വാര്‍ത്തകള്‍

മാതൃകാപരമായ പ്രവര്‍ത്തന മികവ്: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്

Posted on Thursday, June 7, 2018

തിരുവനന്തപുരം: രാജ്യത്തെ മികവുറ്റ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക്. തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ പഞ്ചായത്തിലെ ശ്രീകൃഷ്ണ, തൃശൂര്‍ ജില്ലയിലെ കൈയ്പമംഗലം പഞ്ചായത്തിലെ ഗ്രാമലക്ഷ്മി എന്നീ അയല്‍ക്കൂട്ടങ്ങള്‍ക്കാണ അവാര്‍ഡ്. ജൂണ്‍ 11ന് ന്യൂഡല്‍ഹിയിലെ പുസാ എ.പി.ഷിന്‍ഡെ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ് ടോമര്‍ അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്.

    മറ്റ് അയല്‍ക്കൂട്ടങ്ങള്‍ക്കും മാതൃകയാകുന്ന വിധത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന അയല്‍ക്കൂട്ടങ്ങളെ അംഗീകരിക്കുന്നതിനാണ് അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇതു നല്‍കുക.  അയല്‍ക്കൂട്ട യോഗങ്ങളുടെയും പങ്കെടുത്ത അംഗങ്ങളുടെയും എണ്ണം, ഓരോ അംഗത്തിന്‍റെയും ശരാശരി ഹാജര്‍, പരിശീലനം ലഭിച്ച അയല്‍ക്കൂട്ട അംഗങ്ങളുടെ എണ്ണം, അയല്‍ക്കൂട്ടങ്ങളില്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്ന അംഗങ്ങളില്‍ പരിശീലനം ലഭിച്ചവരുടെ എണ്ണം, ആകെ സമ്പാദ്യം, കോര്‍പ്പസ് ഫണ്ടിന്‍റെ വിതരണം, ആന്തരിക വായ്പയുടെ എണ്ണം, ലഭിച്ച കമ്യൂണിറ്റി ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്, കോര്‍പ്പസ് ഫണ്ട്, ലഭിച്ച ബാങ്ക് വായ്പകളുടെ എണ്ണം, ബാങ്ക് വായ്പകള്‍ കൊണ്ട് തുടങ്ങിയ സംരംഭങ്ങളുടെ എണ്ണം, വാര്‍ഷിക വരുമാനം, അതില്‍ ഉള്‍പ്പെടുന്ന സംരംഭകരുടെ എണ്ണം, സംരംഭത്തിന്‍റെ സാധ്യത, വരുമാന ലഭ്യത, സുസ്ഥിരത, വ്യക്തിഗത സംരംഭങ്ങളുടെ എണ്ണം, രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതിലെ കൃത്യത, വ്യക്തിഗത ബാങ്ക് അക്കൗണ്ടുള്ള അംഗങ്ങളുടെ എണ്ണം, ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള അംഗങ്ങളുടെ അനുപാതം, വീടുകളില്‍ ശുചിമുറിയുള്ള അംഗങ്ങളുടെ അനുപാതം, നേതൃഗുണം എന്നിവയാണ് അവാര്‍ഡ് നിര്‍ണയത്തിന് പരിഗണിച്ചത്.

    അവാര്‍ഡു നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലെ ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങളെ വീതം തിരഞ്ഞെടുത്ത് സംസ്ഥാനമിഷനില്‍ സമര്‍പ്പിച്ചിരുന്നു. ഇപ്രകാരം സമര്‍പ്പിച്ച 42 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഡയറക്ടര്‍ റംലത്ത് എം., പ്രോഗ്രാം ഓഫീസര്‍ പ്രമോദ് കെ.വി എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങളെ തിരഞ്ഞെടുത്ത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലേക്ക്  അവാര്‍ഡ് നിര്‍ണയത്തിനായി അയക്കുകയുമായിരുന്നു. ഇതില്‍ നിന്നാണ് മികച്ച രണ്ട് അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്.  

 

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവു കുറയ്ക്കാന്‍ ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കിയതിന് കുടുംബശ്രീക്ക് അവാര്‍ഡ്

Posted on Wednesday, June 6, 2018

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനും പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വൈവിധ്യങ്ങളായ പദ്ധതികളെ മുന്‍നിര്‍ത്തി കുടുംബശ്രീക്ക് അവാര്‍ഡ്. ഹരിതകേരള മിഷനും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും സംയുക്തമായി കനകക്കുന്ന് പാലസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയില്‍ നിന്നും മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് സ്വീകരിച്ചു.

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് മലിനീകരണം തടയുന്നതിനും ഉപയോഗം കുറയ്ക്കുന്നതുമടക്കം പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകേരളം മിഷന്‍റെ സഹായത്തോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍  വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് അവാര്‍ഡ്.  ഇതിനായി മൂന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ പ്രധാനമായും നടത്തുന്നത്. പ്ലാസ്റ്റിക്കിന് ബദലായുള്ള ഉല്‍പന്നങ്ങളുടെ നിര്‍മാണം, പുനരുപയോഗ സാധ്യമായ പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയവ വാടകയ്ക്ക് നല്‍കല്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ്ങിന് നല്‍കല്‍ എന്നിവയാണത്.  

  പ്ലാസ്റ്റിക്- പേനകള്‍, ഫയലുകള്‍, കവറുകള്‍- തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പര്‍ ഫയലുകള്‍, പേനകള്‍ ബാഗുകള്‍, പാത്രങ്ങള്‍, തുണി സഞ്ചി, തുടങ്ങിയവ നിര്‍മ്മിക്കുന്ന 77 സൂക്ഷ്മ സംരംഭങ്ങളാണ് കുടുംബശ്രീയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ മാസവും ഇത്തരത്തിലുള്ള 50000ത്തോളം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നു. സീസണില്‍ ഇത് രണ്ട് ലക്ഷത്തോളമാകും. ഇതുവഴി അത്രയും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഫലപ്രദമായി ഇടപെടാന്‍ കുടുംബശ്രീയ്ക്ക് കഴിയുന്നു. മാത്രവുമല്ല തുണി സഞ്ചി പോലുള്ള ഉല്‍പന്നങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ തന്നെ പ്ലാസ്റ്റിക് കവറുകളുടെ ഉപഭോഗം ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്നു. പേപ്പര്‍, കയര്‍, തുണി, തഴപ്പായ എന്നിവ കൊണ്ട് പൂവ്, ചെരുപ്പ്, ചവിട്ടി, ആഭരണങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകളും കുടുംബശ്രീയുടേതായുണ്ട്.

