district news

പഞ്ചായത്ത് ദിനാഘോഷം വെബ്ബ്സൈറ്റ് സജ്ജമായി

Posted on Thursday, January 18, 2018

ഫെബ്രുവരി 18, 19 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിനായുള്ള പ്രത്യേക വെബ്ബ്സൈറ്റ് തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിലാണ് പരിപാടി. സംസ്ഥാനത്തെ ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകളുടെ അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് പഞ്ചായത്ത് ദിനാഘോഷത്തിൽ പ്രധാനമായും പങ്കെടുക്കേണ്ടത്. പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ, താമസ സൗകര്യം ഇവ വെബ്ബ്സൈറ്റ് വഴി സാധിക്കും. ഇൻഫർമേഷൻ കേരളാ മിഷനാണ് വെബ്ബ്സൈറ്റ് തയ്യാറാക്കിയത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷണൻ അദ്ധ്യക്ഷനായി. എം.എൽ എ മാരായ അഡ്വ കെ എൻ എ ഖാദർ, പി.ഉബൈദുള്ള, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, DPC സർക്കാർ നോമിനി ഇ എൻ മോഹൻ ദാസ്' തുടങ്ങിയവർ സംബസിച്ചു . ഐ കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജൻ സ്വാഗതവും സീനിയർ സൂപ്രണ്ട് സദാനന്ദൻ നന്ദിയും പറഞ്ഞു.

https://panchayatday.lsgkerala.gov.in

Panchayat Day website launching

Website Screenshot

കോട്ടയത്തെ ജനസൗഹൃദ സദ്‌ ഭരണ ജില്ലയായി പ്രഖ്യാപിച്ചു

Posted on Saturday, October 28, 2017

കോട്ടയം കൈവരിച്ചത് ചരിത്രനേട്ടം: കോട്ടയം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളും ജനസൗഹൃദ സദ്ഭരണ ഓഫീസുകളായി ബഹു.കേരള നിയമസഭാ സ്പീക്കര്‍ ശ്രീ.പി.ശ്രീരാമകൃഷ്ണന്‍ 2017 ഒക്ടോബര്‍ മാസം 26-ാം തീയതി കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തില്‍ പ്രഖ്യാപിച്ചു.ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളെയും ജനസൗഹൃദ ഗ്രാമപഞ്ചായത്തുകളായി മാറ്റിക്കൊണ്ട് ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ജനസൗഹൃദ സദ്ഭരണ ജില്ലയാക്കി മാറ്റുകയെന്ന പ്രവര്‍ത്തനമാണ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെയുംജീവനക്കാരേയും ചേര്‍ത്തുകൊണ്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഏറ്റെടുത്തത്. ജനങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കിക്കൊണ്ട് ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനം ശുപാര്‍ശകളില്ലാതെ ക്രമപ്രകാരം കൃത്യമായ കൈകളിലേക്ക് എത്തിക്കുകയെന്നതും, ഓഫീസുകളുടെ ഭൗതിക സൗകര്യം വര്‍ദ്ധിപ്പിച്ചുകൊണ്ടും ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടും പൊതുജനങ്ങളോടുളള ജീവനക്കാരുടെ മനോഭാവം മാറ്റി എടുത്തുകൊണ്ടും ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ട് എന്നുളള ബോധത്തിലേക്ക് ജീവനക്കാരുടേയും ജനപ്രതിനിധികളുടേയും കാഴ്ചപ്പാട് എത്തിച്ചുകൊണ്ടും ജനസൗഹൃദസദ്ഭരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ ജില്ലക്ക് സാധിച്ചു.

