കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. അവധിയില്‍ പ്രവേശിച്ചിരിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും അടിയന്തരമായി ജോലിക്ക് ഹാജരാകുന്നതിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
ദുരിതാശ്വാസക്യാമ്പുകളില്‍ ശുദ്ധമായ കുടിവെള്ളവും സാനിറ്ററി സൗകര്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സജ്ജമാക്കും. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളില്‍നിന്ന് തദ്ദേശവാസികളെ രക്ഷപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. വീടുകളിലും മറ്റു കെട്ടിടങ്ങളിലും കുടുങ്ങിപ്പോയവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എത്തിക്കും.
ദുരിതബാധിത പ്രദേശങ്ങളില്‍ സാംക്രമികരോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിനും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നു വാങ്ങി നല്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് വിനിയോഗിക്കാം.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ പൊതു കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിച്ച് പ്രവര്‍ത്തന യോഗ്യമാക്കും. രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനും തടസ്സപ്പെട്ട റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുക ചെലവഴിക്കാം. ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി സാധനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ഇലക്ട്രീഷ്യന്മാരുടെയും പ്ലംബര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തുന്നതിനും തുക ചെലവഴിക്കുന്നതിന് അനുവാദം നല്കിയിട്ടുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളെയും ഏജന്‍സികളെയും ചുമതലപ്പെടുത്താത്ത മേഖലകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്താം.
മന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
04712332700, 8301804834 എന്നീ നമ്പറുകളിൽ മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂമിൽ ബന്ധപെടാവുന്നതാണ്.
ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് സെക്രട്ടറിയേറ്റിലെ തദ്ദേശസ്വയംഭരണ വകുപ്പില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
0471 2786322, 9387212701 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പഞ്ചായത്ത്, നഗരകാര്യം, ചീഫ് എന്‍ജിനീയര്‍ (LSGD), കുടുംബശ്രീ, ലൈഫ്‌മിഷന്‍, ചീഫ് ടൗണ്‍പ്ലാനര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നീ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
- 651 views