   ഇത് കൂടാതെ ആഘോഷ ചടങ്ങുകള്‍ക്കും മറ്റും പുനരുപയോഗിക്കാനാകുന്ന സ്റ്റീല്‍ പാത്രങ്ങ ളും ഗ്ലാസ്സുകളും ചില്ല് ഗ്ലാസ്സുകളും മറ്റും വാടകയ്ക്ക് നല്‍കുന്ന സംരംഭങ്ങളും, സംഘടനാ തലത്തില്‍ എഡിഎസ്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയും കുടുംബശ്രീയ്ക്കുണ്ട്. ഇപ്പോള്‍ നടക്കുന്ന സമ്മേളനങ്ങള്‍, വിവാഹങ്ങള്‍, മേളകള്‍ തുടങ്ങിയവയെല്ലാം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നു. ഇതിനായി ഇത്തരത്തിലുള്ള കുടുംബശ്രീ സെന്‍ററുകള്‍ ഏറെ സഹായകമാകുന്നു.

  ഉപയോഗരഹിതമായ പ്ലാസ്റ്റിക് മാലിന്യം സമാഹരിച്ച് പുനരുപയോഗത്തിന് കൈമാറുന്ന പ്രവര്‍ത്തനങ്ങളും ഹരിത കേരള മിഷന്‍റെ ഭാഗമായി നടക്കുന്നു. ഇതിലും കുടുംബശ്രീയ്ക്ക് മികച്ച പങ്കാളിത്തമുണ്ട്. കേരളത്തില്‍ ഇതുവരെ 869 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന രൂപീകരിച്ചു, ആകെ 28172 അംഗങ്ങളുണ്ട്. ഇതില്‍ 412 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 16349 അംഗങ്ങള്‍ക്ക് സമാഹരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി, അവര്‍ പ്രവര്‍ത്തന സജ്ജരായിക്കഴിഞ്ഞു. 182 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനഃചംക്രമണം ചെയ്തും ഉപയോഗിക്കുന്നു. ഇതേ രീതിയില്‍ പ്ലാസറ്റിക് ഷ്രെഡിങ് മെഷീന്‍ വഴി 285461 കിലോഗ്രാം പ്ലാസ്റ്റിക് പൊടിച്ചെടുത്ത് റോഡ് ടാറിങ്ങിനായി ക്ലീന്‍ കേരള കമ്പനി കൈമാറുകയും ചെയ്തു.

 കേരളത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ കുടുംബശ്രീ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹത്തില്‍ ഏറെ ക്രിയാത്മകമായ സംഭാവനയാണ് നല്‍കുന്നത്. ശബരിമല, മലയാറ്റൂര്‍, മലയാലപ്പുഴ, ആലുവ ശിവരാത്രി മണപ്പുറം, ആറ്റുകാല്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍  പ്ലാസ്റ്റിക് മാലിന്യം മൂലമുള്ള മലിനീകരണം തടയുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.

 

പരിസ്ഥിതി സംരക്ഷിക്കാന്‍, പ്ലാസ്റ്റിക് രഹിത കേരളത്തിന് വൈവിധ്യമാര്‍ന്ന പദ്ധതികളുമായി കുടുംബശ്രീ മുന്നോട്ട്

Posted on Tuesday, June 5, 2018

തിരുവനന്തപുരം: മറ്റൊരു ലോക പരിസ്ഥിതി ദിനം കൂടി ഇന്ന് (ജൂണ്‍ അഞ്ച്) ആചരിക്കുമ്പോള്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനും പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുന്നതിനും കുടുംബശ്രീ മുഖേ ന നടപ്പാക്കുന്ന പദ്ധതികള്‍ ശ്രദ്ധ നേടുന്നു. പ്ലാസ്റ്റിക് മലിനീകരണം പരാജയപ്പെടുത്താം എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന ആചരണത്തിന്‍റെ മുദ്രാവാക്യം. ഇത്തവണ ലോക പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്ക് ആതിഥ്യമരുളുന്നത് ഇന്ത്യയുമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകേരളം മിഷന്‍റെ സഹായത്തോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പ്രധാന്യം വര്‍ദ്ധിക്കുന്നതും. കേരള സമൂഹത്തില്‍ പ്ലാസ്റ്റിക്ക് മലിനീകരണം തടയുന്നതിനും ഉപയോഗം കുറയ്ക്കുന്നതിനുമാണ് കുടുംബശ്രീ ശ്രമിക്കുന്നത്. ഇതിനായി മൂന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ പ്രധാനമായും നടത്തുന്നത്. പ്ലാസ്റ്റിക്കിന് ബദലായുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം, പുനരുപയോഗ സാധ്യമായ പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയവ വാടകയ്ക്ക് നല്‍കല്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ്ങിന് നല്‍കല്‍ എന്നിവയാണ് ആ പ്രവര്‍ത്തനങ്ങള്‍.  പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ത്വരിതപ്പെടുത്തുന്നതിനായുള്ള ഈ പ്രവര്‍ത്തനങ്ങളിലാണ് പ്രധാനമായും കുടുംബശ്രീ ശ്രദ്ധയൂന്നി യിരിക്കുന്നത്.


