ് ബ്രീഡർ ഫാമുകൾ, ഹാച്ചറികൾ, കോൾഡ് സ്റ്റോറുകൾ, ആധുനിക രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകൾ, മാലിന്യ സംസ്കരണ പ്ലാൻറുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. ഈ വർഷം നാല് ജില്ലകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കിവരികയാണ്.
- 235 views