കുടുംബശ്രീ- എബിസി മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Posted on Wednesday, May 16, 2018

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണ പദ്ധതി  ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും കുടുംബശ്രീയുടെ കീഴിലുള്ള 'വിന്നേഴ്സ്' എ.ബി.സി മൊബൈല്‍ യൂണിറ്റ് കഴിഞ്ഞ ദിവസം ആറു നായ്ക്കളെ പിടി കൂടി. ഇവയെ  മൊബൈല്‍  ഓപ്പറേഷന്‍ തിയേറ്ററില്‍ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത ശേഷം ആറ്റിങ്ങള്‍ മൃഗാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയാനന്തര പരിചരണങ്ങള്‍ നടത്തി വരികയാണ്.  ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടും.   

സംസ്ഥാനത്ത് ഇതാദ്യമായാണ് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ പദ്ധതിക്കായി മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൂടുതല്‍ മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

ജില്ലയിലെ മുദാക്കല്‍ പഞ്ചായത്തിലെ കുടുംബശ്രീ വനിതകളായ രജനി.ടി.ജി, ജീവശ്രീ, കൂടാതെ സതീഷ് കുമാര്‍, ജിതേഷ് കെ.ജി, മുകേഷ് എന്നിവര്‍ ചേര്‍ന്നാണ് സംരംഭം തുടങ്ങിയത്. ഈ മാസം ഒമ്പതിനായിരുന്നു മൊബൈല്‍ യൂണിറ്റിന്‍റെ  ഉദ്ഘാടനം. സംരംഭം തുടങ്ങുന്നതിനായി ഇന്നവേഷന്‍ ഫണ്ടായി കുടുംബശ്രീ മൂന്നര ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് മൂന്നു ലക്ഷം രൂപയും നല്‍കിയിരുന്നു. കൂടാതെ പത്തു ലക്ഷം രൂപ ബാങ്ക് വായ്പയും എടുത്താണ് വാഹനം വാങ്ങി അതില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്ററില്‍  ഓപ്പറേഷന്‍ ടേബിള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ഓട്ടോക്ളേവ്, ഫ്രിഡ്ജ്, അലമാര, വാട്ടര്‍ ടാങ്ക്, വയറിങ്ങ് ഉള്‍പ്പെടെ എല്ലാ സൗകര്യവും ഉണ്ട്.

ശസ്ത്രക്രിയ ചെയ്യുന്നതിനായി കുടുംബശ്രീ എംപാനല്‍ ചെയ്ത വിദഗ്ധ ഡോക്ടര്‍മാരും രണ്ട് മെഡിക്കല്‍ അസിസ്റ്റന്‍റ്മാരും വാഹനത്തെ അനുഗമിക്കും. സെക്രട്ടേറിയറ്റ് വളപ്പില്‍  നിന്നും പിടി കൂടിയ ഇവര്‍   കഴിഞ്ഞ ദിവസം അഴൂര്‍ പഞ്ചായത്തില്‍ നിന്നും ഇരുപത്തിരണ്ട് നായ്ക്കളെ കൂടി പിടിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഈ നായ്ക്കള്‍ക്കെല്ലാം ഇപ്പോള്‍ ശസ്ത്രക്രിയാനന്തര പരിചരണം നല്‍കി വരികയാണ്. ഇവയെ പിന്നീട് പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടും. കഴിഞ്ഞ വര്‍ഷം കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളില്‍ തെരുവുനായ നിയന്ത്രണ പദ്ധതി ആരംഭിച്ചിരുന്നു. ഇവിടെയെല്ലാം പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ യൂണിറ്റ് അംഗങ്ങളായ അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച രീതിയില്‍ വരുമാനം നേടാന്‍ സാധിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളും പദ്ധതി നടപ്പാക്കാന്‍ താല്‍പര്യപ്പെട്ടു മുന്നോട്ടു വന്നിട്ടുണ്ട്.   ഇവിടങ്ങളില്‍ സംരംഭക ഗ്രൂപ്പുകള്‍ രൂപീകരിച്ച് അതിലെ അംഗങ്ങള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നല്‍കി വരികയാണ്.  ഇവര്‍ അടുത്ത മാസം മുതല്‍  പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാനത്ത് ഇപ്പോള്‍  അഞ്ഞൂറിലേറെ തദ്ദേശ സ്ഥാപനങ്ങളില്‍  പദ്ധതി നടപ്പാക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം  സംസ്ഥാനത്ത് 13320  തെരുവുനായ്ക്കളെയാണ് പിടികൂടി വന്ധ്യംകരിച്ച് ശസ്ത്രക്രിയാനന്തര പരിചരണവും നല്‍കി വിട്ടയച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നു മാത്രം അയ്യായിരത്തോളം തെരുവു നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കാന്‍ കഴിഞ്ഞു. ഇതുവഴി പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ഉപദ്രവം ഗണ്യമായ രീതിയില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ വിദേശ പ്രതിനിധി സംഘം കേരളത്തില്‍