  പ്ലാസ്റ്റിക്- പേനകള്‍, ഫയലുകള്‍, കവറുകള്‍- തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പര്‍ ഫയലുകള്‍, പേനകള്‍ ബാഗുകള്‍, പാത്രങ്ങള്‍, തുണി സഞ്ചി, തുടങ്ങിയവ നിര്‍മ്മിക്കുന്ന 77 സൂക്ഷ്മ സംരംഭങ്ങളാണ് കുടുംബശ്രീയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ മാസവും ഇത്തര ത്തിലുള്ള 50000ത്തോളം ഉത്പന്നങ്ങള്‍ വില്‍ക്കുന്നു. സീസണില്‍ ഇത് രണ്ട് ലക്ഷത്തോളമാകും. തത്ഫലമായി അത്രയും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഫലപ്രദമായി ഇടപെടാന്‍ കുടുംബശ്രീയ്ക്ക് കഴിയുന്നു. മാത്രവുമല്ല തുണി സഞ്ചി പോലുള്ള ഉത്പന്നങ്ങള്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ തന്നെ പ്ലാസ്റ്റിക് കവറുകളുടെ ഉപഭോ ഗം ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്നു. പേപ്പര്‍, കയര്‍, തുണി, തഴപ്പായ എന്നിവ കൊണ്ട് പൂവ്, ചെരുപ്പ്, ചവിട്ടി, ആഭരണങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകളും കുടുംബശ്രീയുടേതായുണ്ട്.

   ഇത് കൂടാതെ ആഘോഷ ചടങ്ങുകള്‍ക്കും മറ്റും പുനരുപയോഗിക്കാനാകുന്ന സ്റ്റീല്‍ പാത്രങ്ങ ളും ഗ്ലാസ്സുകളും ചില്ല് ഗ്ലാസ്സുകളും മറ്റും വാടകയ്ക്ക് നല്‍കുന്ന സംരംഭങ്ങളും, സംഘടനാ തലത്തില്‍ എഡിഎസ്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയും കുടുംബശ്രീയ്ക്കുണ്ട്. ഇപ്പോള്‍ നടക്കുന്ന സമ്മേളനങ്ങള്‍, വിവാഹങ്ങള്‍, മേളകള്‍ തുടങ്ങിയവയെല്ലാം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നു. ഇതിനായി ഇത്തരത്തിലുള്ള കുടുംബശ്രീ സെന്‍ററുകള്‍ ഏറെ സഹായകമാകുന്നു.

  ഉപയോഗരഹിതമായ പ്ലാസ്റ്റിക് മാലിന്യം സമാഹരിച്ച് പുനരുപയോഗത്തിന് കൈമാറുന്ന പ്രവര്‍ ത്തനങ്ങളും ഹരിത കേരള മിഷന്‍റെ ഭാഗമായി നടക്കുന്നു. ഇതിലും കുടുംബശ്രീയ്ക്ക് മികച്ച പങ്കാളിത്തമുണ്ട്. കേരളത്തില്‍ ഇതുവരെ 869 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന രൂപീകരിച്ചു, ആകെ 28172 അംഗങ്ങളുണ്ട്. ഇതില്‍ 412 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 16349 അംഗങ്ങള്‍ക്ക് സമാഹരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി, അവര്‍ പ്രവര്‍ത്തന സജ്ജരായിക്കഴിഞ്ഞു. 182 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനഃചംക്രമണം ചെയ്തും ഉപയോഗിക്കുന്നു. ഇതേ രീതിയില്‍ പ്ലാസറ്റിക് ഷ്രെഡിങ് മെഷീന്‍ വഴി 285461 കിലോഗ്രാം പ്ലാസ്റ്റിക് പൊടിച്ചെടുത്ത് റോഡ് ടാറിങ്ങിനായി ക്ലീന്‍ കേരള കമ്പനി കൈമാറുകയും ചെയ്തു.

 
   കേരളത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ കുടുംബശ്രീ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹത്തില്‍ ഏറെ ക്രിയാത്മകമായ സംഭാവനയാണ് നല്‍കുന്നത്. ശബരിമല, മലയാറ്റൂര്‍, മലയാലപ്പുഴ, ആലുവ ശിവരാത്രി മണപ്പുറം, ആറ്റുകാല്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍  പ്ലാസ്റ്റിക് മാലിന്യം മൂലമുള്ള മലിനീകരണം തടയുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.

 

സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷം: പി.ആര്‍.ഡി മേളകളില്‍ നിന്നും കുടുംബശ്രീ സംരംഭകര്‍ക്ക് 1.24 കോടി രൂപയുടെ വിറ്റുവരവ്

Posted on Sunday, June 3, 2018

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഉല്‍പന്ന പ്രദര്‍ശന വിപണന മേളകളില്‍ നിന്നും കുടുംബശ്രീ സംരംഭകര്‍ നേടിയത് 1.24 കോടി രൂപയുടെ വിറ്റുവരവ്. ആകെ 368 സ്റ്റാളുകളിലായി മൂവായിരത്തിലേറെ സംരംഭകരുടെ ഉല്‍പന്നങ്ങളാണ് മേളയില്‍ വിറ്റഴിഞ്ഞത്.      

തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആലപ്പുഴ ജില്ലയൊഴികെ ബാക്കി ജില്ലകളിലെല്ലാം മേള സംഘടിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, ഗാര്‍മെന്‍റ്സ്, ടോയ്ലെറ്ററീസ്, വിവിധതരം കറി പൗഡറുകള്‍, അച്ചാറുകള്‍, ജാമുകള്‍, സ്ക്വാഷ് എന്നിവയാണ് പ്രധാനമായും വിപണനത്തിച്ചത്. ഏറ്റവും കൂടുതല്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചത് പാലക്കാട് ജില്ലയിലാണ്. 45 എണ്ണം. പത്തനംതിട്ട, തൃശൂര്‍, മലപ്പുറം ജില്ലകള്‍ 40 വീതം സ്റ്റാളുകളുമായി മേളയില്‍ പങ്കെടുത്തു. ഏഴു ദിവസത്തെ മേളയില്‍ നിന്നും 25 ലക്ഷം രൂപയുമായി ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് പാലക്കാട് ജില്ലയാണ്. 15 ലക്ഷം രൂപയുടെ വിറ്റുവരവുമായി തൃശൂര്‍ ജില്ല രണ്ടാമതും 14 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല മൂന്നാമതും എത്തി. ഏഴു ദിവസത്തെ മേളയില്‍ നിന്നും 1.24 കോടി രൂപയുടെ വിറ്റുവരവാണ് മേളയില്‍ പങ്കെടുത്ത യൂണിറ്റ് അംഗങ്ങള്‍ സ്വന്തമാക്കിയത്.

