ഫീച്ചറുകള്‍

'മെറാക്കി' ബ്രാന്‍ഡ് കുര്‍ത്തികള്‍ വിപണിയിലിറക്കി കണ്ണൂര്‍ കുടുംബശ്രീ

Posted on Wednesday, August 11, 2021

കണ്ണൂരിലെ കുടുംബശ്രീ സംരംഭകരുടെ 'മെറാക്കി' ബ്രാന്‍ഡ് കുര്‍ത്തികള്‍ വിപണിയില്‍. ഓഗസ്റ്റ് ഏഴിന് മെരുവമ്പായിലെ നജ്മുല്‍ഹുദ ഷോപ്പിങ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ രാജ്യസഭാ അംഗം .വി ശിവദാസന്‍, മെറാക്കി ബ്രാന്‍ഡ് കുര്‍ത്തി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തയ്യല്‍ അറിയാവുന്ന കൂത്ത്പ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലെ 20 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് യൂണിറ്റിന് തുടക്കമിട്ടത്. കോവിഡ്-19 പ്രതിസന്ധി മൂലം ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ടവരായിരുന്നു ഇവര്‍.

  ഇതാദ്യമായാണ് കുടുംബശ്രീ സംരംഭകര്‍ ബ്രാന്‍ഡഡ് കുര്‍ത്തികള്‍ വിപണിയിലിറക്കുന്നത്. ഉടന്‍തന്നെ ഓണ്‍ലൈനായും കുര്‍ത്തികള്‍ ലഭ്യമായി തുടങ്ങും. എല്ലാ അളവിലുമുള്ള കുര്‍ത്തികള്‍ ലഭ്യമാണ്. പ്രത്യേക ലോഗോയും ബ്രാന്‍ഡഡ് പ്രൈസ് ടാഗും കുര്‍ത്തികള്‍ക്കുണ്ട്. മെരാകി യൂണിറ്റ് അംഗങ്ങള്‍ക്ക് കണ്ണൂരിലെ ധര്‍മ്മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ (എന്‍.ഐ.എഫ.ടി) നേതൃത്വത്തില്‍ മാര്‍ച്ച് മാസം ആദ്യവാരം പരിശീലനം നല്‍കിയിരുന്നു. ഫാഷന്‍ ലോകത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും ഈ ക്ലാസ്സുകളിലൂടെ അവര്‍ക്ക് അവബോധം നല്‍കി. സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് (എസ്.വി.ഇ.പി) പദ്ധതി പ്രകാരം നാല് സംരംഭ ഗ്രൂപ്പുകളായി തിരിച്ചാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 8281709388 എന്ന കസ്റ്റമര്‍ കെയര്‍ നമ്പരിലൂടെ യൂണിറ്റിനെ ബന്ധപ്പെടാം. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയാല്‍ ഡ്രെസ് കോഡും തയാറാക്കി നല്‍കും

meraki

  മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഒ.വി. ഗംഗാധരന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് നൗഫല്‍, പി.വി. സന്ധ്യ, കെ. ഷൈനി, കെ.എച്ച്. ഷമീറ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Content highlight
Kudumbashree Kannur District Mission launches 'Meraki' Brand Kurta of Kudumbashree entrepreneurs

'അമൃതം കര്‍ക്കിടകം' ഭക്ഷ്യമേളയുമായി തൃശ്ശൂര്‍ ജില്ലാ ടീം

Posted on Wednesday, July 28, 2021

കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ ടീമിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ 'അമൃതം കര്‍ക്കിടകം' ഭക്ഷ്യമേളയ്ക്ക് തുടക്കമായി. പരമ്പരാഗത അറിവുകളും ഭക്ഷണ രീതികളും പാചകക്കുറിപ്പുകളും ആയുര്‍വേദവിധികളും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളും ഉള്‍ക്കൊള്ളുന്ന 'അമൃതം കര്‍ക്കിടകം' കൈപ്പുസ്തകവും പുറത്തിറക്കി. റവന്യൂ മന്ത്രി കെ. രാജന്‍, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ജൂലൈ 22ന് കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യമേളയുടെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

