ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ ശക്തസാന്നിധ്യമായി കുടുംബശ്രീ
'ലഹരിവിമുക്ത കേരള'ത്തിനായി കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ആവേശകരമായ ഗോള്‍ ചലഞ്ച്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഗോള്‍ ചലഞ്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനമിഷനിലെ എല്ലാ ജീവനക്കാരും 19ന് നടന്ന
ഗോള്‍ ചലഞ്ചില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ന് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.
'മയക്കുമരുന്നിനെതിരേ ഫുട്ബോള്‍ ലഹരി' എന്ന മുദ്രാവാക്യമുയര്‍ത്തി 19,20 തീയതികളിലായാണ് ഗോള്‍ ചലഞ്ച്. സംസ്ഥാനത്തെ മിക്ക അയല്‍ക്കൂട്ടങ്ങളിലും ഗോള്‍ ചലഞ്ചിന്റെ ആവേശം പ്രകടമായിരുന്നു. മിക്കയിടത്തും അയല്‍ക്കൂട്ട വനിതകളുടെ കുടുംബാംഗങ്ങള്‍ കൂടി ഗോള്‍ ചലഞ്ചില്‍ പങ്കെടുക്കുന്നു എന്നതും ആവേശമുണര്‍ത്തി. പതിനാല് ജില്ലാ മിഷന് ഓഫീസുകളിലും ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു.
ഓരോ അയല്‍ക്കൂട്ടത്തിലും ഗോളടിക്കുന്നവരുടെ പേരും അടിച്ച ഗോളുകളുടെ എണ്ണവും പ്രത്യേകം രേഖപ്പെടുത്തും. അതത് ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് ഗോള്‍ ചലഞ്ചിന്റെ മേല്‍നോട്ട ചുമതല.
നവംബര്‍ 13, 14 തീയതികളിലായി എറണാകുളം കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ നടന്ന സംസ്ഥാന ബഡ്സ് കലോത്സവം 'തകധിമി'യിൽ ഓവറോൾ ചാമ്പ്യൻ പട്ടം തൃശ്ശൂർ ജില്ലയ്ക്ക് സ്വന്തം. 23 പോയിന്റാണ് തൃശ്ശൂർ സ്വന്തമാക്കിയത്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചതോടെ കുടുംബശ്രീ ബ്രാന്റ് ലോകത്തിന് മുന്നിലേക്ക് തുറന്ന കിളിവാതിലായതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീയുടെ ഉത്പന്ന വിപണനശാല സിഗ്നേച്ചർ സ്റ്റോർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീക്ക് ചിറക് മുളച്ച് പറക്കാറായെന്നും ഖ്യാതി അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക് കീഴിൽ സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീ ആരംഭിക്കുന്ന ഉത്പന്ന വിപണന ശാലയാണ് ഇത്.വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിലാണ് സ്വാശ്രയ സംഘങ്ങൾക്ക് ഇത്തരത്തിൽ ഉത്പന്ന വിതരണത്തിനും പ്രദർശനത്തിനും അവസരം നൽകുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനെ മാത്രമാണ് അവസർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര പുറപ്പെടൽ ഹാളിൽ 80 ചതുരശ്ര അടിയാണ് കുടുംബശ്രീയുടെ സിഗ്നേചർ സ്റ്റോറിനായി അനുവദിച്ചിരിക്കുന്നത്.
ജില്ലയിലെയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന മികച്ച ഉത്പന്നങ്ങളാണ് സിഗ്നേച്ചർ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഭക്ഷ്യ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് സ്റ്റോറിൽ ലഭിക്കുന്നത്. നൂതനമായ മറ്റൊരു കാൽ വെപ്പാണ് കുടുംബശ്രീ സിഗനേച്ചർ സ്റ്റോറിലൂടെ നടപ്പാവുന്നത്. ലോക യാത്രികരുടെ ശ്രദ്ധ ലഭിക്കുന്നതോടൊപ്പം ഉത്പന്നങ്ങളുടെ തനിമയും പരിശുദ്ധിയും നേരിട്ട് മനസിലാക്കി വിദേശ സഞ്ചാരികളിലൂടെ രാജ്യത്തിന്റെ ബ്രാൻഡ് ആവാൻ സാധിക്കുന്ന അസുലഭ അവസരമാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്.ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ സംരംഭകർക്ക് കൂടുതൽ അവസരവും തൊഴിലും ഇതു വഴി ലഭിക്കും.
പരിപാടിയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി ചെമ്പൻ അധ്യക്ഷനായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി. എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് ആദ്യ വിൽപന നിർവഹിച്ചു. പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ കലാം മാസ്റ്റർ, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി, എയർപോർട്ട് ഓപറേഷൻസ് ജോയിന്റ് ജനറൽ മാനേജർ - എസ് സുന്ദർ, സി.ഐ എഫ് ഡെപ്യൂട്ടി കമാണ്ടന്റ് എ.വി കിഷോർ,കൊമേഷ്യൽ ജോയിന്റ് ജനറൽ മാനേജർ ആർ രാജേഷ്, കുടുംബശ്രീ സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജർ എസ് എസ് മുഹമ്മദ് ഷാൻ, ജില്ലാ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ജില്ലാ പ്രോഗ്രാം മാനേജർ പി. റെനീഷ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സൺ പി. ഇ സൽമത്ത്, കൊണ്ടോട്ടി നഗരസഭാ സിഡിഎസ് ചെയർ പേഴ്സൺ സി.പി ഫാത്തിമാ ബീവി, സംരംഭക പ്രതിനിധി കെ.ടി ശ്രീജ, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ സൈനബ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീ ഒരു നേർച്ചിത്രം ഫോട്ടോഗ്രാഫി മത്സരത്തിന്റെ അഞ്ചാം സീസൺ വിജയികളെ പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ എരുമേലി സ്വദേശി കണ്ണംകുളം വീട്ടിൽ വീട്ടിൽ സന്ദീപ് സെബാസ്റ്റ്യനാണ് ഒന്നാം സ്ഥാനം. മലപ്പുറം ജില്ലയിലെ തെക്കൻകുറൂർ സ്വദേശി തെക്കുംപാട്ട് വീട്ടിൽ സുരേഷ് കാമിയോ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, തിരുവനന്തപുരം ബ്യൂറോ സീനിയർ ഫോട്ടോഗ്രാഫറായ വിൻസന്റ് പുളിക്കലിനാണ് മൂന്നാം സ്ഥാനം.
ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും രൂപയും മികച്ച മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാർഡായി ലഭിക്കും. മറ്റ് മികച്ച പത്ത് ചിത്രങ്ങൾ പ്രോത്സാഹനസമ്മാനത്തിനും തെരഞ്ഞെടുത്തു. 2000 രൂപയാണ് പ്രോത്സാഹന സമ്മാനത്തിന് ക്യാഷ് അവാർഡായി ലഭിക്കുക. മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുകളായ സി. രതീഷ്, ബി. ജയചന്ദ്രൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫർ വി. വിനോദ് എന്നിവർ ചേർന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.
കുടുംബശ്രീ ജനകീയ ഹോട്ടലിൽ നിന്നുള്ള ചിത്രമാണ് സന്ദീപിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. 'മതി, നിറഞ്ഞു...വയറും മനസും' എന്ന പേരിൽ ലഭിച്ച ഇൗ ചിത്രം ഏറെ ഹൃദയ സ്പർശിയായി എന്ന് ജൂറി അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ സന്ദേശം പ്രകടമാക്കുകയും ഫോട്ടോഗ്രാഫിയുടെ പൂർണ്ണത കൽപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് തെരഞ്ഞെടുത്തതതെന്നും ജൂറി വ്യക്തമാക്കി.
2022 ഒാഗസ്റ്റ് 22 മുതൽ ഒക്ടോബർ 13 വരെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. മികച്ച പങ്കാളിത്തമുണ്ടായ മത്സരത്തിൽ ലഭിച്ച 700ലേറെ ചിത്രങ്ങളിൽ നിന്നാണ് വിജയചിത്രങ്ങൾ കണ്ടെത്തിയത്.
