district news

വരള്‍ച്ച നേരിടുന്നതിനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് പ്രഥമ പരിഗണന-വയനാട്

Posted on Saturday, March 17, 2018

ജില്ലാ പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതികള്‍ :വരള്‍ച്ച നേരിടുന്നതിനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് പ്രഥമ പരിഗണന:

54.84 കോടി രൂപയുടെ അടങ്കല്‍ തുകക്കുളള വാര്‍ഷികപദ്ധതികളാണ് തയ്യാറാക്കിയിട്ടുളളത്. ജില്ല നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ചയ്ക്കും കുടിവെളള പ്രശ്‌നത്തിനും പരിഹാരം കാണുക എന്നതാണ് പ്രധാന ലക്ഷ്യം. പൊതുവിഭാഗത്തില്‍ 24.83 കോടി രൂപയും പ്രത്യേക ഘടക പദ്ധതിയില്‍ 2.28 കോടി രൂപയും പട്ടിക വര്‍ഗ്ഗ ഉപപദ്ധതിയില്‍ 10.81 കോടി രൂപയും ഉള്‍പ്പെടെ വികസന ഫണ്ടില്‍ 37.53 കോടി രൂപയാണ് പദ്ധതികള്‍ക്കായി മാറ്റിവെച്ചത്. റോഡുകളുടെ അറ്റകുറ്റ പണിക്കായി 12.20 കോടി രൂപയും മെയിന്റനന്‍സ് ഗ്രാന്റ് റോഡിതര ഇനത്തില്‍ 42.66 കോടി രൂപയും തനത്ഫണ്ട് ഇനത്തില്‍ 42 ലക്ഷം രൂപയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായി 30 ലക്ഷം രൂപയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൊതു വിഭാഗം ഉല്‍പാദന മേഖലയില്‍ 6.50 കോടി രൂപ, സേവന മേഖലയില്‍ 15.28 കോടി രൂപ, പശ്ചാത്തല മേഖലക്ക് 3.05 കോടി രൂപ എന്നിങ്ങനെയാണ് വിവിധ പദ്ധതികള്‍ക്കായി നീക്കി വെച്ചത്. പട്ടികജാതി വിഭാഗം സേവന മേഖലയില്‍ 1.65 കോടി രൂപയും പശ്ചാത്തല മേഖലയില്‍ 2.28 കോടി രൂപയും. പട്ടിക വര്‍ഗ്ഗ വിഭാഗം സേവന മേഖല 8 കോടി, പശ്ചാത്തല മേഖല 2.81 കോടി രൂപയും വിവിധ പദ്ധതികള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് ലഭിക്കുന്ന പദ്ധതി വിഹിതത്തിന്റെ് ഇരുപത് ശതമാനം തുക ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കും. ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആര്‍ദ്രം എന്നീ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഗണ്യമായ തുക നീക്കി വെച്ചിട്ടുണ്ട്. വനിതകള്‍,വയോജനങ്ങള്‍,പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, എന്നിവരുടെ വികസനം ലക്ഷ്യമാക്കിയുളള പ്രവര്‍ത്തനങ്ങളും ബാല സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുളള പദ്ധതികളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.

സംയുക്ത പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി കാസറഗോഡ് ജില്ലാ പഞ്ചായത്ത്

Posted on Saturday, March 17, 2018

സംയുക്ത പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി കാസറഗോഡ് ജില്ലാ പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതികള്‍:

