ഗുജറാത്ത് സംസ്ഥാനത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ബല്‍വന്ത് റായ് മേത്ത .സ്വാതന്ത്ര്യ സമര പോരാളി, സാമൂഹ്യ പ്രവര്‍ത്തകന്‍, പഞ്ചായത്തീരാജിന്‍റെ പിതാവ് എന്ന നിലയിലെല്ലാം ഭാരത ജനത ബല്‍വന്ത് റായ് മേത്തയെ സ്മരിക്കുന്നു. ബര്‍ദ്ദോളി സത്യാഗ്രഹത്തിന്‍റെ മുന്നണിപോരാളികൂടെയായിരുന്നു അദ്ദേഹം. ഭാരതത്തിലെ നാട്ടുരാജ്യങ്ങളിലെ ജനങ്ങളുടെ സ്വയംഭരണത്തിന് അദ്ദേഹം നല്‍കിയ സംഭാവന മഹത്തരമായി കണക്കാക്കുന്നു. അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ അദ്ദേഹത്തിന്‍റെ നാമം എക്കാലവും സ്മരിക്കപ്പെടുന്നതാണ്. മഹാത്മാഗാന്ധി, ലാലാ ലജ്പത്റായ്, എന്നിവരുമായുളള അടുത്ത ബന്ധം അദ്ദേഹത്തെ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ നേതൃനിരയിലേക്ക് ഉയര്‍ത്തി.
1899 ഫെബ്രുവരി 19 ന് ഗുജറാത്തിലെ ഭാവ് നഗറില്‍ ഒരു സാധാരണ കുടുംബത്തിലാണ് ബല്‍വന്ത് റായ് മേത്തയുടെ ജനനം. ബിരുദ പഠനം വിജയകരമായി പൂര്‍ത്തീകരിച്ചുവെങ്കിലും വിദേശസര്‍ക്കാരില്‍ നിന്നും ബിരുദം സ്വീകരിക്കുവാന്‍ അദ്ദേഹം വിസമ്മതിച്ചു.1920 ല്‍ ബല്‍വന്ത് റായ് മേത്ത ദേശീയ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. 1930 മുതല്‍ 1932 വരെ സിവില്‍ ഡിസൊബീഡിയന്‍സ് മൂവ്മെന്‍റിന്‍റെ ഭാഗമായും പ്രവര്‍ത്തിച്ചു.1942 ല്‍ ക്വിറ്റ് ഇന്‍ഡ്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് മൂന്ന് വര്‍ഷക്കാലം ജയില്‍ വാസം അനുഭവിച്ചു.ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റിയില്‍ ബല്‍വന്ത് റായ് അംഗത്വം നേടി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസ്സ് അധ്യക്ഷനായിരിക്കുമ്പോള്‍ ബല്‍വന്ത് റായ് മേത്ത ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1957 ല്‍ അദ്ദേഹം ലോകസഭയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1963 സെപ്റ്റംബര്‍ 19 ന് ബല്‍വന്ത് റായ് മേത്ത ഗുജറാത്തിന്‍റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഭാരതീയ വിദ്യാഭവന്‍റെ സ്ഥാപകന്‍ അദ്ദേഹമാണ്. 2000 ഫെബ്രുവരി 19 ന് തപാല്‍ വകുപ്പ് അദ്ദേഹത്തിന്‍റെ 100ാം ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്മരണക്കായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി.
1965 ലെ ഇന്ത്യ - പാക് യുദ്ധസമയത്ത് സെപ്തംബര്‍ 19 ന് ബല്‍വന്ത് റായ് മേത്തയും സംഘവും ഗുജറാത്തിന്‍റെ അതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി ഒരു സിവിലിയന്‍ ബീച്ച് ക്രഫ്റ്റ് വിമാനത്തില്‍ സഞ്ചരിക്കവേ രണ്ട് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ അദ്ദേഹത്തിന്‍റെ വിമാനത്തെ പിന്തുടരുകയും , ക്വായിസ് ഹുസൈന്‍ എന്ന പാക് പൈലറ്റ് ബല്‍വന്ത് റായ് സഞ്ചരിച്ച വിമാനത്തെ ചാരവിമാനമെന്ന് തെറ്റിദ്ധരിച്ച് വെടിവെക്കുകയും ചെയ്തു. ബല്‍വന്ത് റായ് സഞ്ചരിച്ച വിമാനത്തെ ഇടിച്ചിറക്കുവാനായി പൈലറ്റ് ശ്രമിച്ചുവെങ്കിലും വിമാനം തകര്‍ന്ന് ബല്‍വന്ത് റായ് മേത്തയുള്‍പ്പെടെ എട്ട് പേരും തല്‍ക്ഷണം കൊല്ലപ്പെട്ടു. ശത്രുരാജ്യത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ-ഭരണ നേതാവായിരിക്കാം ബല്‍വന്ത് റായ് മേത്ത.
