കുടുംബശ്രീയെ അടുത്തറിഞ്ഞ് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ അന ഷോബോൾട്ട്

Posted on Wednesday, June 8, 2022

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സ്ത്രീശാക്തീകരണ, ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളെ അടുത്തറിഞ്ഞ് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ അന ഷോബോൾട്ട്. കേരളത്തിന്റെയും കർണ്ണാടകയുടെയും ചുമതല വഹിക്കുന്ന ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി പ്രവര്ത്തിക്കുന്ന അന ഇതാദ്യമായാണ് കുടുംബശ്രീ സന്ദർശിക്കുന്നത്.

   ഔദ്യോഗിക സന്ദര്ശനവുമായി ബന്ധപ്പെട്ട് ജൂൺ 7ന് ഉച്ചയോടെയാണ് അന എത്തിയത്. രാഷ്ട്രീയ സാമ്പത്തിക ഉപദേഷ്ടാവ് മഞ്ജു നാഥ്,   ഇന്വേഡ് ഇന്വെസ്റ്റ്മെന്റ് ഉപദേഷ്ടാവ് ഉപാസന ശ്രീകാന്ത് എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.  നഗരസഭാ പ്രദേശത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭം സന്ദർശിക്കണമെന്ന ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ആവശ്യത്തെ തുടർന്ന് കഴക്കൂട്ടം പള്ളിപ്പുറം വാർഡിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭമായ കരുണ ഫിറ്റ്നെസ് ട്രെയിനിങ്ങ് സെന്ററിലാണ് ഇതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. ഇവിടെയെത്തിയ അന ഷോബോൾട്ടിനെയും സംഘത്തെയും കുടുംബശ്രീക്കു വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ ഐ.എ.എസ്, പ്രോഗ്രാം ഓഫീസർ ജഹാംഗീര്,  സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ പ്രിയാ പോൾ, കെ.ബി സുധീർ, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ശശി എന്നിവർ ചേർന്നു സ്വീകരിച്ചു.
 
  സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭമാണ് തിരുവനന്തപുരം നഗരസഭാ സി.ഡി.എസ് ഒന്നിലെ പള്ളിപ്പുറം വാർഡിൽ പ്രവർത്തിക്കുന്ന കരുണ ഫിറ്റ്നെസ് ട്രെയിനിങ്ങ് സെന്റർ. മഹാലക്ഷ്മി അയൽക്കൂട്ട അംഗങ്ങളായ  സന്ധ്യ, വത്സല, ദീപ, സജിത എന്നിവർ ചേർന്നാണ് സംരംഭം നടത്തുന്നത്. ഒന്നരയോടെ യൂണിറ്റിലെത്തിയ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറും സംഘവും സംരംഭകരെയും കുടുംബശ്രീ ഉദ്യോഗസ്ഥരെയും പരിചയപ്പെട്ടു. അതിനു ശേഷം നടത്തിയ യോഗത്തിൽ ഉപജീവന സാമൂഹ്യ സുരക്ഷാ മേഖലകളിലടക്കം സംസ്ഥാനത്ത് കുടുംബശ്രീ നടത്തി വരുന്ന പ്രമുഖ പദ്ധതികളെ സംബന്ധിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ ഐ.എ.എസ് വിശദീകരിച്ചു.

സംരംഭകർ, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ശശി, എൻ.യു.എൽ.എം കമ്മ്യൂണിറ്റി ഓർഗനൈസർ ദീപാ ഹരിനാരായണൻ, എ.ഡി.എസ് സെക്രട്ടറി അജിത.എൽ, മെമ്പർ സെക്രട്ടറി ലേഖാ കുമാരി എന്നിവരുമായും അന ഷോബോൾട്ട് സംവദിച്ചു. ഫിറ്റ്നെസ് ട്രെയിനിങ്ങ് സെന്ററിന്റെ പ്രവർത്തനരീതികളും സംരംഭം തുടങ്ങാനുള്ള പ്രചോദനം എന്തായിരുന്നുവെന്നും ചോദിച്ചറിഞ്ഞ അന സി.ഡി.എസ് അധ്യക്ഷയുടെ ചുമതലകളെക്കുറിച്ചും  ആശയവിനിമയം നടത്തി.

  കുടുംബശ്രീ മുഖേന ഉപജീവന മേഖലയിൽ നടപ്പാക്കുന്ന സംരംഭങ്ങളുടെ വൈവിധ്യം, സാമൂഹ്യസുരക്ഷാ മേഖലയില് നടപ്പാക്കുന്ന ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയിൽ അന ഷോബോൾട്ട് സംതൃപ്തി രേഖപ്പെടുത്തി. പ്രകൃതി ദുരന്തങ്ങൾ, കോവിഡ് പ്രതിസന്ധി എന്നിവയെ അതിജീവിക്കുന്നതിൽ സാമൂഹിക പ്രതിബദ്ധതയോടെ അണിനിരന്നു കൊണ്ട് അയല്ക്കൂട്ട വനിതകൾ കാഴ്ച വച്ച പ്രവർത്തനങ്ങളും അന ഷോബോൾട്ടിനെ ആകർഷിച്ചു. സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ, പദ്ധതികൾ, ഇതരസംസ്ഥാനങ്ങളിൽ കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ സ്ത്രീകൾ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന രീതിയും അതുവഴി രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ അവരുടെ മുന്നേറ്റവും ദൃശ്യപരതയും അഭിനന്ദനാർഹമാണെന്നും അന പറഞ്ഞു. സിറ്റി മിഷൻ മാനേജർ ഷിജു ജോൺ, ജിപ്സ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.    

 

brtsh


 

Content highlight
British Deputy high commissioner paid a visit to Kudumbashree