വാര്‍ത്തകള്‍
കുടുംബശ്രീ കൊച്ചി ദേശീയ സരസ്മേള 2023 - ലോഗോയും ടാഗ് ലൈനും തയാർ, നിതിനും ഷിഹാബുദ്ദീനും വിജയികൾ
'ഉജ്ജീവനം' നൂറുദിന സംസ്ഥാനതല ക്യാമ്പെയ്ന്‍ ബഹു. മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
ശാസ്ത്രീയമായ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ അതിദരിദ്രരുടെ ഉപജീവന ആവശ്യങ്ങള്‍ നിര്‍വഹിക്കുക വഴി ഇന്ത്യയില്‍ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഉജ്ജീവനം' നൂറു ദിന ഉപജീവന ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 25ന് തൈക്കാട് ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ദാരിദ്ര്യനിര്‍മാര്‍ജന മിഷന്‍ എന്ന നിലയ്ക്ക് സംസ്ഥാന ജില്ലാ നഗര ഗ്രാമ വാര്‍ഡുതലത്തില്‍ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒരുമിച്ചു പ്രവര്‍ത്തിച്ചു കൊണ്ട് കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയണമെന്ന് തദ്ദേശ സ്വയംഭരണ അഡീഷണല്‍ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത അതിദരിദ്ര ഗുണഭോക്താക്കള്‍ക്കുളള ഉപജീവന പദ്ധതി സഹായവിതരണം ജാഫര്‍ മാലിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി സുരേഷ് കുമാര്‍, സംസ്ഥാന പ്ളാനിങ്ങ് ബോര്‍ഡ് അംഗം ജിജു.പി.അലക്സ് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. മൊബൈല്‍ ആപ് വഴി ഗുണഭോക്താക്കളുടെ വിവരശേഖരണം നടത്തുന്ന മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് ജാഫര്‍ മാലിക് നേതൃത്വം നല്‍കി.
കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗീത നസീര്‍, സി.ഡി.എസ് അധ്യക്ഷമാരായ സിന്ധു. ശശി.പി, വിനീത. പി, ഷൈന. എ, ബീന. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് നന്ദി പറഞ്ഞു.
കുടുംബശ്രീ കേരള ചിക്കന് 208 കോടി രൂപയുടെ വിറ്റുവരവ്
കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച 2019 മാര്‍ച്ച് മുതല്‍ ഇതു വരെയുള്ള വിറ്റുവരവാണിത്. നിലവില്‍ പ്രതിദിനം ശരാശരി 25,000 കിലോ കോഴിയിറച്ചിയുടെ വിപണനമാണ് ഔട്ട്ലെറ്റുകള്‍ വഴി നടക്കുന്നത്. പൊതു വിപണിയെ അപേക്ഷിച്ച് ലഭിക്കുന്ന വിലക്കുറവും ഗുണനിലവാരവുമാണ് കേരള ചിക്കന് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നല്‍കുന്നത്. പദ്ധതി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സംസ്കരിച്ച കോഴി ഇറച്ചിയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഉടന്‍ വിപണിയിലെത്തിക്കും.
ഉപഭോക്താക്കള്‍ക്ക് സംശുദ്ധമായ കോഴി ഇറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് 2019ല്‍ എറണാകുളം ജില്ലയിലാണ്. പിന്നീട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഈ വര്‍ഷം തന്നെ കണ്ണൂരിലും പദ്ധതി ആരംഭിക്കും.