Posted on Monday, May 14, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നേരില്‍  കണ്ടറിയാന്‍ 23 അംഗ വിദേശ പ്രതിനിധി സംഘം കേരളത്തിലെത്തി. 'ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭകത്വ വികസനം' എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീയും മാനേജും സംയുക്തമായി കോവളം സമുദ്രയില്‍ സംഘടിപ്പിക്കുന്ന രണ്ടാഴ്ച നീളുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് പഠന സംഘം എത്തിയത്. പരിശീലനം ഈ മാസം 23ന് അവസാനിക്കും.   

  ലൈബീരിയ, ഉഗാണ്ട, മംഗോളിയ, മലാവി, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള സംഘമാണ്   അന്തര്‍ദേശീയ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയത്. ഈ രാജ്യങ്ങളിലെ കൃഷി, ജലസേചനം, മൃഗസംരക്ഷണം, തൊഴില്‍, മത്സ്യബന്ധനം, ജെന്‍ഡര്‍ വകുപ്പുകളിലെ ഉന്നതതല ഉദ്യോഗസ്ഥരാണ് എല്ലാവരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയുറപ്പിച്ചുകൊണ്ട് കേരളത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതുവഴി സ്ത്രീശാക്തീകരണം സാധ്യമാക്കുകയും ചെയ്ത കുടുംബശ്രീ മാതൃകയെ കുറിച്ച് ഫീല്‍ഡ്തല സന്ദര്‍ശനം ഉള്‍പ്പെടെയുള്ള പഠന പരിപാടികളിലൂടെ മനസിലാക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യം.

  കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് അതത് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ക്ളാസുകള്‍ നയിക്കും. രണ്ടാഴ്ച നീളുന്ന അന്താരാഷ്ട്ര സെമിനാറില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിതരണവും, സംരംഭകരുടെ കൂട്ടായ്മകളായി രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യങ്ങള്‍, കൃഷിയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍ എന്നിവ മനസിലാക്കുന്നതിനു പഠനസംഘത്തിന് അവസരമൊരുങ്ങും. ജില്ലകളില്‍ കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന വിവിധയിനം കൃഷികള്‍, സൂക്ഷ്മസംരംഭങ്ങള്‍, കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘം നേരില്‍ സന്ദര്‍ശിച്ച് മനസിലാക്കും. ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ അയല്‍ക്കൂട്ടങ്ങളും, എ.ഡി.എസ്, സി.ഡി.എസ് എന്നിവയും സംഘം സന്ദര്‍ശിക്കും. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ അയല്‍ക്കൂട്ടങ്ങളുടെ പങ്ക്, കുടുംബശ്രീ ത്രിതല സംവിധാനത്തിലെ നേതൃനിരയെ തിരഞ്ഞെടുക്കുന്നതില്‍ എ.ഡി.എസുകള്‍ക്കും സി.ഡി.എസുകള്‍ക്കുമുള്ള പങ്ക് എന്നിവയെ കുറിച്ച് മനസിലാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.  ഒപ്പം അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകള്‍, ബഡ്സ് സ്കൂള്‍, കഫേ കുടുംബശ്രീ യൂണിറ്റ്, അമിനിറ്റി സെന്‍റര്‍, കാര്‍ഷിക സംരംഭങ്ങള്‍ എന്നിവയും സന്ദര്‍ശിച്ച് അയല്‍ക്കൂട്ട അംഗങ്ങളുമായി സംഘം ആശയവിനിമയം നടത്തും. കൂടാതെ ശ്രദ്ധേയമായ വിജയം കൈവരിച്ച അയല്‍ക്കൂട്ട വനിതകളുമായി നേരില്‍ സംവദിക്കുകയും അവരുടെ വിജയാനുഭവ കഥകള്‍ മനസിലാക്കുകയും ചെയ്യും. കുടുംബശ്രീ സംസ്ഥാന-ജില്ലാമിഷനിലെ ഉദ്യോഗസ്ഥരും പഠനസംഘത്തെ അനുഗമിക്കും.  
 
