സംരംഭകത്വ മേഖലയിലെ മികവ്: കുടുംബശ്രീ സംരംഭകര്‍ ദേശീയ അവാര്‍ഡ് സ്വീകരിച്ചു

Posted on Wednesday, March 13, 2019

തിരുവനന്തപുരം: രാജ്യത്തുടനീളം വിവിധ മേഖലകളില്‍ സംരംഭകത്വ വികസനവും അതുമായി ബന്ധപ്പെട്ട തൊഴില്‍ സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സി(ടിസ്)ന്‍റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് ദേശീയ ഗ്രാമീണ  സംരംഭകത്വ അവാര്‍ഡ്  കുടുംബശ്രീയുടെ വനിതാ സംരംഭകര്‍ സ്വീകരിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തുല്‍ജാപൂര്‍ ഓഫ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍  ദീപ മുഥോയ് മുണ്ടെയാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

മികച്ച വനിതാ സംരംഭകര്‍ എന്ന വിഭാഗത്തില്‍  വയോജന സംരക്ഷണ മേഖലയിലെ തൃശൂരിലെ സാന്ത്വനം എല്‍ഡര്‍ കെയര്‍ യൂണിറ്റ്, മികച്ച ഗ്രാമീണ സരംഭകര്‍ എന്ന വിഭാഗത്തില്‍ തൃശൂരിലെ തന്നെ കഫേ കുടുംബശ്രീ വനിതാ ഫുഡ് കോര്‍ട്ട്, വ്യക്തിഗത വിഭാഗത്തില്‍ പത്തനംതിട്ട ജില്ലയിലെ ഇക്കോ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം എന്നീ യൂണിറ്റുകളാണ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.  സാന്ത്വനം എല്‍ഡര്‍ കെയര്‍ യൂണിറ്റിനെ  പ്രതിനിധീകരിച്ച് സിന്ധു.വി.ടി, ജിജി റോയ്സണ്‍, ഹേന ചാവക്കാട്  എന്നിവരും വനിതാ ഫുഡ് കോര്‍ട്ടിനു വേണ്ടി രഞ്ജിനി ജയരാജന്‍, സുനിത, ശാന്ത , രമ, അജയന്‍, കോന്നിയിലെ സാന്ത്വനം യൂണിറ്റിനു വേണ്ടി ലേഖ സുരേഷ്  എന്നിവരും അവാര്‍ഡുകള്‍ സ്വീകരിച്ചു. സംരംഭകരെന്ന നിലയില്‍ ഇവര്‍ നേടിയ സാമൂഹിക സാമ്പത്തിക വളര്‍ച്ചയും  ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

സംരംഭകത്വ മികവിലൂടെ മുന്നോട്ടുവരുന്ന വനിതാ സംരംഭകരെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ സംഘടനകള്‍ എന്നിവയുടെ പരിശ്രമങ്ങളെയും നേട്ടങ്ങളെയും അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമാണ് അവാര്‍ഡ് നല്‍കുന്നത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന സംരംഭകരുടെ  പ്രവര്‍ത്തനമികവിനെ സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുളളവര്‍ക്കും മാതൃകയും പ്രോത്സാനവുമാകും വിധം അംഗീകരിക്കുകയാണ് അവാര്‍ഡ് നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

 

 Sindhu.TV, Jiji Royson and Hena receives award

 

Content highlight
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സി(ടിസ്)ന്‍റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് ദേശീയ ഗ്രാമീണ സംരംഭകത്വ അവാര്‍ഡ് കുടുംബശ്രീയുടെ വനിതാ സംരംഭകര്‍ സ്വീകരിച്ചു