വാര്‍ത്തകള്‍

കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി മൈന്‍ഡ് ബ്ളോവേഴ്സ് 'ലിയോറ ഫെസ്റ്റ്' സമ്മര്‍ ക്യാമ്പ്: പരിശീലകര്‍ക്കുള്ള ത്രിദിന സംസ്ഥാനതല പരിശീലനം ആരംഭിച്ചു

Posted on Friday, April 25, 2025
കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മൈന്‍ഡ് ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ് ' ജില്ലാതല സമ്മര്‍ ക്യാമ്പുകളുടെ ഭാഗമായി പരിശീലകര്‍ക്കുള്ള ത്രിദിന സംസ്ഥാനതല പരിശീലനം കോവളം അനിമേഷന്‍ സെന്‍ററില്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ തിരഞ്ഞെടുത്ത ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാര്‍, വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടെ അമ്പത് പേര്‍ക്കാണ് പരിശീലനം. ബാക്കി ജില്ലകളില്‍ നിന്നു തിരഞ്ഞെടുത്ത പരിശീലകര്‍ക്ക് എറണാകുളത്ത് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് സെന്‍ററില്‍ 28,29,30 തീയതികളില്‍ പരിശീലനം ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രത്യേക പരിശീലന മൊഡ്യൂള്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി രാജന്‍, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ ടോണി ജോസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

 കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ കുട്ടികള്‍ക്ക് അറിവിനും സര്‍ഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്‍റെ നൂതന പാഠങ്ങള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ആരംഭിച്ച 'മൈന്‍ഡ് ബ്ളോവേഴ്സ്' ക്യാമ്പയിന്‍റെ തുടര്‍ച്ചയാണ് 'ലിയോറ ഫെസ്റ്റ്' സമ്മര്‍ ക്യാമ്പ്. ഇത് മെയ് ആദ്യവാരം ആരംഭിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ഓരോ ജില്ലയില്‍ നിന്നും അമ്പത് കുട്ടികളെ വീതം  തിരഞ്ഞെടുത്തിട്ടുണ്ട്. തിയേറ്റര്‍ വര്‍ക്ക്ഷോപ്, ശാസ്ത്ര മാജിക്, കുട്ടികളും ധനകാര്യ മാനേജ്മെന്‍റും, സൈബര്‍ ക്രൈം; ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലീഡര്‍ഷിപ് തുടങ്ങി എട്ടോളം വ്യത്യസ്ത വിഷയങ്ങളിലാണ് സമ്മര്‍ ക്യാമ്പില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് കുടുംബശ്രീയും ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷനും സംയുക്തമായി സമ്മര്‍ മണ്‍സൂണ്‍ ഫെല്ലോഷിപ്പും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലനങ്ങളും നല്‍കും. മികവിന്‍റെ അടിസ്ഥാനത്തില്‍ 140 കുട്ടികള്‍ക്ക് 2026-ല്‍ സംഘടിപ്പിക്കുന്ന ' ഇന്‍റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്ളേവി'ല്‍ ആശയാവതരണം നടത്താനുളള അവസരവും കുടുംബശ്രീ ലഭ്യമാക്കും.    
 
 ഓരോ കുട്ടിയുടെയും വ്യത്യസ്ത മേഖലകളിലുള്ള  അഭിരുചികള്‍ കണ്ടെത്തി അതു വികസിപ്പിക്കുകയാണ് 'മൈന്‍ഡ് ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ് സമ്മര്‍ ക്യാമ്പിന്‍റെ ലക്ഷ്യം. ഇതോടൊപ്പം വ്യക്തിത്വ വികസനത്തിനും സമൂഹനന്‍മയ്ക്കും ഉതകുന്ന വിധത്തില്‍ നൂതന ആശയങ്ങള്‍  സ്വയം കണ്ടെത്താനും അത് പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിനുമുള്ള പരിശീലനമായിരിക്കും  കുട്ടികള്‍ക്ക് ലഭ്യമാക്കുക.

പരിശീലന പരിപാടിയില്‍ കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ്പ്രോഗ്രാം മാനേജര്‍ സ്വാതി കൃഷ്ണന്‍ എസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് ആമുഖ പ്രഭാഷണം നടത്തി. അധ്യാപകരായ ബൈജു കുമാര്‍, പ്രദീപ് താനൂര്‍, വേണു കുമാരന്‍ നായര്‍, ഹാഷിദ് കെ.സി, മോട്ടിവേഷണല്‍ സ്പീക്കര്‍ അഡ്വ.സജീവ്, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷന്‍  ഓപ്പറേഷന്‍സ് സ്പെഷലിസ്റ്റ് ശില്‍പ പി, അഖില്‍ സന്തോഷ്, ഫീല്‍ഡ് ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ആല്‍ബര്‍ട്ട് പോള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ജിഷ്ണു ഗോപന്‍ നന്ദി പറഞ്ഞു.

Content highlight
Kudumbashree leora fest, three day workshop starts

ഒരുവര്‍ഷം; രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീയുടെ അഞ്ചു പ്രീമിയം കഫേ റെസ്റ്റൊറന്‍റുകള്‍ വഴി നേടിയത് അഞ്ചു കോടി രൂപ

