'സജ്ജം' ബില്‍ഡിങ്ങ് റെസിലിയന്‍സ്' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 152 ബ്ളോക്കുകളില്‍ പരിശീലന പരിപാടി ആരംഭിച്ചു
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന'സജ്ജം' ബില്‍ഡിങ്ങ് റെസിലിയന്‍സ്' ബോധവല്‍ക്കരണ പരിശീലന പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ബാലസഭാംഗങ്ങള്ക്കുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു. ദുരന്തസാധ്യതകളെ മനസിലാക്കി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ബോധവല്‍ക്കരണം നല്‍കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്നലെ(15-7-2023)യും ഇന്നു(16-7-2023)മായി ബ്ളോക്ക്തലത്തിലാണ് പരിശീലനം. അതത് സി.ഡി.എസുകളുടെ സഹകരണവും ഇതിനായി ഉറപ്പു വരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം(8000), കൊല്ലം(7600), പത്തനംതിട്ട(3000), ആലപ്പുഴ(5000), കോട്ടയം(7700), ഇടുക്കി(6000), എറണാകുളം(10,000), തൃശൂര്‍(10,000), പാലക്കാട്(10,000), മലപ്പുറം(10600), കോഴിക്കോട്(8000), വയനാട്(2000), കണ്ണൂര്‍(8100), കാസര്‍കോട്(4100) എന്നിങ്ങനെയാണ് ഓരോ ജില്ലയിലും പരിശീലനം നല്കുന്ന കുട്ടികളുടെ എണ്ണം. സംസ്ഥാനത്ത് ഇതാദ്യമാണ് ഒരു ലക്ഷം കുട്ടികള്‍ക്ക് ഈ മേഖലയില്‍ പരിശീലനം നല്‍കുന്നത്.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, തീപിടിത്തം എന്നിവയെ അതിജീവിക്കുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും വ്യക്തമായ അവബോധം ലഭിക്കുന്ന തരത്തിലുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. ദുരന്ത ആഘാത ലഘൂകരണത്തിന്റെ ഭാഗമായി ദുരന്തങ്ങളെയും അപകടങ്ങളെയും വേര്‍തിരിച്ചു മനസിലാക്കുന്നതിനും ഇവരെ പരിശീലിപ്പിക്കുന്നുണ്ട്. കാലാവസ്ഥ, ദിനാന്തരീക്ഷ സ്ഥിതി, ഋതുഭേദങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഭൗമശാസ്ത്ര വിജ്ഞാനവും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. പ്രവര്‍ത്തനാധിഷ്ഠിത രീതിയിലാണ് എല്ലാ പരിശലന പരിപാടികളും ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം കുട്ടികളുടെ അവകാശങ്ങളായ അതിജീവനം, ഉന്നമനം, സംരക്ഷണം, പങ്കാളിത്തം എന്നിവയിലും പരിശീലനം നല്‍കുന്നുണ്ട്.
ദുരന്ത നിവാരണ അതോറിറ്റിയിലെ വിദഗ്ധര്‍, 28 സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാര്‍, 608 ജില്ലാതറിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. രണ്ടും മൂന്നും ഘട്ട പരിശീലനം യഥാക്രമം ആഗസ്റ്റ് 5,6, 12, 13 തീയതികളില്‍ ആരംഭിക്കും.
- 34 views