വാര്‍ത്തകള്‍

പ്‌ളാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേറ്റ്‌ കുടുംബശ്രീ

Posted on Friday, January 3, 2020

* പ്രതിദിനം പത്തു ലക്ഷത്തോളം തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്നു

 * കുടുംബശ്രീ വനിതകള്‍ മുഖേന പ്‌ളാസ്റ്റിക്കിനെതിരേ ബോധവല്‍ക്കരണവും  

പ്‌ളാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീയൊരുങ്ങുന്നു. സംസ്ഥാനത്ത് ഒറ്റത്തവണ ഉപഭോഗമുള്ള പ്‌ളാസ്റ്റിക് വസ്തുക്കളുടെ സമ്പൂര്‍ണ്ണ നിരോധനം നിലവില്‍ വരുന്ന ജനുവരി ഒന്നു മുതല്‍ പ്‌ളാസ്റ്റിക്കിന് ബദല്‍ സംവിധാനമെന്ന നിലയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി   എഴുപതിനായിരത്തോളം തുണിസഞ്ചികള്‍ തയ്യാറാക്കി വിപണിയിലെത്തിച്ചു കൊണ്ടാണ് കുടുംബശ്രീ ഈ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നത്. പ്‌ളാസ്റ്റിക് നിരോധനത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം അയല്‍ക്കൂട്ട വനിതകള്‍ക്ക് വരുമാന വര്‍ദ്ധനവിന് അവസരമൊരുക്കുക എന്നതും കുടുംബശ്രീ ലക്ഷ്യമിടുന്നു. തുണിസഞ്ചി നിര്‍മ്മാണവും വിതരണവും കാര്യക്ഷമമാക്കുന്നതിന് അതത് ജില്ലാഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി കുടുംബശ്രീ സഹകരിച്ചു പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ ക്‌ളോത്ത്, ജ്യൂട്ട്, പേപ്പര്‍  എന്നിവ കൊണ്ട് ബാഗുകള്‍, കൂടാതെ കോട്ടണ്‍ പൗച്ചുകള്‍, കോട്ടണ്‍ ഷോപ്പര്‍, പാളപ്പാത്രങ്ങള്‍ എന്നിവ നിര്‍മിക്കുന്ന മൂവായിരത്തോളം യൂണിറ്റുകളുണ്ട്. ഈ യൂണിറ്റുകള്‍ മുഖേന അതത് ജില്ലകളിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പരിപാടികള്‍ക്കും ആവശ്യമായി വരുന്ന ഗുണനിലവാരമുള്ള തുണിസഞ്ചികളും മറ്റ് ഉത്പന്നങ്ങളും നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്‌ളാസ്റ്റിക് പടിയിറങ്ങുന്നതോടെ വിപണിയില്‍ തുണിസഞ്ചികള്‍ക്കുണ്ടാകുന്ന വര്‍ധിച്ച ആവശ്യകത കണ്ടറിഞ്ഞ് നിലവിലെ യൂണിറ്റുകള്‍ക്ക് പുറമേ പത്തോളം അപ്പാരല്‍ പാര്‍ക്കുകളിലെ ആയിരം  സ്ത്രീകളെയും കുടുംബശ്രീ ഈ രംഗത്ത് വിന്യസിച്ചിട്ടുണ്ട്.  അതത് ജില്ലകളിലെ യൂണിറ്റുകള്‍ വഴി പ്രതിദിനം പത്തു ലക്ഷം സഞ്ചികളെങ്കിലും നിര്‍മ്മിച്ച് വിതരണം ചെയ്യുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.

തുണിസഞ്ചികള്‍ കൂടാതെ പാളകൊണ്ടു തയ്യാറാക്കിയ പ്‌ളേറ്റുകളും യൂണിറ്റുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതു കൂടാതെ വിപണിയുടെ ആവശ്യകതയനുസരിച്ച്  വൈവിധ്യമാര്‍ന്ന മാതൃകകളില്‍ പ്രകൃതി സൗഹൃദ തുണി സഞ്ചികള്‍ നിര്‍മിക്കാന്‍ ആവശ്യമായ പരിശീലനവും യൂണിറ്റുകള്‍ക്ക് ലഭ്യമാക്കും. വസ്ത്രവ്യാപാര ശാലകള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായി വരുന്ന തുണിസഞ്ചികളും മറ്റ് പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും വാങ്ങുന്നതിന് അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനവും ക്രിമീകരിച്ചു വരികയാണ്.  ഓരോ ജില്ലയുടെയും പ്രാദേശികമായ പ്രമുഖ പരിപാടികള്‍, ഉത്സാവാഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് തുണിസഞ്ചികള്‍ ആവശ്യമായി വരുന്ന അവസരങ്ങളില്‍ അത് നിര്‍മ്മിച്ചു കൊടുക്കാനും കഴിയുന്ന തരത്തില്‍ യൂണിറ്റുകളെ സജ്ജമാക്കിയിട്ടുണ്ട്.

ഇടുക്കി
തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്ന 27 യൂണിറ്റുകളാണ് ജില്ലയിലുള്ളത്. ഈ യൂണിറ്റുകളുടെ അഡ്രസ്സും ഫോണ്‍ നമ്പരും ഉത്പാദനക്ഷമതയും അടക്കമുള്ള വിശദാംശങ്ങള്‍ ശുചിത്വ മിഷനും, ഹരിതകേരളം മിഷനും കൈമാറി. ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളില്‍ പേപ്പര്‍ കൊണ്ടുള്ള പേനകളടക്കമുള്ള ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നു. കോട്ടണ്‍ തുണി ഉപയോഗിച്ച് നാപ്കിന്‍ നിര്‍മ്മിക്കുന്ന ഒരു യൂണിറ്റും ജൂട്ട് ബാഗും ഫയലും നിര്‍മ്മിക്കുന്ന രണ്ട് യൂണിറ്റുകളും ജില്ലയിലുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ കുടുംബശ്രീ അംഗങ്ങളായ 5 പേരെ ചേര്‍ത്ത് ഹരിത ചെക്ക് പോസ്റ്റും പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചികള്‍ ശേഖരിക്കുകയും പകരം അവര്‍ക്ക് തുണിസഞ്ചികള്‍ നല്‍കുകയും ചെയ്യുന്നു. ഈ പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് ഏറ്റെടുക്കും. യുഎന്‍ഡിപി, ഹരിതകേരളം മിഷന്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് എന്നിവരുമായി ചേര്‍ന്ന് കുടുംബശ്രീ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ് മുഖേന തുണിസഞ്ചികള്‍ ഉത്പാദിപ്പിക്കാനും തുടങ്ങി.