Posted on Friday, April 25, 2025
രുചിവൈവിധ്യങ്ങള്‍ വിളമ്പി ഭക്ഷണപ്രേമികളുടെ മനം കവര്‍ന്ന കുടുംബശ്രീയുടെ കീഴിലുള്ള അഞ്ചു പ്രീമിയം കഫേ റെസ്റ്റൊറന്‍റുകള്‍ വഴി നേടിയത് അഞ്ചു കോടി രൂപയുടെ വരുമാനം. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് വനിതാ സംരംഭകര്‍ കൈനിറയെ നേട്ടം സ്വന്തമാക്കിയത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍  തൃശൂര്‍(ഗുരുവായൂര്‍), എറണാകുളം(അങ്കമാലി), വയനാട്(മേപ്പാടി), പത്തനംതിട്ട(പന്തളം), കണ്ണൂര്‍ ജില്ലകളിലായി ആരംഭിച്ച അഞ്ചു പ്രീമിയം കഫേ റെസ്റ്റൊറന്‍റുകള്‍ വഴിയാണ് ഈ മധുരിക്കുന്ന വിജയം.  ഇതില്‍ ഗുരുവായൂരില്‍ 1,74,93,028 രൂപയും അങ്കമാലിയില്‍ 1,49,39,825 രൂപയും മേപ്പാടിയില്‍ 8203485 രൂപയും വിറ്റുവരവ് ലഭിച്ചു. പത്തനംതിട്ടയില്‍ 5963620 രൂപയും കണ്ണൂരില്‍ 6160979 രൂപയുമാണ് വിറ്റുവരവ് നേടിയത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ആദ്യം എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ്  പ്രീമിയം കഫേ റെസ്റ്റോറന്‍റ് ശൃംഖലയ്ക്ക് തുടക്കമിട്ടത്. പിന്നീട് വയനാട് ജില്ലയിലെ മേപ്പാടിയിലും തൃശൂരില്‍ ഗുരുവായൂരിലും ആരംഭിച്ചു. പ്രീമിയം കഫേ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം (കുറവിലങ്ങാട്),കോഴിക്കോട് (കൊയിലാണ്ടി), കാസര്‍കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും പ്രീമിയം റെസ്റ്ററന്‍റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.  

മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും വൈവിധ്യവുമുള്ള ഭക്ഷ്യവിഭവങ്ങളും സേവനങ്ങളുമാണ് പ്രീമിയം കഫേയ്ക്ക് മികച്ച സ്വീകാര്യത നേടിക്കൊടുത്തത്. ഇതോടെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. കാന്‍റീന്‍ കാറ്ററിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വനിതാ സംരംഭകരുടെ നേതൃത്വത്തിലാണ് പ്രീമിയം കഫേ റെസ്റ്ററന്‍റുകളുടെ പ്രവര്‍ത്തനം. പാചകം, ഭക്ഷണ വിതരണം, ബില്ലിങ്ങ്, ക്ളീനിങ്ങ്, പാഴ്സല്‍ സര്‍വീസ് തുടങ്ങിയവയെല്ലാം വനിതകള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

സംരംഭങ്ങളുടെ ആധുനികവല്‍ക്കരണവും സംരംഭകര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പു വരുത്തുകയുമാണ്  സംസ്ഥാനത്തുടനീളം പ്രീമിയം കഫേ ശൃംഖല രൂപീകരിക്കുന്നതു വഴി ലക്ഷ്യമിടുന്നത്. നിലവില്‍ ഇരുനൂറിലേറെ വനിതകള്‍ക്ക് മികച്ച തൊഴിലും വരുമാനവും ഉറപ്പു വരുത്താന്‍ പദ്ധതി സഹായകമാകുന്നുണ്ട്. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണവിതരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിങ്ങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍,  ശുചിത്വം, മികച്ച മാലിന്യസംസ്ക്കരണ ഉപാധികള്‍ എന്നിവയിലടക്കം ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങള്‍ എല്ലാ പ്രീമിയം കഫേയിലുമുണ്ട്. സംരംഭകര്‍ക്ക് കൂടുതല്‍ പ്രൊഫഷണലിസം കൈവരിക്കാനും പദ്ധതി സഹായകമാകുന്നുണ്ട്.  

 
Content highlight
cafe kudumbashree premium restrtnt

കുടുംബശ്രീ സംസ്ഥാനതല അവാർഡ് 2025 : അവതരണങ്ങൾ ഇന്ന് പൂർത്തിയാകും

Posted on Thursday, April 24, 2025
തൃശ്ശൂർ മുളങ്കുന്നത്ത്കാവ് കിലയിൽ സംഘടിപ്പിച്ചു വരുന്ന കുടുംബശ്രീ  സംസ്ഥാനതല അവാർഡ് നിർണയ ശിൽപ്പശാലയിൽ മത്സരാർത്ഥികളുടെ അവതരണം ഇന്ന് (24-04-2025) പൂർത്തിയാകും. ഏപ്രിൽ 21ന് ആരംഭിച്ച ശില്പശാലയുടെ മൂന്നാം ദിനത്തിൽ (ഏപ്രിൽ 23) മികച്ച സി.ഡി.എസ് (കാർഷിക മേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (കാർഷികേതര ഉപജീവനം - എം.ഇ, ഡി.ഡി.യു.ജി.കെ.വൈ, കെ-ഡിസ്ക്), മികച്ച ഓക്സിലറി സംരംഭം, മികച്ച സ്നേഹിത, മികച്ച എ.ഡി.എസ് എന്നീ അവാർഡുകൾ നിർണ്ണയിക്കുന്നതിനുള്ള അവതരണങ്ങൾ നടുന്നു.

   ഇന്ന് പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷൻ അവാർഡുകൾക്കുള്ള അവതരണങ്ങൾ നടക്കും. ഏപ്രിൽ 26 വരെയാണ് അവാർഡ് നിർണ്ണയ പ്രവർത്തനങ്ങൾ. മേയ് 17ന് കുടുംബശ്രീ ദിനത്തോട് അനുബന്ധിച്ച് അവാർഡ് വിതരണവും സംഘടിപ്പിക്കും.