ജില്ലാ പഞ്ചായത്തിന് 2018-19 വാര്‍ഷിക പദ്ധതിക്ക് സംസ്ഥാന ബജറ്റ് വിഹിതമായി വികസന ഫണ്ടായി ജനറല്‍ വിഭാഗത്തില്‍ 35.81 കോടി രൂപയും മെയിന്റനന്‍സ് ഫണ്ടായി റോഡ്, റോഡിതരം എന്നിയിനങ്ങള്‍ക്കായി 39.99 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മൊത്തം 86 പദ്ധതികളാണ് വികസന സെമിനാറിന് മുന്നോടിയായി അവതരിപ്പിക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തല്‍(മെക്കാഡം ടാറിംഗ് ഉള്‍പ്പെടെ)-24 കോടി രൂപ, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം 10.14 കോടി രൂപ, ലൈഫ് മിഷന്‍ ഭവനപദ്ധതി(ജനറല്‍), ബദിയടുക്കയില്‍ 3.5 ഏക്കറില്‍ നാടന്‍ക്കോഴി ഫാം, ജലസുരക്ഷയ്ക്കായി കിണര്‍ റീച്ചാര്‍ജിംഗ്, ജലജീവനം പദ്ധതിക്കായി കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി 50 ലക്ഷത്തിന്റെ പദ്ധതി, കാന്‍സര്‍ നിര്‍മാര്‍ജ്ജന പദ്ധതി അതിജീവനം, ഭിന്നലിംഗക്കാര്‍ക്കായി സ്വയംസഹായഗ്രൂപ്പ് രൂപികരിക്കല്‍(മിത്ര), ജില്ലാ വൈകല്യ സൗഹൃദ പദ്ധതി, ശിശുപ്രിയ അംഗന്‍വാടി കെട്ടിടനിര്‍മ്മാണം, സ്ത്രീ യാത്രികര്‍ക്ക് പ്രധാന നഗരവത്ക്കൃത കേന്ദ്രങ്ങളില്‍ മുലയൂട്ടല്‍, സ്ത്രീസൗഹൃദ ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ഷീ ലോഞ്ച്, പുതിയതായി ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കല്‍/അടിസ്ഥാന സൗകര്യമൊരുക്കല്‍, ബാല സൗഹൃദം, ജെന്റര്‍ റിസോഴ്‌സ് സെന്റര്‍, ആധുനിക ശ്മശാന, വിഹിതം നല്‍കല്‍, സീറോ വേസ്റ്റ്(മാസ്റ്റ്ര്‍ പ്ലാന്‍ ഉള്‍പ്പെടെ)38 ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കല്‍, സ്‌കൂളുകളില്‍ ക്ലാസ് റൂം ആധുനികവത്ക്കരിക്കല്‍, വിദ്യാര്‍ഥികളുടെ കായിക മികവിനുള്ള പദ്ധതി, കളിസ്ഥലം വിഹിതം കൈമാറല്‍, ലഹരി വിരുദ്ധ ബോധവത്ക്കരണം, ചെറുകിട ജലവൈദ്യുത പദ്ധതി(ബഹുവര്‍ഷം), പട്ടികജാതി കോളനികളില്‍ കുടിവെള്ള പദ്ധതി, വിദേശത്ത് പോകുന്ന പട്ടികവര്‍ഗ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ധനസഹായം, കൊറഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി പോഷകാഹാരം തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍

ഡി ഡി പി ഓഫീസ് കാസര്‍ഗോഡ് പേപ്പർലെസ്സ് ഇലക്ട്രോണിക് ഓഫീസ്

Posted on Thursday, March 8, 2018

DDP-Kasargode-paperless-electronic-office-09.03.2018

DDP-Kasargode-paperless-electronic-office-09.03.2018

സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി ഭരണ സേവന രംഗങ്ങളിൽ  ഇ-ഗവേണൻസിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി സംവിധാനത്തിന്റെ കാര്യക്ഷമത ഉയർത്തുന്നതിന് പഞ്ചായത്ത് വകുപ്പ് തനതായ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.  സേവന പ്രധാനം പൗരകേന്ദ്രീകൃതമാക്കുന്നതിനുള്ള ഫലവത്തായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ.   ജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ ഓൺലൈനിലേക്ക് മാറ്റുന്നതിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.  ജനന-മരണ-വിവാഹ രജിസ്ട്രേഷനും, സാമൂഹ്യ സുരക്ഷാ പെൻഷൻ സംബന്ധിച്ച വിവരങ്ങളും ഓൺലൈനിൽ ലഭ്യമാണ്.  കെട്ടിട ഉമസ്ഥാവകാശ സാക്ഷ്യപത്രം, നികുതി അടവിനുള്ള സൗകര്യം, പദ്ധതികളുടെ വിവിധ വിവരങ്ങൾ തുടങ്ങിയവയും ഓൺലൈനിൽ ലഭ്യമാണ്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് പ്രവർത്തനങ്ങൾക്ക് കാസര്‍ഗോഡ് ജില്ല എന്നും പതാക വാഹകരായിട്ടുണ്ട്.  മാന്വൽ അക്കൌണ്ടിംഗ് സംവിധാനത്തിൽ നിന്നും സാംഖ്യ ഡിജിറ്റൽ സംവിധാനത്തിലേക്ക് കേരളത്തിൽ ആദ്യം മാറിയത് കാസര്‍ഗോഡ് ജില്ലയാണ്.  യോഗ നടത്തിപ്പിനുള്ള സകർമ്മ, കെട്ടിട നിർമ്മാണ പെർമിറ്റുകൾക്ക് വേണ്ടിയുള്ള സങ്കേതം എന്നീ അപ്ലിക്കേഷനുകൾ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ആദ്യം ഏർപ്പാടാക്കിയത് കാസറഗോഡ് ജില്ലയാണ്.  സകർമ്മ സംസ്ഥാനത്ത് തന്നെ ഏറ്റവും ആദ്യം തുടങ്ങിയതും കാസര്‍ഗോഡ് ജില്ലയിലാണ്.  

ഇതിന്റെ തുടർച്ചയായി ഇൻഫർമേഷൻ കേരള മിഷൻ പഞ്ചായത്ത് വകുപ്പിന്റെ ഡൊമൈൻ സപ്പോർട്ടോടു കൂടി സൂചിക എന്ന പേരിൽ തയ്യാറാക്കിയ വെബ് അപ്ലിക്കേഷൻ 2018 ഫെബ്രുവരി 5 മുതൽ കാസര്‍ഗോഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ട്രയൽ റൺ നടത്തുകയും മാർച്ച് 1 മുതൽ ഓഫീസ് പൂർണ്ണമായും (പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം അടക്കം) ഇലക്ട്രോണിക് ഫയൽ മാനേജ് മെന്റിലേക്ക് മാറുകയും ചെയ്തു. ലഭിക്കുന്ന എല്ലാ കത്തുകളും സ്വീകരിക്കുന്നതിനും രസീത് നൽകുന്നതിനുമായി ഫ്രണ്ട് ഓഫീസ് സംവിധാനം നേരത്തെ തന്നെ ഓഫീസിൽ പ്രവർത്തിച്ചു വരുന്നുണ്ട്. സൂചിക ഉപയോഗിച്ച് തുടങ്ങിയതോടെ ഏത് ഫയലിന്റെ സ്റ്റാറ്റസും ഏതൊരാൾക്കും വെബ് സൈറ്റിൽ  ട്രാക്ക് ചെയ്യാവുന്നതാണ്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും പഞ്ചായത്ത് വകുപ്പിലെയും എല്ലാ സേവനങ്ങളും പ്രവർത്തനങ്ങളും കൈവിരൽ തുമ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇ-ഗവേണൻസ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. 

ഈ സാഹചര്യത്തിൽ കാസര്‍ഗോഡ് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയം പേപ്പർലെസ്സ് ഇലക്ട്രോണിക് ഓഫീസായി പ്രഖ്യാപിച്ചു.

ഡിഡിപി മലപ്പുറം - സെക്രട്ടറിമാരുടെ പ്രതിമാസ അവലോകനയോഗം യോഗം മാറ്റി വച്ചു

Posted on Tuesday, March 6, 2018

2017-18 വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം നടത്തുന്നതിനായി ബഹു. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി 07/03/2018 ന് രാവിലെ 11മണിയ്ക്ക് ജില്ലാ കളക്റ്ററേറ്റില്‍ വച്ച് വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിനാല്‍ 07/03/2018ന് 10 മണിയ്ക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന സെക്രട്ടറിമാരുടെ പ്രതിമാസ അവലോകനയോഗം മാറ്റിവെച്ച വിവരം അറിയിക്കുന്നു.മാറ്റിവച്ച തിയതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ്.