എറണാകുളം
200 തുണിസഞ്ചി യൂണിറ്റുകള്‍ വഴി ജില്ലയില്‍ 'പച്ച' എന്ന ബ്രാന്‍ഡില്‍ തുണിസഞ്ചികള്‍ തയാറാക്കി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഒരു മാസത്തിനുള്ളില്‍ 300 യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകും. ആയിരത്തോളം വനിതകള്‍ക്ക് ഇതുവഴി തൊഴിലവസരവും ലഭിക്കും. 2 മുതല്‍ 50 രൂപ വിലവരുന്നതാണ് ഈ സഞ്ചികള്‍. ഓരോ യൂണിറ്റുകളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഈ സഞ്ചികള്‍ എത്തിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുറത്തുള്ള വിപണിയിലേക്കും സഞ്ചികള്‍ എത്തിക്കും.

കോഴിക്കോട്
പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുണ്ടാക്കുന്ന 22 യൂണിറ്റുകള്‍ ജില്ലയിലുണ്ട്. തുണിസഞ്ചി, പേപ്പര്‍ ബാഗ്, മണ്‍പാത്രങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന വിവിധ യൂണിറ്റുകള്‍ ഇതിലുള്‍പ്പെടുന്നു. പ്ലാസ്റ്റിക് നിരോധനത്തെത്തുടര്‍ന്ന് ഈ യൂണിറ്റുകളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തയ്യലറിയാവുന്ന കുടുംബശ്രീ വനിതകളെ ഉപയോഗിച്ച് കുടുംബശ്രീ സിഡിഎസുകളുടെ (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റി) നേതൃത്വത്തില്‍ വീടുകളില്‍ തുണിസഞ്ചികളുണ്ടാക്കി അതാത് മേഖലകളില്‍ സഞ്ചികള്‍ വിതരണം ചെയ്യുന്നു. അവര്‍ക്ക് തുണി വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് വ്യാപാരികളുടെ യോഗം വിളിച്ച് ചേര്‍ത്ത് അവരുടെ ആവശ്യകത അനുസരിച്ച് സഞ്ചികള്‍ തയാറാക്കി നല്‍കും.

മലപ്പുറം ജില്ല
പേപ്പര്‍ ബാഗും തുണിസഞ്ചികളും നിര്‍മ്മിക്കുന്ന 28 സൂക്ഷ്മ സംരംഭ യൂണിറ്റുകളും ഒപ്പം പാള കൊണ്ട് പാത്രകള്‍ നിര്‍മ്മിക്കുന്ന 2 യൂണിറ്റുകളും തുണി കൊണ്ടുള്ള ചവിട്ടിയും മറ്റും നിര്‍മ്മിക്കുന്ന എട്ട് യൂണിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. പത്ത് ബഡ്‌സ് സ്ഥാപനങ്ങളില്‍ പേപ്പര്‍ പേന, ഫയല്‍, നോട്ട്ബുക്ക് തുടങ്ങിയ പേപ്പര്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളെല്ലാം അടങ്ങിയ കാറ്റലോഗ് തയാറാക്കി ശുചിത്വമിഷന് ജില്ലാ മിഷന്‍ കൈമാറി. തുണി സഞ്ചിയും പേപ്പര്‍ ബാഗും നിര്‍മ്മിക്കുന്ന യൂണിറ്റുകളോട് പരമാവധി സ്ഥാപനങ്ങളുമായി സഹകരിച്ച് അവര്‍ക്കാവശ്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കണമെന്ന നിര്‍ദ്ദേശവും ജില്ലാ മിഷന്‍ നല്‍കിയിട്ടുണ്ട്. ജില്ലാഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും ആവശ്യപ്രകാരം 1.50 ലക്ഷം തുണിസഞ്ചികള്‍ യൂണിറ്റുകള്‍ മുഖേന തയാറാക്കി നല്‍കും. ബ്ലോക്ക് തലത്തിലേക്കാവശ്യമുള്ള 12,000 തുണിസഞ്ചികള്‍ ഉടന്‍ കൈമാറും.

വയനാട്
തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്നതും അല്ലാത്തതുമായ അപ്പാരല്‍ യൂണിറ്റുകളെക്കൊണ്ട് തുണിസഞ്ചികളുടെ വിവിധ മോഡലുകള്‍ തയാറാക്കി ഡിസംബര്‍ 26ന് കല്‍പ്പറ്റയില്‍ നടത്തിയ ക്രിസ്മസ് ചന്തയില്‍ ഈ തുണിസഞ്ചികളുടെയും പേപ്പര്‍ ബാഗുകളുടെയും പ്രത്യേക പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സഞ്ചികള്‍ക്കായുള്ള ഓഡര്‍ ലഭിച്ചു. സംരംഭകര്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് സഞ്ചി ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി വരുന്നു. പ്ലാസ്റ്റിക് സാനിട്ടറി നാപ്കിന്റെ ഉപയോഗം കുറയ്ക്കാനായി മെനുസ്ട്രല്‍ കപ്പുകളെക്കുറിച്ചുള്ള ബോധവത്ക്കരണം നടത്തി. മൂപ്പൈനാട് പഞ്ചായത്തുമായി ചേര്‍ന്ന് നടത്തിയ ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1000 മെനുസ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യും.

കൊല്ലം
ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും ഹരിതകേരളം മിഷനുമായി സംയോജിച്ച് 140 കുടുംബശ്രീ സംരംഭങ്ങള്‍ വഴി പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രതിദിനം 25,000 സഞ്ചികള്‍ ഉത്പാദിപ്പിക്കാന്‍ ശേഷി ഈ യൂണിറ്റുകളുണ്ട്. ഈ യൂണിറ്റുകള്‍ക്ക് നാല് ശതമാനം പലിശനിരക്കില്‍ വായ്പയും ലഭ്യമാക്കുന്നു. ജില്ലാ മിഷന്‍ വഴി തുണിസഞ്ചികള്‍ മൊത്തമായി വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് കൗണ്ടറുകള്‍ ചില്ലറയായും സഞ്ചികള്‍ ലഭിക്കും.

തൃശ്ശൂര്‍
60 തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റുകളാണ് തൃശ്ശൂര്‍ ജില്ലയിലുള്ളത്. കൂടാതെ കൂടുതല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പരിശീലനവും വിവിധ ബ്ലോക്കുകളില്‍ നല്‍കി വരുന്നു.

പാലക്കാട്
പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന 62 യൂണിറ്റുകളാണ് ജില്ലയിലുള്ളത്. തുണിസഞ്ചി, പേപ്പര്‍ബാഗ്, പാള പ്ലേറ്റ്, മണ്‍പാത്രം, പേപ്പര്‍പേന എന്നിങ്ങനെ വിവിധ ബദല്‍ ഉത്പന്നങ്ങള്‍ ഈ യൂണിറ്റുകള്‍ വഴി നിര്‍മ്മിക്കുന്നു. ഈ യൂണിറ്റുകളുടെ ഭാരവാഹികളുടെ യോഗം ഹരിതകേരള മിഷനും ശുചിത്വ മിഷനുമായി സംയോജിച്ച് വിളിച്ച് ചേര്‍ത്തു. ഓരോ യൂണിറ്റും ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ പരിശോധിച്ച് 100 ശതമാനം പ്ലാസ്റ്റിക്‌രഹിത ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്തു. ഒരേ ഉത്പന്നങ്ങളുടെ വില ഏകീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വരുന്ന ആഴ്ച്ച ഈ നിര്‍മ്മാണ യൂണിറ്റുകളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശന-വില്‍പ്പന മേള നടത്തും. ശുചിത്വ മിഷന്റെ സഹായത്തോടു കൂടി യൂണിറ്റുകളുടെ വിശദാംശങ്ങളടങ്ങിയ ബ്രോഷര്‍ തയാറാക്കി പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ലഭ്യമാക്കും.

