കുടുംബശ്രീ എഡിഎസുകള്‍ സ്വച്ഛത എക്സലന്‍സ് ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങി

Posted on Friday, February 22, 2019

തിരുവനന്തപുരം: ശുചിത്വ - മാലിന്യ സംസ്ക്കരണത്തിലൂടെ നൂതന വരുമാന വര്‍ദ്ധനവ് നടത്തിയ തിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്‍റെ സ്വച്ഛത എക്സലന്‍സ് ദേശീയ പുരസ്ക്കാരം കുടുംബശ്രീ എഡിഎസ് പ്രതിനിധികള്‍ ഏറ്റുവാങ്ങി. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യാതി ഥിയായിരുന്ന കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. മന്ത്രാലയം ജോയ്ന്‍റ് സെക്രട്ടറി സഞ്ജയ് കുമാര്‍ സ്വാഗതം ആശംസിച്ചു.

   ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ (എന്‍യുഎല്‍എം) ഭാഗമായി ഇന്ത്യയിലൊട്ടാകെ ശുചിത്വ മേഖലയില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്ക്കാര പ്രഖ്യാപനം, ചടങ്ങിന് മുന്നോടി യായി നടന്ന ശില്‍പ്പശാലയിലാണ് നടത്തിയത്. മലപ്പുറം പെരിന്തല്‍മണ്ണ നഗരസഭയിലെ കണക്ക ഞ്ചേരി എഡിഎസ് (ഏരിയ ഡെവലപ്പ്മെന്‍റ് സൊസൈറ്റി- വാര്‍ഡ് തലം) ഒന്നാം സ്ഥാനവും കൊല്ലം നഗരസഭയിലെ മരുതടി എഡിഎസ് രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് രണ്ട് ലക്ഷം രൂപയും ശില്‍പ്പവും ബഹുമതി പത്രവും ലഭിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷം രൂപയും ശില്‍പ്പവും ബഹുമതി പത്രവുമാണ് ലഭിച്ചത്. കേരളത്തില്‍ എന്‍യുഎല്‍എം പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുഖേനയാണ് നടത്തുന്നത്.

   കണക്കഞ്ചേരി എഡിഎസിന് കീഴില്‍ ശുചീകരണ- മാലിന്യ സംസ്ക്കരണം നടത്തുന്ന കുടുംബശ്രീ വനിതകള്‍ക്ക് മാസവരുമാനമായി 5000 രൂപ വീതം ലഭിക്കുന്നു. മരുതടി എഡിഎസിന് കീഴില്‍ 90 കുടുംബശ്രീ വനിതകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇവര്‍ക്ക് മാസവരുമാനമായി 6000 രൂപയും ലഭിക്കുന്നു. ജൈവമാലിന്യത്തില്‍ നിന്ന് കമ്പോസ്റ്റ് ഉത്പാദനം, ഹരിത ചട്ടം (ഗ്രീന്‍പ്രോട്ടോക്കോള്‍) പാലിക്കുന്നതിനായി പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാന്‍ സ്റ്റീല്‍ പാത്രങ്ങളുടെ വിതരണം എന്നിവയെല്ലാം കുടുംബശ്രീ വനിതകള്‍ നടത്തുന്നു.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സംസ്ഥാന പ്രോഗ്രാം മാനേജര്‍മാരായ ടി.ജെ. ജെയ്സണ്‍, രാജേഷ് കുമാര്‍, കെ.ബി. സുധീര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Content highlight
മലപ്പുറം പെരിന്തല്‍മണ്ണ നഗരസഭയിലെ കണക്കഞ്ചേരി എഡിഎസിന് ഒന്നാം സ്ഥാനം