* സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 9188 11 2218 എന്ന നമ്പറില്‍ കോള്‍ സെന്‍റര്‍ സൗകര്യം
* വിശദ വിവരങ്ങള്‍ www.harsham.kudumbashree.org എന്ന കുടുംബശ്രീ വെബ്സൈറ്റിലും
തിരുവനന്തപുരം: വയോജന പരിപാലന മേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിയുടെ ഭാഗമായി പതിനഞ്ച് ദിവസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ ഇരുനൂറ് വനിതകളുടെ സംസ്ഥാനതല സംഗമവും ദ്വിദിന തൊഴില്‍ വൈദഗ്ധ്യ പരിശീലന ശില്‍പശാലയും സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയോജന സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദഗ്ധ്യം ലഭ്യമാക്കിക്കൊണ്ട് കെയര്‍ഹോമുകള്‍, പകല്‍വീടുകള്‍, ആശുപത്രികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ മേഖലയില്‍ സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുടുംബശ്രീ മുഖേന ഹര്‍ഷം പദ്ധതിയുടെ ആരംഭം. ഇതിന്‍റെ ഭാഗമായാണ് കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുത്ത് മികച്ച പരിശീലനം നല്‍കി ഈ രംഗത്ത് തൊഴില്‍ ലഭ്യമാക്കുന്നത്. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 9188 11 2218 എന്ന നമ്പറില്‍ കോള്‍ സെന്‍റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പദ്ധതി വഴിയുള്ള വിവിധ സേവനങ്ങളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും www.harsham.kudumbashree.org എന്ന വെബ്സൈറ്റിലും ലഭിക്കും.
ഈ രംഗത്തെ സേവനദാതക്കളായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് പ്രമോഷന്‍ ട്രസ്റ്റുമായി ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലനം നേടിയ വനിതകള്‍ക്ക് ഈ മേഖലയില്‍ സ്വയംതൊഴില്‍ ആരംഭിക്കാന്‍ കഴിയും. കൂടാതെ കുടുംബശ്രീയുടെ പിന്തുണയോടെ പരമാവധി തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുകയും ചെയ്യുന്നുണ്ട്. പരമാവധി അയല്‍ക്കൂട്ട വനിതകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതിനും അവര്‍ക്ക് സൗജന്യ പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
വയോജനങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ള പരിചരണം അവശ്യസമയത്ത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിയില്‍ കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകള്‍ക്കായി മികച്ച ആശുപത്രി സംവിധാനങ്ങളുടെ പിന്തുണയോടെ പതിനഞ്ചു ദിവസത്തെ പരിശീലന പരിപാടിയാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ഇതിന്‍റെ ഭാഗമായി വയോജന പരിചരണവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളില്‍ പരിശീലനം, പ്രായോഗിക പരിശീലനത്തിനവസരം, ആശുപത്രി സംവിധനങ്ങളുമായി പരിചയപ്പെടല്‍ എന്നിവ ഉള്‍പ്പെടെയുള്ള വ്യത്യസ്ത പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ശില്‍പശാലയുടെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് യോഗ, ഫിസിയോതറാപ്പി, വൈറ്റല്‍സ് ചെക്കിങ്ങ്, ന്യൂട്രീഷന്‍ എന്നിവയില്‍ അധിക പരിശീലനം നല്‍കി. ഇവര്‍ക്ക് തൊഴിലവസരം നല്‍കുന്നതിനായി കിംസ്, നിംസ് മെഡിസിറ്റി എന്നിവയടക്കമുള്ള പ്രമുഖ ആശുപത്രികളും സുഖിനോ, കെയര്‍ ആന്‍ഡ് ക്യൂര്‍, ആശാ കെയര്‍ ഹോംസ്, അവന്തിക എന്നീ സ്വകാര്യ സ്ഥാപനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. ഇതു കൂടാതെ വിവിധ ജില്ലകളില്‍ നിന്നും നിരവധി പ്രമുഖ ആശുപത്രികളും ജെറിയാട്രിക് കെയര്‍ സ്ഥാപനങ്ങളും വയോജന പരിചരണത്തിനും രോഗീപരിചരണത്തിനും വേണ്ടി കുടുംബശ്രീ കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകളുടെ സേവനം ആവശ്യപ്പെട്ട് കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്.
'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതിയിലൂടെ മുതിര്‍ന്ന തലമുറയ്ക്ക് ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യമായ സേവനങ്ങള്‍ തികച്ചും പ്രഫഷണല്‍ രീതിയില്‍ ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ആശുപത്രികളിലും വീടുകളിലും രോഗികള്‍ക്ക് കൂട്ടിരുപ്പ് പരിചരണം, കൃത്യമായ ഇടവേളകളില്‍ ആഹാരം, മരുന്ന് നല്‍കല്‍, വീടുകളില്‍ ചെന്ന് കിടപ്പുരോഗികളുടെ ഷുഗര്‍, രക്തതമ്മര്‍ദം എന്നിവയുടെ പരിശോധന, കൂടാതെ കിടപ്പു രോഗികള്‍ക്ക് കിടക്ക വൃത്തിയാക്കല്‍, കുളിപ്പിക്കല്‍, മരുന്നു നല്‍കല്‍ എന്നിവ ഉള്‍പ്പെടെ ആവശ്യാധിഷ്ഠിത സേവനങ്ങള്‍, ബില്‍ അടയ്ക്കല്‍, വൈദ്യ പരിശോധനയ്ക്ക് കൂട്ടു പോകല്‍ തുടങ്ങിയവയാണ് പദ്ധതി വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍.
- 1129 views