കോട്ടയം
16 തുണിസഞ്ചി യൂണിറ്റുകളാണ് ജില്ലയിലുള്ളത്. യൂണിറ്റുകളുടെ യോഗം വിളിച്ച് ചേര്‍ത്ത് കണ്‍സോര്‍ഷ്യം രൂപീകരിക്കും. ഈ കണ്‍സോര്‍ഷ്യം മുഖേന യൂണിറ്റുകള്‍ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ മൊത്തമായി വാങ്ങുകയും യൂണിറ്റുകള്‍ക്ക് നല്‍കുകയും ചെയ്യും. ഇങ്ങനെ ഒരേ മാതൃകയിലുള്ള സഞ്ചികള്‍ നിര്‍മ്മിക്കും. കൂടാതെ പരിശീലനം നേടിയ അയല്‍ക്കൂട്ട വനിതകളെ ഉള്‍പ്പെടുത്തി കൂടുതല്‍ തുണിസഞ്ചി യൂണിറ്റുകള്‍ ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലെയും തുണിസഞ്ചികളുടെ ആവശ്യകത ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ വഴി കണ്ടെത്തി യൂണിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ശ്രമിക്കുന്നു.


കേരളം പ്‌ളാസ്റ്റിക് വിമുക്തമാക്കുന്നതിന് മികച്ച പിന്തുണ നല്‍കുന്നതിനോടൊപ്പം നിലവില്‍ സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂണിറ്റുകളിലെ വനിതകള്‍ക്ക് അവരുടെ തൊഴില്‍ മേഖല കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും പ്‌ളാസ്റ്റിക്കിനെതിരേ സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന പരിപാടിയില്‍ പങ്കാളിത്തം വഹിക്കാനും സാധ്യമാകും.  

 

 

Content highlight
വസ്ത്രവ്യാപാര ശാലകള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായി വരുന്ന തുണിസഞ്ചികളും മറ്റ് പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും വാങ്ങുന്നതിന് അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനവും ക്രിമീകരിച്ചു വരികയാണ്.

കുടുംബശ്രീ ബ്രാന്‍ഡഡ് കറിപൗഡറുകള്‍ വിപണിയില്‍

Posted on Friday, January 3, 2020

കുടുംബശ്രീയുടെ ആദ്യ ബ്രാന്‍ഡഡ് പ്രോഡക്ട് ആയി കുടുംബശ്രീ കറി പൗഡറുകള്‍ വിപണിയില്‍. ബ്രാന്‍ഡ് ചെയ്ത  മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പ്പൊടി, ഇറച്ചി മസാല, ചിക്കന്‍ മസാല, ഫിഷ് മസാല, വെജിറ്റബിള്‍ മസാല തുടങ്ങി പത്ത് ഇനം കറി പൗഡറുകളും അപ്പം/പത്തിരി  പൊടി, പുട്ട് പൊടി, ആട്ടപ്പൊടി എന്നീ മൂന്ന് ഇനം ധാന്യപ്പൊടികളും വിപണിയിലിറക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം കണ്ണൂരില്‍ നടന്ന ദേശീയ സരസ്‌മേളയുടെ വേദിയില്‍ എക്‌സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കണ്ണൂരിലെ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ഉത്പന്നങ്ങളാണ് ബ്രാന്‍ഡഡ് ആയി പുറത്തിറക്കിയത്.

   കറി പൗഡര്‍ ഉത്പാദിപ്പിക്കുന്ന 50 ഓളം യൂണിറ്റുകളാണ് കണ്ണൂരിലുള്ളത്. ഈ യൂണിറ്റുകള്‍ ബ്രാന്‍ഡിങ്ങിന്റെ ഭാഗമായി. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ബ്രാന്‍ഡിങ്ങിനായി 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നല്‍കി.  ആവശ്യമായ പരിശീലനങ്ങളും അനുബ്ബന്ധ സൗകര്യങ്ങള്‍ക്കും വേണ്ടി 20 ലക്ഷം രൂപ കുടുംബശ്രീയും വകയിരുത്തി. ജില്ലയിലെ കറി പൗഡര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന  50 സംരംഭ യൂണിറ്റുകളെ ചേര്‍ത്ത് ജില്ലാതലത്തില്‍ കറി പൗഡര്‍ ആന്റ് ഫ്‌ളോര്‍ മില്‍  കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തു. കുടുംബശ്രീ കറി പൗഡര്‍ എന്ന പേരിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്.

  കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ കീഴില്‍ രൂപീകരിച്ച കറി പൗഡര്‍ യൂണിറ്റുകളുടെ ജില്ലാതല കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച് സ്വകാര്യ - ബഹുരാഷട്ര കമ്പനികളുടെ ഉത്പന്നങ്ങളെ മാര്‍ക്കറ്റില്‍ വെല്ലുവിളിക്കണമെങ്കില്‍ ബ്രാന്‍ റിംഗിലൂടെ മാത്രമേ സാധ്യമാവൂ എന്ന തിരിച്ചറിവാണ് ഇത്തരമൊരു ഇടപെടല്‍ നടത്താന്‍ കുടുംബശ്രീയെ പ്രേരിപ്പിച്ചത്. ഏറ്റവും ഗുണനിലവാരത്തിലും  മിതമായ നിരക്കിലും ഈ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കുന്നതും വഴി ജില്ലയിലെ നൂറുക്കണക്കിന് സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലും വരുമാനവും ലഭ്യമാക്കാന്‍  കഴിയും. സപ്ലൈകോ, ലുലു മാള്‍ എന്നിവിടങ്ങയില്‍ ഇനി മുതല്‍ കണ്ണൂരിന്റ കുടുംബശ്രീ കറി പൗഡറുകള്‍ ലഭ്യമായിത്തുടങ്ങും. ഇതു സംബന്ധിച്ച ധാരണാ പത്രം ഉടന്‍ ഒപ്പിടും.

  സരസ് വേദിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു എംഎല്‍എ മുഖ്യാഥിതിയായി. തളിപ്പറമ്പ് മുന്‍ എം.എല്‍.എ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, ഗവേണിംഗ് ബോഡി അംഗം എ.കെ.രമ്യ, ആന്തൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയ, ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ ഉത്പന്നം ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍  എം. സുര്‍ജിത്ത് സ്വാഗതവും കണ്‍സോര്‍ഷ്യം പ്രസിഡന്റ്  ഉഷ നാരായണന്‍ നന്ദിയും പറഞ്ഞു.