 Kottayam-egovernance

കാസറഗോഡ് ജില്ല ഇ ഗവേണന്‍സ് വാര്‍ത്തകള്‍

Posted on Monday, November 20, 2017

ഇ-ഗവേണന്‍സ് സംവിധാനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കൊണ്ട് സേവനപ്രദാനം പൌരകേന്ദ്രീകൃതമാക്കുന്നതിനുള്ള ഫലവത്തായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. ജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങൾ ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ജനന മരണ വിവാഹ രജിസ്ട്രേഷനും, സര്‍ട്ടിഫിക്കറ്റുകൾ ലഭ്യമാക്കലും ഓൺലൈനാക്കി മാറ്റിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓണ്‍ലൈനിൽ ലഭ്യമാണ്. കെട്ടിട ഉടമസ്ഥാവകാശ സാക്ഷ്യപത്രങ്ങൾ, നികുതി യഥാസമയം അടച്ചിട്ടുള്ള ഏതൊരാൾക്കും ഓൺലൈനിൽ ലഭ്യമാണ്. ഇപ്പോൾ വസ്തുനികുതി ഓൺലൈനായി അടക്കുന്നതിനുള്ള ഇ-പേയ്മെന്റ് സംവിധാനവും ഏർപ്പടുത്തി വരികയാണ്. അതിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇ പേയ്മെന്റ് സംവിധാനം ഏർപ്പടുത്തിക്കഴിഞ്ഞു. കൂടാതെ കെട്ടിട നിർമ്മാണ പെർമിറ്റുകൾ സമയബന്ധിതമായും സുതാര്യമായും നൽകുന്നതിന്റെ ഭാഗമായി ഐ.കെ.എം വികസിപ്പിച്ച സങ്കേതം എന്ന സോഫ്റ്റ് വെയറും കാസറഗോഡ് ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കഴിഞ്ഞ മെയ് മാസം മുതൽ ഏർപ്പടുത്തിക്കഴിഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ യോഗനടപടികളുടെ ഡിജിറ്റലൈസേഷൻ കഴിഞ്ഞ വർഷം തന്നെ കാസറഗോഡ് ജില്ല ഏർപ്പടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും പ്രവർത്തനങ്ങളും കൈവിരൽ തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി സമഗ്ര ഇ-ഗവേണന്‍സ് സംവിധാനം ഏർപ്പടുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തിൽ കാസറഗോഡ് ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വസ്തുനികുതി ഇ-പേയ്മെന്റ് സംവിധാനം ഏർപ്പടുത്തിയതിന്റേയും കെട്ടിട നിർമ്മാണ പെർമിറ്റ് ഓണ്‍ലൈൻ ആക്കിയതിന്റേയും പ്രഖ്യാപനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നടത്തി

.kzd news

ഇ ഗവേണൻസ് രംഗത്ത് പാലക്കാടിന് ഒരു ചുവട് വെപ്പ് കൂടി

Posted on Tuesday, November 21, 2017

പാലക്കാട് ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും സകർമ്മ സോഫ്റ്റ് വെയറും, ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സങ്കേതം സോഫ്റ്റ് വെയറും നടപ്പിലാക്കിയതിന്‍റെ ജില്ലാതല പ്രഖ്യാപനം ബഹു- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. ടി  ജലീൽ അവർകൾ 2017 ഒക്ടോബര്‍ 21, വൈകുന്നേരം 3 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നിർവ്വഹിച്ചു.

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശാന്തകുമാരി അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു പഞ്ചായത്ത് ഡയറക്ടർ ശ്രീമതി മേരിക്കുട്ടി IAS, പാലക്കാട് ജില്ലാ കലക്ടര്‍, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമ്മീഷണര്‍, പഞ്ചായത്ത് അഡീഷണൽ ഡയറക്ടറും ഐ.കെ.എം ഗ്രൂപ്പ് ഡയറക്ടറുമായ ശ്രീ അജിത് കുമാര്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീജോസ് മാത്യു, ജില്ലാ പ്ലാനിംഗ് ഓഫീസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ സുബ്രഹ്മണ്യവാര്യർ. മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ, ബ്ബോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മുൻസിപ്പൽ ചെയർമാൻമാർ, ഗ്രാമ-ബ്ലോക്ക് - മുൻസിപ്പൽ സെക്രട്ടറിമാർ, മറ്റ് വകുപ്പിലെ ജില്ലാതല മേധാവികൾ, ഓഡിറ്റ് സൂപ്പർവൈസർമാർ, ഐ.കെ.എം. ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ ടെക്നിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