  ജൂലൈ 22 മുതല്‍ 30 വരെ കളക്ടറേറ്റ് ബാര്‍ അസോസിയേഷന് ഹാളിന് സമീപം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ്  പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള നടത്തുന്നത്. വിവിധതരം ഔഷധക്കഞ്ഞികളും പത്തില കറികളും മേളയില്‍ ലഭിക്കും. കൂടാതെ ശരീരപുഷ്ടിക്ക് ആവശ്യമായ മരുന്നുണ്ടയും പാഴ്‌സലായി മേളയില്‍ ലഭിക്കും. കഴിഞ്ഞ നാല് വര്‍ഷങ്ങളായി അമൃതം കര്‍ക്കിടകം എന്ന പേരില്‍ തൃശ്ശൂര്‍ ജില്ലാ ടീം പഞ്ചായത്തുകളില്‍ പരമ്പരാഗത ഭക്ഷ്യമേള സംഘടിപ്പിച്ചുവന്നിരുന്നു.  

amritham


 
  തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു നാരായണന്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ്.സി, ഐഫ്രം സി.ഇ.ഒ അജയകുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ ഭക്ഷ്യ വിഭവങ്ങള്‍ കര്‍ക്കിടക മാസത്തില്‍ പാകം ചെയ്ത് കഴിക്കാന്‍ ഏവര്‍ക്കും സഹായകമാകുന്ന പുസ്തകമാണ് അമൃതം കര്‍ക്കിടകം. കുടുംബശ്രീയുടെ യുവശ്രീ സംരംഭ ഗ്രൂപ്പായ ഐഫ്രത്തിന്റെയും (AIFRHM- Adebha- Athidhi Devo Bhava- Institute of Food Research and Hospitality Management) ഡോ. കെ.എസ്. രജിതന്റെയും നേതൃത്വത്തിലാണ് പുസ്തകം തയാറാക്കിയത്.

 

Content highlight
to Kudumbashree Thrissur District Mission organizes 'Amrutham Karkkidakam' Ethnic Food Festml

കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ച് കാസര്‍ഗോഡ് ജില്ല

Posted on Thursday, July 22, 2021

കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം, വിദ്യാനഗറിലെ കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് ക്യാന്റീനില്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ മുഴുവന്‍ ജനകീയ ഹോട്ടലുകളിലും ഓഗസ്റ്റ് 16 വരെ സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് നടത്താനാണ് കുടുംബശ്രീ ജില്ലാ ടീം ലക്ഷ്യമിട്ടിരിക്കുന്നത്. ആയുര്‍വേദ വിധി പ്രകാരം തയാറാക്കുന്ന പച്ചമരുന്നുകളും ജൈവ അരിയും ചേര്‍ത്താണ് കര്‍ക്കിടകഞ്ഞി തയ്യാറാക്കുന്നത്.  നാല് തരത്തിലുള്ള കര്‍ക്കിടക കഞ്ഞികളാണ് ലഭിക്കുക. ഇലക്കറികളും നെല്ലിക്ക ചമ്മന്തിയും ഒപ്പമുണ്ടാകും. 50 രൂപയാണ് വില.

എല്ലാ ജനകീയ ഹോട്ടലുകളിലും ടേക്ക് എവേ കൗണ്ടറുകളും കര്‍ക്കിടക കഞ്ഞി വിതരണത്തിന് തയാറാക്കും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content highlight
Kudumbashree Kasaragod District Mission organises Covid Special Karkkidaka Kanji Festml

വിവാഹം ഒരു കച്ചവടമോ?- ക്ലബ് ഹൌസ് സംവാദം സംഘടിപ്പിച്ച് കാസറഗോഡ് സ്‌നേഹിത

Posted on Wednesday, July 7, 2021

കാസറഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍, സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ 'വിവാഹം ഒരു കച്ചവടമോ?'എന്ന വിഷയത്തില്‍ ക്ലബ്ബ് ഹൗസ് സംവാദം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് സംവാദത്തില്‍ പങ്കെടുത്തത്. വിവാഹവും സ്ത്രീധനവും ആയി ബന്ധപ്പെട്ട് സമകാലിക സംഭവങ്ങളിലൂന്നിയും കുടുംബത്തിലും സമൂഹത്തിലും സമൂഹ മനസ്ഥിതിയിലും വരേണ്ട മാറ്റങ്ങളെ പറ്റിയും  സജീവമായി ചര്‍ച്ച  നടന്നു.

