ഗുരുഗ്രാം സരസ് മേളയില് കുടുംബശ്രീയ്ക്ക് 26 ലക്ഷം രൂപയുടെ വിറ്റുവരവ്
കഴിഞ്ഞ 25 വര്ഷത്തെ പ്രവര്ത്തനത്തിന്റെ അടിസ്ഥാനത്തില് സാമൂഹിക, സാമ്പത്തിക, സ്ത്രീ ശാക്തീകരണ രംഗത്തു കുടുംബശ്രീ പുതിയ വെല്ലുവിളികള് ഏറ്റെടുക്കുമെന്നു തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളം ലോകത്തിന് സമ്മാനിച്ച സ്ത്രീ ശാക്തീതീകരണത്തിന്റെണത്തിന്റെ ഉജ്ജ്വല മാതൃകയാണ് കുടുംബശ്രീയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഗ്രാമീണ മേഖലയിലെ അയല്ക്കൂട്ടങ്ങളുടെയും ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രവര്ത്തനങ്ങളും രേഖപ്പെടുത്താന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രൂപകല്പ്പന ചെയ്ത 'ലോക്കോസ്' എന്ന പുതിയ മൊബൈല് ആപ്ളിക്കേഷനുമായി ബന്ധപ്പെട്ട് എറണാകുളം റാഡിസണ് ബ്ലൂ ഹോട്ടലില് സംഘടിപ്പിച്ച ത്രിദിന ദേശീയ ശില്പ്പശാലയുടെ ഉദ്ഘാടനം നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്.ആര്.എല്.എം) പദ്ധതിയുമായി ബന്ധപ്പെട്ടാണ് 'ലോക്കോസ്' ആപ്ലിക്കേഷന് സജ്ജമാക്കുന്നത്. കേരളം ഉള്പ്പെടെ ഏഴു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ബ്ളോക്കുകളിലാണ് പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ പദ്ധതി നിര്വഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്, കുടുംബശ്രീ റിസോഴ്സ് പേഴ്സണ്മാര് എന്നിവര്ക്കായി 17 മുതല് 20 വരെയാണ് ശില്പ്പശാല.
അയല്ക്കൂട്ട പ്രവര്ത്തനങ്ങളെ സംബന്ധിച്ച പൂര്ണ വിവരങ്ങള് ചുരുങ്ങിയ സമയത്തിനുള്ളില് രേഖപ്പെടുത്താന് സാധിക്കുമെന്നതാണ് പുതിയ മൊബൈല് ആപ്ലിക്കേഷന്റെ നേട്ടം. തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സണ്മാര് മുഖേനയായിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള്. രണ്ടു വര്ഷത്തിനുള്ളില് ഗ്രാമീണ മേഖലയിലെ എല്ലാ അയല്ക്കൂട്ട ഭാരവാഹികളെയും മൊബൈല് ആപ്ളിക്കേഷന് പരിശീലിപ്പിച്ചു കൊണ്ട് വിവരങ്ങള് രേഖപ്പെടുത്താന് സജ്ജമാക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടമായി തൃശൂര് ജില്ലയിലെ മുല്ലശ്ശേരി ബ്ളോക്കില് പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടമായി ജില്ലയിലെ ബാക്കിയുള്ള 15 ബ്ളോക്കുകളിലും കൂടാതെ മറ്റു ജില്ലകളിലെ ഓരോ ബ്ളോക്കിലും ഈ സാമ്പത്തിക വര്ഷത്തില് തന്നെ പദ്ധതി ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മൂന്നാംഘട്ടത്തില് മറ്റു ജില്ലകളിലെ ബാക്കിയുള്ള ബ്ളോക്കുകളിലും പദ്ധതി വ്യാപിപ്പിക്കും.
അയല്ക്കൂട്ടം, അതിലെ അംഗങ്ങള്, ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി(എ.ഡി.എസ്), കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി(സി.ഡി.എസ്) എന്നിവയുടെ പ്രൊഫൈല് എന്ട്രിയാണ് ലോകോസ് മൊബൈല് ആപ്ളിക്കേഷനിലെ ഒരു വിഭാഗം. ആധാറുമായി ബന്ധപ്പെടുത്തുന്നതിനാല് ഒരാള്ക്ക് ഒന്നിലധികം അയല്ക്കൂട്ടങ്ങളില് അംഗത്വം നേടുന്ന സാഹചര്യം ഒഴിവാക്കാന് സാധിക്കുന്നു.