   കഴിഞ്ഞ വര്‍ഷം തൃശൂര്‍ കിലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 28 അംഗ സംഘത്തിന് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്ന് ഉഗാണ്ടയില്‍ കുടുംബശ്രീ മാതൃക പ്രാവര്‍ത്തികമാക്കുന്നതിന്‍റെ  മുന്നോടിയായി കുടുംബശ്രീക്ക്  അവിടേക്ക് ക്ഷണം ലഭിക്കുകയും കുടുംബശ്രീയില്‍ നിന്നുമുള്ള പ്രതിനിധികള്‍ അവിടുത്തെ ഉന്നതതല ഉദ്യോഗസ്ഥര്‍ക്കും ഗ്രാമീണ വനിതകള്‍ക്കും പരിശീലനം നല്‍കുകയും ചെയ്തിരുന്നു.
 
   പരിശീലന പരിപാടി കുടുംബശ്രീ ഡയറക്ടര്‍ പി. റംലത്ത് ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അജിത് ചാക്കോ സ്വാഗതം പറഞ്ഞു. 'മാനേജ്' ഡയറക്ടര്‍(എക്സ്റ്റന്‍ഷന്‍) ഡോ. കെ. ഉമാറാണി മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബിപിന്‍ ജോസ് പരിശീലന പരിപാടിയെ കുറിച്ച് വിശദീകരിച്ചു. നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ തീമാറ്റിക് ആങ്കര്‍ രാഹുല്‍ കൃഷ്ണ നന്ദി പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍മാരായ ജി.എസ്. അമൃത, ഡോ. നികേഷ് കിരണ്‍, അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോജക്ട് എക്സ്പേര്‍ട്ട് ഡോ. രവികുമാര്‍.എല്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ അരുണ്‍.പി.രാജന്‍, പ്രോജക്ട് എക്സിക്യൂട്ടീവ് ചിന്നു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Foreign delegation with kudumbashree staff

 

ഡിഡിയുജികെവൈ പദ്ധതി: കുടുംബശ്രീ ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Posted on Monday, May 7, 2018

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴിലും നല്‍കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന്  കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പുരസ്കാരം കുടുംബശ്രീക്ക് ലഭിച്ചു.  ഝാര്‍ഖണ്ഡിലെ റാഞ്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍  കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് എന്നിവരില്‍ നിന്നും കുടുംബശ്രീക്കു വേണ്ടി ഡി.ഡി.യു.ജി.കെ.വൈ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ഡോ.പ്രവീണ്‍ സി.എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഷിബു എന്‍.പി എന്നിവര്‍ ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങിയ പുരസ്കാരം സ്വീകരിച്ചു.  മികച്ച പ്രവര്‍ത്തനത്തിന് കഴിഞ്ഞ വര്‍ഷവും കുടുംബശ്രീക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.  

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ മേഖലയിലെ 10663 ഓളം യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനവും ജോലിയും ലഭ്യമാക്കിയതിനാണ് അവാര്‍ഡ്. ഈ വര്‍ഷം 30,000 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

     ഓരോ വര്‍ഷവുമുള്ള ഗുണഭോക്താക്കളുടെ എണ്ണം, പരിശീലനം നേടിയവര്‍ക്ക് ഉറപ്പാക്കിയ തൊഴില്‍ ലഭ്യത, വിവിധ പരിശീലന ഏജന്‍സികളുമായി ധാരണാപത്രം ഒപ്പു വയ്ക്കല്‍, മൈഗ്രേഷന്‍ സപ്പോര്‍ട്ട്, പദ്ധതി ഊര്‍ജിതപ്പെടുത്തുന്നതിനായി നൂതന സാങ്കേതിക വിദ്യകളുടെയും വിവര സാങ്കേതിക വിദ്യയുടെയും ഉപയോഗം, പദ്ധതി ഗുണഭോക്താക്കള്‍ക്ക് ആത്മവിശ്വാസം വളര്‍ത്താന്‍ ഉപകരിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വിലയിരുത്തല്‍, പുരസ്കാര നിര്‍ണയ കമ്മിറ്റക്കു മുമ്പാകെയുള്ള പ്രവര്‍ത്തനങ്ങളുടെ അവതരണം എന്നിവയാണ് പുരസ്കാരം നിര്‍ണയത്തിനായി സ്വീകരിച്ച മാനദണ്ഡങ്ങള്‍.

    ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും കൂടാതെ എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. പരിശീലനാര്‍ത്ഥികള്‍ക്കു നല്‍കുന്ന മികച്ച അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍, നൂതനവും വൈവിധ്യമുളളതുമായ കോഴ്സുകള്‍, കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അംഗീകാരമുള്ള എന്‍.സി.വി.ടി, എസ്.എസ്.സി സര്‍ട്ടിഫിക്കറ്റുകള്‍, നടത്തിപ്പിലെ സൂക്ഷ്മത എന്നിവയും പുരസ്കാര നിര്‍ണയത്തിനു പരിഗണിച്ചിരുന്നു.  

    ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഗുണഭോക്താക്കളുടെ അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചാണ് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നത്.  