  സമൂഹത്തിലുളവാകേണ്ട മനോഭാവ മാറ്റത്തെ പറ്റിയും, മാറ്റം തുടങ്ങേണ്ടത് അവനവനില്‍ നിന്ന് തന്നെയാണെന്നുമുള്ള അഭിപ്രായം ഈ സംവാദത്തില്‍ ഉയര്‍ന്നു. ഇത്തരം തുടര്‍ച്ചയായ പരിപാടികള്‍ ഇനിയും സംഘടിപ്പിച്ചു കൊണ്ട് കൂടുതല്‍ ആളുകളിലേക്ക് ബോധവത്കരണം സൃഷ്ടിക്കാനാണ് സ്‌നേഹിത ലക്ഷ്യമിട്ടിരിക്കുന്നത്. ജെന്‍ഡര്‍ ടീം ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി മേനോന്‍ പരിപാടിയുടെ മോഡറേറ്റര്‍ ആയി.

 

Content highlight
to Snehitha Gender Help Desk of Kasaragod organizes 'Club House' Discussion on the topic 'Whether Marriage is a Business Dealml

ബീഹാറില്‍ കുടുംബശ്രീ പിന്തുണയോടെ 'ദീദി കി രസോയി' രണ്ടാം ഘട്ടത്തിലേക്ക്

Posted on Wednesday, July 7, 2021

കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍.ആര്‍.ഒ) സഹായത്തോടെ ബീഹാറില്‍ സ്ഥാപിച്ചുവരുന്ന ദീദി കി രസോയി ക്യാന്റീന്‍ ശൃംഖല രണ്ടാം ഘട്ടത്തിലേക്ക്. കേരളത്തിലെ 'കഫേ കുടുംബശ്രീ' മാതൃകയില്‍ ക്യാന്റീന്‍ ശൃംഖല രൂപീകരിക്കാന്‍ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കണമെന്ന് ബീഹാര്‍ ഗ്രാമീണ ഉപജീവന ദൗത്യം (ജീവിക) ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 'ദീദി കീ രസോയി' എന്ന പേരില്‍ ക്യാന്റീന്‍ ശൃംഖല രൂപപ്പെടുത്തിയെടുക്കാനുള്ള കരാറില്‍ കുടുംബശ്രീ ഒപ്പുവയ്ക്കുകയായിരുന്നു. ഇപ്പോള്‍ ബീഹാറില്‍ നാല് 'ദീദി കി രസോയി' ക്യാന്റീനുകളാണ് പ്രവര്‍ത്തിക്കുന്നത്. നാല് ഇടങ്ങളിലും മികച്ച രീതിയില്‍ ക്യാന്റീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സംരംഭകരെ പരിശീലിപ്പിച്ചതും ഈ ക്യാന്റീനുകള്‍ ആറ് മാസമെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തി തുടര്‍ന്നും നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്ക് ആത്മവിശ്വാസമേകിയതും കുടുംബശ്രീ എന്‍.ആര്‍.ഒ ടീമാണ്.

