വാര്‍ത്തകള്‍

സംരംഭകത്വം ആശയങ്ങളുണ്ടോ...എങ്കില്‍ നേടാം സമ്മാനം- കുടുംബശ്രീ സരസ്‌മേളയോട് അനുബന്ധിച്ചുള്ള മത്സരങ്ങളുടെ ഭാഗമാകാം

Posted on Monday, November 20, 2023
നൂതന സംരംഭ ആശയങ്ങള്‍ ഉള്ളിലുള്ളവരാണോ നിങ്ങള്‍. എങ്കില്‍ അത് പങ്കുവച്ച് 5000 രൂപ ഒന്നാം സമ്മാനം നേടാന്‍ അസുലഭ അവസരം ഇതാ. അടുത്തമാസം എറണാകുളം ജില്ലയില്‍ കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായാണ് പൊതുനജങ്ങള്‍ക്കായി ' ഇന്നൊ എക്‌സ്‌പ്ലോസീവ് ' എന്ന ഈ സംരംഭ ആശയ മത്സരം നടത്തുന്നത്. 
 
 കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കനുയോജ്യമായതും സ്ത്രീ സംരംഭങ്ങള്‍ക്കുതകുന്നതുമായ 10 ലക്ഷം രൂപയില്‍ താഴെ മുതല്‍ മുടക്ക് വരുന്നതുമായ സംരംഭങ്ങളുടെ ആശയങ്ങളാണ് നല്‍കേണ്ടത്. 
 
ഏത് മേഖലയിലെയും ആശയങ്ങള്‍ സ്വീകരിക്കും. ആശയത്തിനൊപ്പം സംരഭത്തിന്റെ നടത്തിപ്പിനാവശ്യമായ ഭൗതികവും സാമ്പത്തികവുമായ വിശദാംശങ്ങളും രേഖപ്പെടുത്തണം. 
 
അവസാന തീയതി - നവംബര്‍ 30
 
 അയക്കേണ്ട വിലാസം
 
അല്ലെങ്കില്‍
ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍
കുടുംബശ്രീ മിഷന്‍ 
സിവില്‍ സ്‌റ്റേഷന്‍, രണ്ടാം നില
കാക്കനാട്, എറണാകുളം 682030
Content highlight
'Inno Explosive' Entrepreneurial Idea Competition organized as part of Saras Mela Ernakulam

ബഡ്സ് സ്കൂൾ വിദ്യാർത്ഥിനിക്ക് ഉജ്ജ്വല ബാല്യം പുരസ്ക്കാരം

Posted on Monday, November 20, 2023
സംസ്ഥാന സർക്കാരിൻ്റെ ' ഉജ്ജ്വല ബാല്യം ' പുരസ്ക്കാരം മലപ്പുറം തിരൂർ ബഡ്സ് സ്കൂളിലെ ഹന്ന ജഹൗറയ്ക്ക്. 
 
ശിശുദിനാഘോഷത്തോടനുബന്ധിച്ച് നവംബർ 14ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഹന്ന പുരസ്ക്കാരം ഏറ്റുവാങ്ങി. കലാ കായികമേഖലയിൽ മികവ് തെളിയിച്ചിട്ടുളള ഹന്ന ചെറിയമുണ്ടം ഇരിങ്ങാവൂർ കൂർമ്മത്ത് വീട്ടിൽ ബഷീർ - മൈമുന ദമ്പതികളുടെ മകളാണ്. 
 
  ഗോവയിൽ 2024 ജനുവരിയിൽ സംഘടിപ്പിക്കുന്ന സ്പെഷ്യൽ ഒളിംപിക്സിൽ ബാഡ്മിന്റണിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. എല്ലാ പിന്തുണയുമായി ബഡ്സ് സ്കൂളിലെ അധ്യാപിക പി. ഷൈജയുമുണ്ട്.
Content highlight
BUDS School Student bags Government of Kerala's 'Ujjwala Balyam' Award

ഡൽഹിയിൽ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ മികച്ച പ്രതികരണം നേടി കുടുംബശ്രീ ഉത്പന്നങ്ങൾ

Posted on Monday, November 20, 2023

ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിൽ തുടക്കമായ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) മികച്ച അഭിപ്രായം നേടി കുടുംബശ്രീയും. 