Shibu.N.P (left) and Dr.Praveen C.S receives national award  from Raghubar Das  and  Narendra Singh Tomer


                            

സമൂഹത്തില്‍ ശക്ത സാന്നിധ്യമായി കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍- മൂന്ന് ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍ക്ക് സേവനമേകി

Posted on Saturday, May 5, 2018

തിരുവനന്തപുരം: കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ മുഖേന കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പരിഹരിച്ചത് 4723 കേസുകള്‍. മൂന്നു ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍ക്കാണ് ഇവരുടെ സേവനം ലഭ്യമായത്. കൗണ്‍സലിങ്ങ് രംഗത്തെ ഇവരുടെ പ്രവര്‍ത്തനമികവും സാമൂഹ്യ സ്വീകാര്യതയും കണക്കിലെടുത്ത്  തിരുവനന്തപുരം ജില്ലയിലെ പട്ടം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലും പത്തനംതിട്ട ജില്ലയിലെ അടൂര്‍, പന്തളം പോലീസ് സ്റ്റേഷനുകളിലും കുടുംബശ്രീയുടെ കൗണ്‍സലിങ്ങ് സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ ഇടങ്ങളിലേക്ക് ഇവരുടെ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്.    

  കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന വിവിധ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പരിശീലനം ലഭിച്ച 357 കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഇവരുടെ പ്രവര്‍ത്തനം. വിവാഹ പൂര്‍വ കൗണ്‍സലിങ്ങ് നല്‍കുക, സ്ത്രീകളും കുട്ടികളും കുടുംബങ്ങളും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, കൗമാരക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കുള്ള മാനസിക പിന്തുണ,  എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ  സേവനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചത്. കൗമാരപ്രായക്കാര്‍ക്ക്  ആവശ്യമായ വിദഗ്ധ കൗണ്‍ലിങ്ങ് നല്‍കുന്നതിനാല്‍ പലയിടത്തും സ്കൂളുകളില്‍ ഇവരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്.  

സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ചുള്ളതും കുടുംബ പ്രശ്നങ്ങളുമടക്കം കോടതിയിലേക്ക് പോകാന്‍ സാധ്യതയുള്ള കേസുകള്‍ വരെ സമാധാനപൂര്‍ണമായി പരിഹരിക്കാന്‍ കഴിയുന്നതു കൊണ്ട് പഞ്ചായത്തുതലത്തില്‍ ഇവര്‍ക്ക് ഏറെ വിശ്വാസ്യത നേടാന്‍ കഴിഞ്ഞിട്ടുണ്ട്. വിവാഹപൂര്‍വ കൗണ്‍സലിങ്ങ്, അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീ സംവിധാനമായ സ്നേഹിത, ജെന്‍ഡര്‍ റിസോഴസ് സെന്‍റര്‍, ബ്ളോക്ക് തല കൗണ്‍സലിങ്ങ് സെന്‍ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമായ കൗണ്‍സിലിങ്ങ്, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പരിശീലനം നേടിയ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ മുഖേനയാണ് നടപ്പാക്കിവരുന്നത്. കുടുംബശ്രീ മുഖേന  സംസ്ഥാനത്ത്  അരക്ഷിതാവസ്ഥയുടെ പഠനം-വള്‍ണറബിലിറ്റി മാപ്പിങ്ങ് നടപ്പാക്കിയപ്പോഴും ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.


``

മേയ് ദിനത്തില്‍ മൂന്ന് വ്യത്യസ്ത സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് പറവൂര്‍ നഗരസഭ

Posted on Friday, May 4, 2018
For the first time in India, an Urban Local Body launched 3 innovative enterprises marking the May Day observance. It was Paravoor Municipality of Ernakulam district of Kerala, that launched 3 innovative enterprises.The Mother's Kitchen Unit, House Keeping Unit and the Urban Service Team are the three innovative enterprises launched by the Paravoor Municipality. The 3 enterprises started working on the May Day itself. The teams are set up with the help of the centrally designed programme National Urban Livelihoods Mission (NULM). Shri. Ramesh D. Kurup, Chairman, North Paravoor Municipality inaugurated the three enterprises at Paravoor Municipality premises on 1 May 2018.

The first in the row, Vinayaka Mother's Kitchen team would deliver home made food on call. Whether it be breakfast, lunch or dinner, the Mother's Kitchen team would deliver it in no time. Smt. Geetha Parameswaran, Smt. Sindhu Sunil Kumar, Smt. Vimala Appu, Smt. Sasikala Subhanayakan and Smt. Jaya Narayanan are the women behind Vinayaka Mother's Kitchen. Whereas, Sadgamaya House Keeping Unit would undertake all the cleaning works of houses, institutions, auditoriums etc. Smt. Praseetha, Smt. Deepa, Smt. Aneesha, Smt.Rajani and Smt. Habsath are the members of the Sadgamaya House Keeping Unit. Paravoor Urban Service team is set up to do the electrical, plumbing, masonry, painting and gardening works in households. Shri. Babu, Shri. Bijoy, Shri. Baiju, Shri. Sudheesh and Shri. David are the members of the Urban Service Team.

