ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണ വിപണന മേളകളില്‍ നിന്നും ഇക്കുറി 28.47 കോടി രൂപയുടെ വിറ്റുവരവ്. സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങളുടെ വിപണനത്തിലൂടെ 19.58 കോടിയും കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിലൂടെ 8.89 കോടി രൂപയുടെ വിറ്റുവരവുമാണ് ലഭിച്ചത്. സംസ്ഥാനമൊട്ടാകെ സി.ഡി.എസ്തലത്തിലും ജില്ലാതലത്തിലുമായി സംഘടിപ്പിച്ച 2014 ഓണം വിപണന മേളകള്‍ വഴിയാണ് ഈ നേട്ടം. മേളയില്‍ പങ്കെടുത്ത കുടുംബശ്രീ സംരംഭകര്‍ക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.
3.6 കോടി രൂപ നേടി വിറ്റുവരവില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. 164 മേളകളില്‍ നിന്നും 3.4 കോടി രൂപ നേടി ആലപ്പുഴ ജില്ല രണ്ടാമതെത്തി. 186 മേളകളില്‍ നിന്നും 3.3 കോടി രൂപ വിറ്റുവരവുമായി തൃശൂര്‍ ജില്ല മൂന്നാമതും എത്തി. വിപണനമേളകളുടെ എണ്ണത്തിലും എറണാകുളം ജില്ലയാണ് മുന്നില്‍. ആകെ 205 മേളകള്‍. 186 വിപണനമേളകളുമായി തൃശൂരും 182 മേളകള്‍ സംഘടിപ്പിച്ചു കൊണ്ട് കണ്ണൂരും യഥാക്രമം രണ്ടു മൂന്നും സ്ഥാനത്തെത്തി.
വിറ്റുവരവ്, വിപണന മേളകള്‍, കാര്‍ഷിക സൂക്ഷ്മസംരംഭ യൂണിറ്റുകള്‍, ഉല്‍പന്നങ്ങള്‍ എന്നിവയുടെ എണ്ണത്തിലും സംരംഭകരുടെ പങ്കാളിത്തത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ വര്‍ധനവാണ് ഇക്കുറി ഉണ്ടായത്. ഈ വര്‍ഷം 43359 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ വിവിധ ഉല്‍പന്നങ്ങളുമായി മേളയിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 28401 ആയിരുന്നു. ഇത്തവണ 26816 വനിതാ കര്‍ഷക സംഘങ്ങള്‍ വിപണിയിലേക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ എത്തിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 5826 യൂണിറ്റുകളുടെ അധിക പങ്കാളിത്തമാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്. ഇതുവഴി പൊതുവിപണിയില്‍ മെച്ചപ്പെട്ട ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനും സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിഞ്ഞു. കൂടാതെ വിലക്കയറ്റം തടയുന്നതിനുമുള്ള സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കാനായി എന്നതും ശ്രദ്ധേയമാണ്.
ഓണം വിപണിയില്‍ പൂവിനുള്ള ആവശ്യകത തിരിച്ചറിഞ്ഞ് ഇത്തവണ കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്ത് സജീവമായിരുന്നു. ഇതിന്‍റെ ഭാഗമായി ഇക്കുറി 3000 വനിതാ കര്‍ഷകര്‍ 1253 ഏക്കറില്‍ ജമന്തി, മുല്ല,താമര എന്നിവ ഉള്‍പ്പെടെ കൃഷി ചെയ്ത് പൂക്കള്‍ വിപണിയിലെത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 780 ഏക്കറില്‍ 1819 കര്‍ഷകരാണ് ഈ മേഖലയില്‍ ഉണ്ടായിരുന്നത്. ഓണം വിപണയില്‍ നിന്നു ലഭിച്ച മികച്ച പ്രതികരണം സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും വലിയ ആവേശമാണ് പകര്‍ന്നിരിക്കുന്നത്.
- 20 views