 
 ഐ.ഐ.ടി.എഫിലെ കേരള പവലിയനില്‍ ഉത്പന്ന വിപണനം നടത്തുന്നതിനായുള്ള കൊമേഴ്സ്യല്‍ സ്റ്റാളില്‍ രണ്ട് കുടുംബശ്രീ സ്റ്റാളുകളാണുള്ളത്. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇവിടെ വിപണനം നടത്തുന്നു. വസുധൈവ കുടുംബകം - വ്യാപാരം വഴി ഐക്യപ്പെടൽ എന്ന ഈ വർഷത്തെ തീം അടിസ്ഥാനമാക്കി പ്രത്യേക തീം സ്റ്റാളും കുടുംബശ്രീ തയാറാക്കിയിട്ടുണ്ട്. 
 
കൂടാതെ ഫുഡ്കോര്‍ട്ടില്‍ കേരളത്തിൻ്റെ രുചി വൈവിധ്യങ്ങളുടെ സ്വാദ് ഡൽഹിയിലേക്ക് എത്തിച്ച് കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നുമുള്ള കുടുംബശ്രീ യൂണിറ്റുകളുടെ സ്റ്റാളുകളുമുണ്ട്.
 
 ഗ്രാമീണ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിനുള്ള ആജീവിക സരസ് മേളയും ഐ.ഐ.ടി.എഫിലുണ്ട്. ഈ സരസ് മേളയില്‍ കുടുംബശ്രീ സംരംഭകരുടെ അഞ്ച് സ്റ്റാളുകളാണുള്ളത്. അട്ടപ്പാടി, പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളതാണ് ഈ സ്റ്റാളുകൾ. മേള 27ന് സമാപിക്കും.
 
Content highlight
India International Trade Fair starts in Delhi, Kudumbashree products gets great response

ജല്‍ ദീവാലി - ആയിരത്തോളം കുടുംബശ്രീ വനിതകള്‍ ജല ശുദ്ധീകരണ ശാലകളിൽ സന്ദര്‍ശനം നടത്തി

Posted on Tuesday, November 14, 2023
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെയും അമൃത് മിഷന്റെയും സംയുക്താഭിമുഖ്യത്തില് സംസ്ഥാനത്ത് ജല് ദീവാലി ക്യാമ്പെയിന് സംഘടിപ്പിച്ചു.
 
സ്ത്രീകള്ക്കായി ജലം, ജലത്തിനായി സ്ത്രീകളും എന്ന ടാഗ്‌ലൈനോടു കൂടി നവംബര് 7 മുതല് 9 വരെ സംഘടിപ്പിച്ച ക്യാമ്പെയിനില് 938 കുടുംബശ്രീ അംഗങ്ങള് ഭാഗമായി. സംസ്ഥാനത്തെ 36 ജല ശുദ്ധീകരണ ശാലകളില് 18 നഗരസഭകളില് നിന്നുള്ള സി.ഡി.എസ് ഭാരവാഹികള് ഉള്പ്പെടെയുള്ള അയല്ക്കൂട്ടാംഗങ്ങള് ക്യാമ്പെയിന്റെ ഭാഗമായി സന്ദര്ശനം നടത്തി.
 
അയല്ക്കൂട്ടങ്ങളിലെ സ്ത്രീകള്ക്ക് ജല ശുദ്ധീകരണ ശാലയിലെ പ്രവര്ത്തനങ്ങള് പഠിക്കുന്നതിനുള്ള അവസരവും സന്ദര്ശനത്തോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു. ജലശുദ്ധീകരണശാലയുടെ പ്രവര്ത്തനങ്ങളെക്കുറിച്ചും ജല പരിശോധനയെക്കുറിച്ചും കുടുംബശ്രീ അംഗങ്ങള്ക്ക് അമൃത് ഉദ്യോഗസ്ഥര് വിശദീകരിച്ചു നല്കി.
 
 ജലശുദ്ധീകരണശാല പ്രവര്ത്തനങ്ങളും ഇതോട് ചേര്ന്നുള്ള ലാബില് ജല പരിശോധനയും നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള അവസരവും ലഭിച്ചു.
ജനപ്രതിനിധികള്, ദേശീയ നഗര ഉപജീവന ദൗത്യം ഉദ്യോഗസ്ഥര്, അമൃത് മിഷന് ഉദ്യോഗസ്ഥര് എന്നിവരും സന്ദര്ശനത്തിന്റെ ഭാഗമായി.
 
jal deewali

 

Content highlight
Jal Diwali - About thousand Kudumbashree women visited Water Treatment Plantsml

കേരളീയത്തില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം: 1.37 കോടി രൂപയുടെ വിറ്റുവരവ്

Posted on Friday, November 10, 2023

കലയും സംസ്കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്. 'മലയാളി അടുക്കള' എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്.

കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിനാണ് ഫുഡ്കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ. ബ്രാന്‍ഡഡ് ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയില്‍ പുതുമയിലും സ്വാദിലും വേറിട്ടു നിന്ന അട്ടപ്പാടിയുടെ വനസുന്ദരി ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടി ഫുഡ്കോര്‍ട്ടിലെ താരമായി. 15.63 ലക്ഷമാണ് സംരംഭകര്‍ സ്വന്തമാക്കിയത്. കുടുംബശ്രീ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയിലും ആകര്‍ഷകമായ വിറ്റുവരവ് നേടാനായി. ഏറ്റവും കൂടുതല്‍ നവംബര്‍ അഞ്ചിനാണ്. 10.08 ലക്ഷം രൂപ.  
     
കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളാണ്  ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തത്. ഉദ്ഘാടന ദിനം മുതല്‍ കുടുംബശ്രീയുടെ 'മലയാളി അടുക്കള'യിലേക്ക് ഭക്ഷണപ്രേമികള്‍ ഒഴുകിയെത്തുകയായിരുന്നു. കേരളത്തനിമയുള്ള നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ സ്വാദും വൈവിധ്യവുമാണ് 'മലയാളി അടുക്കള'ക്ക് വമ്പിച്ച ജനപങ്കാളിത്തം നേടിക്കൊടുത്തത്. കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂര്‍വ അവസരം ഏവരും പ്രയോജനപ്പെടുത്തുകയും ചെയ്തു.

ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിച്ച ഫുഡ്കോര്‍ട്ടിലും വിപണന സ്റ്റാളിലും പൂര്‍ണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്ക്കരണം നടപ്പാക്കാന്‍ കഴിഞ്ഞതും നേട്ടമാണ്.

Content highlight
1.37 crore sales turnover for kudumbashree micro enterprises in Keraleeyam

ജല്‍ ദീവാലി: 18 നഗരസഭകളില്‍ ജല ക്യാമ്പെയ്ന്‍ ആരംഭിച്ചു

Posted on Tuesday, November 7, 2023

അമൃത് പദ്ധതിയെ കുറിച്ചും ജലശുദ്ധീകരണ ശാലകളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടു നടപ്പാക്കുന്ന 'ജല്‍ ദീവാലി' ക്യാമ്പെയ്ന് സംസ്ഥാനത്തെ പതിനെട്ടു നഗരസഭകളില്‍ തുടക്കം. സ്ത്രീകള്‍ക്കായി ജലം, ജലത്തിനായി സ്ത്രീകളും എന്നതാണ് ക്യാമ്പെയ്ന്‍റെ ടാഗ്ലൈന്‍. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യ (എന്‍.യു.എല്‍.എം)ത്തിന്‍റെയും അമൃത് മിഷന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്.  ജലത്തിന്‍റെ പ്രാധാന്യവും ജലസംരക്ഷണത്തിന്‍റെ അവശ്യകതയും സംബന്ധിച്ച അവബോധം കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായാണ് ക്യാമ്പെയ്ന്‍.

ക്യാമ്പെയ്ന്‍റെ ഭാഗമായി പതിനെട്ട് നഗരസഭകളില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ ഇന്നലെ(7-11-2023) മുതല്‍ സംസ്ഥാനത്തെ ജല ശുദ്ധീകരണ ശാലകളില്‍ സന്ദര്‍ശനം തുടങ്ങി. ആകെ 938 പേരെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.  30 മുതല്‍ 40 പേരടങ്ങുന്ന സംഘമായി  36 ജലശുദ്ധീകരണ ശാലകള്‍ സന്ദര്‍ശിക്കുന്നതിനാണ് തീരുമാനം. അമൃത് പദ്ധതിയെ കുറിച്ചും ശുദ്ധീകരണ ശാലകളിലെ ജലശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.


