ഫീച്ചറുകള്‍

ത്രിവര്‍ണ്ണ പതാകകള്‍ കുടുംബശ്രീയിലൂടെ ജനങ്ങളിലേക്ക് - ആദ്യ വിതരണം നടത്തി മലപ്പുറം

Posted on Saturday, August 6, 2022

75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ത്രിവര്‍ണ്ണ പതാകകള്‍ തയാറാക്കി വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് കുടുംബശ്രീ. ഇത്തരത്തില്‍ ആദ്യ ഓര്‍ഡര്‍ പൂര്‍ത്തീകരിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചിരിക്കുകയാണ് കുടുംബശ്രീയുടെ മലപ്പുറം ജില്ലാ ടീം. കാനറാ ബാങ്ക് ജൂലൈ 27 ന് നല്‍കിയ 432 പതാകകളുടെ ഓര്‍ഡറാണ് മലപ്പുറം ജില്ല പൂര്‍ത്തീകരിച്ചത്. താന്നിക്കല്‍ വസ്ത്ര ബോട്ടിക്ക് യൂണിറ്റാണ് ഈ ഓര്‍ഡര്‍ ഏറ്റെടുത്ത് തയാറാക്കിയത്. ജില്ലയില്‍ ആകെ 1.92 ലക്ഷം പതാകകളുടെ ഓര്‍ഡറാണ് ഇതുവരെ ലഭിച്ചത്. 94 സംരംഭ യൂണിറ്റുകള്‍ വഴി നിര്‍മ്മാണം പുരോഗമിക്കുന്നു.

  കാനറാ ബാങ്ക് റീജിയണല്‍ ഓഫീസില്‍ ഓഗസ്റ്റ് നാലിന് നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത്, കനാറാ ബാങ്ക് റീജ്യണല്‍ ഹെഡ് എം. ശ്രീവിദ്യയ്ക്ക് പതാകകള്‍ കൈമാറി. വസ്ത്ര യൂണിറ്റ് പ്രതിനിധി റംലത്ത്, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി. ജിജു, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള 'ഹര്‍ ഘര്‍ തിരംഗ' (എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാകകള്‍) എന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പതാകകള്‍ തയാറാക്കി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് കുടുംബശ്രീയുടെ 700ഓളം യൂണിറ്റുകള്‍.

 

mlprn national flag

 

Content highlight
Kudumbashree Malappuram team completes the first distribution of national flag to the publicen

'കണി'യൊരുക്കി കാസര്‍ഗോഡ്

Posted on Wednesday, July 27, 2022
ഹൈടെക് കൃഷി രീതികളിലൂടെ പച്ചക്കറിയും പഴവര്ഗ്ഗങ്ങളും അതോടൊപ്പം ഔഷധ-സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്ത് കാസര്ഗോഡ് ജില്ലയിലെ കാര്ഷികമേഖലയില് നിശബ്ദ വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണ് കുടുംബശ്രീ ജില്ലാ ടീം, കണി (കുടുംബശ്രീ ഫോര് അഗ്രികള്ച്ചര് ന്യൂ ഇന്റര്വെന്ഷന്) എന്ന നൂതന പദ്ധതിയിലൂടെ. ഹൈടെക് ഫാമിങ്ങിലൂടെ ജില്ലയില് വിഷരഹിത പഴം, പച്ചക്കറി, ഔഷധ സസ്യങ്ങള്, സുഗന്ധ വ്യഞ്ജനങ്ങള് എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുകയും കുടുംബശ്രീ അംഗങ്ങളുടെ ജീവനോപാധി മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. കൂടെ ഫാം ടൂറിസം പ്രോത്സാഹിപ്പിച്ച് വരുമാനം കണ്ടെത്തുകയും ചെയ്യുന്നു.
 
വെജിറ്റബിള് വോക് (പച്ചക്കറി), ഫ്രൂട്ട് ഗാര്ഡന് (പഴവര്ഗ്ഗം), ഹെര്ബ്-സ്‌പൈസസ് ഗാര്ഡന് (ഔഷധ-സുഗന്ധ വ്യഞ്ജനങ്ങള്) എന്നീ മൂന്ന് ഉപ പദ്ധതികള് കണിയ്ക്ക് കീഴിലുള്ളത്. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളിലൂടെ സി.ഡി.എസ് തലത്തിലാണ് കൃഷി നടത്തുന്നത്. 2021ലാണ് കണി പ്രോജക്ട് ആദ്യമായി ജില്ല ആരംഭിച്ചത്. കൃത്യമായ നിബന്ധനകള് നല്കി മത്സരരീതിയിലായിരുന്നു അന്ന് വെജിറ്റബിള് വോക് സംഘടിപ്പിച്ചത്. ആദ്യവര്ഷം പച്ചക്കറി കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില് ഇത്തവണ പഴവര്ഗ്ഗങ്ങളും ഔഷധ-സുഗന്ധ വ്യഞ്ജനങ്ങളും പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു.
 