  ഈ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് 'ദീദി കി രസോയി'യുടെ രണ്ടാംഘട്ട പരിശീലനത്തിനായി ബീഹാറുമായി കുടുംബശ്രീ കരാറില്‍ ഒപ്പുവച്ചത്. ഈ രണ്ടാം ഘട്ടത്തില്‍, ഒന്നാം ഘട്ട പ്രവര്‍ത്തനം വ്യാപിപ്പിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 70ഓളം ജില്ലാതല ജനറല്‍ ആശുപത്രികളില്‍ ക്യാന്റീനുകള്‍ ആരംഭിക്കാന്‍ വിവിധ സഹായങ്ങളേകാനാണ് കുടുംബശ്രീയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കുകയും 2022 മാര്‍ച്ച് മാസത്തില്‍ ഈ ക്യാന്റീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ടാംഘട്ടത്തിന്റെ ഭാഗമായി ക്യാന്റീന്‍ ശൃംഖല കൂടാതെ ഹോട്ടലുകള്‍, കഫറ്റേരിയകള്‍, കോഫി ഷോപ്പുകള്‍, കോഫി വെന്‍ഡിങ് മെഷീനുകള്‍ തുടങ്ങിയ കാറ്ററിങ് മേഖലയിലെ വിവിധ മോഡലുകളില്‍ പരിശീലനം നല്‍കാനും ബീഹാര്‍ സര്‍ക്കാര്‍ കുടുംബശ്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  ബീഹാറിലെ വൈശാലിയിലെ ജില്ലാ ജനറല്‍ ആശുപത്രിയിലെ ക്യാന്റീന്‍ നടത്തിപ്പും കഫേ, കോഫി വെന്‍ഡിങ് മെഷീന്‍, കിയോസ്‌ക് തുടങ്ങിയ മോഡലുകളുടെ നടത്തിപ്പും പരീക്ഷണാടിസ്ഥാനത്തില്‍ ജീവികയ്ക്ക് കീഴിലുള്ള സ്വയം സഹായ സംഘാംഗങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനമാണ് ആദ്യഘട്ടത്തില്‍ ബീഹാര്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി അനുയോജ്യരായ സ്ത്രീകളെ തെരഞ്ഞെടുക്കാനും അവര്‍ക്ക് പരിശീലനം നല്‍കാനും കുറച്ച് കാലത്തേക്ക് കൂടെ നിന്ന് എല്ലാവിധ പിന്തുണയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായവും ചെയ്തു നല്‍കാനുമൊക്കെയായിരുന്നു കുടുംബശ്രീയോട് ആവശ്യപ്പെട്ടത്. ഇത് അനുസരിച്ച് കുടുംബശ്രീ എന്‍.ആര്‍.ഒയുടെ നേതൃത്വത്തില്‍ ക്യാന്റീന്‍ നടത്തിപ്പില്‍ പരിശീലനം നല്‍കുന്ന 35 മെന്റര്‍മാരെ സജ്ജരാക്കുകയും കോവളത്തെ ഐ.എച്ച്.എം.സി.ടി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്നോളജി)യുമായി അക്കാഡമിക് പരിശീലനങ്ങളേകുന്നതിനായി കരാറിലെത്തുകയും ചെയ്തു. അവരുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ യുവശ്രീ സംരംഭമായ ഐഫ്രത്തിന്റെ (AIFRHM- അദേഭാ- അതിഥി ദേവോ ഭവ- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി) പങ്കാളിത്തത്തോട് കൂടി 'ദീദി കി രസോയി'യുടെ പരിശീലനങ്ങളും പിന്തുണയേകലും നല്‍കി.

 

Content highlight
'Didi ki Rasoi' to the next phase with the support of Kudumbashreeml

47 വിപണന കേന്ദ്രങ്ങളുമായി 'കേരള ചിക്കന്‍' പദ്ധതി മുന്നോട്ട്

Posted on Thursday, July 1, 2021

കേരളത്തിലെ എല്ലാ ജില്ലകളിലും ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കേരള ചിക്കന്‍. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം 'കേരള ചിക്കന്‍' എന്ന പേരില്‍ 47 ബ്രാന്‍ഡഡ് വിപണന കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഫാമുകള്‍ ആരംഭിക്കുകയും ഫാമുകളില്‍ നിന്ന് ലഭ്യമാകുന്ന ബ്രോയിലര്‍ ചിക്കന്‍ വിപണിയിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. തുടര്‍ന്ന് 2020 ജൂണ്‍ മാസം മുതല്‍ ബ്രാന്‍ഡഡ് വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുകയായിരുന്നു. കുടുംബശ്രീയും മൃഗസംരക്ഷണവകുപ്പും ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും സംയുക്തമായാണ് കേരള ചിക്കന്‍ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ സമഗ്രമായ മേല്‍നോട്ടം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇന്റഗ്രേഷന്‍ ഫാമിങ് വഴി ചിക്കന്‍ വിപണിയിലെത്തിക്കുകയെന്ന പദ്ധതിയും പ്രോസസിങ് യൂണിറ്റ് ആരംഭിക്കുകയെന്ന പദ്ധതിയുമാണ് ഈ സമഗ്ര പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ചെയ്യുന്നത്.

  സംസ്ഥാനത്തെ ആദ്യ വിപണന കേന്ദ്രം എറണാകുളം ജില്ലയിലെ ഏഴിക്കര സി.ഡി.എസിന് കീഴില്‍ ആരംഭിച്ചു. ആകെ 203 കേരള ചിക്കന്‍ ഫാമുകളും നിലവിലുണ്ട്. എറണാകുളം ജില്ലയില്‍ 48 ഫാമുകളും 21 വിപണനകേന്ദ്രങ്ങളുമുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ 37 ഫാമുകളും 11 വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. കോട്ടയം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ യഥാക്രമണം 30, 31, 26, 31 വീതമാണ് ഫാമുകള്‍. കോട്ടയത്ത് 9 ഉം തിരുവനന്തപുരത്തും കൊല്ലത്തും മൂന്ന് വീതവും വിപണന കേന്ദ്രങ്ങള്‍ ജൂണ്‍ 22 വരെ ആരംഭിച്ചിട്ടുണ്ട്.

  ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ ബ്രോയിലര്‍ ചിക്കന്‍ വിപണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയിലുള്ള പദ്ധതി നടപ്പിലാക്കുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ (എറണാകുളം, കോട്ടയം, തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം. കോഴിക്കോട്, പാലക്കാട് ) 40 വീതം ഫാമുകള്‍ ആരംഭിക്കുകയും ആ ഫാമുകളില്‍ നിന്നുള്ള ബ്രോയിലര്‍ ചിക്കന്‍ വിപണിയിലെത്തിക്കാനായി 20 വീതം വിപണന കേന്ദ്രങ്ങള്‍ തുടങ്ങുകയും ചെയ്യുന്നതാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തില്‍ മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലേക്ക് കൂടി ഈ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ശേഷിച്ച മറ്റ് ജില്ലകളിലും പദ്ധതി ആരംഭിച്ച് മൂന്നാം ഘട്ടം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

 

Content highlight
Kerala Chicken Project Progressing with 47 Marketing Outletsml

സര്‍ക്കാരിന്റെ പുതിയ 100 ദിന കര്‍മ്മപദ്ധതിയുടെയും ഭാഗമായി കുടുംബശ്രീ

Posted on Wednesday, June 30, 2021

സര്‍ക്കാരിന്റെ പുതിയ 100 ദിന കര്‍മ്മ പദ്ധതിയിലും കുടുംബശ്രീ ഭാഗമായി. ഇതില്‍ ആറ് പദ്ധതികളാണ് കുടുംബശ്രീയുടേതായുള്ളത്. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുന്‍ 100 ദിന പദ്ധതികളിലും കുടുംബശ്രീ ഭാഗമായിരുന്നു. പുതിയ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികളും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ 100 ദിന പദ്ധതികളില്‍ ആറ് പദ്ധതികളാണ് കുടുംബശ്രീയുടേതായുള്ളത്.

1. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഹോട്ടലുകള്‍ക്ക് ഗ്രേഡിങ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം.

2. നിലവില്‍ സംരംഭകത്വ പരിശീലനം പൂര്‍ത്തിയാക്കി, നൈപുണ്യ പരിശീലനം ആരംഭിക്കുകയും ലോക്ഡൗണിനെത്തുടര്‍ന്ന് അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെയും വന്ന കുടുംബശ്രീ അംഗങ്ങളുണ്ട്. ഇവരുടെ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കി 2000 പേരെങ്കിലും സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കും.

3. കോവിഡ് നിയന്ത്രണങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് ധനസഹായത്തിനായി 20,000 ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റികള്‍ (എ.ഡി.എസ്) വഴി സംസ്ഥാനത്താകെ 200 കോടി രൂപയുടെ ധനസഹായ വിതരണം നടത്തും.

4. കെ.എസ്.എഫ്.ഇ യുമായി ചേര്‍ന്നുകൊണ്ടുള്ള വിദ്യാശ്രീ പദ്ധതിയുടെ കീഴില്‍ 50,000 ലാപ്‌ടോപ്പുകളുടെ വിതരണ ഉദ്ഘാടനം.

5. അതീവദാരിദ്ര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്ന പ്രക്രിയ പൂര്‍ത്തിയാക്കും. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരണം നടത്തും.

6. പി.എം.എ.വൈ (അര്‍ബന്‍)- ലൈഫ് പദ്ധതി പ്രകാരം 2000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

 കുടുംബശ്രീ മുഖേന നടത്തുന്ന 100 ദിന പദ്ധതികളുടെ ഫലങ്ങളും പുരോഗതിയും കുടുംബശ്രീ വെബ്‌സൈറ്റിലെ www.kudumbashree.org/pages/876 എന്ന ലിങ്കില്‍ ലഭിക്കും.