നിലവില്‍ പദ്ധതിയുടെ ഭാഗമായി 345 ബ്രോയ്ലര്‍ ഫാമുകളും, 116 കേരള ചിക്കന്‍ ഔട്ട്ലെറ്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികയെടുത്ത ശേഷം കേരള ചിക്കന്‍ ഔട്ട്ലെറ്റുകളില്‍ എത്തിച്ചു വിപണനം നടത്തുകയാണ് ചെയ്യുന്നത്. ഇതു പ്രകാരം പദ്ധതിയില്‍ ഉള്‍പ്പെട്ട കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ ശരാശരി 50,000 രൂപ വളര്‍ത്തു കൂലിയായി ലഭിക്കുന്നു. ഈയിനത്തില്‍ നാളിതു വരെ 19.68 കോടി രൂപയാണ് കുടുംബശ്രീ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. ഔട്ട്ലെറ്റുകള്‍ നടത്തുന്ന ഗുണഭോക്താക്കള്‍ക്കും പദ്ധതി ലാഭകരമാണ്. പ്രതിമാസം ശരാശരി 87,000 രൂപയാണ് ഇവര്‍ക്ക് വരുമാനമായി ലഭിക്കുന്നത്. നിലവില്‍ പദ്ധതി വഴി അഞ്ഞൂറോളം വനിതാ കര്‍ഷകര്‍ക്കും ഔട്ട്ലെറ്റ് ഗുണഭോക്താക്കള്‍ക്കും മെച്ചപ്പെട്ട ഉപജീവന മാര്‍ഗം ലഭിക്കുന്നുണ്ട്.
കുറഞ്ഞ മുതല്‍മുടക്കില്‍ സുസ്ഥിര വരുമാനം നേടാന്‍ സഹായകരമാകുന്ന തൊഴിലെന്ന നിലയ്ക്ക് കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. കേരള ചിക്കന്‍ ഫാമുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് അതത് കുടുംബശ്രീ ജില്ലാമിഷനുകളുമായി ബന്ധപ്പെട്ടാല്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കും.
'ഉജ്ജീവനം' അതിദരിദ്രരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നൂറു ദിന ക്യാമ്പെയ്ന് തുടക്കമിടുന്നു
കേരളത്തെ സമ്പൂര്‍ണ ദാരിദ്ര്യ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി 'ഉജ്ജീവനം' എന്ന പേരില്‍ പ്രത്യേക ഉപജീവന ക്യാമ്പെയ്ന് തുടക്കമിടുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25 മുതല്‍ 2024 ഫെബ്രുവരി ഒന്നു വരെ നൂറു ദിവസങ്ങളിലയാണ് ക്യാമ്പെയ്ന്‍. കുടുംബശ്രീ മുഖേന സംഘടിപ്പിച്ച സര്‍വേയിലൂടെ കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളില്‍ ഉപജീവനം ആവശ്യമായ 6429 കുടുംബങ്ങള്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ക്യാമ്പെയ്ന്‍റെ ലക്ഷ്യം. ഇതിനായി ദരിദ്ര കുടുംബങ്ങളില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനം നല്‍കുന്നതോടൊപ്പം വിവിധ പിന്തുണകളും ലഭ്യമാക്കും.
അതിദരിദ്ര കുടുംബങ്ങള്‍ക്ക് സുസ്ഥിര ഉപജീവന മാര്‍ഗം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പെയ്ന്‍ മുഖേന നടപ്പാക്കുക. ഇതിനായി ഓരോ ഓരോ കുടുംബങ്ങളുടെയും അതിജീവന ഉപജീവന ആവശ്യങ്ങള്‍ മനസിലാക്കുന്നതിനായി നവംബര്‍ 15വരെ ഭവന സന്ദര്‍ശനം നടത്തും. ഓരോ തദ്ദേശ സ്ഥാപനത്തിലും രൂപീകരിച്ച പ്രത്യേക ടീമിന്‍റെ നേതൃത്വത്തിലായിരിക്കും ഇത്. ഗുണഭോക്താവിന്‍റെ ഉപജീവന ആവശ്യകത, തൊഴില്‍ ലഭ്യതയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിവിധ പദ്ധതികള്‍, ആവശ്യമായ സാമ്പത്തിക പിന്തുണകള്‍ എന്നിവ വിവരണശേഖരണത്തിനായി തയ്യാറാക്കിയ പ്രത്യേക മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തും. ഇപ്രകാരം ഭവന സന്ദര്‍ശനം വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കുടുംബത്തിനും ആവശ്യമായ ഉപജീവന പ്രവര്‍ത്തനങ്ങളുടെ പട്ടിക അതത് തദ്ദേശ സ്ഥാപനതല ടീമുകളുടെ നേതൃത്വത്തില്‍ നവംബര്‍ 25നു മുമ്പായി പൂര്‍ത്തീകരിക്കും.
