കുടുംബശ്രീ 'തൃത്താലപ്പൊലിമ'യ്ക്ക് തുടക്കം

Posted on Saturday, September 14, 2024

കുടുംബശ്രീയുടെ  ആഭിമുഖ്യത്തില്‍  'സുസ്ഥിര തൃത്താല' പദ്ധതിയുടെ ഭാഗമായി തൃത്താല വെള്ളിയാങ്കല്ലില്‍ 12 മുതല്‍ 14 വരെ സംഘടിപ്പിക്കുന്ന 'തൃത്താലപ്പൊലിമ' കാര്‍ഷിക പ്രദര്‍ശന, ഓണം വിപണന, ഭക്ഷ്യമേളയ്ക്ക് തുടക്കമായി. കാര്‍ഷിക മേഖലയ്ക്ക് നൂതന കൃഷി രീതികളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വര്‍ധിച്ചു വരുന്ന സാധ്യതകള്‍, യന്ത്രസാമഗ്രികള്‍, പ്രായോഗിക അറിവുകള്‍ എന്നിവ കര്‍ഷകരിലേക്ക് എത്തിക്കുക എന്നതും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്.

 കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി കുടുംബശ്രീ സംരംഭകരുടെ സ്റ്റാളുകള്‍ മേളയിലുണ്ട്. ഇതോടൊപ്പം കാര്‍ഷിക രംഗത്തെ മുന്‍നിര കേന്ദ്ര-സംസ്ഥാന ഗവേഷണ സ്ഥാപനങ്ങള്‍, കൃഷി വകുപ്പ്, മറ്റ് അനുബന്ധ വകുപ്പുകള്‍ എന്നിവയുടേതും ഉള്‍പ്പെടെ 50-ലേറെ സ്റ്റാളുകളാണ് ഉല്‍പന്ന പ്രദര്‍ശന വിപണന വിഭാഗത്തിലുള്ളത്.

ഓണം വിപണന മേളയോടനുബന്ധിച്ച് 12,13,14 തീയതികളിലായി 'കിഴങ്ങ് വിളകളുടെ കൃഷി', 'കിഴങ്ങ് വിളകളുടെ മൂല്യവര്‍ധനവ്', 'ചെറുധാന്യങ്ങളുടെ കൃഷി', 'ചെറുധാന്യങ്ങളുടെ മൂല്യവര്‍ധനവ്', 'പച്ചക്കറി കൃഷി-നൂതന രീതികള്‍', ''പച്ചക്കറികളുടെ മൂല്യവര്‍ധനവ്', 'തെങ്ങിന്റെ നൂതന കൃഷി രീതികള്‍','നാളികേരത്തിന്റെ മൂല്യവര്‍ധനവ്', എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍, നാടന്‍പാട്ട്, കുടുംബശ്രീ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യമേള എന്നിവയും ഉണ്ടാകും.

തൃത്താല ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന വിപണന മേള ഉദ്ഘാടനം ചെയ്തു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്  പ്രസിഡന്റുമാരായ വി.വി ബാലചന്ദ്രന്‍, ഷറഫദ്ദീന്‍ കളത്തില്‍, ടി.സുഹറ, തൃത്താല വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പി ഷാനിബ ടീച്ചര്‍, കമ്മുക്കുട്ടി എടത്തോള്‍, ബ്‌ളോക്ക് പഞ്ചായത്ത് അംഗം കുബ്‌റ ഷാജഹാന്‍, ദീപ പി, ടി.വി സബിത, പി.അരവിന്ദാക്ഷന്‍, തൃത്താല ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി മുഹമ്മദലി, എം. ഗോപിനാഥന്‍, കുടുംബശ്രീ തൃത്താല സി.ഡി.എസ് അധ്യക്ഷ സുജിത ജയപ്രകാശ്, കെ. ബാബു  നാസര്‍, സി.എം അലി, കെ.പി സിദ്ദിഖ്, കെ.ആര്‍ ബാലന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ചന്ദ്രദാസ് എന്നിവര്‍ സംസാരിച്ചു.  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.എസ് ഷാനനവാസ്, ഡോ.റാണ രാജ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. പി.എന്‍ ഷമീന എന്നിവര്‍ പങ്കെടുത്തു.

 

 

 

Content highlight
Kudumbashree Agri Expo-'Thrithala Polima' starts at Palakkad