വെജിറ്റബിള് വോക്കിന്റെ ഭാഗമായി 3 മുതല് 15 വരെ ഏക്കര് സ്ഥലത്ത് ഒറ്റപ്ലോട്ടില് (ഒരു വിള കുറഞ്ഞത് ഒരേക്കറില്) എന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്. ഫ്രൂട്ട് ഗാര്ഡന്റെ ഭാഗമായി കുറഞ്ഞത് ഒരേക്കറിലും ഹെര്ബ്- സ്‌പൈസസ് ഗാര്ഡന്റെ ഭാഗമായി കുറഞ്ഞത് 50 സെന്റിലും കൃഷി ചെയ്യണം. 2023 മാര്ച്ചോടെ ഈ മൂന്ന് മേഖലകളിലും മാതൃകാ കൃഷി ഇടങ്ങളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
 
2021-22 സാമ്പത്തികവര്ഷം 23 സി.ഡി.എസുകള് വെജിറ്റബിള് വോക്കിന്റെ ഭാഗമായി കൃഷി ഇറക്കി 8.26 കോടി രൂപയുടെ വിറ്റുവരവും നേടി. നിലവില് 9 സി.ഡി.എസുകള് ഫ്രൂട്ട് ഗാര്ഡന്റെയും 15 സി.ഡി.എസുകള് ഹെര്ബ്-സ്‌പൈസസ് ഗാര്ഡന്റെയും ഭാഗമായിട്ടുണ്ട്. ഫ്രൂട്ട് ഗാര്ഡന്റെ ഭാഗമായി 25 ഏക്കറില് തണ്ണിമത്തന് കൃഷി ചെയ്ത് നേടിയ 128 ടണ് വിളവിലൂടെ 25 ലക്ഷം രൂപ ലാഭമാണ് ഇക്കഴിഞ്ഞ റംസാന് കാലത്ത് നേടിയത്. ഡ്രാഗണ് ഫ്രൂട്ട്, റംബുട്ടാന്, ഉരുളക്കിഴങ്ങ്, മധുരതുളസി, കറ്റാര്വാഴ, ഗ്രാമ്പു എന്നിങ്ങനെ നിരവധി വിളകളാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്തുവരുന്നത്.
 
kani ksgd

 

Content highlight
Kudumbashree Kasaragod District Mission team sets a new model through 'KANI'

Kudumbashree NHG member Shylamma's 'Heaven' Hair Saloon becomes the talk of the town

Posted on Tuesday, July 26, 2022

Kudumbashree NHG member Shylamma's 'Heaven' Hair Saloon has become the talk of the town. It is common for women to run hair salons and beauty parlors for women. But Shylamma has become a star by providing hairstyles and haircuts for men including trendy styles for the youth.

 
The 'Heaven' Hair Salon is started in Kainakary Panchayath of Champakulam block in Alappuzha district of Kerala. Shylamma started her enterprise as part of the of the Rebuild Kerala Initiative Entrepreneurship Development Programme. Shylamma who is working as an Anganawadi helper had completed Beautician Course. So when she got to know about the opportunity to start an enterprise through Kudumbashree's RKIEDP scheme, she didn't had to think twice about what it should be. So on 20 March 2022, Shylamma started her salon next to her own house at Cherukayalchira in Kuttamangalam of Kainakary. 
 
