തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പായി ലഭിക്കുന്ന റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം പദ്ധതി ഊര്‍ജിതമാകുന്നു. പദ്ധതി പ്രകാരം സംസ്ഥാനത്ത് അര്‍ഹരായ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 337 കോടി രൂപയാണ് ഇതുവരെ വായ്പയായി നല്‍കിയത്. സംസ്ഥാനത്തെ സി.ഡി.എസുകള്‍ മുഖേന 21200 അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അപേക്ഷകള്‍ ഇതുവരെ ബാങ്കുകളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്നും 6358 അയല്‍ക്കൂട്ടങ്ങളുടെ അപേക്ഷകള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചു. ഇതുവഴി 39770 ഗുണഭോക്താക്കള്‍ക്ക് വായ്പയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള അപേക്ഷകളില്‍ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.
പദ്ധതി പ്രകാരം സംസ്ഥാനത്തെ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളിന്‍മേല്‍ 997 കോടി രൂപയാണ് വായ്പയായി വേണ്ടത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ 337 കോടി രൂപ വായ്പയായി അനുവദിച്ചത്. ഇതു വരെ ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ച ജില്ല എറണാകുളമാണ്. ജില്ലയിലെ വിവിധ ബാങ്കുകള്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് 146 കോടി രൂപയാണ് വായ്പയായി അനുവദിച്ചത്. 89 കോടി രൂപ വായ്പ അനുവദിച്ച് തൃശൂര്‍ ജില്ലയാണ് രണ്ടാമത്. അര്‍ഹരായ എല്ലാ അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കുന്നതിനുള്ള ഫീല്‍ഡ്തല നടപടികളും പൂര്‍ത്തിയായി വരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അതത് ജില്ലാമിഷനുകളാണ് നേതൃത്വം വഹിക്കുക.
പ്രളയക്കെടുതികള്‍ മൂലം ഗൃഹോപകരണങ്ങള്‍ നഷ്ടമായ അയല്‍ക്കൂട്ട വനിതകള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ചെറിയതോതില്‍ ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്. അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് വായ്പാ തുക ഉപയോഗിച്ച് കുടുംബശ്രീയുടെ ഡിസ്ക്കൗണ്ട് പര്‍ച്ചേസ് സ്കീം പ്രകാരം കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പു വച്ച പതിനഞ്ച് കമ്പനികളില്‍ നിന്നും അമ്പതു ശതമാനം വരെ വിലക്കുറവില്‍ നാനൂറോളം വ്യത്യസ്ത ഉല്‍പന്നങ്ങള്‍ തങ്ങളുടെ ആവശ്യമനുസരിച്ച് വാങ്ങാനാകും.
- 94 views