കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച 2019 മാര്‍ച്ച് മുതല്‍ ഇതു വരെയുള്ള വിറ്റുവരവാണിത്. നിലവില്‍ പ്രതിദിനം ശരാശരി 25,000 കിലോ കോഴിയിറച്ചിയുടെ വിപണനമാണ് ഔട്ട്ലെറ്റുകള്‍ വഴി നടക്കുന്നത്. പൊതു വിപണിയെ അപേക്ഷിച്ച് ലഭിക്കുന്ന വിലക്കുറവും ഗുണനിലവാരവുമാണ് കേരള ചിക്കന് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നല്‍കുന്നത്. പദ്ധതി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സംസ്കരിച്ച കോഴി ഇറച്ചിയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഉടന്‍ വിപണിയിലെത്തിക്കും.
ഉപഭോക്താക്കള്‍ക്ക് സംശുദ്ധമായ കോഴി ഇറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് 2019ല്‍ എറണാകുളം ജില്ലയിലാണ്. പിന്നീട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഈ വര്‍ഷം തന്നെ കണ്ണൂരിലും പദ്ധതി ആരംഭിക്കും.
നിലവില്‍ പദ്ധതിയുടെ ഭാഗമായി 345 ബ്രോയ്ലര്‍ ഫാമുകളും, 116 കേരള ചിക്കന്‍ ഔട്ട്ലെറ്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികയെടുത്ത ശേഷം കേരള ചിക്കന്‍ ഔട്ട്ലെറ്റുകളില്‍ എത്തിച്ചു വിപണനം നടത്തുകയാണ് ചെയ്യുന്നത്. ഇതു പ്രകാരം പദ്ധതിയില്‍ ഉള്‍പ്പെട്ട കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ ശരാശരി 50,000 രൂപ വളര്‍ത്തു കൂലിയായി ലഭിക്കുന്നു. ഈയിനത്തില്‍ നാളിതു വരെ 19.68 കോടി രൂപയാണ് കുടുംബശ്രീ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. ഔട്ട്ലെറ്റുകള്‍ നടത്തുന്ന ഗുണഭോക്താക്കള്‍ക്കും പദ്ധതി ലാഭകരമാണ്. പ്രതിമാസം ശരാശരി 87,000 രൂപയാണ് ഇവര്‍ക്ക് വരുമാനമായി ലഭിക്കുന്നത്. നിലവില്‍ പദ്ധതി വഴി അഞ്ഞൂറോളം വനിതാ കര്‍ഷകര്‍ക്കും ഔട്ട്ലെറ്റ് ഗുണഭോക്താക്കള്‍ക്കും മെച്ചപ്പെട്ട ഉപജീവന മാര്‍ഗം ലഭിക്കുന്നുണ്ട്.
കുറഞ്ഞ മുതല്‍മുടക്കില്‍ സുസ്ഥിര വരുമാനം നേടാന്‍ സഹായകരമാകുന്ന തൊഴിലെന്ന നിലയ്ക്ക് കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. കേരള ചിക്കന്‍ ഫാമുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് അതത് കുടുംബശ്രീ ജില്ലാമിഷനുകളുമായി ബന്ധപ്പെട്ടാല്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കും.
- 102 views