ഏകദേശം 3 മാസം കൊണ്ടാണ് ഈ സോഫ്റ്റ്‌വെയറുകൾ 88 പഞ്ചായത്തുകളിലും ബ്ലോക്കുകളിലും വിന്യസിക്കുന്നതിന് പാലക്കാടിന് സാധിച്ചത്. തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, ബഹു ADC, ഡി ഡി പി, ADP, ഐകെഎം, ജനപ്രതിനിധികൾ, സെക്രട്ടറിമാർ, മറ്റ് ജീവനക്കാർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാർ, മറ്റ് ജീവനക്കാർ, ജില്ലാ തല മാസ്റ്റർ ട്രയിനർമാർ, സാങ്കേതിക ജീവനക്കാർ, കില എന്നിവരുടെ നിർല്ലോഭമായ പിന്തുണയും സഹകരണവും കൂട്ടായ പ്രവ്യത്തനവും ആണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. ഇതുമായി ബന്ധപെട്ട ജീവനക്കാർക്കെല്ലാം കില പ്രത്യേകം പരിശീലനം നൽകി. കൂടാതെ ഐ കെ എം നേത്യത്വത്തിൽ ഓരോ PAU യൂണിറ്റിലും വച്ച് LBS മാർക്കും, രണ്ട് തവണ വീതം തദ്ദേശസ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും വീണ്ടും പരിശീലനം നൽകി. 13 ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ വച്ച് ബ്ലോക്ക്തല ജനപ്രതിനിധികൾക്കും ജീവനക്കാർക്കും ഐ കെ എം ജീവനക്കാര്‍ പരിശീലനം നൽകി. കൂടുതല്‍ പരിശീലനം ആവശ്യപെട്ട തദ്ദേശസ്ഥാപനങ്ങളില്‍ ഐകെഎം മാസ്റ്റര്‍ട്രയിനര്‍മാര്‍ നേരിട്ട് ചെന്ന് പരിശീലനം നല്‍കി.