ഉല്‍പന്ന പ്രദര്‍ശന വിപണന മേളയോടൊപ്പം പതിമൂന്ന് ജില്ലകളിലും  കഫേ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഫുഡ് കോര്‍ട്ടും സജ്ജീകരിച്ചിരുന്നു. ആകെ 71 യൂണിറ്റുകളായി മുന്നൂറോളം വനിതകളാണ് ഇതില്‍ പങ്കെടുത്തത്. തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ രുചികളെ കോര്‍ത്തിണക്കി സംഘടിപ്പിച്ച ഫുഡ്കോര്‍ട്ട് ഭക്ഷണപ്രേമികള്‍ സജീവമാക്കിയതു വഴി 39,54,572 ലക്ഷം രൂപയുടെ വിറ്റുവരവ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഫുഡ്കോര്‍ട്ടില്‍ നിന്നും ഏഴു ലക്ഷം രൂപയുമായി ഏറ്റവും കൂടുതല്‍  വിറ്റുവരവ് നേടിയത് കോഴിക്കോട് ജില്ലയാണ്.  5.83 ലക്ഷം നേടി തിരുവനന്തപുരം ജില്ല രണ്ടാമതും 5.64 ലക്ഷം രൂപ നേടി എറണാകുളം ജില്ല മൂന്നാമതും എത്തി.
ജില്ലാതലത്തില്‍ മികച്ച സ്റ്റാളുകള്‍ക്കുള്ള പി.ആര്‍.ഡിയുടെ പുരസ്കാരവും കുടുംബശ്രീക്ക് ലഭിച്ചു. മികച്ച സ്റ്റാളിനുള്ള പ്രത്യേക പുരസകാരം വയനാട് ജില്ലാമിഷനും വകുപ്പിതര വിഭാഗത്തിലെ മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് കണ്ണൂര്‍ ജില്ലാമിഷനും ലഭിച്ചു. സമഗ്ര മികവിനുള്ള പുരസ്കാരം പത്തനംതിട്ട ജില്ലാമിഷനും രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലാമിഷനുമാണ്. മികച്ച പങ്കാളിത്തത്തിനുളള പുരസ്കാരം ഇടുക്കി ജില്ലാമിഷനും നേടി. 

സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമുള്ള ജ്ഞാനമാണ് ഏറ്റവും മഹത്തായ ജ്ഞാനം: മന്ത്രി ഡോ. കെ.ടി. ജലീല്‍

Posted on Thursday, May 31, 2018

* കുടുംബശ്രീ സംസ്ഥാനതല ബാല പാര്‍ലമെന്‍റും ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചു

തിരുവനന്തപുരം: സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമുള്ള ജ്ഞാനമാണ് ഏറ്റവും മഹത്താ യ ജ്ഞാനമെന്നും നന്നായി പഠിക്കുന്നതിനൊപ്പം ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും ഓരോ വിദ്യാ ര്‍ത്ഥിക്കുമുണ്ടായിരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീ ബാലസഭയുടെ ആഭിമുഖ്യത്തില്‍ പഴയ നിയമസഭ മന്ദിരത്തിലെ അസംബ്ലി ഹാളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ബാല പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യ അഭ്യസിക്കുന്നത് പാഠപുസ്തകത്തിലെ അറിവ് സമ്പാദിക്കുന്നതിനല്ല മറിച്ച് നല്ല മനുഷ്യരായി തീരുന്നതിനാണെന്നും മാറ്റത്തിന്‍റെ മെഴുകുതിരി സ്വന്തം മനസ്സില്‍ കൊളുത്തി ആ പ്രകാശം രാജ്യാതിര്‍ത്തിക്കുമപ്പുറത്തേക്ക് ഓരോ കുട്ടികളും പരത്തണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു. വിദ്യാഭ്യാസത്തോടൊപ്പം നല്ല സംസ്ക്കാരവും വച്ചു പുലര്‍ത്തുന്നവരാണ് നല്ല ജനപ്രതിനി ധികളെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വൈവിധ്യം അതേപടി കാത്ത് സൂക്ഷിക്കുന്നതിന് ഓരോ പൗരനും ചുമതലയുണ്ട്, എല്ലാവരേയും ഒന്നായി കാണുന്ന ദര്‍ശനം മാത്രമേ ശാശ്വത മായിരിക്കൂയെന്നും അദ്ദേഹം പറഞ്ഞു.

   പുതു തലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക് ജനാധിപത്യ സംവിധാനത്തിന്‍റെ പ്രധാന്യവും വ്യാപ്തിയും മനസ്സിലാക്കി നല്‍കുന്നതിനും ഭരണഘടനാ സംവിധാനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കി നല്‍കു ന്നതിനുമായാണ് ബാലസഭ അംഗങ്ങളായ കുട്ടികള്‍ക്ക് വേണ്ടി കുടുംബശ്രീ 2007 മുതല്‍ ബാല പാര്‍ലമെന്‍റ് സംഘടിപ്പിച്ച് വരുന്നത്. ജില്ലാ, സംസ്ഥാനതലങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് പ്രതിനിധിക ളുമായി സംവദിച്ചു പരിഹാരം കണ്ടെത്തുന്നത് ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ ഫോറം ഇതാദ്യമായി ബാല പാര്‍ലമെന്‍റിന്‍റെ ഭാഗമായി സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസന്ന കുമാരി, വനം വകുപ്പില്‍ നിന്ന് സി. രാജേന്ദ്രന്‍ ഐഎഫ്എസ് (ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്), എക്സൈസ് വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. മുരളീധരന്‍ നായര്‍, ബാലാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ സി.ജെ. ആന്‍റണി, കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. സന്ദീപ് എന്നിവര്‍ ഓപ്പണ്‍ ഫോറത്തിന്‍റെ ഭാഗമായി അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