Taking YouTube as her guru and adopting the latest hairstyle trends, Shylamma now offers bridal care, nail art, facials and massage treatments etc through her enterprise.
Content highlight
Kudumbashree NHG member Shylamma's 'Heaven' Hair Saloon becomes the talk of the towNEN

ഇത് ഷൈലമ്മയുടെ 'ഹെവന്‍' സ്‌റ്റൈല്‍

Posted on Tuesday, July 26, 2022

സ്ത്രീകള്‍ സ്ത്രീകള്‍ക്ക് വേണ്ടി ഹെയര്‍ സലൂണും ബ്യൂട്ടിപാര്‍ലറുമൊക്കെ നടത്തുന്നത് ഇന്ന് സര്‍വ്വസാധാരണം. എന്നാല്‍ യുവാക്കള്‍ക്കായുള്ള ട്രെന്‍ഡി സ്‌റ്റൈലുകള്‍ ഉള്‍പ്പെടെ പുരുഷന്മാര്‍ക്ക് ഹെയര്‍സ്‌റ്റൈലും ഹെയര്‍കട്ടിങ്ങും ചെയ്ത് നല്‍കി നാട്ടില്‍ ഒരു കൊച്ചുതാരമായി മാറിയിരിക്കുകയാണ് കുടുംബശ്രീ സംരംഭകയായ കെ. ഷൈലമ്മ.
 
ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ബ്ലോക്കിലെ കൈനകരി പഞ്ചായത്തിലാണ് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായുള്ള സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി ഷൈലമ്മ 'ഹെവന്‍' എന്ന പേരില്‍ ഹെയര്‍ സലൂണ്‍ ആരംഭിച്ചത്.
 
അംഗന്‍വാടി ഹെല്‍പ്പറായി ജോലി ചെയ്തുവരുന്ന ഷൈലമ്മ ബ്യൂട്ടീഷന്‍ കോഴ്‌സ് പാസായിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ കുടുംബശ്രീയുടെ ആര്‍.കെ.ഐ- ഇ.ഡി.പി പദ്ധതി മുഖേന സംരംഭം ആരംഭിക്കാനുള്ള അവസരമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അത് എന്തായിരിക്കണമെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ഈ വര്‍ഷം മാര്‍ച്ച് 20ന് കൈനകരി കുട്ടമംഗംലത്തെ ചെറുകായില്‍ച്ചിറ എന്ന സ്വന്തം വീടിനോട് ചേര്‍ന്ന് ഷൈലമ്മ സലൂണിന് തുടക്കമിട്ടു.
 
യൂട്യൂബിനെ ഗുരുവായി സ്വീകരിച്ച് പുതിയ ഹെയര്‍സ്റ്റൈല്‍ ട്രെന്‍ഡുകളുള്‍പ്പെടെ സ്വായത്തമാക്കിയ ഷൈലമ്മ തന്റെ സംരംഭം മുഖേന ബ്രൈഡര്‍ കെയര്‍, നെയില്‍ ആര്‍ട്ട്, ഫേഷ്യല്‍, മസാജ് ട്രീറ്റ്‌മെന്റ് എന്നിവയെല്ലാം ഇപ്പോള്‍ ചെയ്ത് നല്‍കിവരുന്നു.

shy

 

Content highlight
mnhg member shylamma's heaven hair saloon becomes the talk of the townml

കണ്ണൂരിന്റെ ‘വുമണ്‍’ ഫിലിം ഫെസ്റ്റിവലിന് തുടക്കം

Posted on Tuesday, July 5, 2022

 

ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ഹൈദി, വില്ലേജ് റോക്ക്സ്റ്റാര്‍ എന്നിങ്ങനെ അഭ്രപാളികളില്‍ വിസ്മയം സൃഷ്ടിച്ച സിനിമകളുടെ മായാലോകത്ത് മുഴുകാനും ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്താനും പതിനായിരക്കണക്കിന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് അവസരം തുറന്നേകുകയാണ് കണ്ണൂര്‍ കുടുംബശ്രീ ജില്ലാ ടീമിന്റെ ‘വുമണ്‍’ഫിലിം ഫെസ്റ്റ്.

 സംസ്ഥാന ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ച് ജില്ലയിലെ 81 സി.ഡി.എസുകളില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസക്കാലമാണ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തുന്നത്. ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടിയ ചലച്ചിത്രങ്ങളെ ഉള്‍ഗ്രാമങ്ങളില്‍ പരിചയപ്പെടുത്തുകയെന്ന ദൗത്യവും മേളയ്ക്കുണ്ട്.

 ഒരു സി.ഡി.എസില്‍ നിശ്ചയിച്ച ഒരു ദിനം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സിനിമാ പ്രദര്‍ശനം. സ്‌കൂള്‍, പഞ്ചായത്ത് ഓഡിറ്റോറിയങ്ങളുടെ ലഭ്യത അനുസരിച്ചാണ് പ്രദര്‍ശന ഇടം നിശ്ചയിക്കുക. ഒരു സമയം 150 പേര്‍ക്ക് വരെ സിനിമ കാണാനാകുന്ന രീതിയിലാകും സംഘാടനം. ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാന്‍ഹോള്‍, ഒറ്റമുറി വെളിച്ചം, ഒഴിമുറി തുടങ്ങിയ സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. കുടുംബശ്രീ കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയുടെ ഭാഗമാകാനാകും.

