കുടുംബശ്രീ ബ്രാന്‍ഡഡ് കറിപൗഡറുകള്‍ വിപണിയില്‍

Posted on Friday, January 3, 2020

കുടുംബശ്രീയുടെ ആദ്യ ബ്രാന്‍ഡഡ് പ്രോഡക്ട് ആയി കുടുംബശ്രീ കറി പൗഡറുകള്‍ വിപണിയില്‍. ബ്രാന്‍ഡ് ചെയ്ത  മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പ്പൊടി, ഇറച്ചി മസാല, ചിക്കന്‍ മസാല, ഫിഷ് മസാല, വെജിറ്റബിള്‍ മസാല തുടങ്ങി പത്ത് ഇനം കറി പൗഡറുകളും അപ്പം/പത്തിരി  പൊടി, പുട്ട് പൊടി, ആട്ടപ്പൊടി എന്നീ മൂന്ന് ഇനം ധാന്യപ്പൊടികളും വിപണിയിലിറക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം കണ്ണൂരില്‍ നടന്ന ദേശീയ സരസ്‌മേളയുടെ വേദിയില്‍ എക്‌സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കണ്ണൂരിലെ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ഉത്പന്നങ്ങളാണ് ബ്രാന്‍ഡഡ് ആയി പുറത്തിറക്കിയത്.

   കറി പൗഡര്‍ ഉത്പാദിപ്പിക്കുന്ന 50 ഓളം യൂണിറ്റുകളാണ് കണ്ണൂരിലുള്ളത്. ഈ യൂണിറ്റുകള്‍ ബ്രാന്‍ഡിങ്ങിന്റെ ഭാഗമായി. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ബ്രാന്‍ഡിങ്ങിനായി 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നല്‍കി.  ആവശ്യമായ പരിശീലനങ്ങളും അനുബ്ബന്ധ സൗകര്യങ്ങള്‍ക്കും വേണ്ടി 20 ലക്ഷം രൂപ കുടുംബശ്രീയും വകയിരുത്തി. ജില്ലയിലെ കറി പൗഡര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന  50 സംരംഭ യൂണിറ്റുകളെ ചേര്‍ത്ത് ജില്ലാതലത്തില്‍ കറി പൗഡര്‍ ആന്റ് ഫ്‌ളോര്‍ മില്‍  കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തു. കുടുംബശ്രീ കറി പൗഡര്‍ എന്ന പേരിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്.

  കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ കീഴില്‍ രൂപീകരിച്ച കറി പൗഡര്‍ യൂണിറ്റുകളുടെ ജില്ലാതല കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച് സ്വകാര്യ - ബഹുരാഷട്ര കമ്പനികളുടെ ഉത്പന്നങ്ങളെ മാര്‍ക്കറ്റില്‍ വെല്ലുവിളിക്കണമെങ്കില്‍ ബ്രാന്‍ റിംഗിലൂടെ മാത്രമേ സാധ്യമാവൂ എന്ന തിരിച്ചറിവാണ് ഇത്തരമൊരു ഇടപെടല്‍ നടത്താന്‍ കുടുംബശ്രീയെ പ്രേരിപ്പിച്ചത്. ഏറ്റവും ഗുണനിലവാരത്തിലും  മിതമായ നിരക്കിലും ഈ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കുന്നതും വഴി ജില്ലയിലെ നൂറുക്കണക്കിന് സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലും വരുമാനവും ലഭ്യമാക്കാന്‍  കഴിയും. സപ്ലൈകോ, ലുലു മാള്‍ എന്നിവിടങ്ങയില്‍ ഇനി മുതല്‍ കണ്ണൂരിന്റ കുടുംബശ്രീ കറി പൗഡറുകള്‍ ലഭ്യമായിത്തുടങ്ങും. ഇതു സംബന്ധിച്ച ധാരണാ പത്രം ഉടന്‍ ഒപ്പിടും.

  സരസ് വേദിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു എംഎല്‍എ മുഖ്യാഥിതിയായി. തളിപ്പറമ്പ് മുന്‍ എം.എല്‍.എ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, ഗവേണിംഗ് ബോഡി അംഗം എ.കെ.രമ്യ, ആന്തൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയ, ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ ഉത്പന്നം ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍  എം. സുര്‍ജിത്ത് സ്വാഗതവും കണ്‍സോര്‍ഷ്യം പ്രസിഡന്റ്  ഉഷ നാരായണന്‍ നന്ദിയും പറഞ്ഞു.

 

Content highlight
കറി പൗഡര്‍ ഉത്പാദിപ്പിക്കുന്ന 50 ഓളം യൂണിറ്റുകളാണ് കണ്ണൂരിലുള്ളത്. ഈ യൂണിറ്റുകള്‍ ബ്രാന്‍ഡിങ്ങിന്റെ ഭാഗമായി. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്