വാര്‍ത്തകള്‍

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്

Posted on Wednesday, February 26, 2020

* കോട്ടയം ജില്ലയിലെ കൊണ്ടൂര്‍ വില്ലേജിലെ പഞ്ചമി, തൃശൂര്‍ ജില്ലയിലെ അഴിക്കോട് വില്ലേജിലെ ഉഷസ് എന്നീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് മികച്ച രീതിയില്‍ സ്ത്രീ മുന്നേറ്റം കൈവരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്. കോട്ടയം ജില്ലയിലെ കൊണ്ടൂര്‍ വില്ലേജിലെ പഞ്ചമി, തൃശൂര്‍ ജില്ലയിലെ അഴിക്കോട് വില്ലേജിലെ ഉഷസ് എന്നീ അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ഇത്തവണ ദേശീയതല അംഗീകാരം. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതി (എന്‍.ആര്‍.എല്‍.എം) നടപ്പാക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ട്രികളില്‍ നിന്നാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍  മാര്‍ച്ച് 7ന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളോടനുബന്ധിച്ചുള്ള ചടങ്ങില്‍ അയല്‍ക്കൂട്ട പ്രതിനിധികളും ജില്ലാമിഷന്‍ അധികൃതരും ചേര്‍ന്ന് എന്‍.ആര്‍.എല്‍.എം ദേശീയ അവാര്‍ഡുകള്‍ സ്വീകരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ് ടോമര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയും പരിപാടിയില്‍ പങ്കെടുക്കും.      

   ആഴ്ച തോറുമുള്ള അയല്‍ക്കൂട്ട അംഗങ്ങളുടെ ഹാജര്‍, സമ്പാദ്യം, നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, വായ്പാ തിരിച്ചടവിന്‍റെ കൃത്യത, അംഗങ്ങള്‍ക്ക് വായ്പ നല്‍കി ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുകയും അതുവഴി ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക എന്നിവയാണ് അവാര്‍ഡിനു പരിഗണിച്ച മാനദണ്ഡങ്ങള്‍. അവാര്‍ഡിനു വേണ്ടി എന്‍.ആര്‍.എല്‍.എം പ്രത്യേകമായി തയ്യാറാക്കിയ മാതൃകയിലാണ് വിവരങ്ങള്‍ നല്‍കിയത്. ഇതിനായി ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ ഓരോ ജില്ലയില്‍ നിന്നും ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങള്‍ വീതം തിരഞ്ഞെടുക്കുകയും പിന്നീട് അതില്‍ നിന്നും ഏറ്റവും മികവ് പുലര്‍ത്തിയ മൂന്ന് അയല്‍ക്കൂട്ടങ്ങളെ സംസ്ഥാന മിഷന്‍ നോമിനേറ്റ് ചെയ്യുകയുമായിരുന്നു. ഇതില്‍ നിന്നാണ് രണ്ട് അയല്‍ക്കൂട്ടങ്ങളെ തിരഞ്ഞെടുത്തത്.

    ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കിയ സ്ത്രീകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അന്താരാഷ്ട്ര വനിതാ ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സമൂഹത്തിലെ മറ്റു സ്ത്രീകള്‍ക്കും മാതൃകയാക്കാന്‍ കഴിയും വിധം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച അയല്‍ക്കൂട്ട അംഗങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കു വയ്ക്കലും പരിപാടിയോടനുബന്ധിച്ചു നടക്കും.

 

Content highlight
ആഴ്ച തോറുമുള്ള അയല്‍ക്കൂട്ട അംഗങ്ങളുടെ ഹാജര്‍, സമ്പാദ്യം, നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, വായ്പാ തിരിച്ചടവിന്‍റെ കൃത്യത, അംഗങ്ങള്‍ക്ക് വായ്പ നല്‍കി ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുകയും അതുവഴി ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക എന്ന

ആലപ്പുഴയിലെ പ്രളയബാധിതര്‍ക്കായുള്ള 121 വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

Posted on Wednesday, February 12, 2020

പ്രളയബാധിതര്‍ക്കായി റാമോജി ഫിലിം സിറ്റിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 121 വീടുകളുടെ ഔദ്യോഗിക താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ നിര്‍വ്വഹിച്ചു. ഫെബ്രുവരി 9ന് ക്യാമലോട്ട്് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് കുടുംബശ്രീ കെട്ടിട നിര്‍മ്മാണ സംഘങ്ങള്‍ നിര്‍മ്മിച്ച ഈ വീടുകളുടെ താക്കോല്‍ദാനം നടന്നത്.  

  2018ല്‍ കേരളം നേരിട്ട പ്രളയ ദുരിതത്തില്‍ ഏറെ കെടുതികള്‍ സംഭവിച്ച ജില്ലയാണ് ആലപ്പുഴ. പ്രളയ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സ്ഥാപനമായ രാമോജി ഫിലിം സിറ്റി മുന്നോട്ടുവന്നിരുന്നു. ആലപ്പുഴയിലെ മുന്‍ സബ് കളക്ടറായിരുന്ന ശ്രീ കൃഷ്ണതേജ ഐഎഎസ് മുന്‍കൈയെടുത്തു നടപ്പിലാക്കിയ 'ഐ ആം ഫോര്‍ ആലപ്പി' എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഈ പിന്തുണ ലഭിച്ചത്. 116 വീടുകള്‍ നിര്‍മ്മിക്കാന്‍ 7 കോടി രൂപയാണ് രാമോജി ഫിലിം സിറ്റി കേരള സര്‍ക്കാരിന് വാഗ്ദ്വാനം ചെയ്തത്. ഈ വീടുകള്‍ കുടുംബശ്രീ വഴി നിര്‍മ്മിക്കാമെന്നും നിര്‍മ്മാണ ചുമതല കുടുംബശ്രീ നിര്‍മ്മാണ ഗ്രൂപ്പുകളെ ഏല്‍പ്പിക്കാമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ഏപ്രില്‍ മാസത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും രാമോജി ഫിലിം സിറ്റി അധികൃതരുമായി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറിലേര്‍പ്പെട്ടു.