ഗുണഭോക്താക്കളുടെ വ്യക്തിഗത ഉപജീവന പദ്ധതി തയ്യാറാക്കുന്ന ചുമതല ഓരോ സി.ഡി.എസിലുമുള്ള മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റിനാണ്. അവശ്യപിന്തുണ ആവശ്യമുളളവര്‍, കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് നല്‍കുന്നതു വഴി പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ ഉളളവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പട്ടിക തയ്യാറാക്കുക. ഇപ്രകാരം തയ്യാറാക്കിയ ഉപജീവന പദ്ധതികളുടെ സാധ്യതകള്‍ പരിശോധിച്ച ശേഷം തൊഴില്‍ പരിശീലനം ആവശ്യമായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഇത് ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി രൂപപ്പെടുത്തിയ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ അതും കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ വഴി 2024 ഫെബ്രുവരി എട്ടിനകം ലഭ്യമാക്കും. കൂടാതെ തദ്ദേശ സ്ഥാപനതല പദ്ധതികള്‍, സ്പോണ്‍സര്‍ഷിപ് എന്നിവ മുഖേനയും സാമ്പത്തിക പിന്തുണ ലഭ്യമാക്കും. പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനായി സംസ്ഥാന ജില്ലാ തദ്ദേശതലത്തില്‍ പ്രത്യേക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
നഗരപ്രദേശങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാന്‍ ചലനം രണ്ടാംഘട്ട പരിശീലനത്തിന് തുടക്കം
കേരളത്തിലെ 129 നഗരങ്ങളിലെയും കുടുംബശ്രീ സി.ഡി.എസുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാര്‍, ഉപസമിതി ഭാരവാഹികള്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായുള്ള 'ചലനം' ചതുര്‍ദിന മാര്‍ഗ്ഗദര്‍ശന/ നേതൃത്വ പരിശീലന ക്യാമ്പിന്‍റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമായി. പൈലറ്റ് അടിസ്ഥാനത്തില്‍ നടത്തുന്ന ക്യാമ്പിന്‍റെ ഉദ്ഘാടനം കൊല്ലം ജില്ലയിലെ പെരിങ്ങാനത്ത് മാര്‍ത്തോമാ ധ്യാനതീരം സെന്‍ററില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് നിര്‍വഹിച്ചു. പരിശീലനം 20 വരെ നീളും.
നഗര സി.ഡി.എസുകളിലെ സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ചലനം ആദ്യഘട്ട പരിശീലനം നല്‍കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ജില്ലാതലത്തിലുള്ള ഈ രണ്ടാംഘട്ട പരിശീലനം. സംസ്ഥാനതലത്തില്‍ നിന്ന് നേരിട്ട് കൊല്ലത്ത് നടത്തുന്ന ഈ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ശേഷിക്കുന്ന 13 ജില്ലകളിലും ഡിസംബര്‍ 15നകം ജില്ലാതലത്തില്‍ ചലനം രണ്ടാംഘട്ടം നടത്തും.