palakkad-inauguration-minister-201710

വയനാട് ജില്ലക്ക് ഇ ഗവേണൻസ് രംഗത്ത് നേട്ടം

Posted on Tuesday, November 21, 2017

ഇന്‍ഫര്‍മേഷന്‍കേരള മിഷന്‍ രൂപകല്‍പ്പന ചെയ്ത സഞ്ചയ സോഫ്റ്റ് വെയര്‍ മുഖേന വസ്തുനികുതി ഈ-പെയ്മെന്‍റ് സംവിധാനം എല്ലാ ഗ്രാമ പഞ്ചായത്തുകളിലും 100 ശതമാനം നടപ്പിലാക്കിയതിന്‍റെ ജില്ലാതല പ്രഖ്യാപനം ബഹു- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി  ജലീൽ അവർകൾ 2017 ഒക്ടോബര്‍ 30 ന് ജില്ലാ ആസൂത്രണ ഭവനിലെ ഡോ. എ.പി.ജെ അബ്ദുള്‍കലാം മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങില്‍വെച്ച് നിർവ്വഹിച്ചു. കൂടാതെ വയനാട് ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളിലും ഭരണസമിതി യോഗനടപടി ക്രമങ്ങള്‍ സകർമ്മ സോഫ്റ്റ് വെയര്‍ മുഖേന പൂര്‍ണ്ണമായി ഓണ്‍ലൈന്‍സംവിധാനത്തിലും ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കെട്ടിട നിര്‍മാണപെര്‍മിറ്റ് സങ്കേതം സോഫ്റ്റ് വെയര്‍ മുഖേന ഓണ്‍ലൈന്‍സംവിധാനത്തിലൂടെ നടപ്പിലാക്കിയതിന്‍റെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഉഷകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു പഞ്ചായത്ത് ഡയറക്ടർ ശ്രീമതി മേരിക്കുട്ടി IAS, ശ്രീ. വി കെ ബാലന്‍ ജോയിന്‍റ്ഡയറക്ടർ നഗരകാര്യ വകുപ്പ്, ശ്രീ. ഷൌക്കത്തലി ഗ്രാമവികസന കമ്മീഷണർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ.ജോസ് മാത്യു, ശ്രീ. കെ.എം രാജു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, ശ്രീമതി സുഭദ്രാ നായര്‍ അസ്സിസ്റ്റന്‍റ്ജില്ലാ പ്ലാനിംഗ് ഓഫീസർ, ശ്രീ. പി സി മജീദ് എ.ഡി.സി (ജനറല്‍), ശ്രീ. ബെന്നി ജോസഫ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ബ്ബോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മുൻസിപ്പൽ ചെയർമാൻമാർ, ഗ്രാമ-ബ്ലോക്ക് - മുൻസിപ്പൽ സെക്രട്ടറിമാർ, ജില്ലാതല വകുപ്പ് മേധാവികൾ, ജില്ലാതല ഉദ്യോഗസ്ഥർ, ഓഡിറ്റ് സൂപ്പർവൈസർമാർ, ഐ.കെ.എം. ജില്ലാ ടെക്നിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

ഏകദേശം 3 മാസം കൊണ്ടാണ് ഈ സോഫ്റ്റ്‌വെയറുകൾ വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും 4 ബ്ലോക്കുകളിലും, ജില്ലാ പഞ്ചായത്തിലും വിന്യസിക്കുന്നതിന് സാധിച്ചത്. തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, എ.ഡി.സി (ജനറല്‍), ഡി ഡി പി, അസ്സിസ്റ്റന്‍റ്ജില്ലാ പ്ലാനിംഗ് ഓഫീസർ, ജനപ്രതിനിധികൾ, സെക്രട്ടറിമാർ, മറ്റ് ജീവനക്കാർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാർ, ഐ.കെ.എം സോഫ്റ്റ്‌വെയര്‍ ടീം, സാങ്കേതിക ജീവനക്കാർ, മാസ്റ്റര്‍ട്രയിനര്‍മാര്‍, പഞ്ചായത്ത് ജീവനക്കാർ, കില എന്നിവരുടെ നിർല്ലോഭമായ പിന്തുണയും സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ആണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. കുറഞ്ഞ കാലയളവിനുള്ളില്‍ ഈ നേട്ടം കൈവരിക്കുന്നതിനായ് അക്ഷീണം പ്രയത്നിച്ച എല്ലാ ജീവനക്കാരെയും ബഹു. മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

WND-PLAN-IMAGE1   WND-PLAN-IMAGE2

പത്തനംതിട്ട ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകള്‍ സദ്ഭരണ പഞ്ചായത്തുകളാകുന്നു