പ്രോത്സാഹന സമ്മാനാർഹർ - അഖിൽ ഇ.എസ്, കെൽവിൻ കാവശ്ശേരി, അരുൺ കൃഷ്ണൻകുട്ടി, മധു എടച്ചെന, ബോണിയം കലാം, ജോസുകുട്ടി പനക്കൽ, മിഥുൻ അനില മിത്രൻ, ബദറുദ്ദീൻ, ഷമീർ ഉൗരപ്പള്ളി, സജു നടുവിൽ.
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ മൃഗസംരക്ഷണ പദ്ധതികള്‍ക്ക് വേഗം കൂട്ടാന്‍ ഇനി കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍(സി.ആര്.പി)മാരുടെ സേവനവും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കര്‍ഷകര്‍ക്ക് തൊഴില്‍ രംഗം മെച്ചപ്പെടുത്തുന്നതിന് മികച്ച സാങ്കേതിക വിദ്യ നല്‍കുന്നതിനൊപ്പം ഉല്പന്ന സംഭരണത്തിനും മൂല്യവര്‍ദ്ധനവിനും വിപണനത്തിനുമുളള അവസരം സൃഷ്ടിച്ചുകൊണ്ട് ഓരോ അയല്‍ക്കൂട്ടങ്ങളിലും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം. കൂടാതെ കര്‍ഷകരുടെ കൂട്ടായ്മയായി ഉല്പാദക ഗ്രൂപ്പുകള്‍, ഉല്പാദക സ്ഥാപനങ്ങള്‍ എന്നിവ രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ 941 സി.ഡി.എസുകളില്‍ നിന്നും തിരഞ്ഞെടുത്ത സി.ആര്.പിമാര്‍ക്ക് പരിശീലനം നല്‍കും. ആദ്യഘട്ടമായി 152 ബ്ളോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന സി.ആര്.പിമാര്‍ക്ക് പരിശീലനം നല്കി. ബാക്കിയുള്ളവരുടെ പരിശീലനം ഡിസംബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കും.
ഒരു സി.ആര്.പിക്ക് എണ്പതു മുതല്‍ നൂറു വരെയുള്ള യൂണിറ്റുകളുടെ ചുമതലയാണ് ഉണ്ടാവുക. വനിതാ കര്‍ഷകരുടെ തൊഴില്‍ നൈപുണ്യ വികസനം, തൊഴില്‍ അഭിവൃദ്ധിക്കായി നൂതന രീതികള്‍ സംബന്ധിച്ച വിജ്ഞാനം ലഭ്യമാക്കല്‍ എന്നിവയാണ് സി.ആര്.പിയുടെ പ്രധാന ചുമതലകള്‍. കര്‍ഷകര്‍ക്ക് യൂണിറ്റുകളായും വാര്‍ഡ്തലത്തില്‍ ക്ളസ്റ്ററുകള്‍ രൂപീകരിച്ചും പ്രവര്‍ത്തിക്കാനാകും. അയല്‍ക്കൂട്ട വനിതകളെ സംരംഭകരാക്കി വളര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കും. സി.ആര്.പി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുന്നതോടെ പ്രധാനമായും പാല്, മത്സ്യം, മാംസം, മുട്ട എന്നിവയുടെ ഉല്പാദനം, മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മാണം, വിപണനം എന്നിവയിലടക്കം ഗണ്യമായ പുരോഗതി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കര്‍ഷകര്‍ക്ക് മികച്ച മൃഗപരിപാലന രീതികള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം മൃഗങ്ങള്‍ക്ക് രോഗങ്ങള്‍ മൂലമുള്ള അധിക ചെലവും നഷ്ടവും കുറയ്ക്കുന്നതിനും തീറ്റക്രമം, തൊഴുത്തൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുന്നതിനും അവസരമൊരുങ്ങും. കര്‍ഷകര്‍ക്കായി കാര്‍ഷിക പാഠശാലകള്‍, ഫീല്‍ഡ് അധിഷ്ഠിത പരിശീലനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
സംസ്ഥാനത്ത് കുടുംബശ്രീയുടെ ആട് ഗ്രാമം, ക്ഷീരസാഗരം പദ്ധതികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂണിറ്റുകള്‍ക്കും പുതുതായി മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന വനിതാ കര്‍ഷകര്‍ക്കും സി.ആര്.പിമാര്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ ഏറെ സഹായകരമാകും. കര്‍ഷകരുടെ തൊഴില്‍ നൈപുണ്യ വികസനത്തിനും വരുമാന വര്‍ദ്ധനവിനും തൊഴിലുറപ്പ്, മൃഗസംരക്ഷണം, ഫിഷറീസ്, വനംവകുപ്പ്, ആരോഗ്യം എന്നീ വകുപ്പുകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തുന്നുണ്ട്.
