news

കോവിഡ് 19: വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്കുള്ള പുതിയ മാർഗനിർദേശങ്ങൾ

Posted on Wednesday, January 19, 2022

കോവിഡ് ബാധിച്ചു വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണു പുതിയ നിർദേശങ്ങൾ.

രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയാൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലിരിക്കുകയും രോഗലക്ഷണങ്ങളുണ്ടായാൽ വൈദ്യസഹായം തേടുകയും ചെയ്യണം. 

മൂന്നു ദിവസം തുടർച്ചയായി കുറയാതെ തുടരുന്ന കടുത്ത പനി, ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചിൽ വേദനയും മർദവും അനുഭവപ്പെടുക, ആശയക്കുഴപ്പവും ഏഴുന്നേൽക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടുക, കടുത്ത ക്ഷീണവും പേശീവേദനയും അനുഭവപ്പെടുക, ശരീരത്തിൽ ഓക്സിൻ അളവ് കുറയുക തുടങ്ങിയവയിൽ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണ് വൈദ്യസഹായം തേടേണ്ടത്.

രോഗം സ്ഥിരീകരിച്ച് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ കുടുംബാംഗങ്ങളിൽനിന്നു അകലം പാലിക്കണം. വായൂ സഞ്ചാരമുള്ള മുറിയിലാകണം ഐസൊലേഷനിൽ കഴിയേണ്ടത്. എപ്പോഴും എൻ95 മാസ്‌കോ ഡബിൾ മാസ്‌കോ ഉപയോഗിക്കണം. ധാരാളം പാനീയം കുടിക്കുകയും വിശ്രമിക്കുകയും വേണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുകയും സാനിറ്റൈസ് ചെയ്യുകയും വേണം. പാത്രങ്ങൾ ഉൾപ്പെടെ വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ആരുമായും പങ്കുവയ്ക്കരുത്. ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ സോപ്പ്, ഡിറ്റർജന്റ്, വെള്ളം എന്നിവ ഉപയോഗിച്ചു വൃത്തിയാക്കണം. ഓക്സിജൻ അളവ്, ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കണം.

കോവിഡ് പോസിറ്റിവായി ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയോ മൂന്നു ദിവസങ്ങളിൽ പനി ഇല്ലാതിരിക്കുകയോ ചെയ്താൽ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം. ഹോം ഐസൊലേഷൻ കാലാവധി കഴിഞ്ഞതിനു ശേഷം വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ല. മാക്സ് ധരിക്കുന്നതു തുടരണമെന്നും ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശത്തിൽ പറയുന്നു.

പുഴയൊഴുകും മാണിക്കല്‍' സംസ്ഥാനത്തെ മാതൃകാപദ്ധതിയാക്കും: മന്ത്രി ജി.ആര്‍.അനില്‍

Posted on Wednesday, January 12, 2022

പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.
15 ലക്ഷം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ചു

തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച പുഴയൊഴുകും മാണിക്കല്‍ പദ്ധതി വന്‍ ജനപങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. പുഴ മാലിന്യ രഹിതമാക്കല്‍, കൃഷി വീണ്ടെടുക്കല്‍, ഗ്രാമീണ ടൂറിസം നടപ്പാക്കല്‍, പ്രഭാത സായാഹ്ന സവാരി പാതകള്‍ സൃഷ്ടിക്കല്‍, നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതികള്‍ നടപ്പിലാക്കല്‍ തുടങ്ങി വ്യത്യസ്ത ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര പദ്ധതിയായ പുഴയൊഴുകും മാണിക്കലിനെ സംസ്ഥാനത്തെ മാതൃകാപദ്ധതിയായി മാറ്റും. പദ്ധതി അവലോകനത്തിനായി സെക്രട്ടേറിയേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ തടസ്സങ്ങളില്ലാത്ത സ്ഥലങ്ങളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആദ്യം പൂര്‍ത്തിയാക്കണമെന്നും പ്രദേശത്ത് നേരിട്ടെത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും യോഗത്തില്‍ പങ്കെടുത്ത ജലവിഭവം, വനം, ടൂറിസം, മണ്ണ്‌സംരക്ഷണം, തൊഴിലുറപ്പ് പദ്ധതി തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പദ്ധതി നടത്തിപ്പിനായി എം.എല്‍.എ. ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അിറയിച്ചു. പുഴവീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സുസ്ഥിരമായി അത് നിലനിര്‍ത്താനുള്ള പദ്ധതികളും തുടക്കത്തിലേ തന്നെ ആസൂത്രണം ചെയ്യുമെന്ന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് നവകേരള കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ പറഞ്ഞു. ഗ്രാമീണ ടൂറിസത്തിന് മികച്ച ഉദാഹരണമായി പദ്ധതി മാറുമെന്നും  ഡോ.ടി.എന്‍. സീമ അഭിപ്രായപ്പെട്ടു. യോഗത്തില്‍ വിവിധ വകുപ്പുകള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്നും യോഗത്തില്‍ സംബന്ധിച്ച മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ പറഞ്ഞു. പുഴയൊഴുകും മാണിക്കല്‍ പദ്ധതി കോര്‍ഡിനേറ്റര്‍ ജി.രാജേന്ദ്രന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖ കുമാരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സുരേഷ്‌കുമാര്‍, അനില്‍കുമാര്‍, സഹീറത്ത് ബീവി, പഞ്ചായത്ത് സെക്രട്ടറി, ഹരിതകേരളം മിഷനിലേയും വിവിധ വകുപ്പുകളിലേയും സംസ്ഥാനതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാണിക്കല്‍ പ്രദേശത്ത് വേളാവൂര്‍ തോട് എന്നറിയപ്പെടുന്ന പുഴയുമായി ബന്ധിപ്പിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര പദ്ധതിയാണ് പുഴയൊഴുകും മാണിക്കല്‍. മാണിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. നിലവില്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഈ പുഴയും അനുബന്ധ ഭൂപ്രദേശങ്ങളും വീണ്ടെടുക്കുകയും പ്രദേശവാസികളുടെ സാമ്പത്തിക വികസനവും തൊഴില്‍ സാധ്യതകളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്റെ ജനകീയ നീര്‍ച്ചാല്‍ വീണ്ടെടുപ്പ് യജ്ഞമായ ഇനി ഞാനൊഴുകട്ടെയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 11.01.2022 ഉച്ചയ്ക്ക് 3.00 മണിക്ക്

Posted on Monday, January 10, 2022

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അടുത്ത യോഗം 11.01.2022, ചൊവ്വാഴ്ച  ഉച്ചയ്ക്ക്  3.00 മണിക്ക് സമൃദ്ധി ഹാളിൽ (സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് കാര്യാലയം, പട്ടം)  ചേരുന്നു

ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം - ആംഗ്യഭാഷയിലുള്ള ഓണ്‍ലൈന്‍ പരിശീലനം ഉദ്ഘാടനം

Posted on Sunday, January 9, 2022

Sign Language Trainingകേൾവിശേഷിക്കും സംസാരശേഷിക്കും വെല്ലുവിളികളുള്ള ഭിന്ന ശേഷിക്കാരായ വളരെയേറെ ജീവനക്കാർ സർക്കാർ സേവനത്തിലുണ്ട്. പരമ്പരാഗത രീതിയിലുള്ള പരിശീലനങ്ങളിൽ ഈ വിഭാഗത്തിലുള്ളവർക്ക് സജീവമായി പങ്കെടുക്കാൻ കഴിയാറില്ല. ഇക്കാര്യം മനസ്സിലാക്കി കില, കേരളത്തിലെ ഗ്രാമ പഞ്ചായത്തിലെ ഈ വിഭാഗം ജീവനക്കാർക്കായി അറുപതിലേറെ വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു ഓൺലൈൻ പരിശീലന പരിപാടി ആരംഭിക്കുകയാണ്.

2022 ജനുവരി 10 രാവിലെ 10.30 നു തദ്ദേശ സ്വയംഭരണ, എക്സ്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്തുത പരിശീലനത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന്‍ ആധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശ്രീ. ബാലമുരളി ഐ.എ.എസ്, പഞ്ചായത്ത്‌ ഡയറക്ടര്‍ ശ്രീ. എച്. ദിനേശന്‍ ഐ.എ.എസ്., പഞ്ചായത്ത്‌ അഡീഷണല്‍ ഡയറക്ടര്‍ ശ്രീ. എം.പി. അജിത്‌ കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിക്കും. 

