2018-19 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് അയല്‍ക്കൂട്ടങ്ങള്‍ക്ക് മികച്ച രീതിയില്‍ ബാങ്ക് ലിങ്കേജ് കൈവരിക്കുന്നതിനും സാമ്പത്തിക ഇടപാടുകളില്‍ മുന്നേറുന്നതിനും ബാങ്കുകളുമായുള്ള ഏകോപനം കാര്യക്ഷമമാക്കിയതിനും ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (നബാര്‍ഡ്) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കുടുംബശ്രീക്ക് ലഭിച്ചു.
നബാര്‍ഡിന്‍റെ മുപ്പത്തിയെട്ടാം സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരത്ത് നബാര്‍ഡ് റീജിയണല്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജിജി. ആര്‍.എസ്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ വിദ്യാ നായര്‍ വി.എസ്, നീതു പ്രകാശ് എന്നിവര്‍ സംയുക്തമായി അവാര്‍ഡ് സ്വീകരിച്ചു. ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.
2018-19 സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങള്‍ക്കായി 4132 കോടി രൂപയുടെ ലിങ്കേജ് വായ്പ ലഭ്യമാക്കിയതിനാണ് കുടുംബശ്രീക്ക് അവാര്‍ഡ് ലഭിച്ചത്. ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ ബാങ്കുകളുമായുള്ള ഏകോപനം ഫലപ്രദമായ രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചതും ശ്രദ്ധേയ നേട്ടമായി.. അര്‍ഹരായ അയല്‍ക്കൂട്ടങ്ങള്‍ക്ക് വേഗത്തില്‍ ലിങ്കേജ് വായ്പ ലഭ്യമാക്കിയതിലൂടെ അവര്‍ക്ക് ഉപജീവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സഹായകരമായിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് ലഭ്യമാക്കിയതിനുള്ള അവാര്‍ഡ് ലഭിച്ചത് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, വയനാട് ജില്ലയിലെ പൂതാടി, ആലപ്പുഴ ജില്ലയിലെ വെളിയനാട് എന്നീ സി.ഡി.എസുകള്‍ക്കാണ്. ഇതില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ 540 അയല്‍ക്കൂട്ടങ്ങളില്‍ 9430 സ്ത്രീകള്‍ അംഗങ്ങളാണ്. ഇതില്‍ 385 അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പയായി 8.14 കോടി രൂപയോളം ലഭ്യമാക്കാന്‍ കഴിഞ്ഞതാണ് ഇവരെ അവാര്‍ഡിന് അര്‍ഹരാക്കിയത്.
പൂതാടി ഗ്രാമപഞ്ചായത്തില്‍ 22 വാര്‍ഡുകളിലായി 540 അല്‍ക്കൂട്ടങ്ങളും ഇതില്‍ 7894 അംഗങ്ങളുമുണ്ട്. ഇതിലെ 199 അയല്‍ക്കൂട്ടങ്ങള്‍ക്ക് 18 കോടി രൂപയുടെ ബാങ്ക് ലിങ്കേജ് ലഭ്യമാക്കിയതിനു പുറമേ കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും രണ്ടു കോടി രൂപയുടെ ബാങ്ക് വായ്പയും ലഭ്യമാക്കാന്‍ സി.ഡി.എസിനു കഴിഞ്ഞു. കാര്‍ഷിക-സൂക്ഷ്മ സംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് തൊഴില്‍ മേഖല ശക്തിപ്പെടുത്താന്‍ ഈ ലിങ്കേജ് വായ്പ സഹായകമായി. ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലെ 128 അയല്‍ക്കൂട്ടങ്ങള്‍ക്കായി പതിനൊന്ന് കോടിയിലേറെ രൂപയുടെ ലിങ്കേജ് വായ്പയാണ് സിഡിഎസ് മുഖേന ലഭ്യമാക്കിയത്.
വള്ളിക്കുന്ന് സി.ഡി.എസിനെ പ്രതിനിധീകരിച്ച് ചെയര്‍പേഴ്സണ്‍ ഷീബ, വൈസ് ചെയര്‍പേഴ്സണ്‍ ശാരദ കെ.ടി, കണ്‍വീനര്‍മാരായ വല്‍സല. ഓ, രജനി, ഗീത, കമല, പൂതാടി സി.ഡി.എസിനു വേണ്ടി ചെയര്‍പേഴ്സണ്‍ ബിന്ദു പി.കെ, വെളിയനാടിനു വേണ്ടി ചെയര്‍പേഴ്സണ്‍ രമ്യ സന്തോഷ്, വൈസ് ചെയര്‍പേഴ്സണ്‍ യശോദ. കെ.ജി, അക്കൗണ്ടന്‍റ് സന്തോഷ്കുമാര്‍ എന്നിവര്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസനില്‍ നിന്നു അവാര്‍ഡ് സ്വീകരിച്ചു.
- 124 views