വാര്‍ത്തകള്‍

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും സംരംഭകര്‍ക്കും മെച്ചപ്പെട്ട ബാങ്കിങ്ങ് സേവനങ്ങള്‍ ഉറപ്പാക്കല്‍: കുടുംബശ്രീയും എസ്.എല്‍.ബി.സിയും ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

Posted on Friday, February 10, 2023

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ക്കും കുടുംബശ്രീ സംരംഭകര്‍ക്കും നിലവില്‍ ലഭ്യമായി വരുന്ന ബാങ്കിങ്ങ് സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതു ലക്ഷ്യമിട്ട് കുടുംബശ്രീയും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയും സംയുക്തമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.

അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് സുസ്ഥിര വരുമാനം നല്‍കാന്‍ നിലവിലുള്ള ഉപജീവന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി സാമ്പത്തിക പിന്തുണയും സാമ്പത്തിക സാക്ഷരതയും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ മെച്ചപ്പെട്ട തൊഴില്‍ മേഖലകളിലേക്ക് കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നുണ്ട്. സൂക്ഷ്മസമ്പാദ്യ പദ്ധതിയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമാണ് കുടുംബശ്രീയുടെ അടിത്തറ. അശാസ്ത്രീയമായ വായ്പാ ഇടപാടുകള്‍ ഒഴിവാക്കുന്നതിനും സാമ്പത്തിക ഇടപാടുകളില്‍ കൃത്യതയും സൂക്ഷ്മതയും കൈവരിക്കുന്നതിനും അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി സാമ്പത്തിക സാക്ഷരതാ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.  

സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി 8029 കോടി രൂപ അയല്‍ക്കൂട്ടങ്ങളുടേതായുണ്ട്. ഇതില്‍ നിന്നും ആന്തരിക വായ്പ നല്‍കിയ ശേഷം ബാക്കിയുള്ള തുകയ്ക്ക് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് ഇനത്തില്‍ നല്‍കുന്ന പലിശയാണ് ലഭിക്കുന്നത്. ഈ നിക്ഷേപത്തിന് കൂടുതല്‍ പലിശ ലഭ്യമാക്കുന്നതു സംബന്ധിച്ച നിര്‍ദേശവും കുടുംബശ്രീ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം റിസര്‍വ് ബാങ്കിന്‍റെ നിലവിലെ മാര്‍ഗ നിര്‍ദേശ പ്രകാരം നടപ്പാക്കാന്‍ കഴിയുമോയെന്ന കാര്യം പരിഗണിക്കുമെന്ന് കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജരും എസ്.എല്‍.ബി.സി പ്രതിനിധിയുമായ ശ്രീകുമാര്‍ പറഞ്ഞു. ഇതു കൂടാതെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികള്‍, സ്വയം തൊഴില്‍ വായ്പ നേടുന്നതില്‍ നിലവിലെ സംരംഭകരും പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകള്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനും ലിങ്കേജ് വായ്പ നല്‍കുന്നതിനും നിലവിലുള്ള നടപടിക്രമങ്ങളിലെ ഇളവ്, വായ്പാ നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കിങ്ങ് കറസ്പോണ്ടന്‍റ്മാരുടെ സേവനം എന്നിവ സംബന്ധിച്ചും കുടുംബശ്രീയും വിവിധ ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

കുടുംബശ്രീ ഡയറക്ടര്‍ അനില്‍.പി.ആന്‍റിണി സ്വാഗതം പറഞ്ഞു. പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികള്‍, സംരംഭകര്‍ക്ക് ബാങ്ക് വായ്പ ആവശ്യമുള്ള പദ്ധതികള്‍, കേന്ദ്ര പദ്ധതികള്‍ എന്നിവ സംബന്ധിച്ച് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനിഷ് കുമാര്‍ അവതരണം നടത്തി. എന്‍.ഐ.ആര്‍.ഡി നാഷണല്‍ റിസോഴ്സ് പേഴ്സണ്‍ പി.മോഹനയ്യ, എന്‍.ആര്‍.എല്‍.എം-എന്‍.ഐ.ആര്‍.ഡി മിഷന്‍ മാനേജര്‍ അഭിഷേക് ഗോസ്വാമി എന്നിവര്‍ സംസാരിച്ചു. വിവിധ ബാങ്ക് പ്രതിനിധികള്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