  കോഴിക്കോട് ഒഴികെയുള്ള 13 ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 131 കുട്ടികള്‍ ബാല പാര്‍ലമെന്‍റില്‍ പങ്കെടുത്തു. ആദ്യ ദിനത്തില്‍ സെന്‍റര്‍ ഫോര്‍ പാര്‍ലമെന്‍ററി സ്റ്റഡീസ് ഡെപ്യൂട്ടി സെക്രട്ടറി സുരേഷ് കുമാര്‍ ബാല പാര്‍ലമെന്‍റ് എന്ത്, എന്തിന്, എങ്ങനെ എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസ് നല്‍കി. തുടര്‍ന്ന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് അവരില്‍ നിന്ന് 20 കുട്ടികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ്, പ്രധാനമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, വിവിധ വകുപ്പ് മന്ത്രിമാര്‍ തുടങ്ങിയ ചുമതലകള്‍ അവരെ ഏല്‍പ്പിച്ചു. മന്ത്രിസഭയും അംഗങ്ങളും ചേര്‍ന്ന പാര്‍ലമെന്‍റ് യോഗമാണ് സംസ്ഥാന ബാല പാര്‍ലമെന്‍റായി പഴയ നിയമസഭാ മന്ദിരത്തിലെ അസംബ്ലി ഹാളില്‍ സംഘടിപ്പിച്ചത്. ഇതിന് ശേഷം കുട്ടികളെ പുതിയ നിയമസഭാ മന്ദിര സന്ദര്‍ശനത്തിന് കൊണ്ടുപോ കുകയും ചെയ്തു.

  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ (സാമൂഹ്യ വികസനം) ജി.എസ്. അമൃത ഉദ്ഘാടന സമ്മേളന ത്തില്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു നന്ദി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ


രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയല്‍ക്കൂട്ടമാണ് ബാലസഭ. വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വ ശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ ജനാ ധിപത്യബോധം, സര്‍ഗ്ഗശേഷി, വ്യക്തിത്വ വികസനം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയാണ് ബാലസഭയുടെ ലക്ഷ്യം.  

Dr. K.T.Jaleel with Bala Parliament members

 

കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള കോളേജുകളിലും ഹോസ്റ്റലുകളിലും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അവസരം

Posted on Sunday, May 27, 2018

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള വിവിധ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും അതിനോടനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലും ക്ളീനിങ്ങ്, കുക്കിങ്ങ്, സാനിട്ടേഷന്‍, ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി, തുടങ്ങിയ വിഭാഗ ങ്ങളില്‍ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നതു വരെ കുടുംബശ്രീ യൂണിറ്റുകളുടെ താല്‍ക്കാലിക സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ഈ വിഭാഗ ങ്ങളിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ജീവനക്കാരില്ലാത്ത സാഹച ര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം. ഇതു പ്രകാരം അര്‍ഹരായ കുടുംബശ്രീ യൂണിറ്റുകളുടെ താത്ക്കാലിക സേവനം പ്രയോജനപ്പെടുത്തുവാന്‍ അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരുമായി ധാരണാ പത്രം ഒപ്പു വയ്ക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

   സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ കാന്‍റീന്‍-കാറ്ററിങ്ങ്, ഹൗസ്കീപ്പിങ്ങ് മേഖ ലയില്‍ നിരവധി സൂക്ഷ്മ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ തീരുമാന പ്രകാ രം സംസ്ഥാനത്തെ കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളേ ജുകളിലും ഹോസ്റ്റലുകളിലും ക്ളീനിങ്ങ്, കുക്കിങ്ങ്, സാനിട്ടേഷന്‍, ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി, തുടങ്ങിയ വിഭാഗങ്ങളില്‍ നിരവധി അയല്‍ക്കൂട്ട വനിതകള്‍ക്ക് അവസരം ലഭിക്കു ന്നതിലൂടെ മെച്ചപ്പെട്ട വരുമാന മാര്‍ഗം ഉറപ്പാക്കാന്‍ കഴിയും.

Content highlight
Kudumbasree units - college education department

ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് കുടുംബശ്രീയുടെ പ്രത്യേക നൈപുണ്യ പരിശീലനത്തിന് തുടക്കം

Posted on Friday, May 25, 2018

തിരുവനന്തപുരം: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മാത്രമായി ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ) നൈപുണ്യ പരിശീലന പദ്ധതി വഴി പ്രത്യേക പരിശീലന പരിപാടിക്ക് കുടുംബശ്രീ തുടക്കമിട്ടു. എറണാകുളം കളമശ്ശേ രിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് വഴി 2018-19 വര്‍ഷത്തില്‍ 150 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബുക്ക് ബൈന്‍ഡിങ്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്, ഹൗസ്കീപ്പിങ് അറ്റന്‍ഡന്‍റ് എന്നീ മൂന്ന് കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്. നാല് മാസ കാലയളവുള്ള ബുക്ക് ബൈന്‍ഡിങ് കോഴ്സിന്‍റെ ആദ്യ ബാച്ചിന്‍റെ പരിശീലനം മേയ് പത്തിന് ആരംഭിച്ചു. 30 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 15 പേര്‍ മാനസിക വെല്ലുവിളി നേരിടുന്നവരാണ്. ആലുവയിലുള്ള കൃപ (കേരള റീഹാബി ലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ ഫിസിക്കലി അഫക്ടഡ്) ആണ് പരിശീലന കേന്ദ്രം. ഗ്രാമീ ണ മേഖലയിലെ യുവതീ യുവാക്കള്‍ക്ക് പരിശീലനത്തോടൊപ്പം തൊഴിലും ഉറപ്പ് നല്‍കുന്ന കേന്ദ്ര നൈപുണ്യ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. ഈ പദ്ധതി വഴി ഇതുവരെ 34568 പേര്‍ക്ക് പരിശീ ലനം നല്‍കി കഴിഞ്ഞു. അതില്‍ 20564 പേര്‍ക്ക് തൊഴിലും ലഭിച്ചു.