The teams would be working based on Paravoor Municipal office. the Urban Local Body had already published the contact numbers the member of these three innovative enterprises. By launching three innovative enterprises, Paravoor ULB has managed to make their mark.

കുടുംബശ്രീ സ്‌നേഹിത മികച്ച പ്രവര്‍ത്തനം തുടരുന്നു- കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 4721 കേസുകള്‍

Posted on Friday, May 4, 2018

തിരുവനന്തപുരം- ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീ കളുടെയും കുട്ടികളുടെയും ആശ്രയ കേന്ദ്രമായ കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 4721 കേസുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്. കേസുകള്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കി വരുന്നു. ഇതുവരെ 25000 ത്തിലേറെ പേര്‍ക്ക് സ്നേഹിതയുടെ സേവനം ലഭ്യമായിട്ടുണ്ട്. 2244 സ്ത്രീകള്‍ക്ക് ഷോര്‍ട്ട് ഷെല്‍റ്റര്‍ ഹോം സേവനവും നല്‍കി.     

കഴിഞ്ഞ വര്‍ഷം വിവിധ അതിക്രമങ്ങള്‍ നേരിട്ട് സ്നേഹിതയിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 3271 പേര്‍ക്ക് കൗണ്‍സലിംഗ് സേവനം ലഭ്യമാക്കി. ഇതില്‍ 2248 പേര്‍ ഗാര്‍ഹിക പീഡനം നേരിട്ടവരും 30 പേര്‍ മനുഷ്യക്കടത്തിനു വിധേയമായവരുമാണ്. ഇതു കൂടാതെ ഫോണ്‍ വഴി 6659 കേസുകളും സ്നേഹിതയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാന ശിശുക്ഷേമ സമിതി, പോലീസ്, സാമൂഹിക നീതി എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.  അതിക്രമങ്ങള്‍ നേരിട്ട് സ്നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയിലെ കൗണ്‍സിലര്‍മാര്‍ വഴി ആവശ്യമായ കൗണ്‍സലിങ്ങ് നല്‍കും. കൂടാതെ പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍റ് ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ എന്നിവ വഴി അതിക്രമങ്ങള്‍ക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ സുരക്ഷിത താമസവും സൗജന്യനിയമ സഹായവും മാനസിക പിന്തുണയും ലഭ്യമാക്കും. കൂടാതെ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍, പരീക്ഷ,ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ആവശ്യമെങ്കില്‍ സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാനുള്ള സൗകര്യം ലഭ്യമാക്കും.     

കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013  ഓഗസ്റ്റിലാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആറ് ജില്ലകളില്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സ്നേഹിത ഹെല്‍പ് ഡെസ്ക്കിന്‍റേത്. സ്നേഹിതയില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിനായി മുഴുവന്‍ സമയ അഭിഭാഷകയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.

 പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരവധി സഹായങ്ങളാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്ക് ഒരുക്കി നല്‍കുന്നത്. തങ്ങളെ സമീപിക്കുന്ന സ്ത്രീകള്‍ക്ക് മാനസികമായ പിന്തുണ നല്‍കുന്നതോടൊപ്പം തന്നെ അവര്‍ക്ക് വേണ്ട നിയമ സഹായം, കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങളും സ്നേഹിതയിലുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്ക്കാലിക അഭയവും സ്നേഹിത ഒരുക്കി നല്‍കുന്നു എന്നതാണ്. ഇതിനു പുറമേ നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഫാമിലി കൗണ്‍സിലിങ്, ടെലിഫോണ്‍ വഴിയുള്ള കൗണ്‍സിലിങ് എന്നീ സേവനങ്ങളും സ്നേഹിത വഴി നല്‍കുന്നു.

 തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായിരുന്നു തുടക്കത്തില്‍ സ്നേഹിത പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കൊല്ലം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കാസര്‍ഗോഡ് എന്നീ ജില്ലകളിലും സ്നേഹിത പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വയനാട്, കോഴിക്കോട് ജില്ലകളില്‍ ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ടോള്‍ ഫ്രീ നമ്പര്‍ സൗകര്യവുമുണ്ട്.  