ഫോട്ടോ-അടിക്കുറിപ്പ്- കുടുംബശ്രീയും എസ്.എല്‍.ബി.സിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സംസാരിക്കുന്നു. പി.മോഹനയ്യ, ശ്രീകുമാര്‍, അഭിഷേക് ഗോസ്വാമി എന്നിവര്‍ സമീപം  

Content highlight
slbc kudmbashree workshop held

കുടുംബശ്രീ രജത ജൂബിലി വ്ളോഗ്, റീല്‍സ് മത്സരം അവസാന തീയതി ഫെബ്രുവരി 21 വരെ നീട്ടി

Posted on Tuesday, February 7, 2023

കുടുംബശ്രീ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല വ്ളോഗ്, റീല്‍സ് മത്സരത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി ഫെബ്രുവരി 21 വരെ നീട്ടി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ വ്ളോഗ്, റീല്‍സ് എന്നിവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്.

മികച്ച വ്ളോഗിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000 രൂപ, 40,000 രൂപ, 30,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. മികച്ച റീല്‍സ് തയ്യാറാക്കി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ലഭിക്കും. ഇതു കൂടാതെ രണ്ട് വിഭാഗത്തിലും ലഭിക്കുന്ന മികച്ച എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനൊപ്പം ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

മത്സരം, നിബന്ധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.kudumbashree.org/reels2023

Content highlight
vlogs and reels contest date extended

അന്താരാഷ്ട്ര നാടകോത്സവത്തില്‍ നിറസാന്നിധ്യമാകാന്‍ കുടുംബശ്രീയും

Posted on Saturday, February 4, 2023
അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇറ്റ്‌ഫോക് - ഇന്റര്നാഷണല് തിയേറ്റര് ഫെസ്റ്റിവല് ഓഫ് കേരള) 13ാം പതിപ്പില് സജീവ സാന്നിധ്യമാകാന് കുടുംബശ്രീയും. തൃശ്ശുരിലെ മുളങ്കുന്നത്തുകാവിലുള്ള കിലയില് ഫെബ്രുവരി 7 മുതല് 12 വരെ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സ്ത്രീ നാടക ശില്പ്പശാലയില് കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങളുടെ നാടകസംഘമായ രംഗശ്രീയുടെ പ്രതിനിധികളും പങ്കെടുക്കും. കൂടാതെ രാജ്യത്തെ വിവിധ ഇടങ്ങളിലെ തനത് ഭക്ഷണ വിഭവങ്ങള് ലഭിക്കുന്ന ദേശീയ ഭക്ഷ്യമേളയും കുടുംബശ്രീ ഒരുക്കും.
 
കലാ, സാംസ്‌ക്കാരിക മേഖലകളിലെ സ്ത്രീ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ രൂപം നല്കിയ അയല്ക്കൂട്ടാംഗങ്ങളുടെ തിയേറ്റര് ഗ്രൂപ്പുകളാണ് രംഗശ്രീ. സാമൂഹ്യ പരിവര്ത്തനം സാധ്യമാക്കുന്ന സന്ദേശങ്ങള് ജനങ്ങളിലേക്ക് എത്തിക്കുവാന് കുടുംബശ്രീയുടെ ഈ കമ്മ്യൂണിറ്റി തിയേറ്റര് ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി വരുന്നു. അഭിനയ, കലാ രംഗത്ത് താത്പര്യമുള്ള അയല്ക്കൂട്ടാംഗങ്ങള്ക്ക് മികച്ച അവസരം കൂടിയാണ് രംഗശ്രീ നല്കുന്നത്.
 