ജല ക്യാമ്പെയ്ന്‍ നടത്തുന്നതു വഴി കുടുംബശ്രീ സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ക്കും മെച്ചമുണ്ട്. ജലശുദ്ധീകരണശാലകളില്‍ സന്ദര്‍ശനം നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാവശ്യമായ തുണിസഞ്ചി, ഭക്ഷണം എന്നിവ കുടുംബശ്രീയുടെ തന്നെ യൂണിറ്റുകളാണ് തയ്യാറാക്കി നല്‍കുന്നത്. ക്യാമ്പെയ്ന്‍ ഒമ്പതിന് അവസാനിക്കും.

Content highlight
Jal Diwali -"Women for Water, Water for Women" Campaign to be held from 7-9 November 2023

കുടുംബശ്രീയുടെ 'തിരികെ സ്കൂളി'ലെത്തിയത് ഇരുപത് ലക്ഷത്തിലേറെ വനിതകള്‍

Posted on Tuesday, November 7, 2023
കുടുംബശ്രീ അംഗങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്ത 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന് സംസ്ഥാനമൊട്ടാകെ വന്‍വരവേല്‍പ്. ഇതുവരെ ക്യാമ്പെയ്നില്‍ പങ്കെടുത്തത് ഇരുപത് ലക്ഷത്തിലേറെ (2011465) അയല്‍ക്കൂട്ട വനിതകള്‍. ത്രിതല സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ട് ഒക്ടോബര്‍ ഒന്നിന് കുടുംബശ്രീ ആരംഭിച്ച ക്യാമ്പെയ്ന്‍റെ ഭാഗമായാണ് 192862 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി രണ്ട് ദശലക്ഷത്തിലേറെ അംഗങ്ങള്‍ വീണ്ടും സ്കൂളിന്‍റെ പടി കടന്നെത്തിയത്. നവംബര്‍ അഞ്ചു വരെയുള്ള കണക്കുകള്‍ പ്രകാരം മലപ്പുറം(230133) ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത്. പാലക്കാട്(228562), തൃശൂര്‍(194525) ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. 27 സി.ഡി.എസുകള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ 83.94 ശതമാനം പങ്കാളിത്തമുണ്ട്. ആകെയുള്ള 124647 അയല്‍ക്കൂട്ട അംഗങ്ങളില്‍ 72224 പേരും ക്യാമ്പെയ്നില്‍ പങ്കെടുത്തു.

ജില്ല, സി.ഡി.എസിന്‍റെ എണ്ണം, ആകെയുള്ള അയല്‍ക്കൂട്ട അംഗങ്ങളുടെ എണ്ണം,  ഇതുവരെ പരിശീലനത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം എന്ന ക്രമത്തില്‍. വയനാട്(27, 124647, 72224), പാലക്കാട്(97, 394697, 228562), കാസര്‍കോഡ്( 42, 180789, 98404), എറണാകുളം (102, 373645, 193387), പത്തനംതിട്ട(58, 150949, 74485), തൃശൂര്‍(100, 395509, 194525), കോട്ടയം(78, 233141, 114169), തിരുവനന്തപുരം(83,  460169, 217281), മലപ്പുറം(111, 509698, 230133), ആലപ്പുഴ(80, 320681, 134791 ), കണ്ണൂര്‍(81, 302794, 121079), കൊല്ലം (74, 348807, 136745), കോഴിക്കോട് (82, 427743, 144253), ഇടുക്കി (55, 154160, 51428).  

ഡിസംബര്‍ പത്തിനകം ബാക്കി 26 ലക്ഷം അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് അയല്‍ക്കൂട്ട ശൃംഖലയിലെ 46 ലക്ഷം വനിതകള്‍ക്കും പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഇനിയുളള ഏഴ് അവധിദിനങ്ങളില്‍ ഓരോ ദിവസവും പരമാവധി നാല് ലക്ഷം പേരെ വീതം പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കി. സംസ്ഥാനത്തെ 1070 സി.ഡി.എസ്, 19470 എ.ഡി.എസ്, സംസ്ഥാന ജില്ലാ മിഷനുകള്‍, ബ്ളോക്ക് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികള്‍ എന്നിവരടക്കം ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങളും അയല്‍ക്കൂട്ട പങ്കാളിത്ത പുരോഗതിയും എക്സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍  വിലയിരുത്തും.  