 ഡിഡിയുജികെവൈ പദ്ധതിയുടെ എംപാനല്‍ഡ് ഏജന്‍സി കൂടിയായ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ ബുക്ക് ബൈന്‍ഡിങ്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് കോഴ്സുകള്‍ രണ്ട് ബാച്ചുകളിലായാണ് നടത്തുക. 60 വീതം പേര്‍ക്ക് ഇരു കോഴ്സുകളിലും പരിശീലനം നല്‍കും. അഞ്ച് മാസം വരെയാണ് ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് കോഴ്സി ന്‍റെ കാലാവധി. ബുക്ക് ബൈന്‍ഡിങ്, ഹൗസ്കീപ്പിങ് അറ്റന്‍ഡന്‍റ് കോഴ്സിന്‍റെ കാലാവധി നാല് മാസം വീതവും. ഹൗസ്കീപ്പിങ് അറ്റന്‍ഡന്‍റ് കോഴ്സ് വഴി 30 പേര്‍ക്കാണ് പരിശീലനം നല്‍കുക. ബുക്ക് ബൈന്‍ഡിങ്, ഹൗസ്കീപ്പിങ് അറ്റന്‍ഡന്‍റ് കോഴ്സുകള്‍ക്ക് എട്ടാം ക്ലാസാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് കോഴ്സിന് പ്ലസ്ടുവും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, സോഫ്ട് സ്കില്‍സ് എന്നീ വിഷയ ങ്ങളിലും പരിശീലനം നല്‍കുന്നു. ബുക്ക് ബൈന്‍ഡിങ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാ ക്കുന്നവര്‍ക്ക് എന്‍സിവിടി (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയ്നിങ്) സര്‍ട്ടിഫി ക്കറ്റാണ് നല്‍കുക. അവര്‍ക്ക് പ്രിന്‍റിങ് പ്രെസ്സുകളിലും മറ്റും ജോലി ഉറപ്പാക്കുകയും ചെയ്യും. എസ്എസ്സി (സെക്ടര്‍ സ്കില്‍സ് കൗണ്‍സില്‍സ്) സര്‍ട്ടിഫിക്കറ്റാണ് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍റ് കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്നത്.

  ഇത് കൂടാതെ ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമര്‍ത്ഥനം ട്രസ്റ്റ് ഡിഡിയു ജികെവൈ പദ്ധതിക്കായി കുടുംബശ്രീയുമായി കരാറിലെത്തി. ഈ ഏജന്‍സി വഴി അംഗപരി മിതരായ 400 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ബിപിഒ (വോയ്സ്), ബിപിഒ (നോണ്‍ വോയ്സ്)  എന്നീ കോഴ്സുകളിലാകും പരിശീലനം. എറണാകുളത്തുള്ള സെന്‍ററില്‍ റെസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുക. ജൂലൈ അവസാനത്തോടെ രണ്ട് കോഴ്സുക ളിലും പരിശീലനം ആരംഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ക്ക് പരിശീലനത്തിനായി അപേക്ഷിക്കാം. ഡിഡിയുജികെവൈ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുടുംബശ്രീയ്ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10663 യുവജനങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം കുടുംബശ്രീ നൈപുണ്യ പരിശീലനവും തൊഴിലും ലഭ്യമാക്കിയിരുന്നു.
   
    ഇപ്പോള്‍ കേരളമുള്‍പ്പെടെ 29 സംസ്ഥാനങ്ങളിലും എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗ മായുള്ള ഈ പദ്ധതി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി 2014ലാണ്  കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ആരംഭിച്ചത്. 15നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് കോഴ്സിന് ചേരാനാവുക. സ്ത്രീകള്‍, അംഗപരിമിതര്‍ തുടങ്ങിയവര്‍ക്ക് 45 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ടാലി, ബിപിഒ, റീട്ടേയ്ല്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് തുടങ്ങിയ നിരവധി മേഖലകളില്‍ പദ്ധതി വഴി പരിശീലനം നല്‍കുന്നു.
 

 

വിശപ്പ് ഇല്ലാതാക്കാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനിവാര്യം: മന്ത്രി ഡോ.കെ.ടി. ജലീല്‍

