കുടുംബശ്രീ ഇനി ഡിസൈനര്‍ മാസ്ക് നിര്‍മാണ രംഗത്തും

Posted on Tuesday, June 16, 2020

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്  32 ലക്ഷം മാസ്ക് നിര്‍മിച്ച കുടുംബശ്രീ ഇനി ഡിസൈനര്‍ മാസ്ക് നിര്‍മാണ രംഗത്തേക്കും കടക്കുന്നു.   കൊറോണ സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി എല്ലാവരും ഫേസ് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ മേഖലയിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള കുടുംബശ്രീയുടെ തീരുമാനം.

പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക്  കുടുംബശ്രീ കൊല്ലം ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ തുടക്കമായി. ഇതിന്‍റെ ഭാഗമായി കൊല്ലം ജില്ലയില്‍ ചന്ദനത്തോപ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി(കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍)മായി സഹകരിച്ച് തിരഞ്ഞെടുത്ത കുടുംബശ്രീ 50 വനിതകള്‍ക്ക്  ഡിസൈനര്‍ മാസ്ക് നിര്‍മാണത്തില്‍ ഉടന്‍ പരിശീലനം ആരംഭിക്കും. പരിശീലന ശേഷം ഇവരെ സൂക്ഷ്മസംരംഭ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ട പ്രവര്‍ത്തനങ്ങളും ഉല്‍പന്നത്തിന് വിപണിയിലെ സ്വീകാര്യതയും വിലയിരുത്തിയ ശേഷം പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.  
 
ഗുണനിലവാരത്തിലും ഡിസൈനിലും വൈവിധ്യം പുലര്‍ത്തുന്നതും കൂടുതല്‍ ഈടുനില്‍ക്കുന്നതുമായ മാസ്കുകള്‍ നിര്‍മിച്ച് ഇവ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് എ.ജി അറിയിച്ചു.  കൊച്ചു കുട്ടികള്‍  മുതല്‍ വയോധികര്‍ വരെയുള്ളവര്‍ക്ക് മികച്ച ഗുണനിലവാരമുള്ള ഡിസൈനര്‍ മാസ്കുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിനാണ് പരിപാടി. കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സ്പെഷല്‍ ഡിസൈനര്‍ മാസ്കുകളും തയ്യാറാക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് മാസ്ക് നിര്‍മിച്ചു നല്‍കും. ഇതു കൂടാതെ കൊല്ലത്ത് നിലവിലുള്ള നെടുമ്പന, പുനലൂര്‍ അപ്പാരല്‍പാര്‍ക്കിലെ സംരംഭകര്‍ക്ക് ഡിസൈനര്‍ വസ്ത്രങ്ങളുടെ നിര്‍മാണ പരിശീലനം നല്‍കുന്നതിനും തീരുമാനമായി. അപ്പാരല്‍ പാര്‍ക്കുകള്‍ക്കു വേണ്ടി ഗവേഷണ വികസന സഹായം സ്ഥിരമായി നല്‍കുന്നതിനും കെ.എസ്.ഐ.ഡി സന്നദ്ധമായിട്ടുണ്ട്.

കുടുംബശ്രീ അപ്പാരല്‍ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത വനിതകള്‍ക്ക് ഡിസൈന്‍ അധിഷ്ഠിത ഫേസ് മാസ്ക് നിര്‍മാണത്തില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനും അതുവഴി അവര്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ ക്രിയാത്മക വൈദഗ്ധ്യം കൈവരിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്നതിനുമാണ് പരിശീലന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ഐ.ഡി പ്രിന്‍സിപ്പല്‍ ഡോ.മനോജ് കുമാര്‍. കെ പറഞ്ഞു. കോട്ടണ്‍, ലിനന്‍, സിന്തറ്റിക് മെറ്റീരിയല്‍ എന്നിവ ഉപയോഗിച്ച്  സ്മോള്‍, മീഡിയം, ലാര്‍ജ് എന്നീ മൂന്നു വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന ഡിസൈനുകളില്‍ മാസ്കുകള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനമാണ് നല്‍കുന്നത്. ഇതോടൊപ്പം മാസ്കിന്‍റെ പുനരുപയോഗം, ഇതു ധരിക്കുന്നതിലൂടെ ചിലര്‍ക്ക് അലര്‍ജി ഉണ്ടാകുന്ന സാഹചര്യം തുടങ്ങി നിലവിലെ എല്ലാ ന്യൂനതകളും പരിഹരിച്ചു കൊണ്ടാകും കുടുംബശ്രീ വനിതകള്‍ക്ക് മാസ്ക് നിര്‍മാണത്തില്‍ ആവശ്യമായ പരിശീലനം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.


   പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യൂണിറ്റുകളില്‍ നിന്നായി തിരഞ്ഞെടുത്ത 50 വനിതകള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൊതു അവബോധന പരിശീലനം നല്‍കി.  ഇവര്‍ക്ക് കെ.എസ്.ഐ.ഡി ടെക്സ്റ്റൈല്‍ അപ്പാരല്‍ ഡിസൈന്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മാസ്ക് നിര്‍മാണത്തില്‍ ഹ്രസ്വകാല പരിശീലനം ഉടന്‍ ആരംഭിക്കും. പത്തു പേര്‍ വീതമുള്ള അഞ്ച് ബാച്ചുകള്‍ ആയിട്ടാണ് പരിശീലനം. സംസ്ഥാനത്ത് സര്‍ക്കാരിന്‍റെ കീഴിലുള്ള ഏക ഡിസൈന്‍ സ്കൂളാണ് കെ.എസ്.ഐ.ഡി. അസോസിയേറ്റ് ഫാക്കല്‍റ്റി ദിവ്യ കെ.വി, ടീച്ചിങ്ങ് അസിസ്റ്റന്‍റ് സുമിമോള്‍ എന്നിവരാണ് കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്.

 


                                                               

 

Content highlight
പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ കൊല്ലം ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ തുടക്കമായി.