 

Content highlight
കറി പൗഡര്‍ ഉത്പാദിപ്പിക്കുന്ന 50 ഓളം യൂണിറ്റുകളാണ് കണ്ണൂരിലുള്ളത്. ഈ യൂണിറ്റുകള്‍ ബ്രാന്‍ഡിങ്ങിന്റെ ഭാഗമായി. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്

സരസ് മേളയ്ക്ക് തുടക്കം

Posted on Saturday, December 21, 2019

സരസ് മേളയ്ക്ക് തുടക്കം

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയതലത്തിലുള്ള ഉത്പന്ന വിപണന മേളയായ സരസ് മേളയ്ക്ക് കണ്ണൂരില്‍ തുടക്കം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ കണ്ണൂരിലെ മങ്ങാട്ടുപറമ്പില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടില്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനുവരി 31 വരെയാണ് മേള. ഈ സാമ്പത്തികവര്‍ഷം കേരളത്തില്‍ നടത്തുന്ന ആദ്യ സരസ് മേളയാണിത്.

  സരസ് മേളയില്‍ 250 ല്‍പ്പരം ഉത്പന്ന വിപണന സ്റ്റോളുകളാണുണ്ടാകുക. രാജസ്ഥാന്‍, ഛത്തിസ്ഗഢ്, ഉത്തര്‍പ്രദേശ്, ഹരിയാന, ബീഹാര്‍, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിങ്ങനെ 28 സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷദ്വീപ് ഉള്‍പ്പെടെ 8 കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സ്റ്റാളുകളാണുള്ളത്. കേരളത്തിലെ കുടുംബശ്രീ സംരംഭകരുടെ 130 സ്റ്റാളുകളുമുണ്ട്. ഇത് കൂടാതെ ഇന്ത്യ ഓണ്‍ യുവര്‍ പ്ലേറ്റ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്ന ഫുഡ് കോര്‍ട്ടുമുണ്ട്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 22 കാറ്ററിങ് യൂണിറ്റുകള്‍ 22 കൗണ്ടറുകളിലൂടെ സന്ദര്‍ശകര്‍ക്ക് ഇന്ത്യയിലെ വിവിധ ഇടങ്ങളിലെ വൈവിധ്യമാര്‍ന്ന രുചികള്‍ ഈ ഫുഡ്‌കോര്‍ട്ടിലൂടെ പരിചയപ്പെടുത്തും. കേരളത്തിലെ രുചികള്‍ വിളമ്പി 11 കുടുംബശ്രീ യൂണിറ്റുകളും ഫുഡ്‌കോര്‍ട്ടിന്റെ ഭാഗമാണ്.

  ഉത്പന്ന മേളയും ഫുഡ്‌കോര്‍ട്ടും കൂടാതെ എല്ലാദിവസവും  വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകളുമുണ്ടായിരിക്കും. കണ്ണൂര്‍ ജില്ലയിലെ ഓരോ ബ്ലോക്കുകളുടെയും നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് പൊതുസമ്മേളനവും രാത്രിയില്‍ കലാവിരുന്നും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് റിപ്പോര്‍ട്ട് അവതരണം നടത്തി. ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമള, വൈസ് ചെയര്‍മാന്‍ കെ. ഷാജു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. പ്രീത, കുടുംബശ്രി ഗവേണിങ് ബോഡി അംഗങ്ങളായ എം.കെ. രമ്യ, ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍. സുര്‍ജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  കേന്ദ്ര ഗവണ്‍മെന്റിന്റെ ദേസീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എന്‍ആര്‍എല്‍എം) ധനസഹായത്തോടെയാണ് സരസ് മേളകള്‍ നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഓരോ വര്‍ഷവും രണ്ട് വീതം സരസ്‌മേളകള്‍ നടത്തുന്നു. 2016ലാണ് കുടുംബശ്രീ ആദ്യമായി സരസ് മേള സംഘടിപ്പിച്ചത്. കൊല്ലത്ത് ആശ്രാം മൈതാനാത്തായിരുന്നു ഇത്. 2017-18ല്‍ ഇടപ്പാളിലും പട്ടാമ്പിയിലും 2018-19ല്‍ ചെങ്ങന്നൂരും കുന്ദംകുളത്തും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സരസ് മേളകള്‍ നടത്തി.

Content highlight
കണ്ണൂര്‍ ജില്ലയിലെ ഓരോ ബ്ലോക്കുകളുടെയും നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും

കുടുംബശ്രീ ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Posted on Friday, December 20, 2019

* ഇന്ത്യയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏറ്റവും മികച്ച സംസ്ഥാനങ്ങ ളില്‍ കേരളത്തിന് രണ്ടാം സ്ഥാനം

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമീണ മേഖലയിലെ നിര്‍ധനരായ യുവതീയുവാ ക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്ന ഡിഡിയുജികെവൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) പദ്ധതി മികച്ച രീതിയില്‍ നടപ്പിലാ ക്കിയതിനുള്ള കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പുരസ്‌ക്കാരം കുടുംബശ്രീ ഏറ്റുവാങ്ങി. കേരള സര്‍ക്കാരിന് വേണ്ടി കുടുംബശ്രീയാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2018-19 സാമ്പത്തി കവര്‍ഷത്തില്‍ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടത്തിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാന മാണ് കേരളത്തിന് ലഭിച്ചത്. ഡല്‍ഹിയിലെ പുസയില്‍ നാഷണല്‍ അഗ്രികള്‍ച്ചര്‍ സയന്‍സ് കോംപ്ലക്‌സില്‍ ഡിസംബര്‍ 19ന് നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറില്‍ നിന്ന് കുടുംബശ്രീയെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ്, ഡിഡിയുജികെവൈ പ്രോഗ്രാം ടീം ലീഡറായ എന്‍.പി. ഷിബു, പ്രോഗ്രാം മാനേജര്‍മാരായ ദാസ് വിന്‍സന്റ്, ടി. ലിയോപോള്‍, ബിബിന്‍ ജോസ്, കെ.ആര്‍. ജയന്‍, ജി. ശ്രീരാജ് എന്നിവര്‍ ചേര്‍ന്ന് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയല്‍ നടപ്പാ ക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനവും 2017-18ല്‍ രണ്ടാം സ്ഥാനവും കേരളത്തിന് ലഭി ച്ചിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. നൂതന ആശയങ്ങളുടെ നടപ്പാക്കല്‍, വിദേശത്ത് തൊഴിലുകള്‍ ലഭ്യമാക്കല്‍, സാമൂഹ്യമായും സാമ്പ ത്തികമായും പിന്നോക്കം നില്‍ക്കുന്നവരെ പദ്ധതിയില്‍ ഉള്‍പ്പെടു ത്തല്‍ തുടങ്ങിയ മേഖലക ളിലെ മികവ് പരിശോധിച്ചാണ് ഈ വര്‍ഷം പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.

