കാസര്‍ഗോഡും കുടുംബശ്രീ ചകിരി നിര്‍മ്മാണ യൂണിറ്റിന് തുടക്കം

Posted on Friday, September 27, 2019

കാസര്‍ഗോഡ് ജില്ലയിലും കുടുംബശ്രീയുടെ യന്ത്രവത്കൃത ചകിരി നിര്‍മ്മാണ യൂണിറ്റിന് തുടക്കം. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ സെപ്റ്റംബര്‍ 14ന് നടന്ന ചടങ്ങില്‍ കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ യൂണിറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ജില്ലാ മിഷന്‍ മുന്നോട്ട് വച്ചപ്പോള്‍ അഞ്ച് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുത്ത് യൂണിറ്റ് ആരംഭിക്കുന്നതിനായി കിനാനൂര്‍ കരിന്തളം സിഡിഎസ് മുന്നോട്ട് വരികയായിരുന്നു.

  പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിന്നുള്ള റീന (പ്രസിഡന്‍റ്), സുബിഷ (സെക്രട്ടറി), സാവിത്രി, ജയശ്രീ, ശ്യാമള എന്നീ അഞ്ച് വനിതകളാണ് യൂണിറ്റ് അംഗങ്ങള്‍. ഇവര്‍ക്ക് കയര്‍ മെഷീന്‍ മാനുഫാക്ചറിങ് കമ്പനിയില്‍ പരിശീലനം നല്‍കി. ഷെഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പരപ്പ ബ്ലോക്ക് പഞ്ചായത്തും കിനാനൂര്‍ കരിന്തരളം ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് ഒരുക്കി. ഈ യന്ത്രങ്ങളുപയോഗിച്ച് ദിവസം 2500 മുതല്‍ 3000 ചകിരികള്‍ വരെ സംസ്ക്കരിക്കാനാകും. നിലവില്‍ കണ്ണൂരിലെ പരിയാരം, ആന്തൂര്‍, തൃശ്ശൂരിലെ അളഗപ്പ നഗര്‍ എന്നിവിടങ്ങളിലാണ് കുടുംബശ്രീ ചകിരി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

  കേരളത്തിലെ പരമ്പരാഗത കയര്‍മേഖലയില്‍ കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ക്ക് പുതിയ തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് യന്ത്രവത്കൃത ചകിരി നിര്‍മ്മാണ യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. കയര്‍ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇവയ്ക്ക് വിദേശ രാജ്യങ്ങളിലുള്ള സ്വീകാര്യത മുന്‍നിര്‍ത്തിയുമാണ് കുടുംബശ്രീ ഈ മേഖലയില്‍ പദ്ധതി ആവിഷ്ക്കരിച്ചത്. പദ്ധതിക്ക് കണ്ണൂര്‍ ജില്ലയിലെ പരിയാരത്തായിരുന്നു തുടക്കമിട്ടത്. പച്ചത്തൊണ്ടില്‍ നിന്നും ചകിരി നാരുത്പാദിപ്പിക്കുന്ന പദ്ധതിയാണിത്. യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന ചകിരിനാര് കയര്‍ഫെഡ് സംഭരിക്കും. തൊണ്ട് സംസ്ക്കരിച്ചശേഷം വരുന്ന ചകിരിച്ചോറ് യൂണിറ്റുകള്‍ വളമാക്കി വില്‍ക്കുന്നതിലൂടെ അധികവരുമാനവും ഉറപ്പ് വരുത്തുന്നു.

 

Content highlight
നിലവില്‍ കണ്ണൂരിലെ പരിയാരം, ആന്തൂര്‍, തൃശ്ശൂരിലെ അളഗപ്പ നഗര്‍ എന്നിവിടങ്ങളിലാണ് കുടുംബശ്രീ ചകിരി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.