Posted on Saturday, November 25, 2017
pathanamthitta-egovnews

പത്തനംതിട്ട ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകള്‍ സദ്ഭരണ പഞ്ചായത്തുകളാകുന്നു ഒപ്പം എല്ലാ ഗ്രാമപഞ്ചായത്തുകളിലും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, യോഗനടപടികള്‍, നികുതി പിരിവ് എന്നിവ ഓണ്‍ലൈനായി. പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ജനസൗഹൃദ-സേവനപ്രദാന സമുച്ചയങ്ങളായി മാറുകയാണ്. പൗരന് അര്‍ഹമായ സേവനങ്ങളുടെ സമയബന്ധിതവും നിയമവിധേയവുമായ ലഭ്യത ഉറപ്പുവരുത്തുന്നതിനായി, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഏകമനസ്സോടെ സജ്ജരായ പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ, കോയിപ്രം, ഇരവിപേരൂര്‍, സീതത്തോട്, തുമ്പമണ്‍ മൈലപ്ര, പെരിങ്ങര, വള്ളിക്കോട്, ആനിക്കാട്, വെച്ചൂച്ചിറ, ആറന്മുള, മെഴുവേലി, ചിറ്റാര്‍, കല്ലൂപ്പാറ, ഓമല്ലൂര്‍, തോട്ടപ്പുഴശ്ശേരി, ചെന്നീര്‍ക്കര എന്നീ പഞ്ചായത്തുകളെ സദ്ഭരണ പഞ്ചായത്തുകളായി ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.റ്റി.ജലീല്‍ അവര്‍കള്‍ 2017 നവംബര്‍ മാസം 24 ന് പത്തനംതിട്ട, കിഴക്കേടത്ത് മറിയം കോംപ്ലക്സില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് പ്രഖ്യാപിച്ചു. കൂടാതെ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഭരണ സമിതി യോഗ നടപടക്രമങ്ങള്‍ സകര്‍മ്മ സോഫ്റ്റ് വെയര്‍ മുഖേന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടപ്പിലാക്കിയതിന്റെയും, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് സങ്കേതം സോഫ്റ്റ് വെയര്‍ മുഖേന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടപ്പിലാക്കിയതിന്റെയും പ്രഖ്യാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അന്നപൂര്‍ണ്ണദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബഹു. പഞ്ചായത്ത് ഡയറക്ടര്‍ ശ്രീമതി. മേരിക്കുട്ടി,ഐ.എ.എസ്, ബഹു. നഗരകാര്യ ഡയറക്ടര്‍ ശ്രീമതി. ഹരിത.വി.കുമാര്‍, ഐ.എ.എസ്, ബഹു. ഗ്രാമവികസന കമ്മീഷണ്‍ ശ്രീ.കെ.രാമചന്ദ്രന്‍.ഐ.എ.എസ്, ബഹു. ജില്ലാ കളക്ടര്‍ ശ്രീമതി. ഗിരിജ.ഐ.എ.എസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ശ്രീ.മുരളീധരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ശ്രീ.സി.പി.സുനില്‍, പത്തനംതിട്ട ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍, ഐ.കെ.എം ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ തുടങ്ങയിവര്‍ പങ്കെടുത്തു. ബഹു.ജില്ലാ കളക്ടറും പത്തനംതിട്ട പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷനും പഞ്ചായത്തുകളെ ജനസൗഹൃദ പഞ്ചായത്തുകളാക്കുന്നതിനും, ഇ-ഗവേണന്‍സ് നടപ്പിലാക്കുന്നതിനും ആവശ്യമായ സഹകരണവും മാര്‍ഗ്ഗ് നിര്‍ദ്ദേശങ്ങളും നല്‍കിയെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ നിന്നും എല്ലാ സേവനങ്ങളും, പ്രവര്‍ത്തനങ്ങളും കൈവിരല്‍ത്തുമ്പില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി ഇ-ഗവേണന്‍സ് സംവിധാനം എര്‍പ്പെടുത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പ്പന ചെയ്ത സഞ്ചയ സോഫ്പ്റ്റ് വെയര്‍ മുഖേന വസ്തു നികുതി ഇ-പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തുകയും, സകര്‍മ്മ സോഫ്റ്റ് വെയര്‍ മുഖേന പഞ്ചായത്ത് യോഗനടപടി ക്രമങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും, സങ്കേതം സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ജനന-മരണ വിവാഹ രജിസ്ട്രേഷനും, സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കലും, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. കൂടാതെ കെട്ടിട ഉടമസ്ഥാവകാശ സാക്ഷ്യപത്രങ്ങള്‍ നികുതി യഥാസമയം അടച്ചിട്ടുള്ള ഏതൊരാള്‍ക്കും ഓണ്‍ലൈനില്‍ ലഭ്യമാണ്.