Kudumbashree receiving award for DDUGKY



  നൈപുണ്യ പരിശീലനം നല്‍കുന്നതിനായി 112 പരിശീലന ഏജന്‍സികളെ കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുണ്ട്. ഇവര്‍ വഴി 152 കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു. ഇതുവരെ 47,375 പേര്‍ക്ക് പരിശീലനം നല്‍കി. 36,060 പേര്‍ക്ക് തൊഴിലും ലഭ്യമായി. കഴിഞ്ഞവര്‍ഷം പരിശീലനം നേടിയ 13,702 പേരില്‍ 10,972 പേര്‍ക്ക് ജോലി ലഭിച്ചു. സുസ്ഥിര ഉപജീവന ലക്ഷ്യ മിട്ട് ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള ഡിഡി യുജികെവൈ പദ്ധതി 2015 മുതലാണ് കേരളത്തില്‍ നടപ്പാക്കി തുടങ്ങിയത്. 18 വയസ്സ് മുതല്‍ 35 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് പരിശീലനം നേടാന്‍ കഴിയുന്നത്. സ്ത്രീകള്‍, അംഗപ രിമിതര്‍, പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് 45 വയസ്സുവരെ പരിശീലന പദ്ധതിയുടെ ഭാഗമാകാനാകും. പരിശീലനവും താമസവും ഭക്ഷണവും പഠനോ പകരണങ്ങളും സൗജന്യമാണ്. പദ്ധതി വിവരങ്ങള്‍ അറിയാനും രജിസ്ട്രര്‍ ചെയ്യാനും കൗശ ല്‍ പഞ്ചി എന്ന മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററും പ്രവര്‍ ത്തിക്കുന്നു.

Content highlight
നൈപുണ്യ പരിശീലനം നല്‍കുന്നതിനായി 112 പരിശീലന ഏജന്‍സികളെ കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുണ്ട്.

സമ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തുടക്കം : ഒരു ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അവസരം

Posted on Friday, December 20, 2019

പലകാരണങ്ങള്‍ കൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഒരു ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങള്‍ക്ക് അതിന് തുണയാകുന്ന 'സമ' പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷനും കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന സമ പദ്ധതി വഴി കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം തുല്യതാ പരീക്ഷയും പന്ത്രണ്ടാംതരം തുല്യതാ പരീക്ഷയും എഴുതി വിജയിക്കാന്‍ പരിശീലനം നല്‍കുകയാണ് ചെയ്യുക. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ഹാളില്‍ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ്, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല എന്നിവര്‍ പങ്കെടുത്തു.

  കേരളത്തിലെ ഓരോ പഞ്ചായത്തിലും പത്താംതരം തുല്യതാ പരീക്ഷയെഴുതാനും പന്ത്രണ്ടാംതരം തുല്യതാ പരീക്ഷയെഴുതാനും 50 വീതം കുടുംബശ്രീ അംഗങ്ങളെ തെരഞ്ഞെടുക്കുകയാണ് സമയുടെ ആദ്യഘട്ടം. കുടുംബശ്രീ മുഖേന ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഓരോ പഞ്ചായത്തിലുമുള്ള ഈ 100 പേരുടെ പഠനം പൂര്‍ത്തിയാക്കാനുള്ള ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ലഭ്യമാക്കും. പത്താംക്ലാസ്സ് തുല്യതയ്ക്ക് പഠിക്കുന്ന ഒരാള്‍ക്ക് കോഴ്‌സ് ഫീസ് ഇനത്തില്‍ 1750 രൂപയും പരീക്ഷാ ഫീസ് ആയി 500 രൂപയും ഉള്‍പ്പെടെ ആകെ 2250 രൂപയാണ് വേണ്ടത്. ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതുന്ന ഒരാള്‍ക്ക് കോഴ്‌സ് ഫീസ് ഇനത്തില്‍ 2 വര്‍ഷത്തേക്ക് 4400 രൂപയും പരീക്ഷാ ഫീസ് ഇനത്തില്‍ 1500 രൂപയും അങ്ങനെ ആകെ 5900 രൂപയാണ് വേണ്ടത്. ഫണ്ട് ലഭ്യമാക്കിയ തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക പഠന ക്ലാസ്സുകള്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നല്‍കും.

  2020 ജനുവരി മുതല്‍ നവംബര്‍ മാസം വരെയുള്ള സമയത്ത് ഒഴിവുദിവസങ്ങളില്‍ ക്ലാസ്സുകള്‍ നടത്തി നവംബര്‍ മാസത്തില്‍ പത്താം ക്ലാസ്സ്, പതിനൊന്നാം ക്ലാസ്സ് തുല്യതാ പരീക്ഷ എഴുതിപ്പിക്കാനും 2021 നവംബറില്‍ പന്ത്രണ്ടാം ക്ലാസ്സ് തുല്യതാ പരീക്ഷ എഴുതിപ്പിക്കാനുമാണ് സമ വഴി ലക്ഷ്യമിടുന്നത്. ഈ ക്ലാസ്സുകള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ പഞ്ചായത്തിലും രണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്ക് വീതം ചുമതല നല്‍കും.

 

Content highlight
ഫണ്ട് ലഭ്യമാക്കിയ തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക പഠന ക്ലാസ്സുകള്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നല്‍കും.

ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടി20 ക്രിക്കറ്റ് മത്സരം; ഭക്ഷണമൊരുക്കി കുടുംബശ്രീ യൂണിറ്റുകള്‍ നേടിയത് 4.5 ലക്ഷം രൂപ

Posted on Tuesday, December 10, 2019

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനെത്തുന്ന കാണികള്‍ക്ക് ഭക്ഷണമൊരുക്കി നല്‍കി കുടുംബശ്രീ കഫേ-ക്യാന്റീന്‍ യൂണിറ്റുകള്‍ നേടിയത് 4.5 ലക്ഷം രൂപ വിറ്റുവരവ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയ ത്തില്‍ ഡിസംബര്‍ എട്ടിന് നടന്ന മത്സരത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) താത്പര്യപ്രകാരം ഭക്ഷണമൊരുക്കി നല്‍കുന്നതിനുള്ള ഔദ്യോഗിക പങ്കാളിയാ കുകയായിരുന്നു കുടുംബശ്രീ. ഗ്യാലറിയില്‍ കളികാണാനെത്തിയ 25,000 പേര്‍ക്കാണ് കുടും ബശ്രീയുടെ  യൂണിറ്റുകള്‍ സ്വാദൂറും വിഭവങ്ങളൊരുക്കി നല്‍കിയത്. സ്റ്റേഡിയത്തിനുള്ളില്‍ ആകെ 18 കൗണ്ടറുകളിലൂടെയായിരുന്നു ഭക്ഷണ വിതരണം.