Posted on Thursday, May 24, 2018

തിരുവനന്തപുരം: വിശപ്പിന്‍റെ ആദ്യത്തെ ഇരകള്‍ സ്ത്രീകളും  കുട്ടികളുമാണെന്നും വിശപ്പിനെ  ഇല്ലാതാക്കാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു.  'ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭകത്വ വികസനം' എന്ന വിഷയത്തെ ആസ്പദമാക്കി 23 അംഗ വിദേശ പ്രതിനിധികള്‍ക്കായി കുടുംബശ്രീയും 'മാനേജും' സംയുക്തമായി സംഘടിപ്പിച്ച  അന്താരാഷ്ട്ര പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ വിശപ്പിനെ ഇല്ലായ്മ ചെയ്യുന്ന പ്രക്രിയയില്‍ നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിയൂ. ഇതിന് കാര്‍ഷികമേഖലയിലെ നൂതനകൃഷി സമ്പ്രദായങ്ങളെ കുറിച്ചുള്ള അറിവ് സ്ത്രീകള്‍ക്കുണ്ടാകണം. കൂടാതെ ഗുണമേന്‍മയുള്ള വിത്ത്, വളം, ഉപകരണങ്ങള്‍, സാമ്പത്തിക പിന്തുണ എന്നിവ ലഭ്യമാകുകയും വേണം.  കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ തൊഴില്‍ ചെയ്ത് ഗുണമേന്‍മയും  വിഷരഹിതവും പോഷകസമ്പുഷ്ടവുമായ ധാന്യങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും ഉല്‍പാദിപ്പിക്കുന്ന മൂന്നു ലക്ഷത്തോളം അയല്‍ക്കൂട്ട വനിതകള്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഇക്കാരണം കൊണ്ടാണ്.
കാര്‍ഷിക രംഗത്തെ ഉയര്‍ന്ന ഉല്‍പാദന ചെലവും കുറഞ്ഞ വരുമാനവും കാരണം കൃഷി ആകര്‍ഷകമല്ലാതായി തീര്‍ന്നതും അതോടൊപ്പം കര്‍ഷകരുടെ കടബാധ്യതയും പ്രതികൂല കാലാവസ്ഥയുമെല്ലാം നാം നേരിടുന്ന വെല്ലുവിളികളാണ്. രാസവളങ്ങളുടെ അമിത പ്രയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ അതീവദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തിനു വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. കുടുംബശ്രീ വനിതകള്‍ക്ക് നിലവില്‍ ലഭ്യമാകുന്ന സൗകര്യങ്ങളെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ ഫലമാണ്. ഓരോ പ്രദേശത്തിനും അതിന്‍റേതായ സവിശേഷത ഉണ്ട്. അതിനാല്‍ മറ്റിടങ്ങളില്‍ നിന്നും വികസന മാതൃകകള്‍ സ്വീകരിച്ചു നടപ്പാക്കുന്ന അവസരത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വിശപ്പും ദാരിദ്ര്യവും ഇല്ലാതാക്കാനുള്ള പ്രതിനിധി സംഘത്തിന്‍റെ പരിശ്രമങ്ങള്‍ക്ക് കുടുംബശ്രീയില്‍ നിന്നു പഠിച്ച കാര്യങ്ങളും അനുഭവങ്ങളും കരുത്തു പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പഠനസംഘത്തിലെ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞ പഠനസംഘം തങ്ങളുടെ രാജ്യങ്ങളില്‍ ഇതിനു സമാനമായ കാര്യങ്ങള്‍ നടപ്പാക്കിയാല്‍ അത് കുടുംബശ്രീക്ക് ലഭിക്കുന്ന വലിയ ആദരമായിരിക്കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. കുടുംബശ്രീയുടെയും മാനേജിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര പരിപാടിയാണ് ഇതെന്നും പരിശീലന വേളയില്‍ പഠനസംഘം അങ്ങേയറ്റം ക്രിയാത്മകമായ മനോഭാവമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ നല്‍കിയ പരിശീലനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉഗാണ്ടയില്‍ വനിതകള്‍ സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിച്ച് വരുമാനം നേടുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 പരിശീലനപരിപാടി അങ്ങേയറ്റം പ്രയോജനപ്രദമായിരുന്നുവെന്നും ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തങ്ങള്‍ പ്രായോഗികതലത്തില്‍ എങ്ങനെ ഫലപ്രദമായി നിര്‍വഹിക്കാമെന്നുള്ളതിന്‍റെ മികച്ച ഉദാഹരണമാണ് കുടുംബശ്രീയെന്നും മലാവി, ഉഗാണ്ട, മംഗോളിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.   തങ്ങളുടെ രാജ്യത്തും കുടുംബശ്രീ മാതൃകയില്‍ കാര്‍ഷിക സൂക്ഷമസംരംഭ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. അടുത്ത തവണ പരിശീലന പരിപാടി സംഘടിപ്പിക്കുമ്പോള്‍ തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കളെയും ഭരണവിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്ന് ലൈബീരിയയില്‍ നിന്നുള്ള പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ താഴെ തട്ടിലുള്ള സ്ത്രീകള്‍ക്ക് കൈവന്ന സാമൂഹ്യ സാമ്പത്തിക പുരോഗതി അഭിനന്ദനീയവും അതിശയകരവുമാണെന്നും ദാരിദ്ര്യ നിര്‍മാര്‍ജന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തുടങ്ങുന്നതിന് കുടുംബശ്രീക്കു സമാനമായ സാമൂഹ്യ സംഘടനാധിഷ്ഠിത സംവിധാനം തങ്ങളുടെ രാജ്യത്തും തുടങ്ങുമെന്നും പഠനസംഘം വ്യക്തമാക്കി. അതിനായി കേരള സര്‍ക്കാരുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കു താല്‍പര്യമുണ്ടെന്നും പ്രതിനിധി സംഘം പറഞ്ഞു. കെനിയയിലെ പ്രതിനിധികള്‍ മന്ത്രിക്ക് ആദരസൂചകമായി ഷാള്‍ അണിയിച്ചു.

'മാനേജ്'-പ്രോജക്ട് എക്സിക്യൂട്ടീവ് ഷക്കീറ പര്‍വീണ്‍ പ്രതിനിധികള്‍ക്ക് ഉപഹാരം നല്‍കി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബിബിന്‍ ജോസ് സ്വാഗതവും സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി.രാജന്‍ കൃതജ്ഞതയും പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍മാരായ അജിത് ചാക്കോ, ഡോ. പ്രവീണ്‍ സി.എസ്, തീമാറ്റിക് ആങ്കര്‍ ഡോ.രാഹുല്‍ കൃഷ്ണന്‍,    സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ഷിബു എന്‍.പി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ സാബു ബാലചന്ദ്രന്‍, ജിബി മാത്യു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.  

Mininster Dr.K.T.Jaleel with foreign delegation

 

കുടുംബശ്രീ ഉപജീവന പദ്ധതി വ്യാപകമാക്കും: മന്ത്രി ഡോ. കെ.ടി. ജലീല്‍

Posted on Friday, May 18, 2018

കോഴിക്കോട്:  ഇരുപതാം വയസ്സിലേക്ക് കടന്ന കുടുംബശ്രീ വഴി നടപ്പു സാമ്പത്തിക വര്‍ഷം 20 നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീയുടെ 20-ാം വാര്‍ഷികാഘോഷം കോഴിക്കോട് സ്വപ്ന നഗരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി 200 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു. ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വീട് പോലും സംസ്ഥാനത്ത് ഉണ്ടാവരുതെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ദീര്‍ഘ വീക്ഷണത്തോടുകൂടിയ പദ്ധതികളാണ് കുടുംബശ്രീ വഴി നടപ്പിലാക്കി വരുന്നത്. കുടുംബശ്രീയുടെ വയോജന രംഗത്തെ നൂതന ഇടപെടലായ ഹര്‍ഷം പദ്ധതിയുടെ ഉദ്ഘാടനവും കുടുംബശ്രീയെ പറ്റി സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസ് വിവിധ ഘട്ടങ്ങളില്‍ നടത്തിയ പഠന പരമ്പരകളുടെ പുസ്തക രൂപത്തിന്‍റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. സംഘാടക സമിതി വര്‍ക്കിംഗ്ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ ചടങ്ങില്‍  അധ്യക്ഷത വഹിച്ചു.

   സംസ്ഥാനത്തെ മികച്ച ഒന്നാമത്തെ സിഡിഎസായി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ സി.ഡി.എസിനുള്ള ഉപഹാരം മന്ത്രി ഡോ.കെ.ടി. ജലീലും കുടുംബശ്രീയുമായി നല്ല നിലയില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച ബാങ്കിനുള്ള പുരസ്കാരം യൂണിയന്‍ ബാങ്കിന് മന്ത്രി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും സമ്മാനിച്ചു. 'കുടുംബശ്രീയുടെ കഥ' പ്രദര്‍ശനം എക്സൈസ് - തൊഴില്‍ വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്കുള്ള പുരസ്കാരങ്ങള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിതരണം ചെയ്തു. എംഎല്‍എമാരായ ഇകെ വിജയന്‍, പുരുഷന്‍ കടലുണ്ടി, കുടുംബശ്രീ ഭരണസമിതിയംഗം ഏകെ രമ്യ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് സ്വാഗതവും കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത. പി.സി നന്ദിയും പറഞ്ഞു. 

