കാരുണ്യം കവിഞ്ഞൊഴുകുമ്പോള്‍

Posted on Sunday, August 18, 2019

കാലവര്‍ഷക്കെടുതി നാടൊട്ടുക്കും ദുരിതം വിതയ്ക്കുമ്പോള്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ് കുടുംബശ്രീ. ദുരന്തബാധയുണ്ടായ അന്ന് മുതല്‍ സഹജീവികള്‍ക്കായി അക്ഷീണ പ്രവര്‍ത്തനങ്ങളാണ് അയല്‍ക്കൂട്ട വനിതകളും കുടുംബശ്രീ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ചെയ്തുവരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കളെത്തിച്ചും അവിടെ പ്രളയബാധിതര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കിയും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം പാകം ചെയ്ത് നല്‍കിയും അവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. സ്വന്തം വീടുകളിലേക്ക് തിരികെയെത്തുന്നവര്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തമേകാനും കുടുംബശ്രീ മുന്‍പന്തിയിലാണ്.

കണ്ണൂര്‍
സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നത്. 13500 രൂപയുടെ ബെഡ്ഷീറ്റും തുണികളുമാണ് ചിറക്കല്‍ സിഡിഎസ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ച് നല്‍കിയത്. ജില്ലയിലെ സ്‌നേഹിത കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ച് ക്യാമ്പുകളില്‍ വിതരണം ചെയ്തു. അഞ്ചരക്കണ്ടി സിഡിഎസ് 13600 രൂപയുടെയും കോട്ടയം സിഡിഎസ് 15325 രൂപയുടെയും വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത്. 24219 രൂപ വിലമതിക്കുന്ന വസ്ത്രങ്ങളും ശുചീകരണ ഉപകരണങ്ങളുമാണ് കടമ്പൂര്‍ സിഡിഎസ് നല്‍കിയത്. ആന്തൂര്‍, ഇരിട്ടി എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. സാന്ത്വനം വോളന്റിയര്‍മാരും സജീവമായി പ്രവര്‍ത്തിക്കുന്നു.  


കോഴിക്കോട്
ഓഗസ്റ്റ് 11 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ 318 ദുരിതാശ്വാസ ക്യാമ്പുകളിലായി 60000 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. 284 ക്യാമ്പുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം ഏറ്റെടുത്തു കഴിഞ്ഞു. ഇത് വഴി 51360 പേര്‍ക്ക് ഭക്ഷണം നല്‍കി. 2725 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും 360 കിലോഗ്രാം പച്ചക്കറിയും 6000 ജോടി തുണിത്തരങ്ങളും ബെഡ്ഷീറ്റുകളും ചവിട്ടിയും 1600 പാക്കറ്റ് സാനിറ്ററി നാപ്കിനും വിതരണം ചെയ്തു. 48 ക്യാമ്പുകളിലായി 10681 പേര്‍ക്ക് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ സേവനം നല്‍കി. അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളില്‍ 1747 കുടുംബങ്ങള്‍ക്ക് താമസമൊരുക്കി. 1079 ഇടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നല്‍കി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ശുചീകരണത്തിനായി ഓരോ സിഡിഎസില്‍ നിന്നും 200 പേരെ തെരഞ്ഞെടുത്തു.

മലപ്പുറം
കാലവര്‍ഷക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലകളിലൊന്നാണ് മലപ്പുറം. 204 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. കുടുംബശ്രീയുടെ 65 സിഡിഎസുകളിലും പ്രളയബാധയുണ്ടായി. ഓരോ സിഡിഎസിലും കുറഞ്ഞത് 9 ദുരിതാശ്വാസ ക്യാമ്പുകള്‍ വീതം പ്രവര്‍ത്തിക്കുന്നു. പരമാവധി ക്യാമ്പുകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം കുടുംബശ്രീ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. സ്‌നേഹിത സെന്ററില്‍ വെള്ളം കയറിയത് മൂലം പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ജെന്‍ഡര്‍ ടീം അംഗങ്ങളും റിസോഴ്‌സ് പേഴ്‌സണ്‍മാരുമെല്ലാം തങ്ങളാലാവും വിധമുള്ള സഹായങ്ങള്‍ നല്‍കുന്നു. ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയിലടക്കമുള്ളിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് സന്നദ്ധ പ്രവര്‍ത്തകരെയും തെരഞ്ഞെടുത്തു കഴിഞ്ഞു.