   വൈകുന്നേരം ഏഴ് മണിക്കാണ് മത്സരത്തിന് തുടക്കമായത്. 3.30 ഓടെ തന്നെ സ്റ്റേഡിയ ത്തിനുള്ളിലേക്ക് കാണികളെ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. അതിനാല്‍ തന്നെ 3 മണിയോ ടെ തന്നെ എല്ലാ കൗണ്ടറുകളിലും വിവിധ ഭക്ഷണവിഭവങ്ങള്‍ വിതരണത്തിനായി ഒരുക്കിയിരു ന്നു. പ്രവേശനം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വില്‍പ്പനയും തുടങ്ങി. ചായയും കാപ്പിയും ചെറുകടികളും ആവിയില്‍ തയാറാക്കിയ പലഹാരങ്ങളും മുതല്‍ ചിക്കന്‍ ബിരിയാണിയും പുലാവും ചപ്പാത്തിയും ചിക്കന്‍ കറിയും കപ്പയും മീന്‍കറിയും അടക്കമുള്ള എല്ലാ വിഭവങ്ങ ളും വിവിധ കൗണ്ടറുകളിലായി ലഭ്യമാക്കിയിരുന്നു. രാത്രി 11 മണിയോടെ മത്സരം പൂര്‍ത്തിയാ യ ശേഷം മടങ്ങിയ കാണികള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷണം ലഭ്യമാക്കിയിരുന്നു. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാണ് ഭക്ഷണം വിതരണം നടത്തിയത്. പ്ലാസ്റ്റിക് പൂര്‍ണ്ണ മായി ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളിലും സ്റ്റീല്‍ ഗ്ലാസ്സുകളിലുമാണ് ഭക്ഷണ പാനീയങ്ങള്‍ വിതര ണം ചെയ്തത്.  ശ്രുതി, സമുദ്ര, ബിഗ് ബീറ്റ്‌സ്, അനാമിക, ജിയാസ് ഫുഡ്, പ്രത്യാശ, സാം ജീസ്, അനുഗ്രഹ, ശ്രീശൈലം എന്നീ യൂണിറ്റുകളാണ് ഭക്ഷണമൊരുക്കിയത്. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

stall

   2018 നവംബര്‍ ഒന്നിന് ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം ഇതേ വേദിയില്‍ നടന്നപ്പോഴും കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരുന്നു ഭക്ഷണവിതരണ ചുമതല. അന്ന് ഏഴ് യൂണിറ്റുകള്‍ ചേര്‍ന്ന് ഭക്ഷണം ഒരുക്കി നല്‍കുകയും നാല് ലക്ഷത്തോളം രൂപ വരുമാനം സ്വന്തമാക്കുകയും ചെയ്തിരുന്നു. അന്ന് കുടുംബശ്രീ യൂണിറ്റുകള്‍ കാഴ്ച്ചവച്ച മികച്ച പ്രൊഫ ഷണലിസവും അവര്‍ തയാറാക്കി നല്‍കിയ രുചികരമായ ഭക്ഷണത്തിന്റെ ഗുണമേന്മ യുമാണ് ഇതേവേദിയില്‍ ഒരിക്കല്‍ക്കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തിയപ്പോള്‍ ഭക്ഷ ണം ഒരുക്കി നല്‍കാനുള്ള ചുമതല കെസിഎ വീണ്ടും ഏല്‍പ്പിക്കാന്‍ കാരണം. അതിന് മുമ്പ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യമായി നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായ ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി 20 മത്സരത്തില്‍ 2017 നവംബര്‍ ഏഴിനും കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷ ണം ഒരുക്കി നല്‍കിയിരുന്നു.

Content highlight
2018 നവംബര്‍ ഒന്നിന് ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം ഇതേ വേദിയില്‍ നടന്നപ്പോഴും കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരുന്നു ഭക്ഷണവിതരണ ചുമതല.

പിഎംഎവൈ (നഗരം) - ലൈഫ് : നഗരങ്ങളിലെ 15,000 കുടുംബങ്ങള്‍ക്ക് ഭവന വായ്പ, കുടുംബശ്രീയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും തമ്മില്‍ ധാരണ

Posted on Monday, December 9, 2019

* വായ്പ നല്‍കുക മൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ട്

തിരുവനന്തപുരം: കുടുംബശ്രീ മുഖേന കേരളത്തിലെ നഗരങ്ങളില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം)- ലൈഫ് പദ്ധതിയുടെ ഭാഗമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം (സിഎല്‍എസ്എസ്) അനുസരിച്ച് 2022 മാര്‍ച്ചിനുള്ളില്‍ നഗരങ്ങളിലെ 15,000 കുടുംബ ങ്ങള്‍ക്ക് ബാങ്ക് വായ്പ നല്‍കുന്നതിന് കുടുംബശ്രീയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും തമ്മില്‍ ധാരണയിലെത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് റീജിയണല്‍ മാനേജര്‍ ഇ. രാജ്കുമാറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നേരത്തേ ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കു കളുമായി സിഎല്‍എസ്എസിനു വേണ്ടി കുടുംബശ്രീ കരാറിലെത്തിയിരുന്നു. കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള 20,353 കുടുംബങ്ങള്‍ക്ക് സിഎല്‍എസ്എസ് പ്രകാരം ഇതുവരെ വായ്പ നല്‍കി കഴിഞ്ഞു. കേരള സര്‍ക്കാരിന് വേണ്ടി പദ്ധതി നടപ്പാക്കുന്ന നോഡല്‍ ഏജന്‍ സി കുടുംബശ്രീയാണ്.

  2022 ഓടെ നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പിഎംഎവൈ (നഗരം). ഇതിന്റെ ഭാഗമായി നഗരപ്രദേശത്തെ ഭവനരഹിതരര്‍ക്ക് വീടുകള്‍ വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസ യോഗ്യമാക്കുന്നതിനോ നിലവിലെ പലിശ നിരക്കില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പദ്ധതി യാണ് സിഎല്‍എസ്എസ്.

  കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരതാമസക്കാരായ വര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായി യായ വാസയോഗ്യമായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ. ഈ സബ്സിഡി സ്‌കീം അനുസരിച്ച് 6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള (സാമ്പത്തികമായി പിന്നോക്ക വിഭാഗം, താഴ്ന്ന വരുമാന വിഭാഗം) കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വരെ പലിശ സബ്സിഡിയോട് കൂടി വായ്പ ലഭിക്കും. 6.5 ശതമാനമാണ് പലിശ സബ്സിഡി. ഇടത്തര വരുമാന വിഭാഗക്കാര്‍ക്ക് (6 മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം) 9 ലക്ഷം രൂപവരെയുള്ള വായ്പാ തുകയ്ക്ക് 4 ശതമാനം പലിശ സബ്സിഡി ലഭി ക്കും. 12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള രണ്ടാംതലം ഇടത്തരക്കാര്‍ക്ക് 12 ലക്ഷം വരെ വായ്പാ തുകയ്ക്ക് ലഭിക്കുന്ന പലിശ സബ്‌സിഡി 3 ശതമാനവും. എല്ലാ വായ്പകളുടെയും തിരിച്ചടവിനുള്ള കാലാവധി 20 വര്‍ഷമാണ്.
 