സാമ്പത്തിക ഇടപാടുകളുടെ എന്ട്രിയാണ് രണ്ടാമത്തേത്. കേരളത്തില് ഈ പ്രവര്ത്തനങ്ങള്ക്കായി അമ്പത് അയല്ക്കൂട്ടങ്ങള്ക്ക് ഒരു റിസോഴ്സ് പേഴ്സണ് എന്ന കണക്കില് ആകെ 52 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്ക്ക് പ്രത്യേക ഐ.ഡിയും നല്കും.
നിലവില് സമ്പാദ്യവും വായ്പാ തിരിച്ചടവും ഉള്പ്പെടെയുള്ള മുഴുവന് വിവരങ്ങളും രജിസ്റ്ററിലും നോട്ട് ബുക്കിലും എഴുതി സൂക്ഷിക്കുന്ന പരമ്പരാഗതശൈലി പിന്തുടരുന്ന അയല്ക്കൂട്ടങ്ങള്ക്ക് പുതിയ മുഖച്ഛായ നല്കുന്നതാണ് പദ്ധതി. മൊബൈല് ആപ്ളിക്കേഷന് പരിചിതമാകുന്നതോടെ അയല്ക്കൂട്ട പ്രവര്ത്തനങ്ങളെ സംബന്ധിച്ച മുഴുവന് വിവരങ്ങളും എല്ലാ അംഗങ്ങള്ക്കും വിരല്ത്തുമ്പില് ലഭ്യമാകും എന്നതാണ് പ്രധാന സവിശേഷത. ഓരോ അയല്ക്കൂട്ടത്തിന്റെയും ബാങ്ക് അക്കൗണ്ട്, സമ്പാദ്യം, വായ്പ തുടങ്ങി എല്ലാ വിവരങ്ങളും അറിയാന് കഴിയുമെന്നതും നേട്ടമാണ്. പ്രവര്ത്തന പുരോഗതി തല്സമയം വിലയിരുത്തന്നതിനും പുതിയ പദ്ധതി ഏറെ സഹായകരമാകും. അയല്ക്കൂട്ടത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള് സംബന്ധിച്ച കണക്കുകള് എഴുതി സൂക്ഷിക്കേണ്ടി വരുന്ന ഭാരവാഹികളുടെ ജോലി ഭാരം കുറയ്ക്കാനും പ്രവര്ത്തനങ്ങള്ക്ക് കൂടുതല് കാര്യക്ഷമതയും സുതാര്യതയും കൈവരുത്താനും ഇതു വഴി സാധിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ.ഷര്മ്മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് സ്വാഗതം ആശംസിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി നീതാ കേജ്രിവാള് ആമുഖ പ്രഭാഷണം നടത്തി. ബില് ആന്ഡ് മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന് പ്രോഗ്രാം ഓഫീസര് അര്ജുന് വെങ്കട്ടരാമന് ആശംസ പറഞ്ഞു. കുടുംബശ്രീ ചീഫ് ഫിനാന്സ് ഓഫീസര് കൃഷ്ണ പ്രിയ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര് (എന്.ആര്.എല്.എം) എ.എസ്. ശ്രീകാന്ത്, തൃശൂര് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് നിര്മ്മല് എസ്.സി എന്നിവര് ചടങ്ങില് പങ്കെടുത്തു. എറണാകുളം ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പ്രീത എം.ബി കൃതജ്ഞത അറിയിച്ചു.
ഡിസംബര് രണ്ടാം വാരം കോട്ടയം നാഗമ്പടം മൈതാനിയില് സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് അനുയോജ്യമായ ലോഗോയും ടാഗ് ലൈനും തയ്യാറാക്കി സമ്മാനം നേടാന് പൊതുജനങ്ങള്ക്ക് അവസരം. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനതലത്തില് മത്സരം സംഘടിപ്പിക്കുന്നത്.
ജില്ലയുടെ സാംസ്കാരിക തനിമയും ഗ്രാമീണ വനിതാ സംരംഭകരുടെ കൂട്ടായ്മയും സംരംഭങ്ങളുടെ വൈവിധ്യവും സ്ത്രീശാക്തീകരണ രംഗത്തെ ഇടപെടലുകളും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ലോഗോയും ടാഗ് ലൈനും തയ്യാറാക്കേണ്ടത്. അയ്യായിരം രൂപയും മെമന്റോയുമാണ് സമ്മാനമായി ലഭിക്കുക. വിജയിക്ക് സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില് സമ്മാനം വിതരണം ചെയ്യും.