 

Content highlight
Kudumbashree projects included in the new 100 Day Programme ML

കാസര്‍ഗോഡിന്റെ 'ഹോമര്‍'വാതില്‍പ്പടി സേവനം

Posted on Tuesday, June 22, 2021

കോവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള ലോക്ഡൗണും അത് മൂലമുള്ള ബുദ്ധിമുട്ടുകളും കൊണ്ട് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കടകളില്‍ പോകാന്‍ കഴിയാത്തവര്‍ക്കായി കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം 'ഹോമര്‍' വാതില്‍പ്പടി സേവനം ആരംഭിച്ചു.  ഗുണഭോക്താക്കള്‍ക്ക് അവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വീടുകളിലെത്തിച്ച് നല്‍കുന്ന ഈ പദ്ധതിയിലൂടെ ഒരു സംരംഭ സാധ്യതകൂടിയാണ് ജില്ലാ ടീം അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് തുറന്നേകിയിരിക്കുന്നത്.

  കാസര്‍ഗോഡ് ജില്ലയിലെ മംഗല്‍പ്പാടി, ചെറുവത്തൂര്‍, കാസര്‍ഗോഡ്, കാഞ്ഞങ്ങാട് എന്നീ നാല് സ്ഥലങ്ങളിലാണ് തുടക്കത്തില്‍ ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഈ നാല് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിലുമുള്ള ഇരുചക്ര വാഹനമോ ഓട്ടോയോ ഉള്ള രണ്ട് അയല്‍ക്കൂട്ടാംഗങ്ങളെ വീതം തെരഞ്ഞെടുത്ത് അവരുടെ മൊബൈല്‍ നമ്പരുകള്‍ സംഘടനാ സംവിധാനം വഴി എല്ലാ വീടുകളിലേക്കും എത്തിച്ച് നല്‍കിയാണ് ഹോമര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഈ നമ്പരുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്സ്ആപ്പ് മുഖേന അയച്ചു നല്‍കാം. ഇത് അനുസരിച്ച് സാധനങ്ങളും മരുന്നുകളും കടകളില്‍ നിന്ന് ഗുണഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്.  ഏറ്റവും കുറഞ്ഞത് 500 രൂപയുടെയെങ്കിലും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യണം. കൂടാതെ ഡെലിവറി ചാര്‍ജ്ജും ഈടാക്കും. 5 കിലോമീറ്ററിനുള്ളിലാണ് ഡെലിവറി നടത്തുക. 2 കിലോമീറ്റര്‍ പരിധി വരെ 40 രൂപയാണ് ഡെലിവറി ചാര്‍ജ്ജായി ഈടാക്കുന്നത്. 2 കിലോമീറ്റര്‍ മുതല്‍ 4 കിലോമീറ്റര്‍ വരെ 50 രൂപയും 4 മുതല്‍ 5 കിലോമീറ്റര്‍ വരെ 60 രൂപയും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കും.


  ഈ ഓര്‍ഡറുകളില്‍ നിന്ന് ലഭിക്കുന്ന കമ്മീഷനിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും അതിലുപരിയായി മികച്ചൊരു സേവനമാണ് സംരംഭ മാതൃകയിലുള്ള 'ഹോമര്‍' എന്ന ഈ പദ്ധതിയിലൂടെ കാസര്‍ഗോഡ് ജില്ലാ ടീം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. ആരംഭിച്ച് ആദ്യ രണ്ടു ദിവസങ്ങള്‍ കൊണ്ട് തന്നെ പദ്ധതി വിജയത്തിലേക്കെത്തുന്നുവെന്ന സൂചനയാണ് ലഭിച്ചത്. ആദ്യ ദിവസം ഒമ്പത് ഓര്‍ഡറുകള്‍ ലഭിച്ചു, 5850 രൂപയുടെ ഓര്‍ഡര്‍. രണ്ടാം ദിനം 11 ഓര്‍ഡറുകളും (7300 രൂപ). വിജയസാധ്യത പരിശോധിച്ച് കൂടുതല്‍ ഇടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് കാസര്‍ഗോഡ് ജില്ലാ ടീം ലക്ഷ്യമിട്ടിരിക്കുന്നത്.

homer

 

Content highlight
Kudumbashree Kasaragod District Mission launches 'Homer' Home Delivery Service mlm

ആറളത്ത് നിന്നും 'ആദി കുടകള്‍'

Posted on Monday, June 21, 2021

കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയിലെ കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന കുടകള്‍ 'ആദി കുടകള്‍' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിയിരിക്കുന്നു. 28 ആദിവാസി വനിതകളാണ് ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. 21 ഇനം കുടകള്‍ 'ആദി കുടകള്‍' എന്നപേരില്‍ കുടുംബശ്രീ ശൃംഖലയിലൂടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. പ്രിന്റ് കുടയ്ക്ക് 345 രൂപയും ത്രീ ഫോള്‍ഡ് കറുത്ത കുടയ്ക്ക് 325 രൂപയും കളര്‍ കുടയ്ക്ക് 335 രൂപയുമാണ് വില.