കൊല്ലം ജില്ലയിലെ ആറ് നഗര സി.ഡി.എസുകളില്‍ നിന്നായി 36 സി.ഡി.എസ് ഭാരവാഹികള്‍ (ഈ നഗരസഭകളിലെ ഉപസമിതി കണ്‍വീനരമാര്‍ -സാമൂഹിക വികസനം, അടിസ്ഥാന സൗകര്യ വികസനം, ഉപജീവനം, വാര്‍ഡ്സഭ - തൊഴിലുറപ്പ്, മൈക്രോ ഫിനാന്‍സ്), കൊല്ലം ജില്ലയിലെ സിറ്റിമിഷന്‍ മാനേജര്‍മാര്‍, എല്ലാ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ സിറ്റി മിഷന്‍ മാനേജര്‍മാര്‍, ചലനം പരിശീലന കോര്‍ ടീമംഗങ്ങള്‍, കുടുംബശ്രീ സംസ്ഥാന മിഷനിലെ എന്‍ യു എല്‍ എം ടീം അംഗങ്ങള്‍, കൊല്ലം ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ എണ്‍പതോളം പേരാണ് ഈ ചതുര്‍ദിന പൈലറ്റ് പരിശീലനത്തിന്‍റെ ഭാഗമായിട്ടുള്ളത്.
ജില്ലാ മിഷനുകളുടെ നേരിട്ടുള്ള ഇടപെടല്‍, കുടുംബശ്രീ ഉദ്യോഗസ്ഥരുടെ പിന്തുണ, നഗരസഭകളുമായുള്ള മികച്ച ബന്ധവും സംയോജനവും ഉറപ്പാക്കല്‍, അവരവരുടെ വിഷയ മേഖലകളില്‍ പ്രാവീണ്യം ഉറപ്പാക്കല്‍, ഉപസമിതികളുടെയും വിലയിരുത്തല്‍ സമിതികളുടെയും മെച്ചപ്പെട്ട പ്രവര്‍ത്തനം, അയല്‍ക്കൂട്ടതലം വരെ ഉപസമിതികള്‍ ചലിപ്പിക്കല്‍, നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി (അര്‍ബന്‍ പോവര്‍ട്ടി റിഡക്ഷന്‍ പ്ലാന്‍- യു.പി.ആര്‍.പി) കാര്യക്ഷമമായി തയാറാക്കുക വഴി സംഘടനാ സംവിധാനം ചലിപ്പിക്കുകയും നഗരസഭാ പ്ലാനുമായി ബന്ധിപ്പിക്കുകയും ചെയ്യുക, കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ് ടീമുകളുടെ സേവനം പ്രയോജനപ്പെടുത്തല്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ക്കാണ് ചലനം രണ്ടാം ഘട്ടം ഊന്നല്‍ നല്‍കുന്നത്.
കൊല്ലം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍. ആര്‍ സ്വാഗതമാശംസിച്ച ഉദ്ഘാടന ചടങ്ങില്‍ അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ആതിര, അനീസ, ഉമേഷ്, സംസ്ഥാന മിഷന് പ്രോഗ്രാം മാനേജര്‍മാരായ ബീന, നിഷാന്ത് എന്നിവര്‍ പങ്കെടുത്തു.
കുടുംബശ്രീ 'തിരികെ സ്‌കൂളിൽ' ക്യാമ്പയിനിൽ ആവേശകരമായ പങ്കാളിത്തം; ആറ് ദിനം കൊണ്ട് 11.07 ലക്ഷം പഠിതാക്കൾ
കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിൽ' അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിനിൽ ആവേശകരമായ പങ്കാളിത്തം. ആറ് ദിനം കൊണ്ട് സംസ്ഥാനത്തുടനീളം ക്യാമ്പയിനിൽ പങ്കാളികളായത് 11,07,627 വനിതകൾ. പഴയകാല ഓർമകളിലേക്കുള്ള മടങ്ങിപ്പോക്കിനൊപ്പം പുതിയ കാലത്തെ ഒട്ടേറെ അറിവുകളും പങ്കുവയ്ക്കുന്ന ക്യാമ്പയിനിൽ പുതിയ തലമുറയിലെ അംഗങ്ങൾക്കൊപ്പം പ്രായത്തെ തോൽപ്പിക്കുന്ന ആവേശത്തോടെ പഴയകാല അയൽക്കൂട്ടാംഗങ്ങളും സജീവമായി എത്തിച്ചേരുന്നുണ്ട്. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും വെല്ലുവിളികൾ മറികടന്ന് എത്തുന്ന ഭിന്നശേഷിക്കാരും മിക്ക കേന്ദ്രങ്ങളിലും കാമ്പയിന് ആവേശം പകരുന്നു.
