തിരുവനന്തപുരം നഗരസഭ ദുരിതാശ്വാസ സഹായ ശേഖരണ കൗണ്ടര്‍ ആരംഭിച്ചു

Posted on Friday, August 9, 2019

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ സഹായ ശേഖരണ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ മെയിന്‍ ഓഫീസില്‍ സജീകരിച്ചിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെക്ക് അയയ്ക്കുന്നതിന് ആവശ്യമായ സാധനസമാഗ്രികള്‍ സ്വീകരിക്കും. കുടിവെള്ളം, അരി, പയറുവര്‍ഗ്ഗങ്ങള്‍, ഡ്രൈഫ്രൂട്ട്സ്, ബിസ്ക്കറ്റ്, ഉപ്പ്, തേയില, പഞ്ചസാര, റസ്ക്, ബേബി ഫുഡ്, തേങ്ങ തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് സ്വീകരിക്കുക. പെട്ടെന്ന് നശിച്ചുപോകുന്ന ബ്രഡ്, ബണ്‍ മുതലായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ബെഡ്ഷീറ്റ്, തോര്‍ത്ത്, ലുങ്കി, നൈറ്റി, ടി ഷര്‍ട്ട്, അണ്ടര്‍ ഗാര്‍മന്‍റ്സ്, കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍ എന്നി തുണിത്തരങ്ങളാണ് നല്‍കാവുന്നത്. യാതൊരു കാരണവശാലും പഴയതും ഉപയോഗിച്ചതുമായ തുണിത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല. പായ, ടോര്‍ച്ച്, മെഴുകുതിരി, ലൈറ്റര്‍, സാനിറ്ററി നാപ്കിന്‍സ് തുടങ്ങിയവയും ശേഖരണകേന്ദ്രങ്ങളില്‍ സ്വീകരിക്കും. ആവശ്യമായ സാധനസാമഗ്രികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നഗരസഭ മേയറുടെ ഫേയ്സ്ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്യും. നഗരസഭയുടെ ഈ പ്രവര്‍ത്തനവുമായി എല്ലാവരും സഹകരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ : 9496434503, 9496434434, 9496434449, 9496434461, 9496434492, 9496434498

രണ്ടാമത്തെ കളക്ഷന്‍ കേന്ദ്രം വിമന്‍സ് കോളേജില്‍ 10.08.2019 രാവലെ 9 മണിക്ക് ആരംഭിക്കും.