14 ജില്ലകളിലും രംഗശ്രീ ടീമുകള് നിലവിലുണ്ട്. 28 രംഗശ്രീ ടീം അംഗങ്ങളാണ് ഇറ്റ്‌ഫോക്കിന്റെ ഭാഗമായുള്ള ശില്പ്പശാലയില് പങ്കെടുക്കുന്നത്. ദേശീയ നാടകരംഗത്തെ പ്രഗത്ഭരായ എം.കെ. റെയ്‌ന, അനുരാധ കപൂര്, നീലം മാന്സിങ് എന്നിവരാണ് ശില്പ്പശാല നയിക്കുക. എല്ലാദിവസവും രാവിലെ 8 മുതല് 11 വരെയാണ് ശില്പ്പശാല. പിന്നീടുള്ള സമയം നാടകം കാണാനും നാടകത്തിന്റെ ഒരുക്കങ്ങള് നേരിട്ട് മനസ്സിലാക്കാനുമുള്ള അവസരമാണ്.
 
'ഒന്നിക്കണം മാനവികത' എന്ന സന്ദേശം ഉയര്ത്തി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തില് വിവിധ രാജ്യങ്ങളില് നിന്നുള്ള നാടകങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള നാടകങ്ങളും അരങ്ങേറും.
Content highlight
ITFOK

ഉപഭോക്താക്കള്‍ക്ക് ആന്‍റിബയോട്ടിക് അവഷിപ്തമില്ലാത്ത ചിക്കന്‍ അംഗീകൃത പ്രവര്‍ത്തന നടപടിക്രമം:കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കും

Posted on Friday, February 3, 2023

'വാണിജ്യാടിസ്ഥാനത്തില്‍ സുസ്ഥിരവും സുരക്ഷിതവുമായ ബ്രോയിലര്‍ ചിക്കന്‍ ഉല്‍പാദന മാര്‍ഗങ്ങള്‍-കേരള ചിക്കന്‍ സ്റ്റേക്ഹോള്‍ഡര്‍മാര്‍ക്ക്' എന്ന വിഷയത്തില്‍ കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി  ഹോട്ടല്‍ ഗ്രാന്‍ഡ് ചൈത്രത്തില്‍ ഫെബ്രുവരി 1ന്‌ സംഘടിപ്പിച്ച ഏകദിന ശില്‍പശാല  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു. ബ്രോയിലര്‍ കോഴിയിറച്ചിയിലെ ആന്‍റിബയോട്ടിക് അവഷിപ്തം കുറയ്ക്കുക, വാണിജ്യാടിസ്ഥാനത്തിലുള്ള ഇറച്ചിക്കോഴി വളര്‍ത്തല്‍ സുസ്ഥിര വരുമാന മാര്‍ഗമായി മാറ്റുക എന്നിവയ്ക്കായി അംഗീകൃത പ്രവര്‍ത്തന നടപടിക്രമത്തിന്‍റെ കരട് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മികച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി അംഗീകൃത പ്രവര്‍ത്തന നടപടി ക്രമത്തിന്‍റെ കരട് തയ്യാറാക്കും. ഇതു ലഭ്യമാകുന്നതോടെ വിപുലമായ ബ്രോയ്ലര്‍ മാനേജ്മെന്‍റ്, കര്‍ഷകര്‍ക്ക് സുസ്ഥിര തൊഴിലും വരുമാനവും എന്നിവ ഉള്‍പ്പെടെ സമഗ്രമായ വികസനം സാധ്യമാകും.  