  ആകെ 17 വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. മികച്ച അയൽക്കൂട്ടം, എ.ഡി.എസ്, ഊര് സമിതി, സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്സ് സ്ഥാപനം, ജെൻഡർ റിസോഴ്സ് സെന്റർ, ഓക്സിലറി ഗ്രൂപ്പ്, ഓക്സിലറി സംരംഭം, സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക്, പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷൻ എന്നീ പുരസ്ക്കാരങ്ങൾക്കൊപ്പം മികച്ച സി.ഡി.എസ് (സംയോജന പ്രവർത്തനം, തനത് പ്രവർത്തനം, ഭരണ നിർവ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ), മികച്ച സി.ഡി.എസ് (കാർഷികമേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെൻഡർ), മികച്ച സി.ഡി.എസ് (ട്രൈബൽ പ്രവർത്തനം), മികച്ച സി.ഡി.എസ് (സൂക്ഷ്മ സംരംഭം, ഡി.ഡി.യു-ജി.കെ.വൈ, കെ-ഡിസ്ക്) എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും നൽകും.
  

 
 
Content highlight
kudumashree state level awards, presentation will conclude today

കുടുംബശ്രീ കമ്യൂണിക്കോര്‍ പദ്ധതിക്ക് തുടക്കം

Posted on Thursday, April 24, 2025

തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും  ഇംഗ്ളീഷ് ഭാഷാ നൈപുണ്യം  നല്‍കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന 'കമ്യൂണിക്കോര്‍' പദ്ധതിക്ക് തുടക്കമായി. ഇംഗ്ളീഷ് ഭാഷയില്‍ പ്രാവീണ്യം വര്‍ധിപ്പിച്ചു കൊണ്ട് ഗുണമേന്‍മയുളള ഉന്നതവിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും ഒപ്പം ഡിജിറ്റല്‍ സാക്ഷരതയും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ജില്ലകളില്‍ തിരഞ്ഞെടുത്ത കുട്ടികള്‍ക്കായി പരിശീലന പരിപാടി ആരംഭിച്ചു. മൂന്നു ദിവസമാണ് പരിശീലനം. തുടര്‍ന്ന് എല്ലാ മാസവും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് പരിശീലനം ലഭ്യമാക്കും. പദ്ധതി ഗുണഭോക്താക്കളായ ആയിരത്തോളം കുട്ടികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

നിലവില്‍ പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന  അട്ടപ്പാടി, പറമ്പിക്കുളം(പാലക്കാട്), തിരുനെല്ലി,
നൂല്‍പ്പുഴ(വയനാട്), ആറളം ഫാം(കണ്ണൂര്‍), നിലമ്പൂര്‍(മലപ്പുറം), കോടഞ്ചേരി (കോഴിക്കോട്), കുട്ടമ്പുഴ (എറണാകുളം), മറയൂര്‍, കാന്തല്ലൂര്‍,  വട്ടവട(ഇടുക്കി) കൊറഗ പ്രത്യേക പദ്ധതി (കാസര്‍കോട്),  കാടര്‍ പ്രത്യേക പദ്ധതി(തൃശൂര്‍), മലൈപണ്ടാരം പ്രത്യേക പദ്ധതി(പത്തനംതിട്ട) എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുത് കുട്ടികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. ഒരു വര്‍ഷമാണ് പരിശീലന പരിപാടിയുടെ ദൈര്‍ഘ്യം.  നാല്‍പ്പതോളം അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം നല്‍കുക.
 
തദ്ദേശീയ മേഖലയില്‍ അധിവസിക്കുന്നവര്‍ക്ക് മലയാളം ഇംഗ്ളീഷ് ഭാഷകള്‍ മനസിലാക്കുന്നതിന് പ്രയാസം നേരിടുന്നത് വിദ്യാഭ്യാസ രംഗത്തും തൊഴില്‍മേഖലയിലും അവരുടെ മുന്നേറ്റത്തെ സാരമായി ബാധിക്കുന്നുണ്ട്. കമ്യൂണിക്കോര്‍ പരിശീലന പദ്ധതി നടപ്പാക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. കുടുംബശ്രീ സംസ്ഥാന മിഷനാണ് പദ്ധതി വിഭാവനം ചെയ്തു നടപ്പാക്കുന്നത്.
Content highlight
communicore starts

20647 ഹെക്ടര്‍ സ്ഥലത്ത് കൃഷി: കാര്‍ഷിക മേഖലയില്‍ വരുമാനദായക പദ്ധതികളുമായി കുടുംബശ്രീ 4.32 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ക്ക് ഉപജീവനം

Posted on Thursday, April 24, 2025
സംസ്ഥാനത്ത് 20647 ഹെക്ടര്‍ സ്ഥലത്ത് കൃഷിയുമായി കുടുംബശ്രീ.  അയല്‍ക്കൂട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട 94594 കര്‍ഷക സംഘങ്ങളിലെ 432667 വനിതകള്‍ മുഖേനയാണ് ഇത്രയും സ്ഥലത്ത് കൃഷി ചെയ്യുന്നത്. നെല്ല്, വിവിധ തരം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന കൃഷികള്‍. കൂടാതെ ചെറുധാന്യങ്ങളും ഔഷധസസ്യങ്ങളും സീസണ്‍ അനുസരിച്ച് തണ്ണിമത്തനും  കൃഷി ചെയ്യുന്നു. സുസ്ഥിര കൃഷിയിലൂടെ കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളില്‍ കാര്‍ഷിക രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമാണ്  കുടുംബശ്രീ കൈവരിച്ചത്. വൈവിധ്യമാര്‍ന്ന വരുമാനദായക പദ്ധതികള്‍ ആവിഷ്ക്കരിച്ചു കൊണ്ട് കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചതിലൂടെയാണ് ഈ നേട്ടം. മികച്ച വരുമാന ലഭ്യത കൈവന്നതോടെ കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്.
 
