മാലിന്യത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍; റെക്കോഡിന്റെ അകമ്പടിയോടെ പുതു പരിശീലന പദ്ധതിക്ക് തുടക്കമിട്ട് പാലക്കാട് ജില്ലാ മിഷന്

Posted on Wednesday, March 26, 2025

അജൈവമാലിന്യങ്ങളില്‍ നിന്നും അലങ്കാരവസ്തുക്കള്‍ ഉള്‍പ്പെടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയാറാക്കാനുള്ള മെഗാ പരിശീലന പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ ടാലന്റ് റെക്കോഡിന്റെ ഏഷ്യന്‍ റെക്കോഡ് കരസ്ഥമാക്കി. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിലാണ് ‘അപ്‌സൈക്ലിങ് ആര്‍ട്ട്’ എന്ന പേരില്‍ ജില്ലാ മിഷന്‍ മാര്‍ച്ച് 22ന്‌ പരിശീലന പരിപാടി സംഘടിപ്പിച്ചത്. 18 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള 358 കുടുംബശ്രീ അംഗങ്ങളാണ് പരിശീന പരിപാടിയുടെ ഭാഗമായത്.

പ്ലാസ്റ്റിക് കുപ്പി, എല്‍.ഇ.ഡി ബള്‍ബ്, പേപ്പര്‍ ഗ്ലാസ്, തുണി, ചിരട്ട, ചില്ലുകുപ്പി എന്നിങ്ങനെ വിവിധ വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് അധ്യാപികയായ കെ. സന്ധ്യയുടെ നേതൃത്വത്തില്‍ 33 പേരാണ് പരിശീലന പരിപാടി നയിച്ചത്. ഇപ്പോള്‍ പരിശീലനം നേടിയവര്‍ക്ക് രണ്ടാം ഘട്ട പരിശീലനവും നല്‍കും. അതിന് ശേഷം ഇവര്‍ ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ അപ്‌സൈക്ലിങ് ആര്‍ട്ട് പരിശീലനം നല്‍കും. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ വില്‍പ്പനയിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വരുമാനവും നേടാനാകും. വില്‍പ്പനയ്ക്ക് എല്ലാവിധ പിന്തുണയും ജില്ലാ മിഷന്‍ നല്‍കും.

ജില്ലയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നാണ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ തുക നല്‍കി വാങ്ങുക. ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും വരുമാനം ഇതുവഴി ഉറപ്പാക്കുന്നു.

പരിശീലന പരിപാടിയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ചാമുണ്ണി അധ്യക്ഷനായ ചടങ്ങില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടര്‍ പ്രിയങ്ക. ജി ഐ.എ.എസ് മുഖ്യാതിഥിയായി. എരുമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേംകുമാര്‍, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സെയ്തലവി, പാലക്കാട് നോര്‍ത്ത് നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുലോചന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസ് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Content highlight
upcylcing art