തിരുവനന്തപുരം നഗരസഭ വിവാഹ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം 7 ന് - കല്യാണ മണ്ഡപങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

Posted on Monday, December 4, 2017

തിരുവനന്തപുരം നഗരസഭയുടെ രണ്ടാ വാര്‍ഷികത്തോടനുബന്ധിച്ച് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഓണ്‍ലൈൻ കിയോസ്കുകളുടെ ഉദ്ഘാടനം ഡിസംബര്‍ 7 ന് നടക്കും. നഗര പരിധിയിലെ കല്ല്യാണ മണ്ഡപങ്ങൾ, ആരാധനാലയങ്ങൾ നഗരസഭയുടെ ആശുപത്രി കിയോസ്ക് പരിപാലിക്കുന്ന കുടുംബശ്രീ യൂണിറ്റ് എന്നിവയുമായി ചേര്‍ന്നാണ് നഗരസഭ ഈ സൗകര്യം ഒരുക്കുന്നത്. നഗരസഭാ അതിര്‍ത്തിക്കുള്ളിൽ നടക്കുന്ന വിവാഹങ്ങൾ അതാതു ദിവസം തന്നെ രജിസ്റ്റർ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. വിവാഹം നടക്കുന്ന സ്ഥാപനങ്ങൾ ഇതിനായി നഗരസഭയുമായി കരാറിൽ ഏര്‍പ്പെടണം. കല്യാണ മണ്ഡപങ്ങളും ആരാധനാലയങ്ങളും ഇതിനായി നഗരസഭയിൽ പ്രത്യേകം അപേക്ഷാ ഫോറം നല്‍കണം. വധൂവരന്‍മാർ വിവാഹം നടത്തുന്നതിന് മണ്ഡപം ബുക്ക് ചെയ്യുമ്പോൾ തന്നെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷയും ആവശ്യമായ രേഖകളും നിശ്ചിത ഫീസും മണ്ഡപത്തിന് കൈമാറണം നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള കിയോസ്ക് എക്സിക്യൂട്ടീവ് ഈ രേഖകൾ ശേഖരിച്ച് ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റും. വിവാഹം നടക്കുന്ന ദിവസം കിയോസ്ക് എക്സിക്യൂട്ടിവ് മണ്ഡപത്തിൽ എത്തിക്കുന്ന വിവാഹ റിപ്പോര്‍ട്ടിന്‍റെ പ്രിന്‍റ്ഔട്ട് വധൂവരന്‍മാർ പരിശോധിച്ച് ഒപ്പിട്ട് നല്‍കണം. വിവാഹ ശേഷം മണ്ഡപത്തിൽ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം ഭാര്യാഭര്‍ത്താക്കന്‍മാർ നഗരസഭാ ഓഫീസിൽ എത്തി രജിസ്റ്ററിൽ ഒപ്പുവച്ചാൽ ഉടന്‍ വിവാഹം രജിസ്റ്റർ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൈമാറും. പിന്നീട് ആവശ്യമെങ്കിൽ സര്‍ട്ടിഫിക്കറ്റ് നഗരസഭാ വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാൻ കഴിയും.

വിവാഹ ഓണ്‍ലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് മണ്ഡപങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ടെന്നും ഈ സംവിധാനത്തിൽ പങ്കാളികളാകാൻ താല്‍പര്യമുള്ള കല്യാണ മണ്ഡപങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ  ചുമതലക്കാർ അടിയന്തിരമായി നഗരസഭാ മെയിന്‍ ഓഫീസിന്‍റെ രണ്ടാം നിലയിൽ പ്രവര്‍ത്തിക്കുന്ന വിവാഹ രജിസ്ട്രേഷന്‍ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണെന്നും മേയർ അഡ്വ.വി.കെ. പ്രശാന്ത് അറിയിച്ചു.

