തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ദീന് ദയല് ഉപാധ്യായ ഗ്രാമീണ് കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ)യിലൂടെ സംസ്ഥാനത്തെ അഗതി കുടുംബങ്ങളിലെ 96 കുട്ടികള്ക്ക് തൊഴില് ലഭിച്ചു. കുടുംബങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് ഈ വീടുകളിലെ കുട്ടികള്ക്ക് മെച്ചപ്പെട്ട നൈപുണ്യ പരിശീലവും തൊഴിലും നല്കി വരുമാനം ലഭ്യമാക്കുന്നതിനുള്ള കുടുംബശ്രീയുടെ ഊര്ജിത ശ്രമങ്ങള്. ഈ വര്ഷം ആശ്രയ പദ്ധതിയില് ഉള്പ്പെട്ട കുടുംബങ്ങളിലെ 2000 കുട്ടികള്ക്ക് നൈപുണ്യ പരിശീലനം നല്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് അതിവേഗം പുരോഗമിക്കുകയാണ്. ആശ്രയ ഗുണഭോക്താക്കളുടെ കുടുംബങ്ങള്ക്ക് സാമൂഹ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ കൂടി ഭാഗമായാണ് നൈപുണ്യ പരിശീലനവുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള്.
ഗ്രാമീണമേഖലയിലെ നിര്ധന യുവതീയുവാക്കള്ക്ക് സൗജന്യതൊഴില് പരിശീലനവും തൊഴിലും ഉറപ്പാക്കുന്നതാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ പക്കലുള്ള ആശ്രയ കുടുംബങ്ങളുടെ പട്ടികയില് നിന്നാണ് പദ്ധതിയില് ഉള്പ്പെടുത്താനുള്ള 132 പരിശീലനാര്ത്ഥികളെ തിരഞ്ഞെടുത്തത്. കൂടാതെ കടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില് ആശ്രയ കുടുംബങ്ങള് നേരിട്ടു സന്ദര്ശിച്ചും ഏറ്റവും അര്ഹരമായ ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു. ഇവര്ക്ക് ഡി.ഡി.യു.ജി.കെ.വൈയുടെ കീഴില് വിവിധ ജില്ലകളില് പ്രവര്ത്തിക്കുന്ന വിദഗ്ധ തൊഴില് പരിശീലന കേന്ദ്രങ്ങളില് സൗജന്യ പരിശീലനം നല്കി. വിജയകരമായി പരിശീലനം പൂര്ത്തിയാക്കിയവര്ക്കെല്ലാം വിവിധ സ്ഥാപനങ്ങളില് മാന്യമായ വേതനത്തോടെ ജോലി ഉറപ്പാക്കിയിട്ടുണ്ട്.
പട്ടികവര്ഗ മേഖലയിലെ നിര്ധനരായ യുവതീയുവാക്കള്ക്കും മികച്ച നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അട്ടപ്പാടിയില് പ്രത്യേക കേന്ദ്രം ഇവര്ക്കായി തുറന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്ഷം പട്ടികവര്ഗത്തില് പെട്ട 282 പേര്ക്ക് ഹെല്ത്ത് കെയര്, ബാങ്കിങ്ങ് ആന്ഡ് അക്കൗണ്ടിങ്ങ്, റീട്ടെയ്ല് മാനേജ്മെന്റ്, ഡെന്റല് സെറാമിക് ടെക്നീഷ്യന്, ഹോസ്പിറ്റാലിറ്റി, ബി.പി.ഓ എന്നീ മേഖലകളില് പരിശീലനം നല്കിയിരുന്നു. ഇതില് 142 പേര്ക്ക് ജോലി ലഭ്യമാക്കാന് കുടുംബശ്രീക്കു കഴിഞ്ഞു. ഈ സാമ്പത്തിക വര്ഷം 1000 പേര്ക്ക് പരിശീലനം നല്കാനാണ് ലക്ഷ്യം.
- 108 views