ആന്‍റിബയോട്ടിക്കിന്‍റെ ഉപയോഗം, ആന്‍റിബയോട്ടിക് വിമുക്ത കോഴിയിറച്ചിയുടെ ഉല്‍പാദനം, ആന്‍റിബയോട്ടിക് ബദല്‍ സമീപനങ്ങള്‍, ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയും ഭാവി വീക്ഷണവും, മാനേജ്മെന്‍റ് രീതികളിലെ മാറ്റം എന്നിവ സംബന്ധിച്ച വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാകും അംഗീകൃത നടപടി ക്രമത്തിന്‍റെ കരട് തയ്യാറാക്കുക. കോഴിക്കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനം, രോഗനിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്പ്, അജൈവ വസ്തുക്കള്‍ മൂലമുണ്ടാകുന്ന രോഗനിയന്ത്രണം, രോഗവാഹികളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, തീറ്റ, വെള്ളം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള ശാസ്ത്രീയ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങളും കരടില്‍ ഉള്‍പ്പെടുത്തും.

ഫാമിലെ ജൈവസുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍,  ഫലപ്രദമായ മാലിന്യ നിര്‍മാര്‍ജനവും മാംസ സംസ്ക്കരണവും, കര്‍ഷകര്‍ക്ക് കോഴിവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം,  സുരക്ഷിതവും ഭക്ഷ്യയോഗ്യവുമായ കോഴിയിറച്ചിയുടെ ഉല്‍പാദനം, സുസ്ഥിര വിപണി, വിവിധ സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ ബ്രോയിലര്‍ മാനേജ്മെന്‍റും കര്‍ഷക ക്ഷേമവും ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് സുസ്ഥിര തൊഴിലും വരുമാനവും ഉറപ്പു വരുത്താന്‍ സഹായകമാകുന്ന നിര്‍ദേശങ്ങളും കരടില്‍ ഉള്‍പ്പെടുത്തുന്നതിനാണ് തീരുമാനം.  

വിപണിയില്‍ ലഭ്യമാകുന്ന ആന്‍റിബയോട്ടിക് അവഷിപ്തങ്ങളടങ്ങിയ മാംസത്തിന്‍റെ ഉപഭോഗം പൊതുജനാരോഗ്യത്തിന് ആഗോള തലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഉല്‍പാദന പ്രകിയയിലും വിതരണ ശൃംഖലയിലും സ്വീകരിക്കേണ്ട അംഗീകൃത പ്രവര്‍ത്തന നടപടി ക്രമം തയ്യാറാക്കുന്നതിന് കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി തീരുമാനിക്കുന്നത്.

ശില്‍പശാലയില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.ഏ.കൗശികന്‍ സ്വാഗതം ആശംസിച്ചു. ഡോ.അരവിന്ദ്, ഡോ.ബിനോയ് ചാക്കോ, ഡോ.ഹരികൃഷ്ണന്‍ എസ്, ഡോ.സൂര്യ ശങ്കര്‍, ഡോ.ജെസ്സ് വര്‍ഗിസ്, ഡോ.പുണ്യമൂത്തി, ഡോ.ശ്രീനിവാസ് ഗുപ്ത, ഡോ.നൗഷാദ് അലി, ഡോ.ടോണി ജോസ്, ഡോ.നടരാജന്‍, ഡോ.ഈപ്പന്‍ ജോണ്‍, ഡോ.റാണാ രാജ്, ഡോ.ചന്ദ്ര പ്രസാദ്, ഡോ.സ്വപ്ന സൂസന്‍ എബ്രഹാം, ഡോ.സെല്‍വ കുമാര്‍, ഡോ.ബിജുലാല്‍, ഡോ.സജീവ് കുമാര്‍, ഡോ.സുനില്‍, ഡോ.അനുരാജ്, ഡോ.സുധി ആര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. കുടുംബശ്രീക്കൊപ്പം കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെപ്കോ, ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റി, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും ശില്‍പശാലയില്‍ പങ്കെടുത്തു.