116 വീടുകള്‍ 7 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു കരാര്‍. ഒരു വീടിന് 6 ലക്ഷം രൂപ ചെലവ് വരും. എന്നാല്‍ ചെലവ് കുറച്ച് ലാഭിച്ച തുക കൊണ്ട് 5 വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ കുടുംബശ്രീ നിര്‍മ്മാണ സംഘങ്ങള്‍ക്ക് കഴിഞ്ഞു. കരാറില്‍ പറയുന്ന കാലയളവിന് മുന്‍പ് തന്നെ എട്ട് മാസത്തിനുള്ളില്‍ ആകെ 121 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. കുടുംബശ്രീയുടെ നിര്‍മ്മാണ പരിശീലനം ലഭിച്ച 215 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആകെ 43 നിര്‍മ്മാണ സംഘങ്ങള്‍ ഇതില്‍ പങ്കെടുത്തു.

  പ്രളയത്തില്‍ ദുരന്തം അനുഭവിച്ചവര്‍ക്ക് ആശ്വാസമായി വീടുകള്‍ ലഭിക്കുന്നു എന്നതിന് പുറമേ കുടുംബശ്രീയുടെ കരുത്തില്‍ സമയബന്ധിതമായി കുറഞ്ഞ ചെലവില്‍ ഈ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചുവെന്നതാണ് പ്രത്യേകത. കുടുംബശ്രീ നിര്‍മ്മാണ സംഘങ്ങളുടെ ചരിത്രത്തിലെ സുവര്‍ണ്ണ ഏടായി ഈ പ്രവര്‍ത്തനം മാറിക്കഴിഞ്ഞിരിക്കുകയാണ്.

 

 

Content highlight
കുടുംബശ്രീയുടെ നിര്‍മ്മാണ പരിശീലനം ലഭിച്ച 215 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

2020-21 സംസ്ഥാന ബജറ്റ്, കുടുംബശ്രീയ്ക്ക് 1550 കോടി രൂപയുടെ പദ്ധതികള്‍

Posted on Wednesday, February 12, 2020

2020-21ലെ സാമ്പത്തികവര്‍ഷത്തിലേക്കുള്ള സംസ്ഥാന ബജറ്റില്‍ കുടുംബശ്രീയ്ക്ക് 1550 കോടിയുടെ പദ്ധതികള്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രഖ്യാപിച്ചു. *ബജറ്റ് വിഹിതമായി 250 കോടി രൂപയും റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ഉപജീവന സംരംഭങ്ങള്‍ക്കായി 200 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സംയോജന പദ്ധതികള്‍ വഴിയുള്ള ധനസഹായം കൂടി ഉള്‍പ്പെടെ ആകെ 600 കോടി രൂപയാണ് കുടുംബശ്രീയുടെ ബജറ്റ്*. ഇതിന് പുറമേ നഗരങ്ങളിലെ 950 ഓളം കോടി രൂപയുടെ കുടുംബശ്രീ വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുക കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ആകെ *1550 കോടി രൂപ* യുടേതാണ് ബജറ്റ്.

കുടുംബശ്രീ സംബന്ധിച്ച് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

1. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് 3000 കോടി വായ്പ
2020-21 സാമ്പത്തികവര്‍ഷം 4 ശതമാനം പലിശയ്ക്ക് 3000 കോടി രൂപ ബാങ്ക് വായ്പ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ലഭ്യമാക്കും

2. വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1000 ന്യായവില ഭക്ഷണശാലകള്‍ ആരംഭിക്കും, കുടുംബശ്രീ യൂണിറ്റുകള്‍ക്കാകും നടത്തിപ്പ് ചുമതല

3. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍

4. 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍

5. ഹരിതകര്‍മ്മ സേനയുമായി സംയോജിച്ച് 1000 ഹരിത സംരംഭങ്ങള്‍

6. പ്രതിദിനം 30,000 രൂപ ടേണോവറുള്ള 50 ഹോട്ടലുകള്‍ കുടുംബശ്രീ വനിതകളുടേതായി ആരംഭിക്കും

7. 500 ടോയ്ലറ്റ് കോംപ്ലെക്സുകള്‍ ആരംഭിക്കും, ഇതിന്റെ നടത്തിപ്പ് കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരിക്കും.

8. 5000 പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും.

9. ആലപ്പുഴ മാതൃകയില്‍ 14 ട്രൈബല്‍ മൈക്രോ പ്രോജക്ടുകള്‍.

10. 20,000 ഏക്കറില്‍ ജൈവ സംഘകൃഷി.

11. 500 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ കൂടി ആരംഭിക്കും.

12. കോഴിക്കോട് ഹോം ഷോപ്പ് മാതൃകയില്‍ എല്ലാ ജില്ലകളിലും ഹോം ഷോപ്പുകള്‍ ആരംഭിക്കും.

13. കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം.

14. കുടുംബശ്രീ ചിട്ടികള്‍ ആരംഭിക്കും.

15. രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്കായി പകല്‍വീടുകള്‍ ആരംഭിച്ച് കുടുംബശ്രീയുടെ 25,000 വയോജന അയല്‍ക്കൂട്ടങ്ങളെ ഈ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും

16. ബഡ്സ് സ്‌കൂളുകള്‍ക്ക് വേണ്ടി 35 കോടി രൂപ വകയിരുത്തി.

17. പ്രാദേശിക സംരംഭങ്ങളിലൂടെ പ്രതിവര്‍ഷം 1.5 ലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതി. ആയിരം പേര്‍ക്ക് ഒരാളിനെന്ന തോതില്‍ തൊഴിലുകള്‍ സൃഷ്ടിക്കും. ഇതില്‍ കുടുംബശ്രീയും പങ്കാളിയാകും.


ഇത് കൂടാതെ കുടുംബശ്രീയുടെ വികസന നേട്ടങ്ങളെക്കുറിച്ചും ബജറ്റില്‍ പരമാര്‍ശങ്ങളുണ്ടായി. സ്ത്രീയുടെ ദൃശ്യത ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ വലിയ സംഭാവനയാണ് കേരളത്തിന് നല്‍കുന്നതെന്ന് ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബജറ്റില്‍ പരമാര്‍ശിക്കപ്പെട്ട കുടുംബശ്രീയുടെ വികസന നേട്ടങ്ങള്‍ നിരവധിയാണ്.

കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍ നിന്നും 45 ലക്ഷമായി ഉയര്‍ന്നു. ബാങ്ക് ലിങ്കേജ് വായ്പ 5,717 കോടി രൂപയില്‍ നിന്നും 10,499 കോടി രൂപയായി ഉയര്‍ന്നു. തൊഴില്‍ സംരംഭങ്ങളുടെ എണ്ണം 10,777 ല്‍ നിന്നും 23,453 ആയി ഉയര്‍ന്നു. കൃഷി ഗ്രൂപ്പുകളുടെ എണ്ണം 54,000ത്തില്‍ നിന്നും 68,000 ആയി ഉയര്‍ന്നു. 12 ഇനം സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ബ്രാന്‍ഡ് അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത മാര്‍ക്കറ്റിങ് കൊണ്ടുവന്നു. കുട, നാളികേര ഉത്പന്നങ്ങള്‍, കറിപ്പൊടികള്‍ തുടങ്ങിയവ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പൊതുവായ പേരില്‍ ഉത്പാദിപ്പിച്ച് സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്നതിന് കരാറുണ്ടാക്കി. കേരള ചിക്കന്‍ വിപണിയിലിറക്കി, 1000 കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ന്യൂട്രിമിക്സ് ബ്രാന്‍ഡില്‍ പൊതുപോഷക ഭക്ഷണങ്ങള്‍ വിപണിയിലെത്തിച്ചു. 212 കരകൗശല ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വിപണിയിലിറക്കി. 275 വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചു. 206 മള്‍ട്ടി ടാസ്‌ക് ടീമുകള്‍ രൂപീകരിച്ചു. 76 ഈവന്റ് മാനേജ്മെന്റ് ടീമുകള്‍ ആരംഭിച്ചു. 100ല്‍പ്പരം ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ ആരംഭിച്ചു. 25,000 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടി സ്നേഹിത കോളിങ് ബെല്‍ സ്‌കീം ആരംഭിച്ചു തുടങ്ങിയ വികസന നേട്ടങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വിശദീകരിച്ചു.

 

Content highlight
ബജറ്റില്‍ പരമാര്‍ശിക്കപ്പെട്ട കുടുംബശ്രീയുടെ വികസന നേട്ടങ്ങള്‍ നിരവധിയാണ്.

കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ക്ക് വായ്പ നബാര്‍ഡും ബാങ്ക് ഓഫ് ഇന്ത്യയുമായി കൈകോര്‍ത്ത് കുടുംബശ്രീ

Posted on Wednesday, February 12, 2020

*ധാരണാപത്രം ഒപ്പുവച്ചു

കുടുംബശ്രീയുടെ  3000 കൃഷി സംഘങ്ങള്‍ക്ക് കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യയും നബാര്‍ഡും കുടുംബശ്രീയും ഒരുമിക്കുന്നു.  കൃഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അതുവഴി കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ നിന്നും മെച്ചപ്പെട്ട ഉപജീവന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനുമാണിത്. കുടുംബശ്രീ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐഎഎസ്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജെ. സുരേഷ് കുമാര്‍,  ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി സോണല്‍ മാനേജര്‍ ജി. വിമല്‍ കുമാര്‍ എന്നിവര്‍ ഇതു സംബന്ധിച്ച ത്രികക്ഷി കരാര്‍ ഒപ്പു വച്ചു.

കുടുംബശ്രീയുടെ കീഴിലുള്ള 3000 കര്‍ഷക സംഘങ്ങളെ ഊര്‍ജ്ജിതമാക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും നബാര്‍ഡും വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസം നല്‍കുന്ന പുതിയ തീരുമാനം കൈക്കൊണ്ടത്. കൃഷി ഇടങ്ങളുടെ വലിപ്പക്കുറവു മൂലം ലാഭകരമായി കൃഷി നടത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കൂട്ടു കൃഷി നടത്താനും അതിനായി പത്തു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നതിനും സാധിക്കും. നിലവില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷക സംഘങ്ങള്‍ക്കും പാട്ടക്കരാര്‍ സമര്‍പ്പിക്കാതെ തന്നെ വായ്പ ലഭ്യമാക്കുന്നതിനും അവസരമൊരുങ്ങും. ബാങ്ക് ഓഫ് ഇന്ത്യയാണ് കര്‍ഷക സംഘങ്ങള്‍ക്ക് വായ്പ നല്‍കുക. ഇങ്ങനെ വായ്പ ലഭിക്കുന്ന ഗ്രൂപ്പുകളുടെ കൃത്യമായ തിരിച്ചടവിന്റെ അടിസ്ഥാനത്തില്‍  ഒരു ഗ്രൂപ്പിന് 2000 രൂപ വീതം നബാര്‍ഡ് കുടുംബശ്രീക്ക് പ്രമോഷണല്‍ ഇന്‍സെന്റീവും നല്‍കും.