കൃഷിയും അനുബന്ധ മേഖലകളില്‍ നിന്നും മെച്ചപ്പെട്ട ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനും വരുമാനവര്‍ധനവിനുമായി നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള തൈകളും വിത്തുകളും ഉല്‍പാദിപ്പിച്ചു നല്‍കുന്ന 855 ജൈവിക പ്ളാന്‍റ് നഴ്റികള്‍, ഗുണമേന്‍മയുള്ള പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കുന്നതിനായി 135 നേച്ചേഴ്സ് ഫ്രഷ് കിയോസ്കുകള്‍ എന്നിവ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളുടെ രൂപീകരണമാണ് മറ്റൊന്ന്. 880  എണ്ണമാണ് ഈയിനത്തില്‍ രൂപീകരിച്ചത്. ഇതുവഴി കാര്‍ഷിക ഉല്‍പന്നങ്ങളുടെ ശേഖരണവും ഉല്‍പന്ന വൈവിധ്യവല്‍ക്കരണവും മാര്‍ക്കറ്റിങ്ങും നടത്തുന്നതിലൂടെ 17600 അംഗങ്ങള്‍ക്ക് മികച്ച വരുമാന ലഭ്യത ഉറപ്പുവരുത്താന്‍ കഴിയുന്നു.  കൂടാതെ 4097 കാര്‍ഷിക സംരംഭങ്ങള്‍, 75 ഇന്‍റഗ്രേറ്റഡ് ഫാമിങ്ങ് ക്ളസ്റ്ററുകള്‍, ചെറുകിട, ഇടത്തരം, സ്മാര്‍ട്ട് സ്കെയില്‍ മൂല്യവര്‍ധിത യൂണിറ്റുകള്‍, ബയോ ഫാര്‍മസി യൂണിറ്റുകള്‍, ഗ്രീന്‍ കാര്‍പറ്റ് യൂണിറ്റുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.  

പുനര്‍ജീവനം-കാര്‍ഷിക സംരംഭകത്വ വികസന പരിശീലന പരിപാടി, ഡ്രോണ്‍ ദീദി, ഓണ വിപണി ലക്ഷ്യമിട്ട് നിറപ്പൊലിമ, ഓണക്കനി തുടങ്ങി വൈവിധ്യമാര്‍ന്ന കാര്‍ഷിക പദ്ധതികളും കുടുംബശ്രീ മുഖേന നടപ്പാക്കുന്നു.    സംസ്ഥാനത്ത് അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കാവശ്യമായ പോഷകമൂല്യമുള്ള പച്ചക്കറികളും പഴങ്ങളും വീടുകളില്‍ തന്നെ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്നതിന്‍റെ ഭാഗമായി 30.3 ലക്ഷം  കാര്‍ഷിക പോഷകോദ്യാനങ്ങളും സംസ്ഥാനത്തുണ്ട്.    

സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള കാര്‍ഷിക രീതികളിലേക്കും കുടുംബശ്രീ വനിതകള്‍ കടന്നു കഴിഞ്ഞു. അഗ്രോ ഇക്കോളജിക്കല്‍ പ്രാക്ടീസ് -പദ്ധതിയുടെ ഭാഗമായി 572167 വനിതാ കര്‍ഷകര്‍ക്കും, സ്മാര്‍ട്ട് ഫാമിങ്ങിന്‍റെ ഭാഗമായി ഡ്രോണ്‍ പരിശീലനവും ലഭ്യമാക്കിയത് കാര്‍ഷിക രംഗത്തെ പുതിയ ചുവട് വയ്പ്പായി. കൂടാതെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക സംരംഭകത്വ പരിശീലനം ലഭ്യമാക്കുന്നതിനായി കെ-അഗ്രി ബിസിനസ് നെസ്റ്റ് പദ്ധതിക്കും തുടക്കമിട്ടു. കാര്‍ഷികോല്‍പാദനവും വിപണനവും വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 180-ഓളം പുതിയ സാങ്കേതികവിദ്യകളും കുടുംബശ്രീ നേടിക്കഴിഞ്ഞു. ഇതും കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും.

ഉല്‍പന്നങ്ങളുടെ വിറ്റുവരവിലും മികച്ച നേട്ടമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ ഓണത്തിന് ' ഓണക്കനി' പദ്ധതിയുടെ ഭാഗമായി 6982 ഏക്കറില്‍ പച്ചക്കറി കൃഷി നടത്തിയിരുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിച്ചതിലൂടെ 7.8 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഓണത്തോടനുബന്ധിച്ച് നടപ്പാക്കിയ നിറപ്പൊലിമ പദ്ധതി വഴി 1301 ഏക്കറില്‍ നടത്തിയ പൂക്കൃഷിയും കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുത്തു. 2.98 കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്.

 
Content highlight
20,647 hectares of land under cultivation: Kudumbashree with income-generating projects in agricultural sector, Livelihood provided to 4.32 lakh NHG women through various projects EN

മികവുകളുടെ മാറ്റുരച്ച് സംരംഭകർ : കുടുംബശ്രീ അവാർഡ് നിർണ്ണയം പുരോഗമിക്കുന്നു

Posted on Wednesday, April 23, 2025
കുടുംബശ്രീ അവാർഡ് നിർണ്ണയ ശിൽപ്പശാല തൃശ്ശൂർ മുളങ്കുന്നത്ത്കാവ് കിലയിൽ പുരോഗമിക്കുന്നു. മികച്ച സംരംഭക, ജെൻഡർ റിസോഴ്സ് സെന്റർ, ഒാക്സി ലറി ഗ്രൂപ്പ്, മികച്ച സി.ഡി.എസ് (സംയോജന പ്രവർത്തനം, തനത് പ്രവർത്തനം, ഭരണ നിർവ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവർത്തനം), മികച്ച സി.ഡി.എസ് (ട്രൈബൽ) എന്നീ അവാർഡുകൾ നിർണ്ണയിക്കുന്നതിനുള്ള അവതരണങ്ങളാണ് രണ്ടാം ദിനമായ ഇന്നലെ (ഏപ്രിൽ 22) അഞ്ച് വേദികളിലായി സംഘടിപ്പിച്ചത്.