 

 

കുടുംബശ്രീ വള്‍ണറബിലിറ്റി മാപ്പിങ്ങ്: രണ്ടാം ഘട്ടവും വന്‍വിജയം, 77 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Posted on Thursday, May 3, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടത്തിയ അരക്ഷിതാവസ്ഥാ പഠനം (വള്‍ണറബിലിറ്റി മാപ്പിങ്ങ്)  രണ്ടാം ഘട്ടവും വന്‍വിജയമാകുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സാമ്പത്തിക സാമൂഹ്യ വികസനവും ലക്ഷ്യമിട്ട് സി.ഡി.എസുകള്‍ സമര്‍പ്പിച്ച 77 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകാരം നല്‍കി.   2016 നവംബറിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ 28 പഞ്ചായത്തുകളില്‍ നടത്തിയ വള്‍ണറബിലിറ്റി മാപ്പിങ്ങിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 12 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 140 പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

   തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍,  ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരാണ് മാപ്പിങ്ങിനാവശ്യമായ  വിവരശേഖരണം നടത്തിയത്. വീടുകള്‍, വിദ്യാലയങ്ങള്‍, തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന വിവിധ സ്ഥാപനങ്ങള്‍, അയല്‍സഭ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച സര്‍വേയില്‍  ഓരോ പ്രദേശത്തും പ്രദേശ വാസികള്‍ നേരിടുന്ന പ്രശ്നങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ അപര്യാപ്തതകള്‍ കാരണം അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും വ്യക്തമായിരുന്നു. ഇപ്രകാരം പദ്ധതി നടപ്പാക്കിയ ഓരോ പഞ്ചായത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മുഖേന അതത് തദ്ദേശ സ്ഥാപനങ്ങളില്‍ സമര്‍പ്പിച്ച 77 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചത്.

വള്‍ണറബിലിറ്റി മാപ്പിങ്ങ് നടപ്പാക്കിയ 140 പഞ്ചായത്തുകളില്‍ വനിതാ വികസനം (10.65 കോടി രൂപ), ഉപജീവനവും തൊഴില്‍ പരിശീലനവും (രണ്ടു കോടി രൂപ), ജെന്‍ഡര്‍  വികസനം (5.98 കോടി രൂപ), പട്ടികജാതി പട്ടികവര്‍ഗ വികസനം (1.71 കോടി രൂപ), അടിസ്ഥാന സൗകര്യ വികസനം ( 21 കോടി രൂപ), വെള്ളം, ആരോഗ്യം, ശുചിത്വം (11.61 കോടി രൂപ), കൃഷി- മൃഗസംരക്ഷണം (15.53 കോടി രൂപ ) ഭിന്നശേഷിക്കാര്‍ (3.76 ) ശിശുവികസനം(1.64), വയോജന പരിചരണം(2.95 കോടി) എന്നിങ്ങനെ വിവിധ മേഖകളിലായി സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകാരം നല്‍കിയത്.

   ആദ്യഘട്ടത്തില്‍ മാപ്പിങ്ങിലൂടെ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍  അപ്പാരല്‍ യൂണിറ്റ്, വനിതാ മെഡിക്കല്‍ ലാബ്, പ്ളാസ്റ്റിക് സംസ്കരണം തുടങ്ങി നിരവധി തൊഴില്‍ പദ്ധതികള്‍ക്കൊപ്പം ജെന്‍ഡര്‍ റിസോഴ്സ്  സെന്‍ററുകള്‍, വയോജനങ്ങള്‍ക്ക് പകല്‍വീട,് വിധവ ഉപജീവനം, ഭിന്നശേഷിക്കാര്‍ക്ക് ട്രൈസൈക്കിള്‍, നിര്‍ഭയയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍, പെണ്‍ സൗഹൃദ ടോയ്ലെറ്റുകള്‍, ബഡ്സ് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തുന്ന 12 കോടി രൂപയുടെ വ്യത്യസ്തങ്ങളായ പദ്ധതികള്‍ക്ക് പഞ്ചായത്തുകള്‍ തുക വകയിരുത്തി അംഗീകാരം നല്‍കിയിരുന്നു.

 

 

 

 

                                                                        

 


                                              
                                                            

 

സംരംഭകരുടെ വരുമാന വര്‍ധനവിന് ജില്ലകള്‍ തോറും കുടുംബശ്രീയുടെ പൊതുസേവന കേന്ദ്രങ്ങള്‍