    ഫിലിം ഫെസ്റ്റിവലിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 29ന് തലശ്ശേരി നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എം. ജമുനാറാണി ടീച്ചര്‍ നിര്‍വഹിച്ചു. ചലച്ചിത അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രദീപ് ചൊക്ലി അധ്യക്ഷനായിരുന്നു.

FLMFSTVL

 

Content highlight
Kudumbashree Kannur District Mission organizes Woman Film FestML

മുസോറിയില്‍ താരമായി കുടുംബശ്രീ

Posted on Saturday, July 2, 2022

മുസോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനിലെ വിപണന മേളയില്‍ താരമായി മാറി കുടുംബശ്രീ. കേരള സാരിയും മുണ്ടും കരകൗശല വസ്തുക്കളുമെല്ലാമായി പതിനാറോളം ഉത്പന്നങ്ങളാണ് ജൂണ്‍ 26, 27 തീയതികളിലായി ഐ.എ.എസ് അക്കാഡമിയില്‍ സംഘടിപ്പിച്ച മേളയില്‍ കുടുംബശ്രീ വിപണനത്തിനായി എത്തിച്ചത്.

പാലക്കാട് ജില്ലയില്‍ നിന്നുള്ള കുടുംബശ്രീ ന്യൂട്രിമിക്‌സ് സംരംഭക ഭാഗീരഥി, തൃശ്ശൂര്‍ ജില്ലയിലെ കൊടകര ബ്ലോക്കില്‍ കുടുംബശ്രീ മുഖേന നടത്തിവരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ഭാഗമായി പ്രവര്‍ത്തിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരായ ശാരി ഹരി, വിനീത, സംരംഭകയായ ശ്യാമ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് മേളയിലെ കുടുംബശ്രീ സ്റ്റാള്‍ നടത്തിയത്. രണ്ട് ദിനങ്ങളായി നടന്നമേളയില്‍ 48,070 രൂപയുടെ വിറ്റുവരവും നേടാന്‍ കഴിഞ്ഞു.

വിപണനമേളയിലെ പങ്കാളിത്തത്തിനുപരിയായി അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുടുംബശ്രീയുടെ സംരംഭ രൂപീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിവില്‍ സര്‍വീസ് ട്രെയിനികളുമായി ഇവര്‍ സംവദിക്കുകയും ചെയ്തു. തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ സംരംഭകരുടെ ഉത്പന്നങ്ങളാണ് മേളയില്‍ ലഭ്യമാക്കിയത്.

 

 

Content highlight
Kudumbashree excels at Mussoorie

അട്ടപ്പാടിയില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Friday, June 24, 2022

2022 അധ്യയന വര്‍ഷത്തില്‍ വര്‍ഷത്തില്‍ പത്ത്, പ്ലസ് ടു പരീക്ഷ എഴുതി വിജയിച്ച അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള ചിറ്റൂര്‍ കരിയര്‍ ഡെവലപ്പെമെന്റ് സെന്ററുമായി ചേര്‍ന്ന് അഗളി കിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 22നായിരുന്നു ശില്‍പ്പശാല.

  പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഉന്നത പഠനത്തിനും തൊഴില്‍ സാധ്യതകള്‍ക്കും വ്യക്തമായ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ 560 പേര്‍ പങ്കെടുത്തു. ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ എംപ്ലോയ്‌മെന്റ് ഓഫീസറും സെന്റര്‍ മാനേജരുമായ ഹേമ നേതൃത്വം നല്‍കിയ ടീം ക്ലാസ്സുകള്‍ നയിച്ചു. പിന്നാക്ക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ വി.എസ്. മുഹമ്മദ് ഇബ്രാഹിം ഉന്നതപഠന സാധ്യതകളെ കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.