പഞ്ചായത്ത് രാജിന്‍റെ പിതാവ്
ഇന്ത്യയുടെ ആത്മാവ് കുടികൊളളുന്നത് ഗ്രാമങ്ങളിലാണെന്നും അതിനാല്‍ തന്നെ ഗ്രാമങ്ങളെ വിസ്മരരിച്ചുകൊണ്ടുളള ഭരണസംവിധാനത്തിന് പ്രസക്തി ഇല്ലായെന്നും ഉദ്ബോധിപ്പിച്ച മഹാത്മജിയുടെ സ്വപ്നമായിരുന്നു "ഗ്രമസ്വരാജ്" ഗ്രാമ തലത്തില്‍ അധികാരവും വിഭവങ്ങളും നല്‍കി സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ സൃഷ്ടിക്കണമെന്ന് മഹാത്മജി ഉദ്ബോധിപ്പിച്ചു. അധികാരം ജനങ്ങള്‍ക്ക് നല്‍കണമെന്നതായിരുന്നു രാഷ്ട്രപിതാവിന്‍റെ ആഗ്രഹം.
ബല്‍വന്ത് റായ് മേത്ത രണ്ട് പ്രാവശ്യം പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പാര്‍ലമെന്‍റിലെ എസ്റ്റിമേറ്റ് കമ്മറ്റിയുടെ അദ്ധ്യക്ഷനായിരുന്നു ബല്‍വന്ത് റായ് മേത്ത. പഞ്ചായത്ത് രാജിന്‍റെ സാദ്ധ്യതകള്‍, പ്രശ്നങ്ങള്‍ എന്നിവ സമഗ്രമായി പഠിച്ച് ഏകീകൃതരൂപത്തില്‍ ഇന്ത്യയൊട്ടാകെ നടപ്പിലാക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി 1956 ല്‍ ആണ് ബല്‍വന്ത് റായ് മേത്ത അദ്ധ്യക്ഷനായി ഒരു പാര്‍ലമെന്‍ററി സമതിയെ നിയോഗിച്ചു. സാമൂഹിക വികസനരംഗത്ത് ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് അധികാരവികേന്ദ്രീകരണം നടപ്പില്‍ വരുത്തണമെന്നും ഇതിന് ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തിന് രൂപം നല്‍കണമെന്നും ബല്‍വന്ത് റായ് മേത്ത കമ്മറ്റി ശുപാര്‍ശ ചെയ്തു.1957 ല്‍ സമര്‍പ്പിച്ച ശുപാര്‍ശ 1958 ല്‍ ദേശീയവികസനസമിതി അംഗീകരിക്കുകയും സംസ്ഥാന സര്‍ക്കാരുകളോട് ത്രിതല പഞ്ചായത്ത് രാജ് സംവിധാനം ഇന്ത്യയില്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശിക്കുകയും ചെയ്തു.എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഈ നിര്‍ദ്ദേശത്തിന് ആവശ്യമായ പരിഗണന നല്‍കിയില്ല. പിന്നീട് 1992 ല്‍ സര്‍ക്കാര്‍ 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം സാര്‍ത്ഥകമാക്കി. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിന് അടിത്തറയായ റിപ്പോര്‍ട്ട് തയ്യാറാക്കിയ "പ്ലാന്‍ പ്രോജക്ട് കമ്മറ്റി" യുടെ അദ്ധ്യക്ഷനായിരുന്നു ബല്‍വന്ത് റായ് മേത്ത. അതിനാല്‍ അദ്ദേഹത്തെ പഞ്ചായത്ത് രാജിന്‍റെ പിതാവ് ആയി ആദരിക്കപ്പെടുന്നു.
കേരളത്തിന്‍റെ ആദരം
ബല്‍വന്ത് റായ് മേത്ത പഞ്ചായത്ത് രാജിന് നല്‍കിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്‍റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തില്‍ പഞ്ചായത്ത് ദിനമായി ആഘോഷിച്ചുവരുന്നു. 2013 വര്‍ഷത്തില്‍ പഞ്ചായത്ത് ദിനം ഏപ്രില്‍ 23ാം തീയതിയിലേക്ക് മാറ്റിയെങ്കിലും 2014 മുതല്‍ വീണ്ടും ഫെബ്രുവരി 19 ന് തന്നെ പഞ്ചായത്ത് ദിനമായി ആഘോഷിക്കുന്നതിന് തീരുമാനിച്ചു.