Posted on Monday, April 30, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബശ്രീ സംരംഭ കൂട്ടായ്മയിലൂടെ ഗുണ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനും അതിന്‍റെ വിപണനത്തിലൂടെ സംരംഭകരുടെ സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനും ജില്ലാ അടിസ്ഥാനത്തില്‍ പൊതു സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീ സംരംഭകരുടെ പൊതുസേവനത്തിനായി പന്ത്രണ്ട് ജില്ലകളില്‍ 19 പൊതു സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍  പുരോഗമിക്കുന്നു. പൊതുസേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടം അതത് തദ്ദേശ ഭരണ സ്ഥാപനം നല്‍കും. പദ്ധതിക്കായി കുടുംബശ്രീ 50 ലക്ഷം രൂപ വരെ ചെലവഴിക്കും. പദ്ധതിയുടെ 60 ശതമാനം തുക യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും 15 ശതമാനം കെട്ടിടത്തിന്‍റെ പുനരുദ്ധാരണത്തിനും അറ്റകുറ്റ പണികള്‍ക്കും 15 ശതമാനം പരിശീലനത്തിനും പത്തു ശതമാനം ഉല്‍പന്നത്തിന്‍റെ ഡിസൈനിങ്ങ്, പായ്ക്കിങ്ങ് എന്നിവ മെച്ചപ്പെടുത്താനും മാര്‍ക്കറ്റിങ്ങിനുമാണ്.  

  ഒരേ തരത്തിലുള്ള ഉല്‍പന്നങ്ങളെ ക്ളസ്റ്റര്‍ ചെയ്ത് സംരംഭകരുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുക എന്നതാണ് പൊതുസേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക വഴി പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രധാനമായും അപ്പാരല്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, സിമന്‍റ് ബ്രിക്സ് തുടങ്ങിയ മേഖലകളിലെ ഉല്‍പാദനവും നിര്‍മാണവുമാണ് ലക്ഷ്യമിടുന്നത്. ഒരു പ്രദേശത്തെ സംരംഭകര്‍ക്ക് ഒരു കുടക്കീഴില്‍ ഉല്‍പന്ന നിര്‍മാണം, പായ്ക്കിങ്ങ, ഗുണമേന്‍മ ഉറപ്പാക്കല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും നടത്താവുന്ന തൊഴിലിടമായിട്ടായിരിക്കും പൊതുസേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംരംഭകരെയും ജില്ലാ അടിസ്ഥാനത്തില്‍ കണ്ടെത്തി ആവശ്യമായ പിന്തുണ ലഭ്യമാക്കിക്കൊണ്ട് പൊതു സേവനകേന്ദ്രങ്ങള്‍ ആരംഭിക്കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 4525 കുടുംബശ്രീ വനിതകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

   ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരവും ന്യായവിലയുമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം സംരംഭകരുടെ സാമ്പത്തിക വര്‍ധനവ് ഉറപ്പാക്കുക, ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുക, യൂണിറ്റുകള്‍ക്ക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ പൊതുയന്ത്രങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതും പൊതു സേവന കേന്ദ്രങ്ങള്‍ വഴി കുടുംബശ്രീ ലക്ഷ്യമിടുന്നു. സംരംഭകര്‍ക്ക് ഉല്‍പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ അളവില്‍  ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതോടെ ഒരു പ്രദേശത്തു നിന്ന് വന്‍തോതില്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ കഴിയും.


  ഇതിനാവശ്യമായ മികച്ച സാങ്കേതിക ക്ഷമതയുള്ള യന്ത്രങ്ങള്‍ തനിച്ചു വാങ്ങാന്‍ കഴിയാത്ത സംരംഭകര്‍ക്ക് ഇത്തരം യന്ത്രങ്ങള്‍ പൊതു സേവന കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതോടെ കൂടുതല്‍ അളവില്‍ ഉല്‍പാദനം നടത്താന്‍ കഴിയും. അതോടൊപ്പം മികച്ച സാങ്കേതിക സഹായവും ലഭിക്കും.

  പൊതുസേവന കേന്ദ്രങ്ങള്‍ വഴി അസംസ്കൃത വസ്തുക്കള്‍ ഒരുമിച്ചു വാങ്ങുന്നതു കൊണ്ട് ഉല്‍പാദന ചെലവു കുറയ്ക്കാന്‍ കഴിയുമെന്നതും നേട്ടമാണ്. ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്ന കേന്ദ്രങ്ങളില്‍ ഉല്‍പന്നം പരിശോധിക്കുന്നതിനുള്ള ലാബ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. ഈ രംഗത്ത് മികച്ച  പ്രഫഷണലുകളുടെ മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും ഉറപ്പാക്കാനും സാധിക്കുന്നതു വഴി മികച്ച രീതിയിലുളള മാര്‍ക്കറ്റിങ്ങ് സംവിധാനവും ഒരുക്കാന്‍ കഴിയും. കൂടാതെ ഉല്‍പന്നത്തിന്‍റെ വിപണനത്തിലും പൊതുവായ മാനദണ്ഡം(കോമണ്‍ പ്രോട്ടോകോള്‍) ഉറപ്പു വരുത്തും. പൊതുവായ പായ്ക്കിങ്ങ്, മാര്‍ക്കറ്റിങ്ങ്, ബ്രാന്‍ഡിങ്ങ് എന്നിവ ലഭ്യമാക്കുന്നതോടൊപ്പം  കുടുംബശ്രീ ഉല്‍പന്നങ്ങള്‍ സ്ഥിര വിപണനത്തിന് ലഭ്യമാക്കുക എന്നതിന് പ്രത്യേക ഊന്നല്‍ നല്‍കും. മേല്‍നോട്ട ചുമതല അതത് ജില്ലാ മിഷന്‍ അധികൃതര്‍ക്കാണ്.