അയല്‍ക്കൂട്ടതലത്തില്‍ വലിയ തോതിലുള്ള ഉണര്‍വ് സൃഷ്ടിക്കാന്‍ ക്യാമ്പെയ്ന് സാധിച്ചിട്ടുണ്ട്. വയോധികരും അംഗപരിമിതരും ഉള്‍പ്പെടെ ചെറുപ്പത്തിന്‍റെ ഊര്‍ജസ്വലത കൈവരിച്ച് സ്കൂള്‍ ബാഗും നോട്ടുബുക്കും കുടയും ഉച്ചഭക്ഷണവുമായി സ്കൂളിലേക്കെത്തുന്ന കാഴ്ചകളും ഏറെയാണ്.
Content highlight
More than 20 lakh NHG Members attended Kudumbashree's Back to School Campaign

കേരളീയം 2023 - കേരളത്തിന്റെ രുചിക്കലവറയായി കുടുംബശ്രീ ഭക്ഷ്യമേള, കനകക്കുന്നിലേക്ക് ജനപ്രവാഹം

Posted on Friday, November 3, 2023
കേരളീയം 2023 നോടനുബന്ധിച് കനകക്കുന്നില് ആരംഭിച്ചിരിക്കുന്ന കുടുംബശ്രീ ഫുഡ്‌കോര്ട്ടില് ആദ്യ ദിനങ്ങളില് തന്നെ വന്ജനത്തിരക്ക്. കേരളത്തിലെ 14 ജില്ലകളിലെയും തനത് വിഭവങ്ങള് ലഭ്യമാക്കുന്ന ഫുഡ്‌കോര്ട്ടില് ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത് സ്വാദൂറും രുചികളാണ്. കൂടാതെ ബ്രാന്ഡഡ് വിഭവങ്ങള് ലഭിക്കുന്ന ഫുഡ് സ്റ്റാളുകളില് കുടുംബശ്രീ യൂണിറ്റുകള് തയാറാക്കുന്ന അട്ടപ്പാടിയിലെ വനസുന്ദരിയും വയനാട്ടിലെ മുളയരി പായസവുമുണ്ട്.
 
വിവിധ ഇനം ദോശകള്, വിവിധ തരം മീന്, ചിക്കന് വിഭവങ്ങള്, ഇറച്ചി ചോറ്, ചെറു ധാന്യങ്ങള് കൊണ്ടു തയ്യാറാക്കിയ വിഭവങ്ങള്, വിവിധതരം ജ്യൂസുകള്, പായസങ്ങള്, ഉന്നക്കായ, കായ്‌പ്പോള, പഴം നിറച്ചത്, കിളിക്കൂട്, പത്തിരി തുടങ്ങിയ വൈവിധ്യമാര്ന്ന പലഹാരങ്ങള് എന്നിങ്ങനെ നീളുന്നു ഭക്ഷ്യവിഭവങ്ങള്.
 
നിശ്ചിത തുകയ്ക്കുള്ള കൂപ്പണുകള് എടുത്ത് ആ കൂപ്പണുകള് കുടുംബശ്രീ ഫുഡ് സ്റ്റാളില് കൈമാറി വേണം ഭക്ഷണ വിഭവങ്ങള് വാങ്ങാന്. പൂര്ണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഫുഡ്‌കോര്ട്ടിന്റെ നടത്തിപ്പ് എന്നതാണ് മറ്റൊരു പ്രത്യേകത.
 
sdj
Content highlight
കേരളീയം 2023 - കേരളത്തിന്റെ രുചിക്കലവറയായി കുടുംബശ്രീ ഭക്ഷ്യമേള, കനകക്കുന്നിലേക്ക് ജനപ്രവാഹം

