കുടുംബശ്രീ നഗര സി.ഡി.എസുകളുടെ പ്രവര്‍ത്തനമികവ്: ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്കായി സംസ്ഥാനതല ചതുര്‍ദിന കാര്യശേഷി വികസന പരിശീലനം

Posted on Monday, December 30, 2024

കുടുംബശ്രീ നഗര സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയും വേഗവും കൈവരിക്കുന്നതിന്‍റെ ഭാഗമായി തിരഞ്ഞെടുത്ത 11 സി.ഡി.എസുകളില്‍ ഇന്‍റേണല്‍ ഓഡിറ്റിങ്ങ് നടപ്പാക്കുന്നു. കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'ചലനം' മെന്‍റര്‍ഷിപ് പരിപാടിക്കായി തിരഞ്ഞെടുത്ത പുനലൂര്‍(കൊല്ലം), ചങ്ങനാശേരി(കോട്ടയം), തിരുവല്ല വെസ്റ്റ്(പത്തനംതിട്ട), ഹരിപ്പാട്(ആലപ്പുഴ), കട്ടപ്പന(ഇടുക്കി), ചെര്‍പ്പുളശേരി(പാലക്കാട്), പരപ്പനങ്ങാടി(മലപ്പുറം), മുക്കം(കോഴിക്കോട്), മാനന്തവാടി(വയനാട്), കൂത്തുപറമ്പ്(കണ്ണൂര്‍), കാഞ്ഞങ്ങാട്-2(കാസര്‍കോട്) സി.ഡി.എസുകളിലാണ് ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ പ്രവര്‍ത്തിക്കുക. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്ത  ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ചു വരുന്ന നാലു ദിവസത്തെ പരിശീലന പരിപാടി ഇന്നു(30-12-2024) സമാപിക്കും.

സി.ഡി.എസ് വഴി നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍, ഫണ്ട് വിനിയോഗം, അക്കൗണ്ട് രജിസ്റ്ററുകള്‍, വിവിധ പദ്ധതികള്‍ വഴി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍, ഗുണഭോക്തൃ തെരഞ്ഞെടുപ്പിലെ സുതാര്യത, ഫണ്ട് ചെലവഴിക്കുന്നതില്‍ പാലിക്കുന്ന കൃത്യത, ലിങ്കേജ് വായ്പാ വിവരങ്ങള്‍ തുടങ്ങി കുടുംബശ്രീ ബൈലാ പ്രകാരമുളള എല്ലാവിവരങ്ങളും മൂന്നു മാസത്തിലൊരിക്കല്‍ ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ മുഖേന ഓഡിറ്റ് ചെയ്യും. പിന്നീട് സി.ഡി.എസിന്‍റെ പൊതു സഭയില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും.  കൃത്യമായ ഇടവേളകളില്‍ ഇന്‍റേണല്‍ ഓഡിറ്റിങ്ങ് നടപ്പാക്കുന്നതു വഴി പദ്ധതി നിര്‍വഹണത്തിലും പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗത്തിലും കൂടുതല്‍ കൃത്യത കൈവരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.  

സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളിന്‍റെയും കൈപ്പുസ്തകത്തിന്‍റെയും അടിസ്ഥാനത്തിലാണ് പരിശീലനം. സി.ഡിഎസ് ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്ക് പുറമേ, സി.ഡി.എസ് ഉപാധ്യക്ഷമാര്‍, 'ചലനം' മെന്‍റര്‍ഷിപ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള മെന്‍റര്‍മാര്‍, അക്കൗണ്‍ന്‍റ്മാര്‍, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ചലനം പ്രോഗ്രാമിന്‍റെ മെന്‍റര്‍ കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ അക്കൗണ്ടിങ്ങ് ആന്‍ഡ് ഓഡിറ്റിങ്ങ് സര്‍വീസ് സൊസൈറ്റി-കാസ് ടീം എന്നിവരാണ് മുഖ്യ പരിശീലകര്‍.  

ജനുവരിയില്‍ സി.ഡി.എസുകള്‍ക്ക് കീഴിലുള്ള ഓരോ ഏരിയാ ഡെവലപ്മെന്‍റ് സൊസൈറ്റി(എ.ഡി.എസ്)കളില്‍ നിന്നും  തിരഞ്ഞെടുത്ത രണ്ട് വീതം ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്കുള്ള നഗരസഭാതല പരിശീലനവും സംഘടിപ്പിക്കും. ഇതോടെ ഫെബ്രുവരി മുതല്‍ എ.ഡി.എസ്തലത്തിലും ഇന്‍റേണല്‍ ഓഡിറ്റ് പ്രാവര്‍ത്തികമാക്കും.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ മേഘ മേരി കോശി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ബീന.ഇ, സുധീര്‍ കെ.ബി, അബ്ദുള്‍ ബഷീര്‍, നിഷാദ് സി.സി, അനിഷ് കുമാര്‍ എം.എസ് എന്നിവര്‍ ഇന്‍റേണല്‍ ഓഡിറ്റിങ്ങിന്‍റെ പ്രസക്തി. പ്രധാന ചുമതലകള്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ സംസാരിച്ചു.

Content highlight
capacity buiding training for kudumbashree CDS internal auditors