  പത്താം ക്ലാസ്സിനും പ്ലസ് ടു വിനും ശേഷം കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിവിധങ്ങളായ കോഴ്‌സുകളെ കുറിച്ചും ഈ കോഴ്‌സുകളുടെ ജോലി സാധ്യതകളെക്കുറിച്ചും ശില്‍പ്പശാലയിലൂടെ വിശദമാക്കി. അട്ടപ്പാടിയിലെ കുടുംബശ്രീ പഞ്ചായത്ത് സമിതികള്‍ വഴി ആനിമേറ്റര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ബ്രിഡ്ജ് കോഴ്‌സ് അധ്യാപകര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നടത്തി. കുടുംബശ്രീ അസ്സിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ബി.എസ്. മനോജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

atpdy cr

 

atpdy crr

 

Content highlight
career guidance workshop at attappady

കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്സ്, അഭിമാനാര്‍ഹമായ നേട്ടവുമായി കുടുംബശ്രീയും

Posted on Tuesday, June 21, 2022

കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഇന്ന് അഞ്ച് വര്‍ഷം തികഞ്ഞിരിക്കുന്നു. ഒരു അത്യപൂര്‍വ്വ നേട്ടവും കൂടി കൈവരിച്ചാണ് 2017 ജൂണ്‍ 17ന് കൊച്ചി മെട്രോ സര്‍വീസ് തുടങ്ങിയത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീ പങ്കാളിത്തത്തോടെ നടത്തുന്ന മെട്രോയെന്നതായിരുന്നു ആ ഖ്യാതി. ആ നേട്ടത്തിന് ഹേതുവായത് കുടുംബശ്രീയും.

  ജൂണ്‍ 17ന് മെട്രോയ്ക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍, കുടുംബശ്രീയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായി മാറിയ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായുള്ള (കെ.എം.ആര്‍.എല്‍) വിജയകരമായ സംയോജനത്തില്‍ ഏറെ അഭിമാനിക്കുകയാണ് കുടുംബശ്രീ. ടിക്കറ്റ് നല്‍കല്‍, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍, ഹൗസ് കീപ്പിങ്, ഗാര്‍ഡനിങ് എന്നിങ്ങനെയുള്ള ചുമതലകള്‍ ഏറ്റവും മികച്ച രീതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ നിര്‍വഹിച്ചു വരികയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇവിടെ വിവിധ തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു.

 കൊച്ചി മെട്രോയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്റ് സെന്റര്‍ മുഖേനയാണ്. നിലവില്‍ 613 പേരാണ് എഫ്.എം.സി മുഖേന കൊച്ചി മെട്രോയില്‍ വിവിധ ജോലികള്‍ ചെയ്യുന്നത്. ഇതില്‍ 9 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സാണ്. മള്‍ട്ടി ടാസ്‌ക് സര്‍വീസസ് മേഖലയില്‍ ജോലി ചെയ്യുന്നത് കുടുംബശ്രീ കുടുംബാംഗങ്ങളായ 14 പുരുഷന്മാരും.

 

Content highlight
Kochi Metro turns 'Five'; Proud Achievement for Kudumbashreeml

കുടുംബശ്രീയില്‍ പഠനസന്ദര്‍ശനം നടത്തി മേഘാലയ സംഘം

Posted on Saturday, June 18, 2022

കേരളത്തിലെ ആരോഗ്യ മേഖലയില്‍ കുടുംബശ്രീ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് പഠിക്കാന്‍ മേഘാലയ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥര്‍ കുടുംബശ്രീ സന്ദര്‍ശിച്ചു. മിഷന്‍ ഡയറക്ടര്‍ എസ്. രാം കുമാര്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ജൂണ്‍ 10നാണ് കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫീസില്‍ സംഘം എത്തിയത്. മേഘാലയ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് സൊസൈറ്റി (എം.എസ്.ആര്‍.എല്‍.എസ്) ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

  പി.ആര്‍.ഐ- സി.ബി.ഒ സംയോജന പദ്ധതി നടപ്പിലാക്കുന്നതിന് കുടുംബശ്രീ എന്‍.ആര്‍.ഒയും മേഘാലയയുമായി നേരത്തേ കരാറിലെത്തിയിരുന്നു. കുടുംബശ്രീയുടെ ആരോഗ്യ മേഖലയിലുള്ള ഇടപെടലുകളെക്കുറിച്ചുള്ള അവതരണം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് നടത്തി.  

