കഫേ കുടുംബശ്രീ പ്രീമിയം- സംസ്ഥാനതല ഉദ്ഘാടനം ബഹു. മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Sunday, January 28, 2024

 കുടുംബശ്രീയുടെ സവിശേഷത വിശ്വാസ്യതയും കൈപ്പുണ്യവുമാണെന്നും സംരംഭങ്ങളുടെ വിജയത്തിനു കാരണം വിശ്വാസ്യത നിലനിര്‍ത്തുന്നതിലെ നിഷ്ക്കര്‍ഷയാണെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന പ്രീമീയം കഫേ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം അങ്കമാലിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ ഹോട്ടലുകള്‍ അടക്കമുള്ള കുടുംബശ്രീയുടെ ഭക്ഷണശാലകളില്‍ മാതൃസ്നേഹം കൂടി ചേര്‍ത്തൊരുക്കുന്ന ഭക്ഷണമാണ് വിളമ്പുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ അതേ രുചി തന്നെ നല്‍കുന്നതിനാല്‍ ആളുകള്‍ കുടുംബശ്രീയുടെ ഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. വിശ്വാസ്യതയും കൈപ്പുണ്യവും രുചിക്കൂട്ടും ചേര്‍ത്തൊരുക്കുന്ന വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ക്ക് ഇന്ന് കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും ഏറെ സ്വീകാര്യത നേടാന്‍ കഴിയുന്നു. 2023 നവംബറില്‍ സംഘടിപ്പിച്ച കേരളീയത്തിലും ഡിസംബറില്‍ ദേശീയ സരസ് മേളയിലും കുടുംബശ്രീ ഭക്ഷ്യമേളയില്‍ നിന്നും റെക്കോഡ് വിറ്റുവരവാണ് നേടിയത്.

  പ്രാദേശികമായ സ്വന്തം രുചിക്കൂട്ടുകള്‍ ചേര്‍ത്ത് സംരംഭകര്‍ തയ്യാറാക്കുന്ന വനസുന്ദരി, സോലൈ മിലന്‍, കൊച്ചി മല്‍ഹാര്‍ പോലുള്ള പ്രത്യേക വിഭവങ്ങള്‍ ഇന്ന് എല്ലാ ഭക്ഷ്യമേളകളിലും ഭക്ഷണപ്രേമികളുടെ മനം നിറയ്ക്കുന്നു. ഈ നേട്ടം പരമാവധി പ്രയോജനപ്പെടുത്തണം. അതോടൊപ്പം പ്രീമിയം കഫേകളില്‍ ഏറ്റവും മികച്ച രീതിയില്‍ ശുചിത്വം ഉറപ്പു വരുത്തുന്നതിലും നിഷ്കര്‍ഷ പാലിക്കണം. 2023ല്‍ നാലു ലോക റെക്കോഡുകള്‍ സ്വന്തമാക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. വലിയ നേട്ടങ്ങളിലേക്ക് കുതിക്കുന്ന വര്‍ഷമായിരിക്കും 2024 എന്നകാര്യത്തില്‍ സംശയമില്ല. സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന നേച്ചേഴ്സ് ഫ്രഷ് കാര്‍ഷിക ഔട്ട്ലെറ്റുകള്‍, ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന പ്രീമിയം കഫേ ശൃംഖല എന്നിവയെല്ലാം ഇതിന്‍റെ തെളിവാണ്. ഇത്രയും മഹത്തരമായ ഒരു പ്രസ്ഥാനത്തിന്‍റെ ഭാഗമാണ് തങ്ങളെന്ന അഭിമാനബോധം എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കുടുംബശ്രീക്ക് കഫേ പ്രീമിയം ശൃംഖലയിലും മികച്ച സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് അങ്കമാലി നഗരസഭാധ്യക്ഷന്‍ മാത്യു തോമസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഏറെ മത്സരാധിഷ്ഠിതമായ ഭക്ഷണ മേഖലയില്‍ കഫേ പ്രീമിയം ശൃംഖലയ്ക്ക് തുടക്കമിടുന്നതു വഴി ഓരോ കഫേയിലും മുപ്പത് മുതല്‍ അമ്പത് പേര്‍ക്ക് വരെ തൊഴില്‍ നല്‍കാനാവുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണത്തില്‍ പറഞ്ഞു. പ്രീമിയം കഫേയിലെ ആദ്യ വില്‍പനയും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രജീന ടി.എം സ്വാഗതം പറഞ്ഞു. അങ്കമാലി നഗരസഭ ഉപാധ്യക്ഷ റീത്ത പോള്‍,  നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി പോളി, വാര്‍ഡ് കൗണ്‍സിലര്‍ മാര്‍ട്ടിന്‍ മുണ്ടാടന്‍, സി.ഡി.എസ് അധ്യക്ഷ ലില്ലി ജോണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എസ്. നന്ദി പറഞ്ഞു.

 

d

Content highlight
minister shri mb rajesh inaugurates kudumbashree cafe premium