പെരുവന്താനം - പ്രവാസിമലയാളികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഗ്രാമസഭ

Posted on Wednesday, February 28, 2018

പെരുവന്താനം ഗ്രാമപഞ്ചായത്തിലെ 2 - ാം വാര്‍ഡില്‍ 25.02.2018 ഞായറാഴ്ച്ച പഞ്ചായത്ത് ഹാളില്‍ വച്ച് പ്രവാസിമലയാളികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഗ്രാമസഭ നടത്തുകയുണ്ടായി. വിവിധരാജ്യങ്ങളില്‍ഉള്ള 20 ഓളം പ്രവാസികളാണ് ടി ഗ്രാമസഭയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിച്ചത് . ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ.അബൂബക്കര്‍ സിദ്ധിഖ് ഓണ്‍ലൈനില്‍ ഗ്രാമസഭ ആശംസകള്‍ അറിയിച്ചു.

online-gramasabha

നവീകരിച്ച വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ഉദ്ഘാടനം

Posted on Tuesday, February 27, 2018

നവീകരിച്ച വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ ഉദ്ഘാടനം 2018 ഫെബ്രുവരി 2-ന് രാവിലെ 10 മണിയ്ക്ക് ബഹു. വയനാട് ജില്ലാ കളക്ടർ ശ്രീ. എസ്. സുഹാസ് ഐ.എ.എസ് അവർകൾ നിർവ്വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ജോയി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ്-2 സൂപ്പർവൈസർ ശ്രീ. ബെന്നി ജോസഫ് സ്വാഗതം ആശംസിച്ചു. അസി. ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീമതി സുഭദ്രാ നായർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ശ്രീ. അബ്ദുൾ അസീസ്, നാഷണൽ സേവി‌ഗ്സ് അസി. ഡയറക്ടർ ശ്രീ. സുരേഷ് കുമാർ, കെ.എൽ.ജി.എസ്.ഡി.പി ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ. ഷബീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് അസി. ഡയറക്ടർ ഓഫീസുകൾ, പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് ഓഫീസുകളിലെ ജീവനക്കാരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും, സെക്രട്ടറിമാരും സംബന്ധിച്ച ചടങ്ങിൽ ഡി.ഡി.പി. ഓഫീസിലെ സീനിയർ സൂപ്രണ്ട് ശ്രീമതി കെ.എം. സരസ്വതി നന്ദി പ്രകാശിപ്പിച്ചു.

       WND-image1          Image2

കോട്ടയം ജില്ല - 71 ഗ്രാമപഞ്ചായത്തുകളിലും എസ്.എം.എസ് സൗകര്യം

Posted on Tuesday, February 27, 2018

Kottayam

കോട്ടയം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും എസ്.എം.എസ് സൗകര്യം ഏര്‍പ്പെടുത്തിയത്തിന്റെ ഉദ്ഘാടനം ഞീഴൂര്‍ ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് 28.02.2018 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ബഹു. കോട്ടയം ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി നിര്‍വ്വഹിക്കുന്നു. എല്ലാ ഗ്രാമപഞ്ചായത്തുകളെയും ഇ-ഗവേണന്‍സ് സ്ഥാപനങ്ങളായും തദവസരത്തില്‍ പ്രഖ്യാപിക്കുന്നതാണ്.

തിരുവനന്തപുരം ഡിഡി പി- 19/03/2018 ലെ ലേലം അറിയിപ്പ്

Posted on Monday, February 19, 2018

19/03/2018 തിങ്കളാഴ്ച പകല്‍ 12 മണിക്ക് തിരുവനന്തപുരം ഡിഡി പി ഓഫീസില്‍ വച്ച് നടക്കുന്ന റോഡ്‌ റോളര്‍ ലേലം അറിയിപ്പ്

ആധുനിക രീതിയില്‍ നവീകരിച്ച കൊല്ലം ഡിഡിപി ഓഫീസ് ഉദ്ഘാടനം

Posted on Saturday, February 3, 2018

Kollam_DDPoffice_new

 