കേരളീയം ഭക്ഷ്യമേള രുചിവൈവിധ്യങ്ങളുടെ കലവറ : മന്ത്രി എം.ബി. രാജേഷ്

Posted on Thursday, November 2, 2023
മലയാളിയുടെ രുചിവൈവിധ്യങ്ങളുടെ കലവറയാണ് കേരളീയം ഭക്ഷ്യമേളയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. വിഭവസമൃദ്ധമായ ഭക്ഷണം ലോകത്തിനു മുന്നില് അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കേരളീയത്തിലൂടെ ലഭ്യമായതെന്നും മന്ത്രി പറഞ്ഞു. കേരളീയത്തോടനുബന്ധിച്ച് കനകക്കുന്നില് സംഘടിപ്പിക്കുന്ന കുടുംബശ്രീയുടെ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 
കേരളത്തിന്റെ ആകൃതിയില് ക്രമീകരിച്ച വിഭവസമൃദ്ധമായ ഭക്ഷണം രുചിച്ചുനോക്കിയാണ് മന്ത്രി ഉദ്ഘാടനം നിര്വ്വഹിച്ചത്. പതിനാലു ജില്ലകളില് നിന്നുള്ള പ്രാദേശിക വിഭവങ്ങള് നേരില്കണ്ട് രുചിച്ചുനോക്കിയ മന്ത്രി കേരളീയത്തിലൂടെ ബ്രാന്ഡു ചെയ്യുന്ന വനസുന്ദരി ചിക്കന് തയ്യാറാക്കുന്നതിലും പങ്കുചേര്ന്നു.
 
കുടുംബശ്രീയുടെ വ്യാപാര വിപണന മേളയും മന്ത്രി ഉദ്ഘാടനം ചെയ്തു. അഡീഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐ.എ.എസും മന്ത്രിക്കൊപ്പം സ്റ്റാളുകള് സന്ദര്ശിച്ചു. കുടുംബശ്രീ ഡയറക്ടര് ബിന്ദു കെ.എസ് കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര് ഡോ. ബി. ശ്രീജിത്ത്, പ്രോഗ്രാം ഓഫീസര് ശ്രീകാന്ത്, പബ്ലിക് റിലേഷൻസ് ഓഫീസര് നാഫി മുഹമ്മദ് എന്നിവരും പങ്കെടുത്തു.
ഇതുപത്തിനാലായിരം ചതുരശ്രയടി വിസ്തീര്ണത്തിലുള്ള വിശാലമായ അടുക്കളയില് പതിനാലുജില്ലകളിലെ പ്രാദേശിക വിഭവങ്ങളാണ് കുടുംബശ്രീ കൂട്ടായ്മയിൽ തയ്യാറാകുന്നത്.
 
കാസര്കോഡിന്റെ പ്രത്യേക വിഭവമായ കടമ്പും കോഴിയും മുതല് മലപ്പുറം സ്‌പെഷ്യലായ ചിക്കന്പൊട്ടിത്തെറിച്ചത് വരെ സ്റ്റാളുകളില് ലഭ്യമാണ്. രണ്ട് ബ്രാന്റഡ് വിഭവങ്ങളുടെ സ്റ്റാളുകളും കുടുംബശ്രീ ക്രമീകരിച്ചിട്ടുണ്ട്.
 
ing

 

Content highlight
Minister MB Rajesh inaugurates kudumbashree food court at Keraleeyam

കേരളീയം - 'കേളികൊട്ട് ' കുടുംബശ്രീ വിളംബര കലാജാഥയ്ക്ക് ഫ്ളാഗ് ഓഫ്

Posted on Saturday, October 28, 2023
നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിനായി കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കേളികൊട്ട് ' കലാജാഥയ്ക്ക് തുടക്കം. ഇന്ന് കനകക്കുന്നു കൊട്ടാരവളപ്പിൽ നിന്നാരംഭിച്ച കലാജാഥ ' കേരളീയം ' സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.
 
വയനാട്ടിലെ കുടുംബശ്രീ യൂണിറ്റിന്റെ സംഗീതസംഘമായ മലമുഴക്കിയാണ് കലാജാഥയ്ക്കു നേതൃത്വം നൽകുന്നത്. ഫ്‌ളാഗ് ഓഫിനു മുന്നോടിയായി കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജനയ്ക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഫ്‌ളാഷ് മോബും അരങ്ങേറി. തുടർന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
 
ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ്, കേരളീയം കൺവീനർ എസ്. ഹരികിഷോർ ഐ. എ.എസ് എന്നിവരും പങ്കെടുത്തു. നാളെയും മറ്റന്നാളുമായി തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തും. നാളെ നെടുമങ്ങാടും പാലോടും എത്തുന്ന യാത്ര മറ്റന്നാൾ ബാലരാമപുരം, നെയ്യാറ്റിൻകര, തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിലും എത്തിയശേഷം മാനവീയം വീഥിയിൽ സമാപിക്കും.
Content highlight
keraleeyam kelikottu kudumbashree cultural procession starts