പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ഇനി ഇലക്ട്രോണിക് മാലിന്യരഹിതം
ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ഇനി ഇലക്ട്രോണിക് മാലിന്യരഹിതം
പഞ്ചായത്ത് വകുപ്പിന്‍റെയും, കേരള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍റേയും നേതൃത്വത്തിലും ബഹു ജില്ലാ കലക്ടര്‍ ശ്രീമതി ആര്‍ ഗിരിജയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരവും ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന 5 ടണ്‍ ഇലക്ട്രോണിക് മാലിന്യം ശേഖരിച്ച് പുന:സംസ്ക്കരണത്തിനായി കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്ലീന്‍കേരള കമ്പനിക്ക് കൈമാറി. പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നും ഏതാനും മാസങ്ങള്‍ക്കു മുമ്പ് 3.5 ടണ്‍ ഇ-വേസ്റ്റ് ശേഖരിച്ച് കൈമാറിയ മാതൃകയിലാണ് പരിപാടി നടപ്പിലാക്കിയത്.
വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എത്തിച്ച ഉപയോഗ രഹിതമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊതുമരാമത്ത് വിഭാഗം അസി. എഞ്ചിനിയര്‍ ശ്രീ മാത്യു ജോണിന്‍റെ നേതൃത്വത്തില്‍ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് കമ്പനിക്ക് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. സി പി സുനില്‍ നേതൃത്വം നല്‍കി. ഇപ്രകാരം സ്വീകരിച്ച സാധനങ്ങള്‍ക്ക് കിലോഗ്രാമിന് 10 രൂപ നിരക്കില്‍ വില നല്‍കിയാണ് ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കുന്നത്. ഈ സംരഭത്തിലൂടെ ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ കുന്നുകൂടി കിടന്നിരുന്ന ഇ-വേസ്റ്റ് സുരക്ഷിതമായി കയ്യൊഴിയുവാന്‍ സാധിച്ചു.
ഇപ്രകാരം ശേഖരിച്ച ഇലക്ട്രോണിക് സാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള വാഹനത്തിന്‍റെ യാത്ര മലയാലപ്പുഴയില്‍ ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. സി പി സുനില്‍ ഫ്ളാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു. തദവസരത്തില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ ജയലാല്‍, ക്ലീന്‍ കേരള അസി മാനേജര്‍ എം സി ദിലീപ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്തുകളുടെ ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ഈ സംരഭം ഗ്രാമപഞ്ചായത്ത് തലത്തില്‍ വീടുകളില്‍ നിന്നും ഇലക്ട്രോണിക് പാഴ് വസ്തുക്കള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിന്‍റെ തുടക്കമാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.