  കുടുംബശ്രീ പിഎംഎവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ രോഷ്നി പിള്ള, എം. ഭാവന, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌പെഷ്യലിസ്റ്റ് കെ. പ്രതിഭ എന്നിവരും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് മാനേജര്‍ കൃഷ്ണ കുമാര്‍, പിആര്‍ഒ വില്‍സണ്‍ തോമസ്, കുറവങ്കോണം ബ്രാഞ്ച് സീനിയര്‍ മാനേജര്‍ മിനി ഉമ്മന്‍, പേരൂര്‍ക്കട മാനേജര്‍ മായാ പാര്‍വ്വതി, പട്ടം ബ്രാഞ്ച് സീനിയര്‍ മാനേജര്‍ ഷീബ, ഉള്ളൂര്‍ ബ്രാഞ്ച് മാനേജര്‍ ദിവ്യ, മാര്‍ക്കറ്റിങ് മാനേജര്‍ പ്രിയ, മാനേജര്‍ സംഗീത എന്നിവരും പങ്കെടുത്തു.

 

Content highlight
2022 ഓടെ നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പിഎംഎവൈ (നഗരം).

കേരള സ്‌കൂള്‍ കലോത്സവത്തിലും തിളങ്ങി കുടുംബശ്രീ

Posted on Monday, December 9, 2019

കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടന്ന 60ാം കേരള സ്‌കൂള്‍ കലോത്സവത്തിലും മികച്ച നേട്ടം കൊയ്ത് കുടുംബശ്രീ സംരംഭകര്‍. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെ നടന്ന മേളയില്‍ ഭക്ഷണവിഭവങ്ങള്‍ തയാറാക്കി നല്‍കി കുടുംബശ്രീ സംരംഭകര്‍ നേടിയത് 15 ലക്ഷം രൂപ വരുമാനമാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 8000ത്തോളം യുവ പ്രതിഭകളാണ് കാഞ്ഞങ്ങാട് മത്സരിക്കാനായെത്തിയത്.

   കലോത്സവ വേദികളില്‍ കുടുംബശ്രീ ഫുഡ് കോര്‍ട്ടുകളും ജ്യൂസ് സ്റ്റാളുകളും പ്രവര്‍ത്തിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും കലോത്സവത്തിന്റെ സംഘാടകസമിതിയും അനുമതി നല്‍കുകയായിരുന്നു. ആ അവസരം കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. 35 കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷണ-പാനീയ സ്റ്റാളുകള്‍ 17 വേദികളില്‍ ഒരുക്കിയത്. ആകെയുള്ള 28 സ്റ്റേജുകളിലും ഹരിതകര്‍മ്മ സേനാംഗങ്ങളായ കുടുംബശ്രീ വനിതകള്‍ തണ്ണീര്‍മത്തന്‍ ജ്യൂസ് സ്റ്റാളുകളും നടത്തി. 112 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ സ്റ്റാളുകള്‍ പ്രവര്‍ത്തിപ്പിച്ചത്‌.  ചായയും കാപ്പിയും ചെറുകടികളും വിവിധതരം ജ്യൂസുകളും പായസവും അവല്‍ മില്‍ക്കും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഇവിടെ നല്‍കുന്നു. പരമ്പരാഗത ഭക്ഷണം ലഭിക്കുന്ന എത്‌നിക് ഫുഡ് കോര്‍ട്ടും ഏറെ ശ്രദ്ധ നേടി.

  ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഭക്ഷണം ഒരുക്കി നല്‍കാന്‍ ഇപ്പോള്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്ഥിരമായി അവസരം ലഭിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കലോത്സവത്തില്‍ ലഭിച്ച ഈ ഒരു വലിയ അവസരത്തെ ഞങ്ങള്‍ കാണുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 2018 നവംബറില്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം നടന്നപ്പോള്‍ കുടുംബശ്രീയുടെ പത്ത് യൂണിറ്റുകള്‍ ഭക്ഷണ വിഭവങ്ങളൊരുക്കി നല്‍കിയിരുന്നു. അന്ന് പതിനൊന്ന് കൗണ്ടറുകളിലായി പത്ത് കുടുംബശ്രീ യൂണിറ്റുകളാണ് ഏഴായിരത്തോളം കാണികള്‍ക്ക് വേണ്ട ഭക്ഷണമൊരുക്കിയത്. 3000ത്തോളം പേര്‍ പങ്കെടുത്ത നവകേരള മിഷന്‍ യോഗത്തിലും കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷണം തയാറാക്കി നല്‍കിയിരുന്നു.

 

Content highlight
112 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ സ്റ്റാളുകള്‍ പ്രവര്‍ത്തിപ്പിച്ചത്‌.

അന്താരാഷ്ട്ര വ്യാപാര മേള: കുടുംബശ്രീക്ക് മികച്ച കൊമേഴ്‌സ്യല്‍ സ്റ്റാളിനുള്ള പുരസ്‌ക്കാരം

Posted on Monday, December 9, 2019

ഇന്ത്യാ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നവംബര്‍ 14 മുതല്‍ 27 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ സംഘടിപ്പിച്ച 39ാം അന്താരാഷ്ട്ര വ്യാപാര മേളയില്‍ മികച്ച കൊമേഴ്‌സ്യല്‍ സ്റ്റാളിനുള്ള പുരസ്‌കാരം കുടുംബശ്രീക്ക് ലഭിച്ചു. സമാപന സമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാലില്‍ നിന്നും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌ക്കാരം കുടുംബശ്രീ ടീം ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്മാര്‍ എന്നിവര്‍ സംയുക്തമായി സ്വീകരിച്ചു. വ്യാപാര മേളയില്‍ നിന്നും കുടുംബശ്രീ സ്റ്റാളുകള്‍ ആകെ 30.32 ലക്ഷം രൂപയുടെ വിറ്റുവരവും നേടി.

ഫുഡ് കോര്‍ട്ട്, കേരള പവിലിയനിലെ ഉത്പന്ന പ്രദര്‍ശന വിപണന സ്റ്റാള്‍, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സരസ് മേള,  'ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്' എന്ന ആശയത്തെ ആസ്പദമാക്കി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച തീം സ്റ്റാള്‍ എന്നീ വിഭാഗങ്ങളിലാണ് കുടുംബശ്രീ പങ്കെടുത്തത്. ഇതില്‍ കേരള പവിലിയനില്‍ പങ്കെടുത്ത വിവിധ സ്ഥാപനങ്ങളില്‍ നിന്നാണ് ഏറ്റവും മികച്ച കൊമേഴ്‌സ്യല്‍ സ്റ്റാളിനുള്ള പുരസ്‌കാരത്തിന് കുടുംബശ്രീ അര്‍ഹമായത്.

പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, എന്നീ ജില്ലകളില്‍ നിന്നുള്ള സംരംഭകരുടെ ഉത്പന്നങ്ങളാണ്  ഉത്പന്ന പ്രദര്‍ശന വിപണന മേളയില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരത്തു നിന്നുള്ള പ്രത്യാശ, മലപ്പുറം ജില്ലയിലെ അന്നപൂര്‍ണ്ണ എന്നീ യൂണിറ്റുകളിലെ ഏഴു പേര്‍ ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തു. 3.31 ലക്ഷം രൂപയാണ് ഇവരുടെ വിറ്റുവരവ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാട്, കൊല്ലം, ഇടുക്കി, കോട്ടയം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും ഉത്പന്നങ്ങളുമായി ഏഴു സ്റ്റാളുകളാണ് സരസ് മേളയില്‍ ഉണ്ടായിരുന്നത്. മേള കഴിഞ്ഞപ്പോള്‍ 21.54 ലക്ഷം രൂപ സരസ് മേളയില്‍ നിന്നും നേടാനായിട്ടുണ്ട്. തീം സ്റ്റാളില്‍ 'കേരളത്തിന്റെ സംരംഭക വികസന മാതൃകകള്‍' എന്നതാണ് കുടുംബശ്രീ പ്രദര്‍ശിപ്പിച്ചത്. ധനമന്ത്രി ഡോ.തോമസ് ഐസക്, എം.പിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, എ.എം.ആരിഫ് എന്നിവര്‍ കുടുംബശ്രീ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.

 2002 മുതല്‍ കുടുംബശ്രീ അന്താരാഷ്ട്ര വ്യാപാര മേളയില്‍ പങ്കെടുക്കുന്നുണ്ട്. മേളയില്‍ മികവിന്റെ അംഗീകരമായി 2013ല്‍ സ്വര്‍ണ്ണ മെഡലും 2014ല്‍ വെള്ളി മെഡലും കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്.

 

 

 

Content highlight
ധനമന്ത്രി ഡോ.തോമസ് ഐസക്, എം.പിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, എ.എം.ആരിഫ് എന്നിവര്‍ കുടുംബശ്രീ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.

പിഎംഎവൈ (നഗരം) - ലൈഫ് : 2021നുള്ളില്‍ നഗരങ്ങളിലെ 7000 കുടുംബങ്ങള്‍ക്ക് ഭവന വായ്പ, കുടുംബശ്രീയും ഐസിഐസിഐ ബാങ്കും തമ്മില്‍ ധാരണ

Posted on Friday, November 29, 2019

തിരുവനന്തപുരം: കേരള സര്‍ക്കാരിന് വേണ്ടി കുടുംബശ്രീ മുഖേന കേരളത്തിലെ നഗരങ്ങളില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം)- ലൈഫ് പദ്ധതിയുടെ ഭാഗമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം (സിഎല്‍എസ്എസ്) അനുസരിച്ച് 2021 മാര്‍ച്ചിനുള്ളില്‍ നഗരങ്ങളിലെ 7000 കുടുംബങ്ങള്‍ക്ക് ബാങ്ക് വായ്പ നല്‍കുന്നതിന് കുടുംബശ്രീയും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐയുടെ ഭവന വായ്പാ വിഭാഗമായ ഐസിഐസിഐ എച്ച്എഫ്‌സിയും തമ്മില്‍ ധാരണയിലെത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും ഐസിഐസിഐ-എച്ച്എഫ്‌സി ബിസിനസ് വിഭാഗം ദേശീയമേധാവി (ഡിസ്ട്രിബ്യൂ ഷന്‍) കയോമര്‍സ് ധോത്തീവാലയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നേരത്തേ ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുമായി സിഎല്‍എസ്എസിനു വേണ്ടി കുടുംബശ്രീ കരാറിലെ ത്തിയിരുന്നു. കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള 20,343 കുടുംബങ്ങള്‍ക്ക് സിഎല്‍എസ്എസ് പ്രകാരം വായ്പ നല്‍കി കഴിഞ്ഞു. പിഎംഎവൈയുടെ (നഗരം)- ലൈഫ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

2022 ഓടെ നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പിഎംഎവൈ (നഗരം). ഇതിന്റെ ഭാഗമായി നഗരപ്രദേശത്തെ ഭവനരഹിതരര്‍ക്ക് ഭവനം വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസ യോഗ്യമാക്കുന്നതിനോ നിലവിലെ പലിശ നിരക്കില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പദ്ധതിയാണ് സിഎല്‍എസ്എസ്.

  കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ കഴിഞ്ഞ മൂന്ന്വര്‍ഷമായി സ്ഥിരതാമസക്കാരായവര്‍ക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും സ്ഥായിയായ വാസയോഗ്യ മായ വീടുകളില്ലാത്തവര്‍ക്കുമേ സിഎല്‍എസ്എസിന് അപേക്ഷിക്കാനാകൂ. ഈ സബ്സിഡി സ്‌കീം അനുസരിച്ച് 6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള (സാമ്പത്തികമായി പിന്നോക്ക വിഭാഗം, താഴ്ന്ന വരുമാന വിഭാഗം) കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വരെ പലിശ സബ്സിഡിയോട് കൂടി വായ്പ ലഭിക്കും. 6.5 ശതമാനമാണ് പലിശ സബ്സിഡി. ഇടത്തര വരുമാന വിഭാഗക്കാര്‍ക്ക് (6 മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം) 9 ലക്ഷം രൂപവരെയുള്ള വായ്പാ തുകയ്ക്ക് 4 ശതമാനം പലിശ സബ്സിഡി ലഭിക്കും. 12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള രണ്ടാംതലം ഇടത്തരക്കാര്‍ക്ക് 12 ലക്ഷം വരെ വായ്പാ തുകയ്ക്ക് ലഭിക്കുന്ന പലിശ സബ്‌സിഡി 3 ശതമാനവും. എല്ലാ വായ്പകളുടെയും തിരിച്ചടവിനുള്ള കാലാവധി 20 വര്‍ഷമാണ്.
 
  കുടുംബശ്രീ പിഎംഎവൈ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ രോഷ്നി പിള്ള, എം. ഭാവന, മുനിസി പ്പല്‍ ഫിനാന്‍സ് സ്‌പെഷ്യലിസ്റ്റ് കെ. കുമാര്‍, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌പെഷ്യലിസ്റ്റ് കെ. പ്രതിഭ എന്നിവരും ഐസിഐസിഐ എച്ച്എഫ്‌സി സോണല്‍ ബിസിനസ് മാനേജര്‍ സൂസന്‍ മാത്യു, റീജിയണല്‍ മാനേജര്‍ ദീപു ജോസ്, ഐസിഐസിഐ റീജിയണല്‍ മേധാവി എ.എസ്. അജീഷ്, ചീഫ് മാനേജര്‍ അരവിന്ദ് ഹരിദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

PHOTO

 

Content highlight
കേരളത്തിലെ 93 നഗരസഭകളില്‍ നിന്നുള്ള 20,343 കുടുംബങ്ങള്‍ക്ക് സിഎല്‍എസ്എസ് പ്രകാരം വായ്പ നല്‍കി കഴിഞ്ഞു.