കേരള നോളജ് എക്കോണമി മിഷന്റെ നേതൃത്വത്തില് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'എന്റെ തൊഴില് എന്റെ അഭിമാനം 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര് 29ന്. പാലക്കാട് നാഗലശ്ശേരി സംഗമം ഓഡിറ്റോറിയത്തില് വൈകിട്ട് മൂന്നിന് സംഘടിപ്പിക്കുന്ന ചടങ്ങില് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം നിര്വഹിക്കും. വിജ്ഞാന തൊഴിലുകളെ കുറിച്ചുള്ള ഓറിയെന്റേഷന്, പാനല് ഡിസ്കഷന് എന്നിവയും ചടങ്ങിനോട് അനുബന്ധിച്ച് സംഘടിക്കും. പദ്ധതി ഫീല്ഡ്തലത്തില് നടപ്പിലാക്കുന്നത് കുടുംബശ്രീയാണ്.
സംസ്ഥാനതല ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബര് 19ന് നടന്നു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രന്റെ അധ്യക്ഷതയില് ചേര്ന്ന സംഘാടകസമിതി രൂപീകരണ യോഗം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്, ജനപ്രതിനിധികള്, കുടുംബശ്രീ സി.ഡി.എസ് ചെയര്പേഴ്സന്മാര്, കേരള നോളജ് എക്കോണമി മിഷന് ഉദ്യോഗസ്ഥര്, കുടുംബശ്രീ സംസ്ഥാന മിഷന്, ജില്ലാ മിഷന് ഉദ്യോഗസ്ഥര്, രാഷ്ട്രീയ, സംസ്കാരിക പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുത്തു. കുടുംബശ്രീ സംസ്ഥാന മിഷന് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര് ഡോ. ശ്രീകാന്ത് കെ, കേരള നോളജ് എക്കോണമി മിഷന് റീജ്യണല് പ്രോഗ്രാം മാനേജര് സുമി എം.എ എന്നിവര് വിഷയാവതരണം നടത്തി.
സംഘാടക സമിതി ചെയര്പേഴ്സണായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന, ജനറല് കണ്വീനര് ആയി കേരള നോളജ് എക്കോണമി മിഷന് ഡയറക്ടര് ഡോ. പി.എസ്. ശ്രീകല വൈസ് ചെയര്പേഴ്സണ്മാരായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. കുഞ്ഞുണ്ണി, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രനന്, തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയ, തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്, കപ്പൂര് പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീന്, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് എന്നിവരേയും കണ്വീനര്മാരായി പാലക്കാട്, മലപ്പുറം, തൃശ്ശൂര് ജില്ലകളിലെ കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര്മാരെയും തെരഞ്ഞെടുത്തു.
നാഗലശ്ശേരി, തിരുമിറ്റക്കോട്, പട്ടിത്തറ, കപ്പൂര്, ചാലിശ്ശേരി, ആനക്കര കുടുംബശ്രീ സി.ഡി.എസുകളിലെ ചെയര്പേഴ്സണ്മാരാണ് ജോയിന്റ് കണ്വീനര്മാര്. കുടുംബശ്രീ ഉദ്യോഗസ്ഥര്, തൃത്താല ബ്ലോക്ക് പരിധിയിലെ ജനപ്രതിനിധികള്, കുടുംബശ്രീ അംഗങ്ങള്, കമ്മ്യൂണിറ്റി അംബാസിഡര്മാര്, വിവിധ രാഷ്ട്രീയ പാര്ട്ടികളുടെ പ്രതിനിധികള്, പ്രദേശത്തെ സാംസ്ക്കാരിക പ്രവര്ത്തകര് എന്നിവര് ഉള്പ്പെടുന്ന 201 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്.
- 87 views
Content highlight
My Job, My Pride 2.0 to be launched on 29 September 2023