ഇതോടൊപ്പം മൃഗങ്ങള്‍ക്കായി വാക്സിനേഷന് ക്യാമ്പുകള്‍, പോഷകാഹാര ലഭ്യതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍, മികച്ച ബ്രീഡിങ്ങ് സംബന്ധമായ സേവനങ്ങള്‍ എന്നിവയും ലഭ്യമാക്കും. കര്‍ഷകര്‍ക്കാവശ്യമായ വിവിധ സാമ്പത്തിക പിന്തുണകള്‍ സംയോജന രീതിയിലാകും കണ്ടെത്തുക. ഇത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി ലഭ്യമാക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ളോക്കില്‍ നിന്നും തിരഞ്ഞെടുത്ത കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കായി തിരുവനന്തപുരം മരിയാ റാണി കണ്വെന്ഷന് സെന്ററില്‍ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.സജീവ് കുമാര്‍.എ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ രതീഷ് എസ് എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.
ഭരണഘടനാ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ച് കേരള ലജിസ്ളേറ്റീവ് അസംബ്ളി മീഡിയാ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്ററിന്റെയും (കെ-ലാംപ്സ്) കുടുംബശ്രീയുടയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്കി. ഇന്‍ഡ്യന്‍ ഭരണഘടനയെ സംബന്ധിച്ച പ്രാഥമിക അറിവുകള്‍ പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സമൂഹത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യമായ ഈ കാലഘട്ടത്തില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കര്‍ എം.എന്‍ ഷംസീര്‍ പറഞ്ഞു. രാജ്യത്തിന്റെ ആധികാരിക മാര്‍ഗരേഖയാണ് ഭരണഘടന. കുടുംബശ്രീ മാസ്റ്റര്‍ പരിശീലകര്‍ക്ക് നല്കുന്ന പരിശീലനവും തുടര്‍പ്രവര്‍ത്തനങ്ങളും വഴി ഭരണഘടനയുമായി ബന്ധപ്പെട്ട പ്രാഥമിക അറിവുകള്‍ സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ എത്തിക്കാനാകും. കൂടാതെ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ നാല്‍പ്പത്തിയഞ്ച് ലക്ഷം വനിതകളുടെ കുടുംബങ്ങളിലേക്കും ഭരണഘടനാ മൂല്യങ്ങളെ സംബന്ധിച്ച പ്രാഥമിക അറിവുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളും കടമകളും അവകാശങ്ങളും സമൂഹം കൃത്യമായി മനസിലാക്കണമെന്നും കുടുംബശ്രീയുമായി ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ അതു സാധ്യമാകുമെന്നും കെ.ആന്‍സലന്‍ എം.എല്‍.എ പറഞ്ഞു.
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള നൂറ് മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ പിന്നീട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, പരിശീലന ടീം അംഗങ്ങള്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ് ഭാരവാഹികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. നവംബര്‍ ഇരുപത്തിയാറിന് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലും ഭരണഘടനാ സാക്ഷരതാ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ സംഘടിപ്പിക്കും.
കെ-ലാംപ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജു വര്‍ഗീസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് വിഷയാവതരണം നടത്തി. നിയമസഭാ സെക്രട്ടറി എം.എം ബഷീര്‍, മുന്‍ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണന് നായര്‍ എന്നിവര്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ക്ളാസുകള്‍ നയിച്ചു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ കൃതജ്ഞത അറിയിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ വിദ്യാ നായര്‍ എന്നിവര്‍ പങ്കെടുത്തു.