  ആറളം ഫാം പട്ടികവര്‍ഗ്ഗ പുനരധിവാസ മേഖലയിലെ 28 ആദിവാസി വനിതകള്‍ക്ക് കണ്ണൂര്‍ ജില്ലാ ടീമിന്റെ നേതൃത്വത്തില്‍ കുടനിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുകയായിരുന്നു. കുടനിര്‍മ്മാണ കിറ്റുകളും നല്‍കി. തുടര്‍ന്ന് ഇവരുടെ രണ്ട് സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ സി.ഡി.എസില്‍ രജിസ്ട്രര്‍ ചെയ്യുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 5000 കുടകള്‍ വിപണിയിലിറക്കുകയെന്ന ചെറിയ ലക്ഷ്യമാണ് ഈ യൂണിറ്റുകള്‍ ഏറ്റെടുത്തിരിക്കുന്നത്.

  കുട നിര്‍മ്മാണത്തിന് പൊതുവായി പിന്തുടരുന്ന അതേ രീതിയില്‍ തന്നെയാണ് നിള, ലോട്ടസ് എന്നീ രണ്ട് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത്. കുട തയാറാക്കുന്നതിനുള്ള കുടനിര്‍മ്മാണ കിറ്റ് വിപണിയില്‍ നിന്ന് വാങ്ങി വീടുകളിലിരുന്ന് കുടകള്‍ തയാറാക്കി വിപണിയിലേക്ക് എത്തിക്കുന്ന രീതിയാണിത്.

   കൂലിവേല മാത്രം ചെയ്ത് ഉപജീവനം കണ്ടെത്തുന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് പഞ്ഞമാസങ്ങളില്‍ അധിക വരുമാനം ലഭ്യമാക്കി കൈത്താങ്ങേകാനാണ് ഈ സംരംഭ പ്രവര്‍ത്തനം വഴി ജില്ലാമിഷന്‍ ലക്ഷ്യമിടുന്നത്. കുട വാങ്ങാന്‍ താത്പര്യമുള്ള ഏവര്‍ക്കും 04902953006, 9645183673 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

Content highlight
Kudumbashree Kannur District team comes up with ‘Aadhi Umbrellas’ from the Tribal Resettlement Area of Aralam Farm mlm

പരിസ്ഥിതി ദിനം ആഘോഷമാക്കി ബഡ്സ് കുട്ടികള്‍

Posted on Tuesday, June 8, 2021

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും ലോക പരിസ്ഥിതി ദിനം ആഘോഷമാക്കി. ലോക്ഡൗണാണെങ്കിലും ബഡ്സ് സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണമായ പങ്കാളിത്തത്തോട് കൂടി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയായിരുന്നു.

  കേരളത്തിലെ ഭൂരിഭാഗം ബഡ്സ് സ്ഥാപനങ്ങളിലെയും കുട്ടികള്‍ ലോക പരിസ്ഥിതി ദിനത്തില്‍ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ നട്ട മരങ്ങളോടൊപ്പം  അതിന്റെ വളര്‍ച്ചയിലുള്ള സന്തോഷത്തോടെ നില്‍ക്കുന്ന ഫോട്ടോകളും ഈ പരിസ്ഥിതി ദിനത്തില്‍ നട്ട മരങ്ങളുടെ ഒപ്പമുള്ള ഫോട്ടോകളും എടുത്ത് അത് പങ്കുവയ്ക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു ഇതില്‍ പ്രധാനം. ഒരു 'തൈ നടീലില്‍' ഒതുങ്ങാതെ പ്ലക്കാര്‍ഡ് നിര്‍മ്മാണം, വീടും പരിസരവും ശുചിയാക്കല്‍, ചിത്രരചനാ മത്സരം തുടങ്ങീ മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും വിവിധ ബഡ്സ് സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തി.

 

Content highlight
Children from BUDS Institutions cheerfully celebrate World Environment Day mlm