എറണാകുളം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സകര്‍മ്മ, സങ്കേതം സോഫ്റ്റ് വെയറുകൾ ഓണ്‍ലൈനിൽ

Posted on Wednesday, December 6, 2017

എറണാകുളം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സകര്‍മ്മ സോഫ്റ്റ് വെയർ , സങ്കേതം സോഫ്റ്റ് വെയർ  എന്നിവ ഓണ്‍ലൈൻ ആവുകയും, സഞ്ചയ ഇ-പെയ്മെന്‍റ് സംവിധാനത്തിലൂടെ  വസ്തു നികുതി ഒടുക്കുന്നതിന് സാധ്യമാകുകയും ചെയ്യുന്നു

സകര്‍മ്മ സോഫ്റ്റ് വെയർ  ഓണ്‍ലൈൻ :     പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളുടെ നടപടി ക്രമങ്ങള്‍ക്കുളള സകര്‍മ്മ സോഫ്റ്റ് വെയർ എറണാകുളം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും, ബ്ലോക്ക് പഞ്ചായത്തുകളിലും വിന്യസിച്ചിട്ടുണ്ട്. പ്രസ്തുത സോഫ്റ്റ് വെയർ  വഴി മീറ്റിംഗ് നോട്ടീസ്, പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ എന്നിവ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈൻ വഴി കാണുന്നതിനും, ഡൗണ്‍ലോഡ് ചെയ്യുന്നതിനും കഴിയുന്നതാണ്.  വെബ് സൈറ്റ് വിലാസം:- meeting.lsgkerala.gov.in

സങ്കേതം സോഫ്റ്റ് വെയർ  ഓണ്‍ലൈൻ :  കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കുന്നതിനും, പെര്‍മിറ്റ് നടപടി ക്രമങ്ങൾ സുതാര്യവും, സുഗമവും ആക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത സങ്കേതം സോഫ്റ്റ് വെയർ എറണാകുളം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും വിന്യസിച്ചിട്ടുണ്ട്.       പൊതു ജനങ്ങൾക്കും, അംഗീകൃത എഞ്ചിനീയര്‍മാര്‍ക്കും ഇ-ഫയൽ  സംവിധാനത്തിലൂടെ പെര്‍മിറ്റ് അപേക്ഷകൾ നല്‍കുന്നതിനും, തുടര്‍ന്ന് ഓണ്‍ലൈൻ വഴി തന്നെ ഡിജിറ്റൽ സിഗ്നേച്ചറോടു കൂടിയ പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും സാധ്യമാകുന്നു.
വെബ് സൈറ്റ് വിലാസം :- buildingpermit.lsgkerala.gov.in

സഞ്ചയ ഇ-പെയ്മെന്‍റ് : ഗ്രാമപഞ്ചായത്ത് വസ്തു നികുതി നിര്‍ണ്ണയത്തിനുളള സഞ്ചയ സോഫ്റ്റ് വെയർ  ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വിന്യസിക്കുകയും, വസ്തു നികുതി ഒടുക്കുന്നതിന് ഇ-പെയ്മെന്‍റ് സംവിധാനം എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആരംഭിച്ചിട്ടുളളതുമാണ്. ഗ്രാമപഞ്ചായത്ത് ആഫീസുകളില്‍ നേരിട്ടെത്തി നികുതി അടയ്ക്കുന്നതിന് പകരം ഇന്‍റര്‍നെറ്റ് സംവിധാനം വഴി വീട്ടിലിരുന്നോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഇന്‍റര്‍നെറ്റ് കഫേകൾ വഴിയോ ഓണ്‍ലൈനായി നികുതി അടയ്ക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈൻ വഴി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. 
വെബ് സൈറ്റ് വിലാസം:- tax.lsgkerala.gov.in

പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ട മറ്റ് സേവനങ്ങള്‍ക്കും, ഗ്രാമ പഞ്ചായത്ത് സംബന്ധമായ എല്ലാ വിവരങ്ങള്‍ക്കും ചുവടെ ചേര്‍ക്കുന്ന വെബ് സൈറ്റ് വിലാസം പ്രയോജനപ്പെടുത്താവുന്നതാണ്.    
വെബ് സൈറ്റ് വിലാസം:- surekha.ikm.in

അതോടൊപ്പം lsgkerala.gov.in എന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വെബ് സൈറ്റും സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. 

