മലയാളിക്ക് ഓണം ആഘോഷിക്കാന് വൈവിധ്യമാര്ന്ന ഉല്പന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകള്ക്ക് 10ന് (10-9-2024) തുടക്കമാകും. ഉപഭോക്താക്കള്ക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉല്പന്നങ്ങള് ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഈ മാസം 10ന് പത്തനംതിട്ടയില് കുടുംബശ്രീ ഓണംവിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്വഹിക്കും.
കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളില് ഓരോന്നിലും രണ്ട് വീതം 2140 വിപണന മേളകളും 14 ജില്ലാതല മേളകളുമാണ് സംഘടിപ്പിക്കുക. ഇതു പ്രകാരം ഓണത്തോടനുബന്ധിച്ച് കേരളമൊട്ടാകെ ആകെ 2154 വിപണന മേളകള് കുടുംബശ്രീയുടേതായി ഇപ്രാവശ്യം ഉണ്ടാകും. ജില്ലാതല വിപണന മേളകള് സംഘടിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും രണ്ട് ലക്ഷം രൂപയും ഗ്രാമ നഗര സി.ഡി.എസുകള്ക്ക് 20,000 രൂപ വീതവും നല്കും. ഇതു കൂടാതെ നഗര സി.ഡി.എസുകളില് രണ്ടില് കൂടുതലായി നടത്തുന്ന ഓരോ വിപണനമേളയ്ക്കും 10,000 രൂപ വീതവും നല്കും. ഓണച്ചന്തകളുടെ വിജയത്തിന് എല്ലാ വ്യക്തിഗത-ഗ്രൂപ്പു സംരംഭകരുടെയും പൂര്ണ പങ്കാളിത്തവും ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാമിഷനുകളുടെ തയ്യാറെടുപ്പ് യോഗങ്ങള്, സംഘാടക സമിതി രൂപീകരണം, സംരംഭക യോഗങ്ങള് എന്നിവയും പൂര്ത്തിയായി.
കുടുംബശ്രീ സൂക്ഷ്മസംരംഭ കാര്ഷിക മേഖലയിലെ സംരംഭകര്ക്ക് തങ്ങളുടെ ഉല്പന്നങ്ങള് വിറ്റഴിച്ച് വരുമാനം നേടാനുള്ള ഏറ്റവും മികച്ച അവസരമാണ് ഓണം വിപണന മേളകളിലൂടെ ലഭിക്കുക. ഇതിനായി ഓരോ അയല്ക്കൂട്ടത്തില് നിന്നും കുറഞ്ഞത് ഒരുല്പന്നമെങ്കിലും മേളകളില് എത്തിക്കും. സൂക്ഷ്മസംരംഭ മേഖലയില് പ്രവര്ത്തിക്കുന്ന സംരംഭകര് ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളാണ് പ്രധാനമായും മേളയിലെത്തുക. 'ഫ്രഷ് ബൈറ്റ്സ്' ചിപ്സ്, ശര്ക്കരവരട്ടി ഉള്പ്പെടെ കുടുംബശ്രീയുടെ നേതൃത്വത്തില് ബ്രാന്ഡ് ചെയ്ത ഉല്പന്നങ്ങള് ഒന്നാകെ വിപണിയിലെത്തും. ഇതു കൂടാതെ വിവിധ തരം ധാന്യപ്പൊടികള്, ഭക്ഷ്യോല്പന്നങ്ങള്, മൂല്യവര്ധിത ഉല്പന്നങ്ങള്, കരകൗശലവസ്തുക്കള്, വസ്ത്രങ്ങള് എന്നിവയും ലഭിക്കും. ഓണച്ചന്തയിലെത്തുന്ന എല്ലാ ഉല്പന്നങ്ങള്ക്കും കുടുംബശ്രീ ലോഗോ പതിച്ച കവര്, പായ്ക്കിങ്ങ്, യൂണിറ്റിന്റെ പേര്, വില, ഉല്പാദന തീയതി, വിപണന കാലയളവ് എന്നിവ രേഖപ്പെടുത്തിയ ലേബലും ഉണ്ടാകും. കൂടാതെ വനിതാ കര്ഷകരുടെയും സംരംഭകരുടെയും നേതൃത്വത്തില് ഉല്പാദിപ്പിക്കുന്ന കാര്ഷികോല്പന്നങ്ങളും എത്തിക്കുന്നുണ്ട്. കുടുംബശ്രീ ഓണച്ചന്തകള്ക്ക് നിറപ്പകിട്ടേകാന് ഇത്തവണ വനിതാകര്ഷകര് കൃഷി ചെയ്ത ജമന്തി, ബന്ദി,മുല്ല, താമര എന്നിങ്ങനെ വിവിധയിനം പൂക്കളുമെത്തും.
വിപണന മേളയോടനുബന്ധിച്ച് മിക്ക സി.ഡി.എസുകളിലും അയല്ക്കൂട്ട അംഗങ്ങളുടെയും ബാലസഭാംഗങ്ങളുടെയും നേതൃത്വത്തില് വിവിധ കലാപരിപാടികള് അരങ്ങേറും. വിപണന മേള 14ന് സമാപിക്കും.
- 50 views