കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ കുടുംബശ്രീയുടെ 'രസോയി' നാടന്‍ ഭക്ഷണശാലയ്ക്ക് തുടക്കം

Posted on Friday, February 25, 2022

കോഴിക്കോടുള്ള നാഷണല്‍ കേഡറ്റ് കോര്‍ (എന്‍.സി.സി) ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ കുടുംബശ്രീയുടെ നാടന്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ (24/02/22) നടന്ന ചടങ്ങില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഇ. ഗോവിന്ദ് ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഡിഫന്‍സീവ് സര്‍വീസ് സ്ഥാപനത്തില്‍ ഇത്തരത്തിലൊരു അവസരം കുടുംബശ്രീയ്ക്ക് ലഭിച്ചത് ഏറെ ശ്രദ്ധേയമായി.

  കോഴിക്കോട് കോര്‍പ്പറേഷന്‍ നോര്‍ത്ത് സി.ഡി.എസിന് കീഴിലുള്ള രസോയി എന്ന സംരംഭത്തിലെ അഞ്ച് പേര്‍ ചേര്‍ന്നാണ് ഭക്ഷണ ശാല നടത്തുക. കെട്ടിടത്തിന് വാടക നല്‍കേണ്ടതില്ല. പാത്രങ്ങള്‍, ഉപകരണങ്ങള്‍, സ്റ്റൗ മുതലായവ  സംരംഭകര്‍ക്ക് സൗജന്യമായി  നല്‍കുകയും ചെയ്തിട്ടുണ്ട്.

rasoi

  ഭക്ഷണശാലയിലേക്ക് ആവശ്യമുള്ള പലവ്യഞ്ജനങ്ങള്‍ എന്‍.സി.സി ക്യാന്റീനില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വാങ്ങുന്ന സാധനങ്ങളുടെ തുക നല്‍കാന്‍ ഒരു മാസ കാലാവധിയും അനുവദിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കേണ്ടതുമില്ല. എന്‍.സി.സി ക്യാമ്പിനെത്തുന്ന കുട്ടികള്‍ക്കും മറ്റുമുള്ള ഭക്ഷണം തയാറാക്കി നല്‍കുന്നതിനുള്ള വലിയ ഓര്‍ഡറുകള്‍ സ്ഥിരമായി ലഭിക്കുകയും ചെയ്യും.
 
   ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രൊജക്റ്റ് ഓഫീസര്‍ ടി.കെ. പ്രകാശന്‍, കുടുംബശ്രീ നോര്‍ത്ത് സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ യമുന, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍മാരായ ബിന്‍സി ഇ.കെ, നിഖില്‍ ചന്ദ്രന്‍, ജൈസണ്‍ ടി.ജെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Content highlight
Rasoi