എന്ട്രികള് sarasmelakottayam@gmail.com എന്ന ഇ-മെയില് വിലാസത്തില് അയക്കണം. അവസാന തീയതി 2022 ഒക്ടോബര് 20. കൂടുതല് വിവരങ്ങള്ക്ക് -0481-2302049, 9400550107. കുടുംബശ്രീ മിഷന് ഓഫീസുകളിലെ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും മത്സരത്തില് പങ്കെടുക്കുന്നതില് നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കുടുംബശ്രീ സംരംഭകരുടെ പ്രീമിയം ഉത്പന്നങ്ങളുടെയും കൃഷി സംഘങ്ങളുടെ കാര്ഷികോത്പന്നങ്ങളുടെയും വിപണനം നടത്തുന്നതിന് എറണാകുളത്ത് കുടുംബശ്രീയുടെ കഫെ കം പ്രീമിയം ഔട്ട്ലെറ്റ് 'പ്രീമിയം ബാസ്കറ്റ്ി'ന് തുടക്കം.
കൊച്ചി മെട്രോയുമായി സഹകരിച്ച് എസ്.എന് സ്റ്റേഷനില് ഒരുക്കിയിരിക്കുന്ന 'പ്രീമിയം ബാസ്കറ്റിന്റെ ഉദ്ഘാടനം ഒക്ടോബര് 11ന് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്വഹിച്ചു. എസ്.എന് മെട്രോ സ്റ്റേഷനിലെ 600 ചതുരശ്രയടി വരുന്ന സ്ഥലത്താണ് പ്രീമിയം ബാസ്കറ്റ് പ്രവര്ത്തിക്കുന്നത്. എറണാകുളം കാക്കനാട് പ്രവര്ത്തിക്കുന്ന നിര്മ്മിതി കേന്ദ്രമാണ് ഈ ഷോപ്പ് ഡിസൈന് ചെയ്തിരിക്കുന്നത്.
സമീപ പ്രദേശങ്ങളില് നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കുടുംബശ്രീ അംഗങ്ങള് അടങ്ങുന്ന സംരംഭത്തിനാണ് കുടുംബശ്രീ പ്രീമിയം ബാസ്കറ്റിന്റെ നടത്തിപ്പ് ചുമതല. എറണാകുളം ജില്ലയിലെയും മറ്റ് ജില്ലകളിലെയും കുടുംബശ്രീ സംരംഭകരുടെ പ്രീമിയം ഉത്പന്നങ്ങളും കുടുംബശ്രീ കര്ഷകരുടെ പച്ചക്കറിയും, കട്ട് വെജിറ്റബിളും പ്രീമിയം ബാസ്കറ്റില് ലഭിക്കും. ചായ, കോഫി, സ്നാക്സ്, കൂള് ഡ്രിങ്ക്സ് എന്നിവ കഫെയിലുമുണ്ട്. .
ഉദ്ഘാടന ചടങ്ങില് തൃപ്പൂണിത്തുറ എം.എല്.എ, കെ. ബാബു, തൃപ്പൂണിത്തുറ നഗരസഭാ ചെയര്പേഴ്സണ് രമ സന്തോഷ്, കൊച്ചി മെട്രോ റെയില് ലിമിറ്റഡ് മാനേജിങ് ഡയറക്ടര് ലോക്നാഥ് ബെഹ്റ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ്, ഫോര്ട്ട് കൊച്ചി സബ് കളക്ടര് വിഷ്ണു രാജ് ഐ.എ.എസ്, കുടുംബശ്രീ പബ്ലിക് റിലേഷന്സ് ഓഫീസര് മൈന ഉമൈബാന്, കുടുംബശ്രീ എറണാകുളം ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പ്രീതി എം.ബി എന്നിവരും പങ്കെടുത്തു.