നിലവിലെ കൃഷി കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കുക, കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുക, സംയോജിത കാര്‍ഷിക രീതികള്‍ അവലംബിക്കുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക,  ആധുനിക കൃഷി ഉപകരണങ്ങള്‍ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വായ്പ ലഭ്യമാകുന്നതോടെ കര്‍ഷക സംഘങ്ങള്‍ക്ക് സാധിക്കും. അര്‍ഹതയുള്ള കര്‍ഷക സംഘങ്ങളെ കണ്ടെത്തേണ്ടത് അതത് ജില്ലാമിഷനുകളാണ്. ഇതിനായി ജില്ലാമിഷന്‍ അധികൃതരും ബാങ്ക് ഓഫ് ഇന്ത്യയുടെ ജില്ലാ പ്രതിനിധികളും യോജിച്ചു പ്രവര്‍ത്തിക്കും.   

സ്വന്തമായി കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്ത വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗമൊരുക്കാന്‍ കര്‍ഷക സംഘ മാതൃകകള്‍ രൂപീകരിച്ചു വലിയ തോതില്‍ കൃഷി ചെയ്യുന്ന രീതിയാണ് കുടുംബശ്രീയുടേത്. ഇത് തികച്ചും അനുയോജ്യവും പ്രയോജനകരമാണെന്നുമാണ് നബാര്‍ഡിന്റെ വിലയിരുത്തല്‍. കര്‍ഷക സംഘങ്ങള്‍ക്കും ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും ആവശ്യമായ കാര്‍ഷിക സാങ്കേതിക പരിശീലനങ്ങള്‍ നബാര്‍ഡ് ലഭ്യമാക്കും. ഓരോ മൂന്നു മാസം കൂടുമ്പോഴും പദ്ധതിയുടെ നടത്തിപ്പും പ്രവര്‍ത്തന പുരോഗതിയും വിലയിരുത്താനായി പ്രോജക്ട് ഇംപ്‌ളിമെന്റേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റിയും രൂപീകരിക്കും. നബാര്‍ഡ് ഡെപ്യൂട്ടി ഡിവിഷണല്‍ മാനേജര്‍,  ബാങ്ക് ഓഫ് ഇന്ത്യ ഏരിയാ മാനേജര്‍, അതത് ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍, കുടുംബശ്രീയുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും ഈ കമ്മിറ്റി.

കുടുംബശ്രീയുടെ വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ടു വരുന്നത് ഇതു മൂന്നാം തവണയാണ്. നിലവില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പ്രധാന മന്ത്രി ആവാസ് യോജന, കേരള ചിക്കന്‍ എന്നീ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും ആവശ്യമായ വായ്പ നല്‍കാന്‍ ബാങ്ക് ഓഫ് ഇന്ത്യ കുടുംബശ്രീയുമായി സഹകരിച്ചിട്ടുണ്ട്.  ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങില്‍ ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. മഹേഷ് കുമാര്‍, ചീഫ് മാനേജര്‍ പി. പരമേശ്വര അയ്യര്‍, സീനിയര്‍ മാനേജര്‍ ആര്‍. രാജേഷ്, നബാര്‍ഡ് മാനേജര്‍ വി. രാകേഷ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ സി.എസ്. ദത്തന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഐശ്വര്യ ഇ.എ, ആര്യ എസ്.ബി എന്നിവര്‍ പങ്കെടുത്തു.

 

Content highlight
കുടുംബശ്രീയുടെ കീഴിലുള്ള 3000 കര്‍ഷക സംഘങ്ങളെ ഊര്‍ജ്ജിതമാക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും നബാര്‍ഡും വിശദമായ ചര്‍ച്ച നടത്തിയിരുന്നു

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം, ഫെബ്രുവരി 29 വരെ എന്‍ട്രികള്‍ അയയ്ക്കാം

Posted on Wednesday, January 29, 2020

·    ഒന്നാം സമ്മാനം 20,000 രൂപ
·    കുടുംബശ്രീ പ്രവര്‍ത്തനങ്ങളായിരിക്കണം വിഷയം
·    ഒരാള്‍ക്ക് 5 ചിത്രങ്ങള്‍ വരെ അയയ്ക്കാം

തിരുവനന്തപുരം: ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള വ്യക്തികളെ പ്രോത്സാഹിപ്പി ക്കുകയെ ന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്റെ മൂന്നാം സീസണിലേക്ക് എന്‍ട്രികള്‍ അയയ്ക്കാനുള്ള അവസാന തിയതി 2020 ഫെബ്രുവരി 29 വരെ നീട്ടി. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളി ലൂടെ കേരള സമൂഹത്തില്‍ സ്വന്തമായ ഇടംനേടിയ കേരളത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമാണ് കുടുംബശ്രീ. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്ന ക്യാന്റീ നുകളും കഫേകളും ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, അവര്‍ നിയന്ത്രിക്കുന്ന റെയില്‍വേ സ്‌റ്റേഷനുകളിലെ ഉള്‍പ്പെടെയുള്ള പാര്‍ക്കിങ്, റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ നിയന്ത്രണം, കുടുംബശ്രീയുടെ ബാലസഭയുടെയും ബഡ്‌സ് സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ കുടുംബശ്രീയുമായി ബന്ധപ്പെട്ട നിരവ ധി വിഷയങ്ങള്‍ ആധാരമാക്കിയുള്ള ചിത്രങ്ങള്‍ മത്സരത്തിനയയ്ക്കാം. ഒരാള്‍ക്ക് അഞ്ച് ചിത്ര ങ്ങള്‍ വരെ അയയ്ക്കാനാകും.

  ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോ പ്രിന്റുകളോ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡിയിലാക്കിയോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാ സത്തിലും അയച്ച് നല്‍കാനാകും. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
 
   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2020 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

Content highlight
ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോ പ്രിന്റുകളോ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡിയിലാക്കിയോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്

ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം: കുടുംബശ്രീയും ആര്‍സെറ്റിയും സംയോജിച്ചു പ്രവര്‍ത്തിക്കും

Posted on Tuesday, January 21, 2020

ഗ്രാമീണ മേഖലയിലെ നിര്‍ദ്ധനരായ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വേണ്ടി അവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി സ്വയംതൊഴില്‍ ആരംഭിക്കുക, അതോടൊപ്പം സംരംഭകത്വ വികസനം സാധ്യമാക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലെ ആര്‍സെറ്റി(റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്)യുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു.  ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റുഡ്‌സെറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, സൂക്ഷ്മ സംരംഭങ്ങളുടെ ചുമതല വഹിക്കുന്ന അസി.കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ലീഡ് ബാങ്ക് മാനേജര്‍മാര്‍, സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുള്ള ആര്‍സെറ്റിയുടെ നോഡല്‍ എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍  ഉദ്ഘാടനം ചെയ്തു. ആര്‍സെറ്റി നാഷണല്‍ ഡയറക്ടര്‍ സി.ടി സന്തോഷ് അധ്യക്ഷത വഹിച്ചു.  

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതും അതത് സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലുമുള്ള ലീഡ് ബാങ്കുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയുമാണ് ആര്‍സെറ്റികള്‍. ഓരോ ആര്‍സെറ്റിയുടെ കീഴിലും 56 വരെ വിവിധങ്ങളായ നൈപുണ്യ പരിശീലന പദ്ധതികളുണ്ട്. ഉല്‍പാദന സേവന മേഖലകളിലടക്കം യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനവും പ്രചോദനവും നല്‍കി സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് സഹായിക്കുക എന്നതാണ് ആര്‍സെറ്റികള്‍ വഴി നല്‍കുന്ന മുഖ്യ സേവനം. ഓരോ മേഖലയിലും മികച്ച അക്കാദമിക് വിദഗ്ധരും അടിസ്ഥാന സൗകര്യങ്ങളും ഉള്ളതാണ് ആര്‍സെറ്റിയുടെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങള്‍. ഇതു പ്രകാരം ജില്ലകളിലെ ആര്‍സെറ്റികള്‍ വഴി കുടുംബശ്രീയുടെ കീഴിലുള്ള ഉല്‍പാദന സേവന മേഖലകളെ ശാക്തീകരിക്കുന്നതിനും അതോടൊപ്പം കൂടുതല്‍ വ്യത്യസ്തമായ തൊഴില്‍ മേഖലകളില്‍ നൈപുണ്യ പരിശീലനം നല്‍കി പുതിയ സംരംഭകരെ കൊണ്ടുവരുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് എസ്.ഹരികിഷോര്‍ അറിയിച്ചു. കൂടാതെ നിലവിലുള്ള കുടുംബശ്രീയുടെ ബ്രാന്‍ഡിങ്ങ്, പ്‌ളാസ്റ്റിക് ഷ്രെഡ്ഡിങ്ങ് എന്നീ മേഖലകളില്‍ നിന്നും സംരംഭര്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ കഴിയുന്ന വിധം അവയുടെ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ആര്‍സെറ്റിയുമായി ചേര്‍ന്ന് നടപ്പാക്കും. അതോടൊപ്പം കുടുംബശ്രീയുടെ മുഖ്യ പരിശീലക ഏജന്‍സിയായി ആര്‍സെറ്റിയെ ഉള്‍പ്പെടുത്തുന്ന കാര്യവും മുഖ്യ പരിഗണനയിലാണെന്നും എസ്.ഹരികിഷോര്‍ വ്യക്തമാക്കി.  

നിലവില്‍ ആര്‍സെറ്റികള്‍ വഴി പരിശീലനം നേടിയവും കുടുംബശ്രീയുടെ കീഴില്‍ വന്നിട്ടില്ലാത്തവരുമായ സംരംഭകരെയും കുടുംബശ്രീയുടെ കീഴില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനങ്ങളും ലഭ്യമാക്കുന്നതിനും പരിപാടിയുണ്ട്. ഇതു കൂടാതെ ആര്‍സെറ്റിയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കര്‍മപദ്ധതിയില്‍ കുടുംബശ്രീ വനിതകള്‍ക്കനുയോജ്യമായ തൊഴില്‍ പരിശീലന പദ്ധതികളും ഉള്‍പ്പെടുത്തും.
നിലവില്‍ കാര്‍ഷിക  മേഖലയില്‍  തേനീച്ച വളര്‍ത്തല്‍, പൂക്കൃഷി, പൂന്തോട്ട നിര്‍മാണം, പാലും പാലുല്‍പന്നങ്ങളുടെയും ഉല്‍പാദനം, കോഴി വളര്‍ത്തല്‍ എന്നിവയിലും കൂടാതെ മോട്ടോര്‍ റീവൈന്‍ഡിങ്ങ്, റേഡിയോ ടി.വി റിപ്പയറിങ്ങ്, ഇറിഗേഷന്‍ പമ്പ് സെറ്റ് റിപ്പയറിങ്ങ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, സെല്‍ഫോണ്‍ റിപ്പയറിങ്ങ്, ട്രാക്ടര്‍ ആന്‍ഡ് പവര്‍ ട്രില്ലര്‍ റിപ്പയറിങ്ങ് സ്‌ക്രീന്‍ പ്രിന്റിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് ഡി.ടി.പി തുടങ്ങിയ മേഖലകളിലും ആര്‍സെറ്റി മുഖേന  നൈപുണ്യ പരിശീലനം നല്‍കുന്നു. കുടുംബശ്രീ വനിതകള്‍ക്കും ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്കും ഈ മേഖലകളില്‍ പരിശീലനം ലഭ്യമാക്കുന്നതോടെ സംരംഭമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാകും.