വെട്ടം ഗ്രാമപഞ്ചായത്തിന് സര്‍വ്വകാല റെക്കോര്‍ഡ്

Posted on Wednesday, December 13, 2017

വെട്ടം ഗ്രാമപഞ്ചായത്ത് വസ്തു നികുതി പിരിവില്‍ ഡിസംബര്‍ 12 ന് തന്നെ 100ശതമാനം നേട്ടം കൈവരിച്ചു. സാധാരണഗതിയില്‍ മാര്‍ച്ച് 31 ഓടെ നേട്ടം കൈവരിക്കുന്ന സ്ഥാനത്ത് സാമ്പത്തിക വര്‍ഷത്തില്‍ മൂന്നര മാസത്തിലധികം സമയം ബാക്കി നില്‍ക്കെ 100 ശതമാനം നേട്ടം കൈവരിച്ചാണ് സര്‍വ്വകാല റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഒമ്പതിനായിരത്തോളം ഡിമാന്‍റുകളിലായി 29.7 ലക്ഷം ഇതിനകം പിരിച്ചെടുത്താണ് നേട്ടം കൈവരിച്ചത്. ഈ നേട്ടത്തില്‍ വെട്ടം ഗ്രാമപഞ്ചായത്ത് ജീവനക്കാരെയും ഭരണ സമിതിയേയും പെര്‍ഫോമന്‍സ് ഓഡിറ്റ് അഭിനന്ദിച്ചു. ഓഡിറ്റ് സൂപ്പര്‍വൈസര്‍ കെ. സിദ്ദീഖ്, ജൂനിയര്‍ സൂപ്രണ്ട് ബൈജു, പഞ്ചായത്ത് പ്രസിഡണ്ട് മെഹറുന്നീസ പി.പി., സെക്രട്ടറി മുരളി. പി. തുടങ്ങിയവര്‍ സംസാരിച്ചു.

vettom-gp-tax-collection-2017

Vettom-gp

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ പരിപൂര്‍ണ്ണമായും ഇ-ഗവേണന്‍സിലേക്ക്

Posted on Saturday, December 16, 2017

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ പരിപൂര്‍ണ്ണമായും ഇ-ഗവേണന്‍സിലേക്ക് മാറുന്നതിന്‍റെ മുന്നോടിയായി , നിലവിലുള്ള സോഫ്റ്റ് വെയറുകള്‍ക്ക് പുറമെ കെട്ടിട നികുതി ഇ-പെയ്മെന്‍റ് സംവിധാനം, സങ്കേതം, സകര്‍മ്മ എന്നീ സോഫ്റ്റ് വെയറുകളു‌ടെയും വിന്യാസം പൂര്‍ത്തിയായിട്ടുണ്ട്. കൂ‌ടാ‌‌‌തെ പഞ്ചായത്ത് വകുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി തൃശ്ശൂര്‍ ഡിഡിപി ഓഫീസില്‍  "ഇ-ഓഫീസ്സ് " സംവിധാനവും ന‌‌ടപ്പാക്കുന്നു. ഈ നേട്ടത്തിന്‍റെ സമാരംഭ പ്രഖ്യാപനം 18/12/2017, രാവിലെ 9.30 ന് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വച്ച് ബഹു.തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.ടി.ജലീല്‍ നിര്‍വ്വഹിക്കുന്നു.