'സുസ്ഥിരം'-സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്ക്കരണം കുടുംബശ്രീയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ആശയ രൂപീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയും കിലയും സംയുക്തമായി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. സമൂഹത്തിന്റെ ഏറ്റവും താഴെതട്ടിലുള്ളവരുടെ ജീവിതത്തില് സര്വതല സ്പര്ശിയായ വികസനം ലഭ്യമാക്കുകയാണ് പ്രാദേശികവല്ക്കരണത്തിന്റെ മുഖ്യ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് കുടുംബശ്രീ അയല്ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ആവിഷ്ക്കരിക്കുക. സെപ്റ്റംബര് 30, ഒക്ടോബര് 1 തീയതികളില് തിരുവനന്തപുരം ഗ്രാന്ഡ് ചൈത്രം ഹോട്ടലിലായിരുന്നു ശില്പ്പശാല.
സുസ്ഥിര വികസന ലക്ഷ്യങ്ങളെ പത്ത് വ്യത്യസ്ത വിഷയാടിസ്ഥാനത്തില് കേന്ദ്രീകരിച്ചുകൊണ്ട് കുടുംബശ്രീ സംവിധാനം വഴി ഇവ നേടിയെടുക്കുന്ന പ്രവര്ത്തനങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്ക്കരണ പ്രവര്ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ദാരിദ്ര്യരഹിതവും ഉയര്ന്ന ഉപജീവന മാര്ഗങ്ങള് ഉള്ളതുമായ ഗ്രാമ നഗരങ്ങള്, ആരോഗ്യ, ശിശു സൗഹൃദ, ജലസമൃദ്ധ ഗ്രാമ നഗരങ്ങള്, ശുചിത്വവും ഹരിതാഭവുമായ ഗ്രാമ നഗരങ്ങള്, സ്വയംപര്യാപ്തവും അടിസ്ഥാന സൗകര്യങ്ങള് ഉള്ളതുമായ ഗ്രാമ നഗരങ്ങള്, സാമൂഹിക സുരക്ഷിത ഗ്രാമനഗരങ്ങള്, സദ്ഭരണം, ലിംഗസമത്വ വികസനം, ഗുണമേډയുള്ള വിദ്യാഭ്യാസം എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളില് ഉള്പ്പെടുത്തിയിട്ടുള്ള പത്തു വിഷയങ്ങള്. ഇതുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്ന ലക്ഷ്യങ്ങള് ഏറ്റവും താഴെതട്ടിലുള്ള അയല്ക്കൂട്ടങ്ങള് തന്നെ നേടിയെടുക്കുന്ന രീതിയില് അയല്ക്കൂട്ട സംവിധാനത്തിന്റെ കാര്യശേഷി വര്ധിപ്പിക്കുന്നതിനാണ് ഊന്നല് നല്കുന്നത്.
സുസ്ഥിര വികസന ലക്ഷ്യങ്ങള് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങള്, ഇതിനായി കുടുംബശ്രീ സംഘടനാ സംവിധാനത്തിലും പ്രവര്ത്തന രീതിയിലും മിഷന് സംവിധാനത്തിലും വരേണ്ട മാറ്റങ്ങള് എന്നിവ സംബന്ധിച്ച് ശില്പശാലയില് ചര്ച്ച നടത്തി പ്രാഥമിക റിപ്പോര്ട്ട് തയ്യാറാക്കി.
മുന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക്, കില ഡയറക്ടര് ജനറല് ഡോ. ജോയ് ഇളമണ്, ഗ്രാമീണ പഠനകേന്ദ്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് എന്.ജഗജീവന്, പ്ലാനിംഗ്ബോര്ഡ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ കെ.എന് വിമല്കുമാര്, സി. നന്ദകുമാര്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര് നിഷാദ് എന്നിവര് ശില്പ്പശാലയില് സംസാരിച്ചു.
സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്മാരായ വിപിന് വില്ഫ്രഡ്, വിദ്യാ നായര് എന്നിവര് ശില്പ്പശാലയ്ക്ക് നേതൃത്വം നല്കി. കുടുംബശ്രീ ചീഫ് ഫിനാന്സ് ഓഫീസര് കൃഷ്ണപ്രിയ സ്വാഗതം പറഞ്ഞു. അക്കൗണ്ട്സ് ഓഫീസര് സുരേഷ്കുമാര്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്മാര്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്മാര്, ട്രെയിനിംഗ് ഗ്രൂപ്പ് അംഗങ്ങള് എന്നിവര് പങ്കെടുത്തു. കുടുംബശ്രീ പബ്ളിക് റിലേഷന്സ് ഓഫീസര് ഡോ.മൈന ഉമൈബാന് നന്ദി പറഞ്ഞു.