ഒക്ടോബർ ഒന്നിന് തുടക്കമിട്ട ക്യാമ്പയിന്റെ മൂന്ന് ബാച്ചുകളാണ് ഞായറാഴ്ച (ഒക്ടോബർ 15) യോട് കൂടി പൂർത്തിയായത്. ഒക്ടോബർ 15 വരെ 1,29,392 അയൽക്കൂട്ടങ്ങളിൽ നിന്നുള്ള വനിതകൾ ക്യാമ്പെയിന്റെ ഭാഗമായി. ഡിസംബർ 10 വരെ നീളുന്ന ക്യാമ്പയിനിൽ 46 ലക്ഷം അയൽക്കൂട്ടാംഗങ്ങളെയും ഭാഗമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
പാലക്കാട് ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പങ്കാളിത്തമുണ്ടായത്. 15609 അയൽക്കൂട്ടങ്ങളിൽ നിന്നായി 139851 അംഗങ്ങൾ ഇവിടെ പങ്കെടുത്തിട്ടുണ്ട്. മലപ്പുറം, എറണാകുളം ജില്ലകളാണ് തൊട്ടുപിന്നിൽ. മലപ്പുറത്ത് 15788 അയൽക്കൂട്ടങ്ങളിൽ നിന്നായി 136575 പേരും എറണാകുളത്ത് 13734 അയൽക്കൂട്ടങ്ങളിൽ നിന്നായി 116611 പേരും ഇതുവരെ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണകരണത്തോടെ സംസ്ഥാനത്തെ 1070 സി.ഡി.എസ് തലങ്ങളിലാണ് ക്യാമ്പയിൻ ഒരുക്കുന്നത്. ഡിസംബർ പത്ത് വരെയുള്ള പൊതു അവധി ദിനങ്ങളിൽ അതത് സി.ഡി.എസിൽ ലഭ്യമാകുന്ന സ്‌കൂളുകളാണ് ക്യാമ്പയിന് വേദിയാവുന്നത്. കേരളമൊട്ടാകെ 2000 സ്‌കൂളുകൾ ക്യാമ്പയിനായി പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുണ്ട്.
വിദഗ്ധ പരിശീലനം നേടിയ 15000 ത്തിലേറെ റിസോഴ്സ് പേഴ്സൺമാർ ക്ലാസ്സുകൾ നയിക്കുന്നത്. സംഘടനാ ശക്തി അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ ജീവിത ഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം പുതിയ അറിവുകൾ ആശയങ്ങൾ, ഡിജിറ്റൽ കാലം എന്നീ അഞ്ച് വിഷയങ്ങളിലാണ് ക്ലാസ്സുകൾ. ഓരോ മണിക്കൂറാണ് ഓരോ പിരീഡിന്റെയും ദൈർഘ്യം. ഒന്നിച്ചുള്ള ഉച്ചഭക്ഷണം, കലാപരിപാടികൾ തുടങ്ങിയവയും ക്യാമ്പയിന്റെ പ്രത്യേകതയാണ്.
അസംബ്ലിയോടെ ആരംഭിക്കുന്ന ക്ലാസ്സിൽ കുടുംബശ്രീയുടെ മുദ്രഗീതം ചൊല്ലുകയും ശുചിത്വ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.
അയൽക്കൂട്ടാംഗങ്ങൾക്ക് കൂടുതൽ ആവേശം പകർന്ന് പലയിടങ്ങളിലും ക്യാമ്പയിൻ കേന്ദ്രങ്ങളിൽ നിരവധി പ്രമുഖർ സന്ദർശനം നടത്തുന്നുണ്ട്.