Content highlight
Workshop on 'Commercial Sustainable and Safe Broiler Chicken Production Methods for Kerala Chicken Stakeholders' held

സ്ത്രീകളുടെ സ്വയംപര്യാപ്തതയ്ക്കും ശാക്തീകരണത്തിനുമുള്ള സമഗ്ര സംഭാവന: ആറാമത് ഏഷ്യാനെറ്റ് ന്യൂസ് ടി.എന്‍.ജി പുരസ്കാരം കുടുംബശ്രീക്ക്

Posted on Tuesday, January 31, 2023

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുമായിരുന്ന ടി.എന്‍ ഗോപകുമാറിന്‍റെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്ന ഈ വര്‍ഷത്തെ ടി.എന്‍.ജി അവാര്‍ഡ് കുടുംബശ്രീക്ക്. സ്ത്രീകളുടെ സ്വയം പര്യാപ്തതയ്ക്കും ശാക്തീകരണത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണിത്. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

  ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡാണ് ആറാമത്തെ പുരസ്കാരത്തിനായി കുടുംബശ്രീയെ  തിരഞ്ഞെടുത്തത്. ഫെബ്രുവരി നാലിന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത നര്‍ത്തകിയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായി പുരസ്കാരം സമ്മാനിക്കും. വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു മുഖ്യാതിഥിയായിരിക്കും.  
                         

Content highlight
Kudumbashree bags TNG award

റിപ്പബ്ലിക് ദിനപരേഡിലും കുടുംബശ്രീ മയം.. മനംമയക്കി ശിങ്കാരിമേളവും ഇരുളനൃത്തവും

Posted on Monday, January 30, 2023
കണ്ണൂരിലെ രണ്ട് കുടുംബശ്രീ ശിങ്കാരിമേളം യൂണിറ്റുകളൊരുക്കിയ താളവിസ്മയം. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള് ഉള്പ്പെട്ട അട്ടപ്പാടിയില് നിന്നുള്ള ഇരുളനൃത്തക്കാര്. ഇന്നലെ രാജ്യതലസ്ഥാന നഗരിയില് നടന്ന റിപ്പബ്ലിക് ദിന പരേഡില് സ്ത്രീ ശക്തി കേന്ദ്രീകരിച്ച കേരളത്തിന്റെ നിശ്ചല ദൃശ്യത്തിലെ പ്രധാന ആകര്ഷണം ഈ കുടുംബശ്രീ അംഗങ്ങളായിരുന്നു.
കണ്ണൂരിലെ പാപ്പിനിശ്ശേരിയിലെ സപ്തവര്ണ്ണ (😎, മാങ്ങാട്ടിടത്തെ പെണ്പൊലിക (4) എന്നീ രണ്ട് ശിങ്കാരിമേളം യൂണിറ്റില് നിന്നുള്ള 12 കലാകാരികളുടേതായിരുന്നു ശിങ്കാരിമേളം. സിന്ധു ബാലകൃഷ്ണന്, ജോഷിന അശോകന്, രമിത രതീഷ്, ശൈലജ രാജന്, ബാലജ പ്രമോദ്, രജനി സോമന്, ലസിത വരദന്, സജിത അരവിന്ദ്, വിജിന രാജീവന്, വനജ ബാലന്, ലീല ചന്ദ്രന്, ഓമന പ്രദീപന് എന്നിവർ.
2011ല് രൂപീകരിച്ച സപ്തവര്ണ്ണ യൂണിറ്റിനും 2014 ല് രൂപീകരിച്ച പെണ്പൊലിക യൂണിറ്റിനും പൂര്ണ്ണ പിന്തുണയും സഹായവും നല്കി വരുന്നത് കുടുംബശ്രീയാണ്. 2018 ലെ പ്രളയത്തിൽ വാദ്യോപകരണങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി തകർന്ന് പോയ ഘട്ടത്തിൽ കൈ പിടിച്ച് ഉയർത്തിയത് കണ്ണൂർ ജില്ലാ മിഷനായിരുന്നു.
 
മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മ നേതൃത്വം നൽകുന്ന കലാസംഘത്തിലുള്ളവരാണ് റിപ്പബ്ലിക് ദിന നിശ്ചല ദൃശ്യത്തിൽ പങ്കെടുത്തത്. കുടുംബശ്രീ അട്ടപ്പാടി സ്പെഷ്യൽ പ്രോജക്ട് ആനിമേറ്റർമാരായ കെ. പുഷ്പ, വിജയ എന്നിവർക്കൊപ്പം ബി. ശോഭ, യു.കെ. ശകുന്തള, ബി. റാണി, സരോജിനി, എല്. രേഖ, എല്. ഗൗരി എന്നിവർ ഇരുളനൃത്തവുമായി തിളങ്ങി.
Content highlight
Kudumbashree shines in the 74th Republic Day Parade held at Delhis

ചുവട്-2023'- പെണ്‍കരുത്തിന്‍റെ രജത ചരിത്രമായി കുടുംബശ്രീ അയല്‍ക്കൂട്ട സംഗമം

Posted on Friday, January 27, 2023

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് കരുത്തു പകര്‍ന്ന 'ചുവട്-2023' അയല്‍ക്കൂട്ട സംഗമം നാടെങ്ങും തരംഗമായി. സ്ത്രീശാക്തീകരണ രംഗത്ത് പുതിയ ദൂരവും വേഗവും ലക്ഷ്യമിട്ട് കരുത്തുറ്റ ചുവടുകള്‍ ഉറപ്പിച്ച അയല്‍ക്കൂട്ട സംഗമം കുടുംബശ്രീയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമായി മാറിയ ദിനമായിരുന്നു ഇന്നലെ(26-1-2023)
   
രാജ്യം 74-ആമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന ദിനത്തില്‍ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിച്ചത് പ്രവര്‍ത്തകര്‍ക്ക് ഇരട്ടി മധുരമായി. ഹരിത ചട്ടം പാലിച്ച് പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ കൊണ്ടലങ്കരിച്ച അലങ്കരിച്ച വേദികളായിരുന്നു മിക്കയിടത്തും. നേരത്തെ നിര്‍ദേശിച്ചതു പ്രകാരം രാവിലെ തന്നെ അയല്‍ക്കൂട്ടങ്ങളിലേക്ക് അംഗങ്ങള്‍ എത്തിത്തുടങ്ങി. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയെന്ന ഖ്യാതി നേടിയ കുടുംബശ്രീയുടെ കുടക്കീഴില്‍ 46 ലക്ഷം വനിതകള്‍ അണിനിരന്നു. രാവിലെ എട്ടു മണിക്ക് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ ദേശീയ പതാക ഉയര്‍ന്നതോടെ ഓരോ അയല്‍ക്കൂട്ടങ്ങളും സ്വന്തമായി രചിച്ച് ഈണം നല്‍കിയ സംഗമ ഗാനം അവതരിപ്പിച്ചു. അതിനു ശേഷം അംഗങ്ങള്‍ക്ക് ആവേശം പകര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നല്‍കിയ അയല്‍ക്കൂട്ട സംഗമ സന്ദേശം എല്ലാ അയല്‍ക്കൂട്ടങ്ങളിലേക്കും എത്തി.

ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങളെ കുറിച്ചായിരുന്നു പ്രധാനമായും ഇന്നലെ അയല്‍ക്കൂട്ട തലത്തിലെ ചര്‍ച്ച. പുതിയ കാലത്തിന്‍റെ ആവശ്യകതയ്ക്കനുസരിച്ച് പദ്ധതി പ്രവര്‍ത്തനങ്ള്‍ ആവിഷ്ക്കരിക്കാനും കുടുംബശ്രീയെ നവീകരിക്കുന്നതിനുമുള്ള മികച്ച നിര്‍ദേശങ്ങള്‍ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത് ഏറെ ശ്രദ്ധേയമായി. ഇതോടൊപ്പം ആരോഗ്യം, പൊതു ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്‍റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കി.