സെപ്റ്റംബര് 28ന് തിരുവനന്തപുരം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുഡ് കോര്ട്ടുകള് വഴി കുടുംബശ്രീ യൂണിറ്റുകള് നേടിയത് 10.25 ലക്ഷം രൂപയുടെ വിറ്റുവരവ്. മത്സരം കാണാനെത്തിയ ക്രിക്കറ്റ് പ്രേമികള്ക്കും കൂടാതെ ഒഫീഷ്യല്സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്, സുരക്ഷാ ഉദ്യോഗസ്ഥര് എന്നിവര് ഉള്പ്പെടെയുള്ളവര്ക്കും ഭക്ഷണ വിതരണം നടത്തിയതിലൂടെയാണ് ഈ നേട്ടം. ഓര്ഡര് ലഭിച്ചതു പ്രകാരം 3000 പേര്ക്കും ഇതിനു പുറമേ 5000 പേര്ക്കുള്ള ഭക്ഷണവുമാണ് നല്കിയത്.
കുടുംബശ്രീ യൂണിറ്റുകളുടേതായി സ്റ്റേഡിയത്തിന്റെ ടെറസ് പവിലിയനു സമീപം പന്ത്രണ്ട് ഫൂഡ് കൗണ്ടറുകളാണ് സജജ്ജീകരിച്ചത്. മത്സരം തുടങ്ങുന്നതിനു മുമ്പ് സ്റ്റേഡിയത്തിനു വെളിയില് മണിക്കൂറുകള് ക്യൂ നിന്ന് ഉള്ളില് പ്രവേശിച്ച കാണികള്ക്ക് മിതമായ നിരക്കില് രുചികരമായ ഭക്ഷണവും പാനീയങ്ങളും കുടുംബശ്രീ സ്റ്റാളില് നിന്നു ലഭിച്ചത് ഏറെ സഹായകമായി. മത്സരത്തിനു മുമ്പും ശേഷവും കാണികള് സ്റ്റാളുകളില് കൂട്ടമായി എത്തിയെങ്കിലും ഭക്ഷണവിതരണം വേഗത്തിലാക്കി തിരക്കൊഴിവാക്കാന് കഴിഞ്ഞതും ശ്രദ്ധേയമായി. ഭക്ഷണ വിതരണം രാത്രി പന്ത്രണ്ട് വരെ നീണ്ടു. കോളേജ് വിദ്യാര്ത്ഥികള് ഉള്പ്പെടെ നൂറു കണക്കിന് ആളുകള് പാഴ്സല് വാങ്ങാനും എത്തി.
തിരുവനന്തപുരം ജില്ലയില് കുടുംബശ്രീയുടെ കീഴിലുള്ള വിഘ്നേശ്വര, ശ്രീപാദം, ശ്രീശൈലം, സാംജീസ്. ശ്രുതി, സമുദ്ര, പ്രതീക്ഷ, ജിയാസ്, കൃഷ്ണ എന്നീ കേറ്ററിങ്ങ് യൂണിറ്റുകളും രണ്ട് കഫേശ്രീ യൂണിറ്റുകളുമാണ് ക്രിക്കറ്റ് മാമാങ്കം കണാനെത്തിയ കായിക പ്രേമികള്ക്കായി ഭക്ഷണമൊരുക്കിയത്. കുടുംബശ്രീ സംസ്ഥാന മിഷന്റെ മേല്നോട്ടത്തില് തിരുവനന്തപുരം ജില്ലാമിഷനായിരുന്നു സ്റ്റേഡിയത്തില് ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങളുടെ ചുമതല.
ഇതിനു മുമ്പും ഗ്രീന് ഫീല്ഡ് സ്റ്റേഡിയത്തില് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച അവസരങ്ങളില് ഭക്ഷണ വിതരണത്തിന് കുടുംബശ്രീക്ക് അവസരം ലഭിച്ചിരുന്നു. പരാതികളില്ലാതെ മികച്ച രീതിയില് പ്രവര്ത്തിക്കാനായതാണ് ഈ വര്ഷവും കുടുംബശ്രീക്ക് ഭക്ഷണ വിതരണത്തിന് അവസരം ലഭിക്കാന് കാരണം.