ദേശീയ സരസ് മേള 2022 തിരുവനന്തപുരം കനകക്കുന്നിൽ പുരോഗമിക്കുന്നു

Posted on Thursday, April 7, 2022

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഉത്പന്ന-വിപണനമേളയായ ദേശീയ സരസ് മേള 2022 തിരുവനന്തപുരം കനകക്കുന്നിൽ പുരോഗമിക്കുന്നു. മാർച്ച് 30ന് തുടക്കമായ മേളയിൽ  28 സംസ്ഥാനങ്ങളിലേയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്ന 250 സ്റ്റാളുകളുണ്ട്. 60,000 ചതുരശ്ര അടിയുടെ പവലിയൻ. കൂടാതെ 15 സംസ്ഥാനങ്ങളിലെ രുചി വൈവിധ്യം രുചിച്ചറിയാൻ അവസരമൊരുക്കി 25 സ്റ്റാളുകൾ അടങ്ങുന്ന ഫുഡ് കോർട്ടും. 15,000 ചതുരശ്ര അടിയിലാണ് ഫുഡ് കോർട്ട്.

 കേരളം, ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, ഛത്തീസ്ഘട്ട്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പഞ്ചാബ്, സിക്കിം, തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 600 ഓളം സംരംഭകർ  കരകൗശല ഉത്പന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ മേളയ്ക്ക് എത്തിച്ചിട്ടുണ്ട്.

  കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷന്റെ ചുമതലയിലൊരുക്കുന്ന ഫുഡ്കോർട്ടിൽ കർണ്ണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, അരുണാചൽ പ്രദേശ്, അസം, ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളുടെ ഭക്ഷണ വൈവിധ്യങ്ങൾ വിളമ്പുന്നു. കൂടെ കേരളത്തിലെ വിഭവങ്ങൾ ലഭിക്കുന്ന ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളുടെ സ്റ്റാളുകളുമുണ്ട്.

  ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കലാകാരന്മാരുടെ കലാപ്രകടനങ്ങളും കുടുംബശ്രീ അംഗങ്ങളുടെയും ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെയും ഉൾപ്പെടെയുള്ള കലാപ്രകടനങ്ങളും സെമിനാറുകളും ദിവസേന നടന്നുവരുന്നു. പ്രമുഖ ഗായിക സിതാര കൃഷ്ണകുമാർ, പുഷ്പവതി എന്നിവരുടെ സംഗീതനിശകളും രാജസ്ഥാൻ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തനത് കലാ രൂപങ്ങളും ശിങ്കാരിമേളവും നാടൻപാട്ടും മൺപാട്ടും എല്ലാം ഇക്കഴിഞ്ഞ ഏഴ് നാളുകളിലായി അരങ്ങേറി. ഏപ്രിൽ പത്തിന് മേള സമാപിക്കും.

Content highlight
600 ഓളം സംരംഭകർ കരകൗശല ഉത്പന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ മേളയ്ക്ക് എത്തിച്ചിട്ടുണ്ട്