സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കാന്‍റീന്‍ നടത്താന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി

Posted on Wednesday, September 26, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു കൈമാറ്റം ചെയ്യുന്ന ഓഫീസുകളിലും ടെന്‍ഡര്‍ നടപടികളില്ലാതെ കാന്‍റീന്‍ നടത്തുന്നതിന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ കാന്‍റീന്‍ നടത്തുന്നതിനാണ് അനുമതി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് (സ.ഉ.(സാധാ.)നമ്പര്‍. 2143/2018/ ത.സ്വ.ഭ തിരുവനന്തപുരം.തീയതി-3-8-2018 ) പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു  പുറമെ, ഇവിടേക്ക് കൈമാറ്റം ചെയ്യുന്ന നിരവധി സ്ഥാപനങ്ങളുമുണ്ട്. പുതിയ ഉത്തരവ് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 1074 കാന്‍റീന്‍ കാറ്ററിംഗ് യൂണിറ്റുകള്‍ക്ക് ഏറെ പ്രയോജനകരമാകും. ഇതുപ്രകാരം നിലവിലുള്ള സംരംഭകര്‍ക്ക് പ്രാദേശികമായി തന്നെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ സംരംഭം ആരംഭിക്കാനുള്ള അവസകരമൊരുങ്ങുകയും അതുവഴി മികച്ച വരുമാനം നേടാനും കഴിയും.

പ്രഭാത ഭക്ഷണം, ഊണ്, ചായ, കാപ്പി, പലഹാരങ്ങള്‍ എന്നിങ്ങനെ സ്വാദിഷ്ടമുള്ള നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുമെന്നതാണ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളുടെ പ്രത്യേകത. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് ഭക്ഷണമൊരുക്കുന്ന കരാറും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കാന്‍ കഴിയും.
നിലവില്‍ ഓരോ ജില്ലയിലും കളക്ട്രേറ്റുകള്‍, ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന കാന്‍റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പല പ്രമുഖ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന മേളകള്‍, ദേശീയ സരസ് ഉല്‍പന്ന വിപണന മേളകള്‍, ഇതരസംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന ഫെയറുകള്‍, അന്താരാഷ്ട്ര വ്യാപാരോത്സവം എന്നിവിടങ്ങളിലെല്ലാം കുടുംബശ്രീ വനിതകള്‍ സ്വാദിഷ്ഠമായ ഭക്ഷണവിഭവങ്ങളുമായി പങ്കെടുക്കാറുണ്ട്.  ഗുണനിലവാരമുള്ള ഭക്ഷണവും മികച്ച ആഥിതേയത്വവുമാണ് കുടുംബശ്രീ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളുടെ പ്രത്യേകത. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളോട് ചേര്‍ന്ന് കുടുംബശ്രീ കാന്‍റീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആറായിരത്തിലേറെ സ്ത്രീകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.

 

Content highlight
പ്രഭാത ഭക്ഷണം, ഊണ്, ചായ, കാപ്പി, പലഹാരങ്ങള്‍ എന്നിങ്ങനെ സ്വാദിഷ്ടമുള്ള നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുമെന്നതാണ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളുടെ പ്രത്യേകത.