 

 

 

 

 

 

 

 

 

 

 

 

 

 

കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അനുബന്ധ സംസ്ഥാനതല ജില്ലാതല ഓഫീസുകളുടെയും  ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി സേവനപ്രദാനസംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ  ഭാഗമായി ആധുനിക രീതിയില്‍ നവീകരിച്ച കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് ഡയറക്ടര്‍ ശ്രീമതി.പി.മേരിക്കുട്ടി, ഐഎഎസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് അദ്ധ്യക്ഷ ശ്രീമതി.ഷൈലാ സലിംലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊല്ലം ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍, സര്‍വ്വീസ് സംഘടനാ നേതാക്കള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു

തിരുവനന്തപുരം നഗരസഭ ലേല നടപടികള്‍

Posted on Monday, January 29, 2018

തിരുവനന്തപുരം നഗരസഭ ലേല നടപടികള്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ

തിരുവനന്തപുരം നഗരസഭയുടെ അധീനതയിലുള്ള പാര്‍ക്കിംഗ് ഏരിയകള്‍, പൊതുശൗചലായങ്ങള്‍, ഗാന്ധിപാര്‍ക്ക്, കല്യാണമണ്ഡപങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ഫലവൃക്ഷങ്ങളില്‍ നിന്ന് ആദായം എടുക്കല്‍, തൈയ്ക്കാട് മിനി ശ്മശാനം എന്നിവയുടെ 2018-19 വര്‍ഷത്തേയ്ക്കുള്ള ലേല നടപടികള്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെയുള്ള തീയതികളില്‍ തിരുവനന്തപുരം മെയിന്‍ ഓഫീസില്‍ വച്ച് നടക്കും. പാര്‍ക്കിംഗ് ഏരിയകള്‍ക്കുള്ള ക്വട്ടേഷനുകള്‍ 30.01.2018 ന് വൈകുന്നേരം 3 മണിവരെയും പൊതു ശൗചാലയങ്ങള്‍ നടത്തുന്നതിനുള്ള അവകാശം ലഭിക്കുന്നതിനുള്ള ക്വട്ടേഷനുകളും ഗാന്ധിപാര്‍ക്ക് നടത്തിപ്പിനുള്ള ക്വട്ടേഷനുകള്‍, കല്യാണ മണ്ഡപങ്ങളും കമ്മ്യൂണിറ്റിഹാളുകളും നടത്തുന്നതിനുള്ള ക്വട്ടേഷനുകള്‍, വിളപ്പില്‍ശാല ജൈവഫാക്ടറി കോമ്പൗണ്ടില്‍ നില്‍ക്കുന്ന ഫവലൃക്ഷങ്ങളില്‍ നിന്നുള്ള ആദായം എടുക്കുന്നതിനുള്ള ക്വട്ടേഷനുകളും, തൈയ്ക്കാട് മിനി ശ്മശാനം (വിറക്) ഏറ്റെടുക്കുന്നതിനുള്ള  ഫെബ്രുവരി 1 ന് വൈകുന്നേരം 3 മണിവരെയും നഗരസഭാവക സ്ഥലത്തുള്ള ഫവലൃക്ഷങ്ങളില്‍ നിന്ന് ആദായം എടുക്കുന്നതിനുള്ള ക്വട്ടേഷനുകള്‍ ഫെബ്രുവരി 2-ാം തീയതി വരെയും നഗരസഭയില്‍ സ്വീകരിക്കുന്നതാണ്. ക്വട്ടേഷന്‍ സ്വീകരിക്കുന്നതിന്‍റെ അവസാന തീയതിയ്ക്ക് തൊട്ടടുത്ത ദിവസം രാവിലെ 11 മണിയ്ക്ക് ക്വട്ടേഷനുകള്‍ പരസ്യമായി തുറന്ന് പരിശോധിച്ച് ലേലം ഉറപ്പിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് നഗരസഭയിലെ റവന്യൂ (നോണ്‍ ടാക്സ്) വിഭാഗവുമായി  ബന്ധപ്പെടേണ്ടതാണ്.