 ഒാരോ ജില്ലയിൽ നിന്നും മികച്ച സംരംഭകയായി തെരഞ്ഞെടുക്കപ്പെട്ടെത്തിയ 14 സംരംഭകരുടെ അവതരണങ്ങൾ ശിൽപ്പശാലയുടെ രണ്ടാം ദിനത്തിൽ ഏറെ ശ്രദ്ധേയമായി. ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചെത്തിയ ഔഷധ കണ്മഷി ഉൾപ്പെടെയുള്ളവ തയാറാക്കുന്ന സംരംഭക, കണ്ണൂരിനെ പ്രതിനിധീകരിച്ചെത്തിയ ഡേ കെയർ സെന്റർ സംരംഭക , വയനാട്ടിൽ നിന്നുള്ള മ്യൂറൽ പെയിന്റിങ് സംരംഭക, മുരിങ്ങയിലയിൽ നിന്ന് പുട്ടുപൊടി മുതൽ പായസം വരെ ഉത്പാദിപ്പിക്കുന്ന സംരംഭക.. എന്നിങ്ങനെ നീളുന്നു അവതരണങ്ങളിൽ മാറ്റുരച്ച സംരംഭകരുടെ നിര.

 ഇന്ന് (ഏപ്രിൽ 23) മികച്ച സി.ഡി.എസ് (കാർഷിക മേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (കാർഷികേതര ഉപജീനം - എം.ഇ, ഡി.ഡി.യു.ജി.കെ.വൈ, കെ-ഡിസ്ക്), മികച്ച ഓക്സിലറി സംരംഭം, മികച്ച സ്നേഹിത, മികച്ച എ.ഡി.എസ് എന്നീ അവാർഡുകൾക്കുള്ള അവതരണങ്ങൾ നടക്കും. ഏപ്രിൽ 26 വരെയാണ് അവാർഡ് നിർണ്ണയ പ്രവർത്തനങ്ങൾ. മേയ് 17ന് കുടുംബശ്രീ ദിനത്തോട് അനുബന്ധിച്ച് അവാർഡ് വിതരണവും സംഘടിപ്പിക്കും.
 

  മികച്ച അയൽക്കൂട്ടം, എ.ഡി.എസ്, ഊര് സമിതി, സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്സ് സ്ഥാപനം, ജെൻഡർ റിസോഴ്സ് സെന്റർ, ഓക്സിലറി ഗ്രൂപ്പ്, ഓക്സിലറി സംരംഭം, സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക്, പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷൻ എന്നീ പുരസ്ക്കാരങ്ങൾക്കൊപ്പം മികച്ച സി.ഡി.എസ് (സംയോജന പ്രവർത്തനം, തനത് പ്രവർത്തനം, ഭരണ നിർവ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ), മികച്ച സി.ഡി.എസ് (കാർഷികമേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെൻഡർ), മികച്ച സി.ഡി.എസ് (ട്രൈബൽ പ്രവർത്തനം), മികച്ച സി.ഡി.എസ് (സൂക്ഷ്മ സംരംഭം, ഡി.ഡി.യു-ജി.കെ.വൈ്, കെഡിസ്ക്) എന്നിങ്ങനെ 17 അവാർഡുകളാണ് നൽകുന്നത്. 

 

 
 

 

Content highlight
kudumbashree awards progressing

ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ആയിരത്തിലേറെ ഉല്‍പന്നങ്ങളുമായി കുടുംബശ്രീ

Posted on Wednesday, April 23, 2025
കുടുംബശ്രീ സംരംഭകരുടെ ആയിരത്തിലേറെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിച്ച് ഓണ്‍ലൈന്‍ വ്യാപാര രംഗത്തും സജീവമായി കുടുംബശ്രീ. പ്രമുഖ ഓണ്‍ ലൈന്‍ പ്ളാറ്റ്ഫോമുകളായ മീഷോ, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ഒ.എന്‍.ഡി.സി എന്നിവയിലെല്ലാം കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ലഭ്യമാകും. ഭക്ഷ്യോല്‍പന്നങ്ങള്‍, കറി പൗഡറുകള്‍, ആയുര്‍വേദിക് ഉല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി  വൈവിധ്യമാര്‍ന്ന കുടുംബശ്രീ ഉല്‍പന്നങ്ങളാണ് ഓണ്‍ ലൈന്‍ വിപണനരംഗത്തുള്ളത്. ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് എവിടെയിരുന്നും തങ്ങള്‍ക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കാനും വാങ്ങാനുമുള്ള സൗകര്യം വിരല്‍തുമ്പില്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകള്‍ വഴി മികച്ച വിറ്റുവരവ് നേടാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു.

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ശക്തമായ വിപണന ശൃംഖല സൃഷ്ടിക്കുകയും അതോടൊപ്പം സംരംഭകര്‍ക്ക് വരുമാന വര്‍ധനവുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നത് ഇതിന്‍റെ ഭാഗമായാണ്. വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി ഉല്‍പന്നങ്ങള്‍ വേഗത്തില്‍ ഉപഭോക്താക്കളിലേക്കെത്തിച്ചു കൊണ്ട് വിപണനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമില്‍ ഉല്‍പന്നങ്ങളെത്തിക്കുന്നതിന്‍റെ ഭാഗമായി  തിരഞ്ഞെടുത്ത 149 സംരംഭകര്‍ക്ക് ജി.എസ്.ടി രജിസ്ട്രേഷന്‍, കമ്പനി രജിസ്ട്രേഷന്‍, ഉല്‍പന്ന വിവരണം തയ്യാറാക്കല്‍, പ്രോഡക്ട് ഫോട്ടോഗ്രഫി, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങി സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉപയോഗിച്ചു കൊണ്ടുള്ള വിവിധ വിപണന രീതികള്‍ എന്നിവയില്‍ പരിശീലനവും നല്‍കിയിരുന്നു. സംരംഭകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ളാറ്റ് ഫോമില്‍ എത്തിക്കുന്നതിനും വിപണനം കാര്യക്ഷമമാക്കുന്നതിനും ആറുമാസത്തെ പിന്തുണയും ഉറപ്പു വരുത്തിയിട്ടുണ്ട്. നബാര്‍ഡിന്‍റെ പിന്തുണയോടെയാണ് സംരംഭകര്‍ക്ക് പരിശീലനം നല്‍കിയത്.  കുടുംബശ്രീ ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി പോക്കറ്റ്മാര്‍ട്ട്-കുടുംബശ്രീ സ്റ്റോര്‍ മൊബൈല്‍ ആപ്പും രൂപീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.  

കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വിപണി ഉറപ്പു വരുത്തുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷവും വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.  കുടുംബശ്രീ ഉല്‍പന്നങ്ങളെ വിവിധ വിതരണ ശൃംഖലയുമായി ബന്ധപ്പെടുത്തുക, ഉല്‍പന്ന സംഭരണത്തിന് ജില്ലകള്‍ തോറും വെയര്‍ഹൗസുകള്‍ സ്ഥാപിക്കുക തുടങ്ങി സംരംഭകരുടെ ശാക്തീകരണം  ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാകും ഈ വര്‍ഷം നടപ്പാക്കുക. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ ലൈന്‍ ഫുഡ് ഡെലിവറി സംവിധാനവുമായി ചേര്‍ന്ന് കുടുംബശ്രീ ലഞ്ച് ബെല്‍ ഉച്ചഭക്ഷണം  ലഭ്യമാക്കുന്നതിനുളള നടപടികളും ആരംഭിക്കും. വാട്ട്സാപ്, ഫേസ്ബുക്ക്, ഗുഗിള്‍ ബിസിനസ് തുടങ്ങി സോഷ്യല്‍മീഡിയ പ്ളാറ്റ്ഫോമുകള്‍ അടക്കം വിനിയോഗിച്ചു കൊണ്ട് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുന്നതിനായി സംരംഭകര്‍ക്ക് നല്‍കുന്ന വിവിധ പരിശീലനങ്ങള്‍ ഈ വര്‍ഷവും തുടരും. കൂടാതെ എ.ഐ അധിഷ്ഠിത മാര്‍ക്കറ്റിങ്ങിലും പരിശീലനം ലഭ്യമാക്കും.  

ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകള്‍ക്കൊപ്പം നിലവിലെ ഉല്‍പന്ന വിപണന സമ്പ്രദായങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ നേരിട്ടു വിപണനം ചെയ്യുന്ന ഹോം ഷോപ്പ് സംവിധാനം 50 പുതിയ മാനേജ്മെന്‍റ് ടീമുകള്‍, 8718 ഹോംഷോപ്പ് ഓണര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലീകരിച്ചിട്ടുണ്ട്. 19.61 കോടി രൂപയുടെ വിറ്റുവരവാണ് കഴിഞ്ഞ വര്‍ഷം മാത്രം ഹോംഷോപ്പ് വഴി ലഭിച്ചത്. 13 ജില്ലകളില്‍ ആരംഭിച്ച 13 പ്രീമിയം കഫേ റെസ്റ്ററന്‍റുകള്‍ വഴി കഴിഞ്ഞ ഒരു വര്‍ഷം അഞ്ചു കോടിയിലേറെ രൂപയുടെ വിറ്റുവരവ് നേടാനും കുടുംബശ്രീക്കായി.

 
Content highlight
Kudumbashree with more than 1,000 products in the online trading sector

കുടുംബശ്രീ സംസ്ഥാനതല അവാര്‍ഡ് നിര്‍ണ്ണയ ശില്‍പ്പശാലയ്ക്ക് തുടക്കം

Posted on Tuesday, April 22, 2025

സംസ്ഥാനതല 'കുടുംബശ്രീ അവാര്‍ഡ്' നിര്‍ണ്ണയ ശില്‍പ്പശാലയ്ക്ക് തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് കിലയില്‍ ഇന്നലെ (ഏപ്രില്‍ 21) തുടക്കമായി. മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍), മികച്ച അയല്‍ക്കൂട്ടം, മികച്ച ഊരുസമിതി, മികച്ച ബഡ്‌സ് സ്ഥാപനം, മികച്ച സംരംഭക ഗ്രൂപ്പ് എന്നീ ഇനങ്ങളില്‍ സംസ്ഥാനതല അവാര്‍ഡിനായുള്ള നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ ആദ്യ ദിനമായ ഇന്നലെ നടന്നു.

  ഇന്ന് (ഏപ്രില്‍ 22) മികച്ച സി.ഡി.എസ് (സംയോജന പ്രവര്‍ത്തനം, തനത് പ്രവര്‍ത്തനം, ഭരണ നിര്‍വ്വഹണം - സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനം), മികച്ച ഓക്‌സിലറി ഗ്രൂപ്പ്, മികച്ച സംരംഭക, മികച്ച സി.ഡി.എസ് (ട്രൈബല്‍ പ്രവര്‍ത്തനം), മികച്ച ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ എന്നിവയ്ക്കായുള്ള അവതരണങ്ങള്‍ നടക്കും. ഏപ്രില്‍ 26 വരെയാണ് അവാര്‍ഡ് നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍.  മേയ് 17ന് കുടുംബശ്രീ ദിനത്തോട് അനുബന്ധിച്ച് അവാര്‍ഡ് വിതരണവും സംഘടിപ്പിക്കും.