  തുടര്‍ന്ന് സംസ്ഥാനത്തെ 1064 സി.ഡി.എസുകളിലെയും ചെയര്‍പേഴ്സണ്‍മാര്‍ പങ്കെടുത്ത വിവിധ സംഗമം നടന്നു. 2018-19 ലെ സി.ഡി.എസ് ലക്ഷ്യങ്ങള്‍ കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐഎഎസ് അവതരണം.നടത്തി തുടര്‍ന്ന് 14 വിഷയങ്ങളെ അതികരീച്ച് പ്രത്യേക സെഷനുകളായി ചര്‍ച്ച നടന്നു. വൈകിട്ട് കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറി.2018-19 വര്‍ഷത്തെ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കി സംഗമം ഇന്ന് വൈകിട്ട് സമാപിക്കും.

Kudumbahsree anniversary

കുടുംബശ്രീ- എബിസി മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Posted on Wednesday, May 16, 2018

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണ പദ്ധതി  ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും കുടുംബശ്രീയുടെ കീഴിലുള്ള 'വിന്നേഴ്സ്' എ.ബി.സി മൊബൈല്‍ യൂണിറ്റ് കഴിഞ്ഞ ദിവസം ആറു നായ്ക്കളെ പിടി കൂടി. ഇവയെ  മൊബൈല്‍  ഓപ്പറേഷന്‍ തിയേറ്ററില്‍ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത ശേഷം ആറ്റിങ്ങള്‍ മൃഗാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയാനന്തര പരിചരണങ്ങള്‍ നടത്തി വരികയാണ്.  ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടും.   

സംസ്ഥാനത്ത് ഇതാദ്യമായാണ് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ പദ്ധതിക്കായി മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൂടുതല്‍ മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

ജില്ലയിലെ മുദാക്കല്‍ പഞ്ചായത്തിലെ കുടുംബശ്രീ വനിതകളായ രജനി.ടി.ജി, ജീവശ്രീ, കൂടാതെ സതീഷ് കുമാര്‍, ജിതേഷ് കെ.ജി, മുകേഷ് എന്നിവര്‍ ചേര്‍ന്നാണ് സംരംഭം തുടങ്ങിയത്. ഈ മാസം ഒമ്പതിനായിരുന്നു മൊബൈല്‍ യൂണിറ്റിന്‍റെ  ഉദ്ഘാടനം. സംരംഭം തുടങ്ങുന്നതിനായി ഇന്നവേഷന്‍ ഫണ്ടായി കുടുംബശ്രീ മൂന്നര ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് മൂന്നു ലക്ഷം രൂപയും നല്‍കിയിരുന്നു. കൂടാതെ പത്തു ലക്ഷം രൂപ ബാങ്ക് വായ്പയും എടുത്താണ് വാഹനം വാങ്ങി അതില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്ററില്‍  ഓപ്പറേഷന്‍ ടേബിള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ഓട്ടോക്ളേവ്, ഫ്രിഡ്ജ്, അലമാര, വാട്ടര്‍ ടാങ്ക്, വയറിങ്ങ് ഉള്‍പ്പെടെ എല്ലാ സൗകര്യവും ഉണ്ട്.

ശസ്ത്രക്രിയ ചെയ്യുന്നതിനായി കുടുംബശ്രീ എംപാനല്‍ ചെയ്ത വിദഗ്ധ ഡോക്ടര്‍മാരും രണ്ട് മെഡിക്കല്‍ അസിസ്റ്റന്‍റ്മാരും വാഹനത്തെ അനുഗമിക്കും. സെക്രട്ടേറിയറ്റ് വളപ്പില്‍  നിന്നും പിടി കൂടിയ ഇവര്‍   കഴിഞ്ഞ ദിവസം അഴൂര്‍ പഞ്ചായത്തില്‍ നിന്നും ഇരുപത്തിരണ്ട് നായ്ക്കളെ കൂടി പിടിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഈ നായ്ക്കള്‍ക്കെല്ലാം ഇപ്പോള്‍ ശസ്ത്രക്രിയാനന്തര പരിചരണം നല്‍കി വരികയാണ്. ഇവയെ പിന്നീട് പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടും. കഴിഞ്ഞ വര്‍ഷം കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളില്‍ തെരുവുനായ നിയന്ത്രണ പദ്ധതി ആരംഭിച്ചിരുന്നു. ഇവിടെയെല്ലാം പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ യൂണിറ്റ് അംഗങ്ങളായ അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച രീതിയില്‍ വരുമാനം നേടാന്‍ സാധിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളും പദ്ധതി നടപ്പാക്കാന്‍ താല്‍പര്യപ്പെട്ടു മുന്നോട്ടു വന്നിട്ടുണ്ട്.   ഇവിടങ്ങളില്‍ സംരംഭക ഗ്രൂപ്പുകള്‍ രൂപീകരിച്ച് അതിലെ അംഗങ്ങള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നല്‍കി വരികയാണ്.  ഇവര്‍ അടുത്ത മാസം മുതല്‍  പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാനത്ത് ഇപ്പോള്‍  അഞ്ഞൂറിലേറെ തദ്ദേശ സ്ഥാപനങ്ങളില്‍  പദ്ധതി നടപ്പാക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം  സംസ്ഥാനത്ത് 13320  തെരുവുനായ്ക്കളെയാണ് പിടികൂടി വന്ധ്യംകരിച്ച് ശസ്ത്രക്രിയാനന്തര പരിചരണവും നല്‍കി വിട്ടയച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നു മാത്രം അയ്യായിരത്തോളം തെരുവു നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കാന്‍ കഴിഞ്ഞു. ഇതുവഴി പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ഉപദ്രവം ഗണ്യമായ രീതിയില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.