മന്ത്രിമാരായ എം.ബി രാജേഷ് പാലക്കാട് സൗത്ത് സി.ഡി.എസിലെ തേജസ്, ആര്‍ ബിന്ദു വയനാട് ജില്ലയിലെ മീനങ്ങാടി സി.ഡി.എസിലെ കൈരളി, അഡ്വ. കെ. രാജന്‍ തൃശൂര്‍ ജില്ലയിലെ നടത്തറ സി.ഡി.എസിലെ മൈത്രി മാതാ എന്നീ അയല്‍ക്കൂട്ടങ്ങളില്‍ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് കൊല്ലം ജില്ലയിലെ ഈസ്റ്റ് സി.ഡി.എസ് തെക്കേവിള ഡിവിഷനിലെ ഫ്രണ്ട്സ്, ഉദയമാര്‍ത്താണ്ഡപുരം വൈശാലി എന്നീ അയല്‍ക്കൂട്ടങ്ങളില്‍ പങ്കെടുത്തു. കൂടാതെ എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍മാര്‍ കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ എന്നിവരും അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കാളികളായി. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടാംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷനിലെ ജീവനക്കാര്‍  എന്നിവരും സംഗമത്തില്‍ പങ്കെടുത്തു.

Content highlight
kudumbashree nhg meet

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തിളക്കമേകി സര്‍ക്കാര്‍ ഉത്തരവ്; എല്ലാ വര്‍ഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും

Posted on Monday, January 23, 2023
രജത ജൂബിലി ആഘോഷങ്ങളുടെ നിറവിലെത്തിയ കുടുംബശ്രീക്ക് കരുത്തു പകര്‍ന്ന് സര്‍ക്കാരിന്‍റെ പിന്തുണ. കുടുംബശ്രീ ഇരുപത്തിഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായി ഇനി വരും വര്‍ഷങ്ങളില്‍ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് (സ.ഉ.(സാധാ) നം.139/2023/ത.സ്വ.ഭ.വ തീതി തിരുവനന്തപുരം 17-1-2023) പുറപ്പെടുവിച്ചു. കുടുംബശ്രീയുടെ സ്ഥാപകദിനമാണ് മെയ് 17.

കേവല ദാരിദ്ര്യ നിര്‍മാര്‍ജനം, സ്ത്രീകളുടെ സാമ്പത്തിക സാമൂഹ്യ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടു കൊണ്ട് 1998ല്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച കുടുംബശ്രീ 2023 മെയ് 17ന് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുന്നതിനായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡറക്ടര്‍ 8-12-2022ല്‍ സര്‍ക്കാരിന് നല്‍കിയ കത്ത് പരിഗണിച്ചാണ് പുതിയ പ്രഖ്യാപനം.    

രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ജനുവരി 26ന് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങങ്ങളിലും സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമ പരിപാടികള്‍ക്ക് ഊര്‍ജ്ജമേകുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ പ്രഖ്യാപനം. വൈവിധ്യമാര്‍ന്ന പരിപാടികളുമായി 46 ലക്ഷം കുടുംബശ്രീ വനിതകള്‍ ഒരേ സമയം പങ്കെടുക്കുന്ന അയല്‍ക്കൂട്ട സംഗമം സ്ത്രീകൂട്ടായ്മയുടെ കരുത്തുറ്റ ചുവട് വയ്പ്പായി  മാറ്റുന്നതിനുള്ള മുന്നൊരുക്കത്തിലാണ് കുടുംബശ്രീ.  
Content highlight
kudumbashree day

കുടുംബശ്രീ വ്ളോഗും റീല്‍സും തയാറാക്കി അയയ്ക്കൂ...നേടൂ കൈനിറയെ സമ്മാനങ്ങള്‍

Posted on Wednesday, January 18, 2023

കുടുംബശ്രീ രജതജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്ളോഗ്, റീല്‍സ് മത്സരത്തില്‍ പങ്കെടുത്ത് കൈനിറയെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഇതാ സുവര്‍ണ്ണാവസരം. കുടുംബശ്രീയുടെ ഏതെങ്കിലും പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ എന്നിവ വിഷയമാക്കിയ വ്ളോഗ്, റീല്‍സ് എന്നിവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്. അവസാന തീയതി ഫെബ്രുവരി എട്ട്.