   എസ്.എല്‍.ബി.സി അസി.ജനറല്‍ മാനേജര്‍ രവീന്ദ്രനാഥ് സി, നാഷണല്‍ അക്കാദമി ഓഫ് റുഡ്‌സെറ്റി ഡയറക്ടര്‍ പിച്ചൈയ്യാ റായ്പുരി,  സീനിയര്‍ ഫാക്കല്‍റ്റി  ശ്രീനിവാസ റാവു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ആര്‍സെറ്റി സ്റ്റേറ്റ് ഡയറക്ടര്‍ കെ.ആര്‍ ജയപ്രകാശ് സ്വാഗതവും നാഷണല്‍ അക്കാദമി ഓഫ് റുഡ്‌സെറ്റി ഡയറക്ടര്‍ സണ്ണി ഫിലിപ്പ് നന്ദിയും പറഞ്ഞു.
 

 

 

Content highlight
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതും അതത് സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലുമുള്ള ലീഡ് ബാങ്കുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയുമാണ് ആര്‍സെറ്റികള്‍. ഓരോ ആര്‍സെറ്റിയുടെ കീഴിലും 56 വരെ വിവിധങ്ങളായ നൈപുണ്യ പരിശീ

കുടുംബശ്രീ അംഗങ്ങളുടെ ഓര്‍മ്മപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു

Posted on Tuesday, January 21, 2020

കേരളത്തിലെ 14 ജില്ലകളിലുമുള്ള കുടുംബശ്രീ അംഗങ്ങളുടെ കുടുംബശ്രീയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1998ലാണ് കേരളത്തിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ രൂപീകരിച്ചത്. ആദ്യ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഡ് തലത്തിലുള്ള ഫെഡറേഷനായ എഡിഎസും (ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി) പഞ്ചായത്ത് തലത്തിലുള്ള ഫെഡറേഷനായ സിഡിഎസും (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റി) രൂപീകൃത്യമായി.

  2018ല്‍ കുടുംബശ്രീ 20ാം വര്‍ഷത്തിലേക്ക് കടന്ന അവസരത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന ആശയം മുന്നോട്ടുവന്നത്. ആ വര്‍ഷത്തിലെ സര്‍ക്കാര്‍ ബജറ്റിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓര്‍മ്മപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം നടത്തുകയും യെ്തു.

 20 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും അത് പുസ്തക രൂപത്തിലാക്കാനുമായി എല്ലാ ജില്ലകളിലും ഒരു ശില്‍പ്പശാല വീതം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതനുസരിച്ച് 14 ജില്ലകളിലും കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ എഴുത്തുശില്‍പ്പശാല നടത്തി. 2018 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംഘടിപ്പിച്ച ശില്‍പ്പശാലകളിലായി 500ഓളം കുടുംബശ്രീ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അവര്‍ എഴുതിയ ലേഖനങ്ങള്‍ ഓര്‍മ്മപ്പുസ്തകത്തിലേക്ക് ലഭിച്ചു. കൂടാതെ ശില്‍പ്പശാലയില്‍ പങ്കെടുത്ത് കുടുംബശ്രീയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ വാക്കുകളിലൂടെ പങ്കുവച്ചവരുടെ കഥകള്‍ പബ്ലിക് റിലേഷന്‍സ് ടീമിന്റെ നേതൃത്വത്തില്‍ തയാറാക്കുകയും ചെയ്തു. ഇത്തരത്തില്‍ 14 ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങളുടെ ഓര്‍മ്മകള്‍ ക്രോഡീകരിച്ചാണ് 14 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്.

  ഈ പുസ്തകങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ കുടുംബശ്രീ എന്ന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ കഥകളും ഇതിനു വേണ്ടി അംഗങ്ങള്‍ നടത്തിയ ത്യാഗത്തിന്റെ കഥകളും കുടുംബശ്രീ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ തുടക്കത്തെക്കുറിച്ചും ഈ പ്രസ്ഥാനത്തിന്റെ അടിത്തറയെക്കുറിച്ചുമൊക്കെ കൂടുതല്‍ വിശദമായി അറിയാന്‍ കഴിയും. ഈ 14 പുസ്തകങ്ങളും താഴെ നല്‍കുന്ന ലിങ്കില്‍ നിന്ന് വായിക്കാനാകും. ഒരു തലമുറ നേടിയ വളര്‍ച്ചയുടെയും ശാക്തീകരണത്തിന്റെയും സ്വയംപര്യാപ്തതയുടെയും വിവരങ്ങള്‍ ഈ പുസ്തകങ്ങള്‍ വഴി അറിയാനാകും. http://www.kudumbashree.org/pages/159#kudumbashree-publication-tab-11  

 

Content highlight
ഇത്തരത്തില്‍ 14 ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങളുടെ ഓര്‍മ്മകള്‍ ക്രോഡീകരിച്ചാണ് 14 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്.