  അംഗന്‍വാടികള്‍ വഴി വിതരണം ചെയ്യുന്ന കുട്ടികള്‍ക്കുള്ള പൂരക പോഷകാഹാരമായ അമൃതം ന്യൂട്രിമിക്‌സ് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും ആരോഗ്യ മേഖലയയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി നടത്തുന്ന ഇടപെടലുകളെക്കുറിച്ചും പഞ്ചായത്തുകളിലുള്ള വാര്‍ഡ് തല ആരോഗ്യ-ശുചിത്വ കമ്മിറ്റികളെക്കുറിച്ചുമെല്ലാം വിശദമാക്കി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായുള്ള സ്വയം സഹായ സംഘങ്ങള്‍ മുഖേന ആരോഗ്യ, പോഷണ മേഖലയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ മേഘാലയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വാഗ്ദ്വാനം ചെയ്തു.

  മേഘാലയ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് മിഷനുമായി ചേര്‍ന്ന് കുടുംബശ്രീ എന്‍.ആര്‍.ഒ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രെസന്റേഷനില്‍ വിശദമാക്കി. ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും അംഗന്‍വാടി തലത്തിലുള്ള മോണിറ്ററിങ് സംവിധാനവും പിന്തുണാ സമിതിയും സജീവമാക്കുന്നതിനും ന്യൂട്രിഗാര്‍ഡനുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കുന്നതിനെക്കുറിച്ചുമെല്ലാം വ്യക്തമാക്കി. കൊല്ലം, എറണാകുളം ജില്ലകളില്‍ സംഘം ഫീല്‍ഡ് സന്ദര്‍ശനം നടത്തി.

Content highlight
Meghalaya Delegation visits Kudumbashree National Resource Organisation

എന്‍ ഊരില്‍ ശ്രദ്ധേയമായി ഗോത്രശ്രീ

Posted on Saturday, June 18, 2022

ഗോത്ര സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വയനാട്ടിലെ പൂക്കോട് ഒരുക്കിയ ‘എന്‍ ഊര്’ പൈതൃക ഗ്രാമത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കുടുംബശ്രീയുടെ ‘ഗോത്രശ്രീ’ ട്രൈബല്‍ കഫറ്റീരിയ.

ജില്ലയിലെ ഗോത്രജനതയുടെ തനത് പാരമ്പര്യം, ജീവിതരീതി, ആചാരാനുഷ്ഠാനങ്ങള്‍, കലകള്‍ എന്നിവ പുറംലോകത്തിന് പരിചയപ്പെടുത്താനും അതുവഴി അവര്‍ക്ക് മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗം ഒരുക്കി നല്‍കാനും വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഈ പൈതൃക ഗ്രാമം. വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജില്‍ 25 ഏക്കര്‍ സ്ഥലത്താണ് പൈതൃക ഗ്രാമം ഒരുക്കിയിരിക്കുന്നത്.

പ്രത്യേക പരിശീലനം ലഭിച്ച പട്ടികവര്‍ഗ്ഗ യുവതീയുവാക്കളുടെ സംഘമാണ് കുടുംബശ്രീയുടെ ഗോത്രശ്രീ കഫറ്റീരിയ നടത്തുന്നത്. ഒരു യുവതി ഉള്‍പ്പെടെ 12 പേരാണ് സംഘത്തിലുള്ളത്. തനത് വയനാടന്‍ വിഭവങ്ങള്‍ക്കൊപ്പം, ഊണ്, വനസുന്ദരി സ്‌പെഷ്യല്‍ ചിക്കന്‍, വിവിധ ഇലക്കറികള്‍, പുഴുക്ക്, കുമ്പിളപ്പം എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ ഇവിടെ ലഭിക്കും. പത്ത് ദിവസം കൊണ്ട് ഗോത്രശ്രീ സംരംഭകര്‍ നേടിയത് രണ്ടരലക്ഷം രൂപയുടെ വരുമാനമാണ്!

‘ഗോത്രശ്രീ’ കഫറ്റീരിയ കൂടാതെ ഗോത്രശ്രീ കാര്‍ഷിക നേഴ്‌സറി, ഗോത്രശ്രീ ഔഷധ നേഴ്‌സറി, മസാലപ്പൊടികള്‍, അച്ചാറുകള്‍, കാപ്പിപ്പൊടി തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ തയാറാക്കി വിപണനം നടത്തുന്ന ഗോത്രശ്രീ ഫുഡ് പ്രോസസിങ് യൂണിറ്റ് എന്നിങ്ങനെ മൂന്ന് കുടുംബശ്രീ സംരംഭങ്ങള്‍ കൂടി ഈ പൈതൃക ഗ്രാമത്തിലുണ്ട്.

 

gothrashree

 

Content highlight
Kudumbashree's 'Gothrashree' Tribal Cafeteria becomes the focal point of 'Ente Ooru' Tribal Heritage Village