  ത്രിതല സംഘടനാ സംവിധാനമുള്‍പ്പെടെ താഴേത്തട്ടുമുതലുള്ള കുടുംബശ്രീ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജവും പ്രചോദനവുമേകുകയെന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അതിന് അംഗീകാരം നല്‍കുകയാണ് അവാര്‍ഡ് വിതരണത്തിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. ആകെ 17 വിഭാഗങ്ങളിലാണ് സംസ്ഥാനതല അവാര്‍ഡുകള്‍ നല്‍കുന്നത്.

 മികച്ച അയല്‍ക്കൂട്ടം, എ.ഡി.എസ്, ഊര് സമിതി, സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്‌സ് സ്ഥാപനം, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, ഓക്‌സിലറി ഗ്രൂപ്പ്, ഓക്‌സിലറി സംരംഭം, സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷന്‍ എന്നീ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം മികച്ച സി.ഡി.എസ് (സംയോജന പ്രവര്‍ത്തനം, തനത് പ്രവര്‍ത്തനം, ഭരണ നിര്‍വ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍), മികച്ച സി.ഡി.എസ് (കാര്‍ഷികമേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍), മികച്ച സി.ഡി.എസ് (ട്രൈബല്‍ പ്രവര്‍ത്തനം), മികച്ച സി.ഡി.എസ് (സൂക്ഷ്മ സംരംഭം, ഡി.ഡി.യു-ജി.കെ.വൈ്, കെഡിസ്‌ക്) എന്നീ പുരസ്‌ക്കാരങ്ങളും നല്‍കും.

 മികച്ച ജില്ലാ മിഷന്‍, മികച്ച പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, മികച്ച സ്‌നേഹിത, മികച്ച ബഡ്‌സ് സ്ഥാപനം എന്നിവ ഒഴികെ ശേഷിച്ച അവാര്‍ഡുകള്‍ക്കായി 14 ജില്ലകളില്‍ നിന്നും ജില്ലാതല അവാര്‍ഡ് നേടിയെത്തിയ ത്രിതല സംഘടനാ സംവിധാന പ്രതിനിധികളാണ് ശില്‍പ്പശാലയില്‍ അവതരണങ്ങള്‍ നടത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

 
അവാര്‍ഡ് നിര്‍ണ്ണയ ശില്‍പ്പശാല മന്ത്രി സന്ദര്‍ശിച്ചു

സംസ്ഥാനതല കുടുംബശ്രീ അവാര്‍ഡ് നിര്‍ണ്ണയ ശില്‍പ്പശാല തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് എന്നിവര്‍ ഇന്നലെ സന്ദര്‍ശിച്ചു.

Content highlight
kudumbashree state level award judgement starts

തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഇംഗ്ളീഷ് ഭാഷാ നൈപുണ്യ പരിശീലനം: കുടുംബശ്രീ കമ്യൂണിക്കോര്‍ പദ്ധതിക്ക് നാളെ തുടക്കമാകും

Posted on Tuesday, April 22, 2025

തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും  ഇംഗ്ളീഷ് ഭാഷാ നൈപുണ്യം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന 'കമ്യൂണിക്കോര്‍' പദ്ധതിക്ക് ലോക ആംഗലേയ ഭാഷാ ദിനമായ ഏപ്രില്‍ 23 ന് സംസ്ഥാനത്ത് തുടക്കമാകും. ഇംഗ്ളീഷ് ഭാഷയില്‍ പ്രാവീണ്യം വര്‍ധിപ്പിച്ചു കൊണ്ട് ഗുണമേന്‍മയുളള ഉന്നതവിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും ഒപ്പം ഡിജിറ്റല്‍ സാക്ഷരതയും ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശീയ മേഖലയില്‍ നിന്നും പദ്ധതി ഗുണഭോക്താക്കളായി തിരഞ്ഞെടുത്ത ആയിരത്തോളം കുട്ടികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 23ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ മന്ത്രി എം.ബി രാജേഷ് ഓണ്‍ലൈനായി നിര്‍വഹിക്കും.

നിലവില്‍ പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന  അട്ടപ്പാടി, പറമ്പിക്കുളം(പാലക്കാട്), തിരുനെല്ലി,
നൂല്‍പ്പുഴ(വയനാട്), ആറളം ഫാം(കണ്ണൂര്‍), നിലമ്പൂര്‍(മലപ്പുറം), കോടഞ്ചേരി (കോഴിക്കോട്), കുട്ടമ്പുഴ (എറണാകുളം), മറയൂര്‍, കാന്തല്ലൂര്‍,  വട്ടവട(ഇടുക്കി) കൊറഗ പ്രത്യേക പദ്ധതി (കാസര്‍കോട്),  കാടര്‍ പ്രത്യേക പദ്ധതി(തൃശൂര്‍), മലൈപണ്ടാരം പ്രത്യേക പദ്ധതി(പത്തനംതിട്ട) എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുക.

ഓരോ ജില്ലയിലും പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 30 മുതല്‍ 50  കുട്ടികള്‍ വരെ ഉള്‍പ്പെടുന്ന വിവിധ ബാച്ചുകള്‍ ഉണ്ടാകും. 12 നും 18 നും ഇടയില്‍ പ്രായമുളള  കുട്ടികളായിരിക്കും ഇതില്‍ പങ്കെടുക്കുക. അവധിക്കാലത്ത് റെസിഡന്‍ഷ്യല്‍ പരിശീലനം ഉള്‍പ്പെടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ക്ളാസ് റൂം പഠനത്തോടൊപ്പം റോള്‍ പ്ളേ, തിയേറ്റര്‍, ഡിബേറ്റുകള്‍, ചര്‍ച്ചകള്‍, ഔട്ട് ഡോര്‍ ഗെയിംസ് തുടങ്ങി വിവിധ പഠന രീതികള്‍ ഉപയോഗിച്ചുകൊണ്ടാകും പരിശീലനം നല്‍കുക. ഇതിനായി നാല്‍പ്പതോളം അധ്യാപകരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായി ചേര്‍ന്നുകൊണ്ട് പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂള്‍ പ്രകാരം പരിശീലനവും നല്‍കിയിട്ടുണ്ട്.  
 