പാലക്കാട്
ഓഗസ്റ്റ് 13 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ 81 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 3765 വനിതകളും 2843 പുരുഷന്മാരും ഈ ക്യാമ്പുകളിലുണ്ട്. 26 കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇവിടെ കുടുംബശ്രീ ഏറ്റെടുത്ത് നടക്കുന്നു. ഇതുവഴി 3098 പേര്‍ക്ക് ആഹാരം നല്‍കി. 200 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ കുടുംബശ്രീ മുഖേന എത്തിച്ചു നല്‍കി. 570 ജോടി വസ്ത്രങ്ങളും 155 പാക്കറ്റ് സാനിട്ടറി നാപ്കിനുകളും വിതരണം ചെയ്തു. 925 പേര്‍ക്ക് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് സേവനങ്ങളും നല്‍കി. സാന്ത്വനം വോളന്റിയര്‍മാര്‍ മുഖേന 1253 പേരുടെ ആരോഗ്യ പരിശോധനയും അനുബന്ധ സേവനങ്ങളും നല്‍കി. അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളില്‍ 35 കുടുംബങ്ങള്‍ക്ക് താത്ക്കാലിക താമസവും ജില്ലയില്‍ ഒരുക്കി നല്‍കി. 1457 കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തകര്‍ ജില്ലയിലാകെ പ്രവര്‍ത്തിക്കുന്നു. ഇതുവരെ 916 വീടുകളും 18 പൊതു നിരത്തുകളും വൃത്തിയാക്കി കഴിഞ്ഞു. അട്ടപ്പാടിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 13 ടീമുകളാണ് ഏകോപിപ്പിക്കുന്നത്.

എറണാകുളം
ഓഗസ്റ്റ് 12 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 69 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 4673 സ്ത്രീകളും 4245 പുരുഷന്മാരും ക്യാമ്പുകളിലുണ്ട്. 25 കമ്മ്യൂണിറ്റി കിച്ചണുകള്‍ കുടുംബശ്രീ പ്രവര്‍ത്തിക്കുന്നു, ഇതുവഴി 6393 പേര്‍ക്ക് ആഹാരവും നല്‍കി വരുന്നു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ വഴി 283 പേര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങളും സാന്ത്വനം വോളന്റിയര്‍മാര്‍ വഴി 152 പേര്‍ക്ക് അനുബന്ധ സേവനങ്ങളും നല്‍കി. 20 കുടുംബങ്ങള്‍ക്ക് അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളില്‍ താമസ സൗകര്യം ഒരുക്കി നല്‍കി. 206 സന്നദ്ധ സേവകര്‍ സജീവമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.


ആലപ്പുഴ
ഓഗസ്റ്റ് 12 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 40 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. 3025 സ്ത്രീകളും 2589 പുരുഷന്മാരുമുണ്ട്. 30 കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം കുടുംബശ്രീയാണ് നടത്തുന്നത്. 4000 പേര്‍ക്ക് ഭക്ഷണവും നല്‍കുന്നു. 775 പേര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങളും സാന്ത്വനം വോളന്റിയര്‍മാര്‍ വഴി 100 പേര്‍ക്ക് സേവനങ്ങളും നല്‍കി.

 

Content highlight
സ്വന്തം വീടുകളിലേക്ക് തിരികെയെത്തുന്നവര്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തമേകാനും കുടുംബശ്രീ മുന്‍പന്തിയിലാണ്.