കൊല്ലം ജില്ലയില്‍ പനയം ഗ്രാമപഞ്ചായത്തിന്‍റെ പരിസര ശുചിത്വം ഉറപ്പു വരുത്തി പനയം കുടുംബശ്രീ സി.ഡി.എസിനു കീഴിലുള്ള ഹരിതകര്‍മസേന. പനയത്തിന്‍റെ പാരിസ്ഥിതിക സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു കൊണ്ടാണ് ഈ പെണ്‍കൂട്ടായ്മയുടെ മുന്നേറ്റം.
പനയം ഹരിതകര്‍മ സേനയില്‍ 38 അംഗങ്ങളുണ്ട്. അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് മുഖ്യ പ്രവര്‍ത്തനം. പഞ്ചായത്തില്‍ ഒരു വാര്‍ഡ് ശരാശരി ആറ് ക്ളസ്റ്ററുകളായി തിരിച്ച് ഓരോ ക്ളസ്റ്ററിലും രണ്ടു പേര്‍ വീതം ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പ്ളാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വഴിയോരങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാന്‍ എല്ലാ വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ക്ളസ്റ്റേഴ്സ് അറ്റ് സ്കൂള്‍ എന്ന പേരില്‍ സ്കൂളുകളിലും മാലിന്യ ശേഖരണ ഉപാധികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാര്‍ത്ഥികളെ ശുചിത്വ ബോധം കൈവരിക്കാന്‍ പ്രാപ്തരാക്കുന്നു എന്നതും നേട്ടമാണ്. നൂറു ശതമാനം യൂസര്‍ഫീയും ലഭിക്കുന്നത് ഹരിതകര്‍മസേനയുടെ പൊതു സ്വീകാര്യതയെ വ്യക്തമാക്കുന്നു. പ്രതിമാസം 11,000 മുതല്‍ 20,000 രൂപ വരെ ഇവര്‍ക്ക് ലഭിക്കുന്ന വരുമാനം.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസാണ് പനയം ഹരിതകര്‍മസേനയ്ക്കുള്ളത്. ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിന്‍റെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ഇന്‍റര്‍നെറ്റ്, വൈഫ്, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം, ടെലിഫോണ്‍, ലാപ്ടോപ്, പ്രിന്‍റര്‍, സ്റ്റോര്‍ റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പ്ളാസ്റ്റിക് ശേഖരിക്കാനുള്ള ബെയ്ലിങ്ങ് മെഷീനും ഉണ്ട്. ഇതിനു പുറമേ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി, റിസോഴ്സ് റിക്കവറി ഫെസിലിറ്റി സംവിധാനവും പ്രവര്‍ത്തിക്കുന്നു.
ശുചിത്വം പാലിക്കുന്നതിന്‍റെ ഭാഗമായി പനയം പഞ്ചായത്തിലെ എല്ലാ പരിപാടികളും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് നടപ്പാക്കുന്നത്. പരിപാടി നടത്തുന്നതിനു മുമ്പായി ഹരിതകര്‍മ സേനയെ അറിയിക്കുകയും മുന്‍കൂറായി നിശ്ചിത യൂസര്‍ ഫീസ് അടയ്ക്കുകയും ചെയ്യും. പരിപാടി കഴിയുമ്പോള്‍ തന്നെ മാലിന്യശേഖരണം നടത്തും. റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും ഹരിതകര്‍മസേനയുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുണ്ട്. ഖരമാലിന്യങ്ങള്‍ ഗ്രീന്‍ ടെക് എക്കോ കണ്‍സള്‍ട്ടന്‍സിക്കാണ് ഹരിതകര്‍മ സേന കൈമാറുന്നത്.
വാതില്‍പ്പടി മാലിന്യ ശേഖരണത്തില്‍ നിന്നുളള യൂസര്‍ഫീക്ക് പുറമേ, അദിക വരുമാനത്തിനുള്ള മാര്‍ഗവും ഹരിതകര്‍മ സേന നടപ്പാക്കുണ്ട്. സംരംഭ മാതൃകയില്‍ ജൈവ മാലിന്യത്തില്‍ നിന്നും വളം നിര്‍മിച്ച് വിപണനവും അതിലൂടെ വരുമാനവും കണ്ടെത്തി മറ്റുള്ളവര്‍ക്കു മാതൃകയാവുകയാണ് ഈ പെണ്‍കൂട്ടായ്മ. തുണി സഞ്ചി നിര്‍മാണ യൂണിറ്റ്, എല്‍.ഇ.ഡി ബള്‍ബ് യൂണിറ്റ്, ശിങ്കാരി മേളം കലാസംഘം, കാറ്ററിംഗ് എന്നീ സംരംഭങ്ങളും ഇവര്‍ നടത്തുന്നു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍റെ ഭാഗമായി അയല്‍ക്കൂട്ടം, എ.ഡി.എസ് അംഗങ്ങളുട സഹായത്തോടെ കൊല്ലം അഷ്ടമുടി കായലില്‍ കായലോര ശുചീകരണവും നടത്തുന്നു. കൂടാതെ മാസത്തില്‍ രണ്ടു തവണ പൊതു ഇടങ്ങള്‍ വൃത്തിയാക്കി അവിടെ ഫലവൃക്ഷങ്ങളുംചെടികളും നട്ടു പരിപാലിക്കുന്നു.
പനയം ഗ്രാമപഞ്ചായത്തില്‍ വിനോദ സഞ്ചാര സൗഹൃദ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമാകുന്നു.മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ് പനയം ഗ്രാമപഞ്ചായത്തും ഹരിതകര്‍മസേനാംഗങ്ങളും.
- 2 views