സ്ത്രീപക്ഷ നവകേരളം' സംസ്ഥാനതല ക്യാമ്പെയ്ന്റെ വരവറിയിച്ച് വിളംബര ഘോഷയാത്ര

Posted on Saturday, December 18, 2021

  സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരേ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന "സ്ത്രീപക്ഷ നവകേരളം' സംസ്ഥാനതല ക്യാമ്പെയ്ന്റെ ഭാഗമായി വിളംബര ഘോഷയാത്രയും ഇരുചക്ര വാഹനറാലിയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വിളംബര ഘോഷയാത്രയ്ക്ക് മുന്നോടിയായി രണ്ടു മണിക്ക് മ്യൂസിയം കവാടത്തിൽ കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ ശിങ്കാരി മേളം ആരംഭിച്ചു. അതിനു ശേഷം മൂന്നു മണിക്ക് സ്ത്രീധനത്തിനെതിരേ, സ്ത്രീപീഡനത്തിനെതിരേ "സ്ത്രീപക്ഷ നവകേരളം' എന്നെഴുതിയ ബാനറുമായി കുടുംബശ്രീ വനിതകൾ മുന്നിലും ഇവർക്ക് പിന്നിലായി കുടുംബശ്രീ അംഗങ്ങളായ ശിങ്കാരിമേളക്കാരും അണിനിരന്നു. കവി മുരുകൻ കാട്ടാക്കട കവിത ചൊല്ലി. പിന്നാലെ ജില്ലയിലെ വിവിധ സി.ഡി.എസുകളിൽ  നിന്നുമെത്തിയ സി.ഡി.എസ് ചെയർപേഴ്സൺമാർ, ജെൻഡർ റിസോഴ്സ് പേഴ്സൺമാർ, ബ്ളോക്ക് കോർഡിനേറ്റർമാർ, കമ്യൂണിറ്റി കൗൺസിലർമാർ എന്നിവർ ഉൾപ്പെടെ മുന്നൂറോളം വനിതകൾ ഘോഷയാത്രയിലും ഇരുചക്ര വാഹന റാലിയിലുമായി പങ്കെടുത്തു.

  ഇരുചക്ര വാഹന റാലിയിൽ പങ്കെടുത്ത എല്ലാവരും വിവിധ നിറങ്ങളിലുള്ള ബലൂണുകൾ കൊണ്ട് തങ്ങളുടെ വാഹനങ്ങൾ അലങ്കരിച്ചിരുന്നു. അമ്മമാർക്കൊപ്പം കുട്ടികളും ഇരുചക്രവാഹനറാലിയിൽ പങ്കെടുത്തു. മ്യൂസിയം മുതൽ എൽ.എം.എസ് വഴി പാളയം സ്റ്റാച്യൂ വരെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു പരിപാടി.

 

viLAMB



ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.സലിം, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ബി.എസ് മനോജ്. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഒാർഡിനേറ്റർ ഡോ.കെ.ആർ ഷൈജു,  അസിസ്റ്റന്റ് കോർഡിനേറ്റർ ഷാനി നിജം എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ഡിസംബർ 18ന്  വൈകുന്നേരം 3 മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

Content highlight
Procession in connection with 'Sthreepaksha Navakeralam' Gender Campaign held ML