'ഹര്‍ഷം' ഹാപ്പിനെസ് റീഡിഫൈന്‍ഡ്: വയോജന പരിചരണ മേഖലയിലേക്ക് 1000 കുടുംബശ്രീ വനിതകള്‍
തിരുവനന്തപുരം: പരിചരിക്കാന്‍ ആരുമില്ലാത്തവര്‍ക്ക് സാന്ത്വനം ഉറപ്പാക്കി കുടുംബശ്രീ വയോജന പരിചരണ മേഖലയിലേക്ക് കടക്കുന്നു. വയോജനങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ള പരിചരണം അവശ്യസമയത്ത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 'ഹര്‍ഷം' ഹാപ്പിനെസ് റീഡിഫൈന്‍ഡ് എന്ന ടാഗ് ലൈനുമായി ആവിഷ്ക്കരിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ നിന്നും തിരഞ്ഞെടുത്ത 90 പേര്‍ക്ക് ഈ മാസം 30ന് 15 ദിവസത്തെ റെസഡന്‍ഷ്യല്‍ പരിശീലനം ആരംഭിക്കും. കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് പരിശീലനം.
ഈ രംഗത്തെ സേവനദാതക്കളായ ഹാപ് (ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍), ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുമായി ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍. ഈ വര്‍ഷം ആയിരം വനിതകള്‍ക്ക് വയോജന പരിചരണ മേഖലയില്‍ പരിശീലനം നല്‍കി അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. സൂക്ഷ്മ സംരംഭ മാതൃകയിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഇതിനായി 55 വയസില്‍ താഴെ പ്രായമുള്ള മികച്ച ശാരീരിക ക്ഷമതയും സേവന തല്‍പരതയും തൊഴിലിനോട് ആഭിമുഖ്യവുമുള്ള പരിശീലനാര്‍ത്ഥികളെയാണ് പരിഗണിക്കുന്നത്. അതത് ജില്ലകളിലെ ജില്ലാമിഷന്‍ അധികൃതരുടെ നേതൃത്വത്തിലായിരിക്കും ഇവരെ തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തില്‍ 30 പേര്‍ വീതമുള്ള രണ്ടു ബാച്ചുകളായിട്ടാണ് പരിശീലനം നല്‍കുക. പിന്നീട് മറ്റു ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.
ഉപഭോക്താക്കള്‍ക്ക് കോള്‍ സെന്‍ററുകള്‍ വഴിയോ 24 മണിക്കൂറും ഓണ്‍ലൈനായോ 'ഹര്‍ഷം' പദ്ധതിയുടെ സേവനം ഉറപ്പു വരുത്താന്‍ കഴിയും. സേവന കാലാവധിക്ക് ആനുപാതികമായാണ് വേതനം നിശ്ചയിക്കുക. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സേവനദാതാക്കള്‍ വീട്ടിലെത്തി പരിചരണം ഉറപ്പാക്കും. ഉപഭോക്താവിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും കുടുംബശ്രീയുടെ സേവനം ലഭ്യമാക്കുക. ഇതിനായി അതത് സി.ഡി.എസ് -എ,ഡി.എസ് പ്രവര്‍ത്തകരുടെ സഹായവും ഉറപ്പു വരുത്തും.
കേരളത്തെ വയോജന സൗഹൃദമാക്കി മാറ്റുക എന്നതു ലക്ഷ്യമിട്ട് സര്‍ക്കാര്‍ നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് പരിചരണ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിലെ മുഖ്യ വിഭാഗമായ വാര്‍ധക്യ പരിചരണത്തിലൂടെ കിടപ്പു രോഗികള്‍ക്ക് സേവനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും എണ്ണത്തിലുളള കുറവ് മൂലം ആവശ്യക്കാര്‍ക്ക് യഥാസമയം ആവശ്യാനുസരണമുള്ള പരിചരണം ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കുടുംബശ്രീയുടെ ഹര്‍ഷം പദ്ധതി വഴി പരിശീലനം ലഭിച്ച കൂടുതല്‍ സേവനദാതാക്കള്‍ ഈ മേഖലയിലേക്ക് എത്തുന്നതോടെ ഇപ്രകാരം ബുദ്ധിമുട്ടനുഭവിക്കുന്ന കിടപ്പു രോഗികള്‍ക്കും വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വൃദ്ധര്‍ക്കും അത് ഏറെ സഹായകരമാകും. ഇതിനായി ഓരോ ജില്ലയിലും നൂറില്‍ കുറയാത്ത സേവന ദാതാക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം വാര്‍ധക്യ പരിചരണം ആവശ്യമായവരെ സംബന്ധിച്ച വിവരങ്ങളും കുടുംബശ്രീ ശേഖരിക്കുന്നുണ്ട.
- 175 views