 

ഡി.ഡി.യു.ജി.കെ.വൈ: കുടുംബശ്രീക്ക് തുടര്‍ച്ചയായ രണ്ടാം തവണയും ദേശീയ പുരസ്കാരം

Posted on Saturday, April 28, 2018

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴിലും നല്‍കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന് കുടുംബശ്രീക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പുരസ്കാരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ മേഖലയിലെ 10663 ഓളം യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനവും ജോലിയും ലഭ്യമാക്കിയതിനാണ് അവാര്‍ഡ്.

    ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം മെയ് അഞ്ചിന്  ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍  നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ഈ രംഗത്ത മികച്ച പ്രവര്‍ത്തനത്തിന് കഴിഞ്ഞ വര്‍ഷവും കുടുംബശ്രീക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഈ വര്‍ഷം 30,000 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവുമുള്ള ഗുണഭോക്താക്കളുടെ എണ്ണം, പരിശീലനം നേടിയവര്‍ക്ക് ഉറപ്പാക്കിയ തൊഴില്‍ ലഭ്യത, വിവിധ പരിശീലന ഏജന്‍സികളുമായി ധാരണാപത്രം ഒപ്പു വയ്ക്കല്‍, മൈഗ്രേഷന്‍ സപ്പോര്‍ട്ട്, പദ്ധതി ഊര്‍ജിതപ്പെടുത്തുന്നതിനായി നൂതന സാങ്കേതിക വിദ്യകളുടെയും വിവര സാങ്കേതിക വിദ്യയുടെയും ഉപയോഗം, പദ്ധതി ഗുണഭോക്താക്കള്‍ക്ക് ആത്മവിശ്വാസം വളര്‍ത്താന്‍ ഉപകരിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വിലയിരുത്തല്‍, പുരസ്കാര നിര്‍ണയ കമ്മിറ്റക്കു മുമ്പാകെയുള്ള പ്രവര്‍ത്തനങ്ങളുടെ അവതരണം എന്നിവയാണ് പുരസ്കാരം നിര്‍ണയത്തിനായി സ്വീകരിച്ച മാനദണ്ഡങ്ങള്‍.

    ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും കൂടാതെ എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. പരിശീലനാര്‍ത്ഥികള്‍ക്കു നല്‍കുന്ന മികച്ച അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍, നൂതനവും വൈവിധ്യമുളളതുമായ കോഴ്സുകള്‍, കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അംഗീകാരമുള്ള എന്‍.സി.വി.ടി, എസ്.എസ്.സി സര്‍ട്ടിഫിക്കറ്റുകള്‍, നടത്തിപ്പിലെ സൂക്ഷ്മത എന്നിവയും പുരസ്കാര നിര്‍ണയത്തിനു പരിഗണിച്ചിരുന്നു.  

   2014ലാണ് ഗ്രാമീണ മേഖലയിലെ നിര്‍ദ്ധനരായ യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവും തൊഴിലും നല്‍കി ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി ആരംഭിച്ചത്. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം തൊഴില്‍ പഠനം മുടങ്ങിയവര്‍ക്കും പഠിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതിയുടെ രൂപകല്‍പന. പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ഏറെ പേര്‍ക്കും ടാലി, ബി.പി.ഓ, റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നീ മേഖലകളിലാണ് ജോലി ലഭിച്ചിട്ടുള്ളത്. കൂടാതെ ഇന്‍ഫോസിസ്, പി.ആര്‍.എസ്, ഡെന്റ്‌കെയര്‍, ഏയ്ജീസ്, കിറ്റെക്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും ജോലി ലഭിച്ചവര്‍ ഏറെയാണ്. ജോലി നേടിക്കഴിഞ്ഞാലും തുടര്‍ പരിശീലനത്തിനും കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിനുമുള്ള പിന്തുണ ഉറപ്പാക്കുന്നതിനും പദ്ധതിയില്‍ അവസരമുണ്ട്.

    ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഗുണഭോക്താക്കളുടെ അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചാണ് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നത്.