കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണം ശക്തമാക്കാന്‍ വിതരണ ശൃംഖലയ്ക്ക് തുടക്കം

Posted on Friday, July 29, 2022

കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണം ഉഷാറാക്കാനായി അയല്‍ക്കൂട്ടാംഗങ്ങള്‍ ചേര്‍ന്നൊരു വിതരണ ശൃംഖലയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കണ്ണൂരില്‍ കുടുംബശ്രീ. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വിപണന കേന്ദ്രങ്ങളിലേക്കെല്ലാം കുടുംബശ്രീ ഉത്പന്നങ്ങള്‍ സ്ഥിരമായി യഥേഷ്ടം വിതരണം നടത്തുകയെന്ന ലക്ഷ്യമാണ് 'ഷീ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക്' എന്ന ഈ മാര്‍ക്കറ്റിങ് ടീമിനുള്ളത്.

 
  വേങ്ങാട് സി.ഡി.എസിലെ പതിനാറാം വാര്‍ഡിലെ അയല്‍ക്കൂട്ടാംഗങ്ങളായ പ്രസില്ല.പി (പ്രസിഡന്റ്) ദിവ്യ. കെ (സെക്രട്ടറി) വിചിത്ര. വി, വിന്‍സി. വി, രജിത.സി, ധന്യ പി.കെ എന്നിവരാണ് ഈ ടീമിലെ അംഗങ്ങള്‍. എടക്കാട്, തലശ്ശേരി, കുത്തുപറമ്പ്, പാനൂര്‍, പേരാവൂര്‍, ഇരിട്ടി എന്നീ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാകും ഇവരുടെ പ്രവര്‍ത്തനം.
 
   സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ച് വിപണനകേന്ദ്രങ്ങളിലെത്തിക്കുന്നതിന് ഷീ ഡിസ്ട്രിബ്യൂഷന്‍ ടീമിനുള്ള വാഹന സൗകര്യം ജില്ലാ പഞ്ചായത്തും സംഭരണ കേന്ദ്രത്തിനായുള്ള കെട്ടിടം വാര്‍ഡ് എ.ഡി.എസും ഒരുക്കി നല്‍കി. കുടുംബശ്രീ ഉത്പന്നങ്ങള്‍ വീടുകളിലെത്തിച്ച് നല്‍കുന്ന ഹോം ഷോപ്പ് ഉടമകള്‍ക്കും ഇവര്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യും.
 

  ജൂലൈ 19ന് കീഴത്തൂരില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി കണ്ണൂര്‍ ജില്ലയില്‍ നടത്തുന്ന ഈ പ്രവര്‍ത്തനം വിജയകമാകുന്നത് അനുസരിച്ച് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. കണ്ണൂര്‍ ജില്ലയ്ക്ക് എല്ലാവിധ ആശംസകളും.

 

inagu


 

Content highlight
Kudumbashree NHG members from Kannur launches a distribution network to strengthen the marketing of Kudumbashree productsml