തദ്ദേശീയ മേഖലയില്‍ അധിവസിക്കുന്നവര്‍ക്ക് മലയാളം ഇംഗ്ളീഷ് ഭാഷകള്‍ മനസിലാക്കുന്നതിന് പ്രയാസം നേരിടുന്നത് വിദ്യാഭ്യാസ രംഗത്തും തൊഴില്‍മേഖലയിലും അവരുടെ മുന്നേറ്റത്തെ സാരമായി ബാധിക്കുന്നുണ്ട്. കമ്യൂണിക്കോര്‍ പരിശീലന പദ്ധതി നടപ്പാക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. കുടുംബശ്രീ സംസ്ഥാന മിഷനാണ് പദ്ധതി വിഭാവനം ചെയ്തു നടപ്പാക്കുന്നത്.

Content highlight
minister will inagurates communicore project on april 23

മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികള്‍ വഴി കുടുംബശ്രീ വരുമാനമൊരുക്കിയത് 3.24 ലക്ഷം ഗുണഭോക്താക്കള്‍ക്ക്

Posted on Tuesday, April 22, 2025

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വഴി നാളിതുവരെ വരുമാനമൊരുക്കിയത് 3.24 ലക്ഷം ഗുണഭോക്താക്കള്‍ക്ക്. ഈ രംഗത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത്രയും ഗുണഭോക്താക്കള്‍ക്ക് മികച്ച തൊഴിലും അതുവഴി സുസ്ഥിര വരുമാനവും നേടിക്കൊടുക്കാന്‍ കുടുംബശ്രീക്കായത്. കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിന്‍റെ ഭാഗമായി തൊഴില്‍ ലഭിച്ച 100825 കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടും.

മൃഗസംരക്ഷണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടപ്പാക്കി വരുന്നത്. കേരള ചിക്കന്‍ പദ്ധതി വഴി ഇതുവരെ നേടിയത് 357 കോടി രൂപയാണ്. ആഭ്യന്തര ഉപഭോഗത്തിന്‍റെ എട്ടു ശതമാനം ഉല്‍പാദിപ്പിക്കാനാകുന്നതും പൊതുവിപണിയില്‍ വില നിയന്ത്രിക്കാന്‍ കഴിയുന്നു എന്നതും പദ്ധതിയുടെ നേട്ടമാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 'കേരള ചിക്കന്‍' എന്ന പേരില്‍ ഫ്രോസന്‍ ഉല്‍പന്നങ്ങളുടെ വിപണനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കഠിനംകുളത്ത് പ്രോസസിങ്ങ് പ്ളാന്‍റും പ്രവര്‍ത്തന സജ്ജമായി. നിലവില്‍ എഴുനൂറോളം ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി സുസ്ഥിര വരുമാനം ലഭിക്കുന്നു.  

പൗള്‍ട്രി മേഖലയിലും വലിയ കുതിപ്പാണുണ്ടായത്. 104 ഹാച്ചറികളും 76 മദര്‍ യൂണിറ്റുകളും ഈ രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ കോഴിയും കൂടും പദ്ധതി വഴി  പൗള്‍ട്രി യൂണിറ്റുകളെ എംപാനല്‍ ചെയ്തു കൊണ്ട് 623 കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ മുട്ടക്കോഴി വളര്‍ത്തല്‍ ആരംഭിക്കാനും സഹായം നല്‍കി.

ഉപജീവന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് നല്‍കിയ സാമ്പത്തിക പിന്തുണയും ഏറെ ശ്രദ്ധേയമാണ്. ഇതിനായി ഗ്രാമീണ സി.ഡി.എസുകള്‍ക്ക് 35.1 കോടി രൂപയും നഗര സി.ഡി.എസുകള്‍ക്ക് 5.15 കോടി രൂപയും ഉള്‍പ്പെടെ 40.16 കോടി രൂപയാണ് കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് ഇനത്തില്‍ ലഭ്യമാക്കിയത്.  20731 കന്നുകാലി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഇതു സഹായകമായി. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് 401 പ്രോഡ്യൂസര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനും പ്രവര്‍ത്തനമൂലധനത്തിനുമായി നാലു കോടി രൂപയും ധനസഹായമായി നല്‍കി.   ക്ഷീരസാഗരം പദ്ധതി വഴി പശുവളര്‍ത്തല്‍ കര്‍ഷകര്‍ക്കും ആട് ഗ്രാമം പദ്ധതി വഴി ആട് വളര്‍ത്തല്‍ കര്‍ഷകര്‍ക്കും സബ്സിഡി ലഭ്യമാക്കിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പും ഈ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങളുമായും ചേര്‍ന്നു കൊണ്ട് അംഗങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനങ്ങള്‍ നല്‍കി മികച്ച കര്‍ഷകരും സംരംഭകരുമാക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഫീല്‍ഡ്തലത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനായി 4530 കമ്യൂണിറ്റി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി പശുസഖി സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കി. ഇതില്‍ നിന്നും 458 പശുസഖിമാര്‍ക്ക് എ ഹെല്‍പ് സര്‍ട്ടിഫിക്കേഷനും ലഭ്യമാക്കി. ഇവര്‍ ഫീല്‍ഡ്തലത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആവശ്യമായ പിന്തുണ നല്‍കും.

വനിതാ കര്‍ഷകര്‍ക്ക് മത്സ്യക്കൃഷിയിലും അനുബന്ധ മേഖലകളിലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഫിഷറീസ് ക്ളസ്റ്ററുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 

Content highlight
Kudumbashree generates income for 3.24 lakh beneficiaries through various schemes in the animal husbandry sector ml