പി.എം. സ്വാനിധി - കുടുംബശ്രീ മുഖേന ഉപജീവനമാര്‍ഗമൊരുക്കാന്‍ വായ്പ നേടിയത് 51046 ഗുണഭോക്താക്കള്‍
കോവിഡ് വ്യാപന കാലത്ത് ഉപജീവനമാര്‍ഗം നഷ്ടമായ തെരുവു കച്ചവടക്കാര്‍ക്ക് അവരുടെ തൊഴിലും വരുമാനവും വീണ്ടെടുക്കുന്നതിനാവശ്യമായ ചെറുകിട വായ്പാസൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പി.എം സ്വാനിധി. പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി യഥാക്രമം 10,000, 20,000, 50,000 രൂപ വീതം വായ്പ ലഭിക്കും. ഓരോ ഘട്ടത്തിലും നല്‍കുന്ന വായ്പയുടെ തിരിച്ചടവ് പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് അടുത്ത ഘട്ട വായ്പ ലഭിക്കുക, ഇപ്രകാരം ഓരോ ഗുണഭോക്താവിനും പരമാവധി 80,000 രൂപ വരെ വായ്പ ലഭിക്കും. നിലവില്‍ 6531 ഗുണഭോക്താക്കള്‍ക്ക് രണ്ടാംഘട്ട വായ്പയും 1926 പേര്‍ക്ക് മൂന്നാംഘട്ട വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. വായ്പയ്ക്ക് ഏഴു ശതമാനം പലിശ സബ്സിഡി ലഭിക്കുന്നതും ഗുണഭോക്താക്കള്‍ക്ക് ആശ്വാസകരമാണ്. കൂടാതെ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേക ഇന്‍സെന്‍റീവും ലഭിക്കും.
ഒരാള്‍ക്ക് വായ്പ ലഭിക്കാന്‍ തെരുവു കച്ചവടക്കാരനാണെന്നു സാക്ഷ്യപ്പെടുത്തുന്ന നഗരസഭയുടെ കത്ത്, വെന്‍ഡിങ്ങ് സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒന്നും ആധാര്‍ കാര്‍ഡും മാത്രം നല്‍കിയാല്‍ മതിയാകും. വായ്പ ലഭിക്കുന്നതിന് പ്രത്യേകം ഈട് നല്‍കേണ്ട ആവശ്യമില്ല എന്നതും തെരുവുകച്ചവടക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്. നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്തെ 93 നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതി അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന തെരുവു കച്ചവടക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനലഭ്യതയും ഉറപ്പു വരുത്താന്‍ സഹായകരമാകുന്നുണ്ട്. നഗരസഭകളുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് പി.എം സ്വാനിധിയുടെ നടത്തിപ്പും.
മുസോറി ഐ.എ.എസ് അക്കാഡമി എക്‌സിബിഷനില്‍ മികച്ച സ്വീകാര്യത നേടി വീണ്ടും കുടുംബശ്രീ
കുടുംബശ്രീ 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ബഹു. മന്ത്രി ശ്രീ. എം.ബിരാജേഷ് നിര്‍വഹിച്ചു
സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ഇന്ത്യയിലെ പെണ്‍കരുത്തിന്‍റെ അടയാളമാണ് കുടുംബശ്രീയെന്ന് ബഹു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബിരാജേഷ് പറഞ്ഞു. 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം തൃത്താലയില്‍ ഡോ.കെ.ബി മേനോന്‍ സ്മാരക ഹയര്‍ സക്കണ്ടറി സ്കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 25 വര്‍ഷം കൊണ്ട് സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് കുടുംബശ്രീ വലിയ മുന്നേറ്റമാണ് സാധ്യമാക്കിയതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇനി ദാരിദ്ര്യ നിര്‍മാര്‍ജനമല്ല, വരുമാന വര്‍ധനവാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ ഉള്ളടക്കത്തിലും പ്രവര്‍ത്തന സ്വഭാവത്തിലും നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഈയൊരു പരിവര്‍ത്തനഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായ കുതിപ്പുകള്‍ നടത്തേണ്ടത് അനിവാര്യമാണ്. ഇതിനാവശ്യമായ അറിവ്, വൈദഗ്ധ്യം, ഊര്‍ജ്ജം, നൈപുണ്യം എന്നിവ കൈവരിക്കാന്‍ 'തിരികെ സ്കൂളില്‍' ക്യാമ്പെയ്നില്‍ പങ്കെടുക്കുന്നത് കുടുംബശ്രീ വനിതകള്‍ക്ക് ഏറെ സഹായകമാകും. ജീവിതനിലവാരത്തിലും സാമൂഹിക ജീവിതത്തിലും മാനവ പുരോഗതിയിലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിലും കുടുംബശ്രീ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2021ലെ നീതി ആയോഗിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ദാരിദ്ര്യം കേവലം 0.55 ശതമാനം മാത്രമാണ്. ഇത് സാധ്യമാക്കിയതില്‍ മുഖ്യപങ്കു വഹിച്ചത് കുടുംബശ്രീയാണ്. കുടുംബശ്രീ വനിതകള്‍ക്ക് സാമ്പത്തിക ക്രയവിക്രയം നടത്തുന്നതിനും സംരംഭ വികസനത്തിനും സഹായകമാകുന്ന പരിശീലനമാണ് ഇപ്പോള്‍ ക്യാമ്പെയ്ന്‍ വഴി ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ഗോത്ര ഊരുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട ഉള്‍ച്ചേര്‍ക്കല്‍ 'നമ്മക്കൂട്ടം' ക്യാമ്പെയ്ന്‍റെ പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. 46 ലക്ഷം വനിതകള്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പെയ്നു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ മന്ത്രി അഭിനന്ദിച്ചു. അസംബ്ളിയിലും പങ്കെടുത്തു. തുടര്‍ന്ന് സ്കൂള്‍ ബെല്‍ അടിച്ചതിനു ശേഷം പരിശീലനം നടത്തുന്ന 15 ക്ളാസുകളിലും സന്ദര്‍ശനവും നടത്തി.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര് ഡോ.എസ്.ചിത്ര മുഖ്യാതിഥി ആയി. കില ഡയറക്ടര്‍ ജോയ് ഇളമണ്‍, തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ ജയ ശുചിത്വ പ്രതിജഞ ചൊല്ലിക്കൊടുത്തു. ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കൃഷ്ണ കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാര്‍ സി.വി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ ഷറഫുദ്ദീന്‍ കളത്തില്‍, ടി.സുഹറ, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി ശ്രീനിവാസന്‍, തൃത്താല ബ്ളോക്ക് പഞ്ചായത്ത് അംഗം
കുബ്ര ഷാജഹാന്‍, തൃത്താല ഗ്രാമപഞ്ചായത്ത് അംഗം ഗോപി നാഥ്, ടി.പി മുഹമ്മദ് മാസ്റ്റര്‍, ശ്രീജി കടവത്ത്, സി.കെ വിജയന്‍, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്കു വേണ്ടി തൃത്താല സി.ഡി.എസ് അധ്യക്ഷ സുജിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് കെ.കെ ചന്ദ്രദാസ് കൃതജ്ഞത അറിയിച്ചു.
ആദ്യദിനമായ ഒക്ടോബര്‍ ഒന്നിന് സംസ്ഥാനമൊട്ടാകെ 870 സ്കൂളുകളിലായി ആകെ നാല് ലക്ഷം വനിതകള്‍ പരിശീലനത്തില്‍ പങ്കെടുത്തു. പാലക്കാട് ജില്ലയില്‍ ഇന്നലെ 4243 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 28231 വനിതകള്‍ പങ്കെടുത്തു. ജില്ലയില്‍ ആകെ 88 സി.ഡി.എസുകളിലാണ് ക്യാമ്പെയ്നില്‍ പങ്കെടുക്കുന്നത്. 91 സ്കൂളുകളില്‍ 655 ക്ളാസുകളാണ് നടത്തിയത്.
Pagination
- Previous page
- Page 11
- Next page