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം രണ്ടാം സീസണ്‍; വിജയികള്‍ക്ക് പുരസ്കാരം സമ്മാനിച്ചു

Posted on Tuesday, January 7, 2020

തിരുവനന്തപുരം: ഫോട്ടോഗ്രഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുന്നത് മുന്‍നിര്‍ത്തി കുടുംബശ്രീ സംഘടിപ്പിച്ച 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം'  ഫോട്ടോഗ്രഫി മത്സരത്തിന്‍റെ രണ്ടാം സീസണ്‍ മത്സര വിജയികള്‍ക്ക് പുരസ്കാരം സമ്മാനിച്ചു. കുടുംബശ്രീ സംസ്ഥാനമിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്കാരം നല്‍കി.

മാതൃഭൂമി പാലക്കാട് യൂണിറ്റ് ഫോട്ടോഗ്രാഫര്‍ പി.പി. രതീഷ്, മലപ്പുറം വേങ്ങര സ്വദേശി ഇ. റിയാസ്, കാസര്‍ഗോഡ് ഉദുമ ഞെക്ലി സ്വദേശി ദീപേഷ്   എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കി.  അരുണ്‍ ജ്യോതി റിഷികേശ്, രാകേഷ്.ടി.പി, ബഷീര്‍ കഡേരി, കെ.സുരേന്ദ്രന്‍, മുഹമ്മദ് ഷിഹാബ്.പി, നോബിള്‍ ജോസഫ്, അശോകന്‍ ടി.വി, ശിവാനന്ദന്‍.പി.വി, അയ്യപ്പന്‍ എം.കെ, സുജിത.പി എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായത്. ആയിരം രൂപയാണ് സമ്മാനത്തുക.  

 പ്രായാധിക്യം വകവയ്ക്കാതെ തൊഴിലിലേര്‍പ്പെട്ട് അദ്ധ്വാനത്തിന്‍റെ മഹത്വം വെളിവാക്കിയ ഫോട്ടോയാണ് രതീഷിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. മികച്ച ആശയം പ്രതിഫലിപ്പിക്കുന്നതിനൊപ്പം തന്നെ മനോഹരമായി ദൃശ്യം ഒപ്പിയെടുക്കുകയും ചെയ്തതിനാണ് ഇ. റിയാസിന് രണ്ടാം സ്ഥാനം. അയല്‍ക്കൂട്ട വനിതകളുടെ ഒത്തൊരുമ വെളിപ്പെടുത്തിയ ചിത്രമാണ്  ദീപേഷിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തത്.   

 2019 ഫെബ്രുവരി ആറ് മുതല്‍ മാര്‍ച്ച് 31 വരെ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് ക്ഷണിച്ചിരുന്നത്. മംഗളം ദിനപ്പത്രം മുന്‍ ഫോട്ടോ എഡിറ്റര്‍ ബി.എസ്. പ്രസന്നന്‍, ഏഷ്യാവില്‍ന്യൂസ് പ്രൊഡക്ഷന്‍ ഹെഡ് ഷിജു ബഷീര്‍, സി-ഡിറ്റ് ഫാക്കല്‍റ്റിയും ഫോട്ടോജേര്‍ണലിസ്റ്റുമായ യു.എസ്. രാഖി, കുടുംബശ്രീ അക്കൗണ്ട്സ് ഓഫീസര്‍ എം. രജനി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

 

 

 

 

 

 

 

 

 

 

Content highlight
ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കി. അരുണ്‍ ജ്യോതി റിഷികേശ്, രാകേഷ്.ടി.പി, ബഷീര്‍ കഡേരി, കെ.സുരേന്ദ്രന്‍, മുഹമ്മദ് ഷിഹാബ്.പി, നോബിള്‍ ജോസഫ്, അശോകന്‍ ടി.വി, ശിവാനന്ദന്‍.പി.

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം, ഫോട്ടോഗ്രഫി മത്സരം മൂന്നാം സീസണ്‍ ജനുവരി 1 മുതല്‍

Posted on Saturday, January 4, 2020

 

·    ഒന്നാം സമ്മാനം 20000 രൂപ
·    കുടുംബശ്രീ പ്രവര്‍ത്തനങ്ങളായിരിക്കണം ഫോട്ടോകളുടെ വിഷയം

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തില്‍ സ്വന്ത മായ ഇടം പതിപ്പിച്ച കേരളത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനായ കുടുംബശ്രീ സംഘടിപ്പി ക്കുന്ന ഫോട്ടോഗ്രാഫി മത്സരം ' കുടുംബശ്രീ ഒരു നേര്‍ച്ചിത്ര'ത്തിന്റെ മൂന്നാം സീസണ്‍ ജനുവരി 1 മുതല്‍ സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി 1 ആണ് അവസാന തിയതി. ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവര്‍ക്ക് പ്രോത്സാഹനമേകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രതിപാ ദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ടയോഗം, അയല്‍ക്കൂട്ട വനിത കള്‍ നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്‍പ്പടെയുള്ള വിവിധ സംരംഭങ്ങള്‍, അയല്‍ക്കൂട്ട വനിതകളുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകളിലുള്‍പ്പെടെ കുടുംബശ്രീ വനിതകള്‍ നിയന്ത്രി ക്കുന്ന പാര്‍ക്കിങ്, വിശ്രമമുറിയുടെ പരിപാലനം, ഹൗസ് കീപ്പിങ് ജോലി കള്‍, കുടുംബശ്രീ ബാലസഭകളുടെയും ബഡ്‌സ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ആധാരമാക്കി ചിത്രങ്ങളെടുക്കാനാകും.

  ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കില്‍ സിഡിയിലാക്കിയ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്കോ അയയ്ക്കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
 
   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതം പത്ത് പേര്‍ക്കും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2020 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

 

Content highlight
വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും

എന്‍.യു.എല്‍.എം : കുടുംബശ്രീക്ക് ദേശീയ അവാര്‍ഡ്

Posted on Friday, January 3, 2020

* അവാര്‍ഡ് തുകയായ ഒമ്പതു കോടി രൂപ കുടുംബശ്രീക്ക് നല്‍കി

കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എന്‍.യു.എല്‍.എം) മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2018-19ലെ 'സ്പാര്‍ക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങില്‍ കേരളത്തിന്‍റെ കുടുംബശ്രീക്ക് രണ്ടാം സ്ഥാനം ലഭിച്ചു.  ആന്ധ്രപ്രദേശിനാണ് ഒന്നാം സ്ഥാനം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും  കേന്ദ്രഭരണ പ്രദേശങ്ങളിലും നഗരമേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ കേരളം ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതിനാണ് പുരസ്കാരം. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഇക്കഴിഞ്ഞ 30ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്രയില്‍ നിന്നും എന്‍.യു.എല്‍.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ കെ.ബി.സുധീര്‍, ടി.ജെ ജെയ്സണ്‍ എന്നിവര്‍ പുരസ്കാരം സ്വീകരിച്ചു. മികവിനുള്ള അംഗീകാരമായി ഒമ്പതു കോടി രൂപയും കുടുംബശ്രീക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. ഈ തുക പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനായി വിനിയോഗിക്കും.

എന്‍.യു.എല്‍.എം പദ്ധതി പ്രകാരം ഇതിന്‍റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പൊതുവായ മാനദണ്ഡങ്ങള്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. ഇതു പ്രകാരം പദ്ധതിയിലെ ഓരോ ഉപഘടകത്തിന്‍റെ കീഴിലും കേന്ദ്ര മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള 2018-19 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പുരോഗതിയും കേന്ദ്ര മന്താലയത്തിന്‍റെ ഡേ-എന്‍.യു.എല്‍.എം.എം വെബ്സൈറ്റില്‍ രേഖപ്പെടുത്തണം. തൊഴില്‍ നൈപുണ്യ പരിശീലനം ലഭിച്ചവര്‍, തൊഴില്‍ ലഭിച്ചവര്‍ എന്നിവരുടെ എണ്ണം,  നൈപുണ്യ പരിശീലനം ലഭിച്ച പട്ടികജാതി പട്ടിക വര്‍ഗ, ന്യൂന പക്ഷ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ എണ്ണം, പുതുതായി രൂപീകരിക്കേണ്ടതും രൂപീകരിച്ചതുമായ അയല്‍ക്കൂട്ടങ്ങളുടെ എണ്ണം, വിതരണം ചെയ്ത വിവിധ വായ്പകള്‍, തെരുവോര കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ ആവശ്യമായ സംരംഭങ്ങളുടെ എണ്ണം, തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കിയ തെരുവു കച്ചവടക്കാരുടെ എണ്ണം, ഓരോ ഘടകത്തിന്‍റെയും കീഴിലുള്ള ഫണ്ട് വിനിയോഗം, പദ്ധതിയിലെ നിര്‍ദേശ പ്രകാരം വിതരണം ചെയ്ത റിവോള്‍വിങ്ങ് ഫണ്ട് ഇങ്ങനെ വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളും അവ സംബന്ധിച്ച പുരോഗതിയും വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഇപ്രകാരം പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് മികവിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിന്‍റെ കുടുംബശ്രീ രണ്ടാമതെത്തിയത്. ഇതില്‍ നൈപുണ്യ പരിശീലനം എന്ന ഘടകത്തില്‍ മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കാനും കുടുംബശ്രീക്ക് സാധിച്ചു.

 2017-18 ല്‍ കുടുംബശ്രീക്ക് ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. അന്ന് ആറു കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നതു വഴി വാര്‍ഷിക പദ്ധതി വിഹിതമായ 30.99 കോടി രൂപയ്ക്കൊപ്പം പ്രത്യേക സമ്മാനമായി ഒമ്പതു കോടി രൂപയും പദ്ധതിക്കായി ലഭിച്ചു. ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം, സ്വയംതൊഴില്‍ ആരംഭിക്കുന്നതിനുള്ള പിന്തുണ നല്‍കല്‍, കുടുംബശ്രീ സംവിധാനം ശക്തിപ്പെടുത്താന്‍ അയല്‍ക്കൂട്ട രൂപീകരണം എന്നിവയ്ക്കായി ഈ ഫണ്ട് പ്രയോജനപ്പെടുത്തും. കൂടാതെ തെരുവു കച്ചവടക്കാര്‍ക്കു വേണ്ടി വെന്‍ഡിങ്ങ് മാര്‍ക്കറ്റുകള്‍, തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍,എന്നിവയുടെ നിര്‍മാണത്തിനും ഈ തുക വിനിയോഗിക്കും.

 

 

Content highlight
2017-18 ല്‍ കുടുംബശ്രീക്ക് ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. അന്ന് ആറു കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കേന്ദ്രം നല്‍കിയത്.