 ഏറ്റവും മികച്ച വ്ളോഗിന് 50,000 രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 40,000 രൂപയും മൂന്നാം സ്ഥാനത്തിന് 30,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. ഏറ്റവും മികച്ച റീല്‍സിന് 25,000 രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കുംയ 20,000 രൂപയും 15,000 രൂപയുമാണ് റീല്‍സ് മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡായി ലഭിക്കുക. കൂടാതെ മികച്ച എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ടായിരിക്കും. ക്യാഷ് അവാര്‍ഡ് കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.


  നിബന്ധനകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്ക് സന്ദര്‍ശിക്കുക - www.kudumbashree.org/reels2023

 

Content highlight
Make Vlogs, Reels about Kudumbashree and win exciting prizesml

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം - അയല്‍ക്കൂട്ട സംഗമം 'ചുവട് 2023' ജനുവരി 26ന്

Posted on Wednesday, January 18, 2023

ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലും ജനുവരി 26ന് 'ചുവട് 2023'  എന്ന പേരില്‍ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിക്കുന്നു. അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ നാല്‍പ്പത്തിയഞ്ച് ലക്ഷം കുടുംബശ്രീ വനിതകള്‍, അവരുടെ കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, പ്രത്യേക അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും. ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതു ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്‍റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ സംഗമ ദിനത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അയല്‍ക്കൂട്ടങ്ങള്‍ ഏ.ഡി.എസി(ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റി)ന് കൈമാറും.  

26ന് ആരംഭിച്ച് മെയ് 17ന് പൂര്‍ത്തിയാകുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന കര്‍മ പരിപാടികള്‍ക്കാണ് കുടുംബശ്രീ തുടക്കമിടുന്നത്. അയല്‍ക്കൂട്ട സംഗമത്തിന്‍റെ ഭാഗമായി 26ന് സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും  രാവിലെ എട്ടു മണിക്ക് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് അയല്‍ക്കൂട്ട സംഗമഗാനം അവതരിപ്പിക്കും. അതിനു ശേഷം അംഗങ്ങള്‍ ഒരുമിച്ച് കുടുംബശ്രീ യൂട്യൂബ് ചാനല്‍ വഴി അയല്‍ക്കൂട്ട സംഗമ സന്ദേശം കാണും. ഇതിനു ശേഷമാണ് വിവിധ വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം ഗുണമേന്‍മയുള്ള ജീവിത നിലവാരം എന്നിവ ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്‍റെ തുടക്കമായി അയല്‍ക്കൂട്ട സംഗമത്തെ മാറ്റുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രജത ജൂബിലി  ആഘോഷങ്ങള്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും ഒരുമിച്ച് ആഘോഷിക്കുകയും കേരളമാകെ അറിയിക്കുകയും ചെയ്യുക, പൊതു ഇടങ്ങള്‍ സ്ത്രീകളുടേതു കൂടിയാണെന്നും അവരുടെ സാമൂഹിക സാംസ്കാരിക ആവിഷ്കാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാണെന്നുമുള്ള തിരിച്ചറിവ് ഉറപ്പാക്കുകയും ചെയ്യുക എന്നതും ചുവട്-2023ന്‍റെ പ്രധാന ലക്ഷ്യങ്ങളാണ്. അയല്‍ക്കൂട്ട സംഗമം ആകര്‍ഷകമാക്കുന്നതിന് കലാ സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പങ്കാളിത്തവും ഉറപ്പാക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

26ന് മുമ്പ് നടക്കുന്ന അയല്‍ക്കൂട്ട യോഗത്തില്‍ 'ചുവട് 2023' പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അയല്‍ക്കൂട്ടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജില്ലാ, സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടതലങ്ങളില്‍ വിവിധ തീയതികളിലായി പരിശീലന പരിപാടികളും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു വരികയാണ്. ഇത് ജനുവരി 22ന് പൂര്‍ത്തിയാകും.  

Content highlight
chuvad 2023 is on 26th