സർക്കാർ ജീവനക്കാർക്ക് മാത്രമല്ല പൊതുജങ്ങൾക്ക് മുഴുവനായും ഉപയോഗപ്രദമാകുന്ന രീതിയിൽ സർക്കാർ സേവനങ്ങളെ കുറിച്ചും, സർവീസ് സംബന്ധിയായ വിഷയങ്ങളെ കുറിച്ചും പൂർണമായും ഭിന്നശേഷി സൗഹൃദമായി ആംഗ്യഭാഷയും, അടിക്കുറിപ്പുകളും, മറ്റു ഭിന്നശേഷി സൗഹൃദ മാർഗങ്ങളും ഉൾക്കൊള്ളിച്ചുള്ള ഒരു പരിശീലന പരിപാടിയാണ് കില ഇവിടെ അവതരിപ്പിക്കുന്നത്.

ഗ്രാമ പഞ്ചായത്തുകളില്‍ നിന്നു ലഭിക്കുന്ന സേവനങ്ങൾ എന്തെല്ലാമാണെന്നും, അവ എപ്രകാരം ലഭ്യമാകുമെന്നും, അതിന്റെ നിയമവശങ്ങൾ എന്തെല്ലാമെന്നും അതോടൊപ്പംതന്നെ പരാതി പരിഹാര സംവിധാനങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ള ഓരോ വ്യക്തിയും നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട നിരവധി വിഷയങ്ങളാണ് എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാകുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നത്.

ഇത്രയും ഭിന്നശേഷി സൗഹൃദ മാർഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു പരിശീലന പദ്ധതി രാജ്യത്ത് ആദ്യമായാകും തയ്യാറാകുന്നത്. ദേശീയതലത്തില്‍ ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പദവി തുടർച്ചയായി നേടുന്ന നമ്മുടെ കേരളത്തിൽ നിന്നും ലോകത്തുള്ള നിരവധിയായ ഭിന്നശേഷി സൗഹൃദ മാതൃകകളിലേക്ക് നമ്മുടെ സംസ്ഥാനവും ഒരു മാതൃക ഈ ഉദ്യമത്തിലൂടെ  അവതരിപ്പിക്കുകയാണ്

ശാരീരികമായ ഏറ്റക്കുറച്ചിലുകൾക്കപ്പുറം നമ്മുടെ സമൂഹം ഭിന്നശേഷിക്കാരെ ഉൾക്കൊള്ളാനും അവർക്ക് പ്രാപ്യമായ സംവിധാനങ്ങൾ ഒരുക്കാനും എത്രമാത്രം സന്നദ്ധമാകുന്നു എന്ന് സ്വയം ചിന്തിക്കേണ്ട കാലമാണിത്. ഇവിടെയാണ്‌ കിലയും തദ്ദേശ സ്വയംഭരണ വകുപ്പും ഭിന്നശേഷി സമൂഹത്തെ ഉൾച്ചേര്‍ത്ത് കൊണ്ടൊരു പരിശീലന പദ്ധതിയുമായി മുന്നോട്ട് വരുന്നത്.

കഴിഞ്ഞ പൊതുതെരെഞ്ഞെടുപ്പിന് മുൻപ് നടന്ന ഭിന്നശേഷിക്കാർക്കായുള്ള നവകേരളം സംവാദത്തിൽ ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്കായി ഭിന്നശേഷി സൗഹൃദ പരിശീലനം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.  ആ ഉറപ്പ് വളരെ ഭംഗിയായും കാര്യക്ഷമമായും നടപ്പിലാക്കാനുള്ള നടപടി കില ഏറ്റെടുക്കുകയായിരുന്നു. 

നമ്മുടെ സമൂഹത്തിൽ പ്രത്യേക പരിഗണനയും, പരിരക്ഷയും പിന്തുണയും വേണ്ടുന്നൊരു വിഭാഗമാണ് ഭിന്നശേഷി  വിഭാഗത്തിൽപ്പെടുന്നവർ എന്ന കാര്യത്തിൽ സംശയമില്ല. ഭിന്നശേഷി വിഭാഗത്തിലെ ഓരോ വ്യക്തിക്കും ഉപയോഗപ്രദമായ രീതിയിൽ തന്നെയാണ് ഈ പരീലന പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഇതൊരു തുടക്കം മാത്രമാണ്. തുടർന്നും, ഇനി വരുന്ന പരിശീലനങ്ങൾ കൂടുതൽ ഭിന്നശേഷി സൗഹൃദ മാർഗങ്ങൾ ഉൾപ്പെടുത്തി ജനങ്ങളിലേക്ക് എത്തിക്കാനാണ് കില ലക്ഷ്യം വയ്ക്കുന്നത്.

ഉദ്ഘാടന പരിപാടി https://www.youtube.com/kilatcr   https://www.facebook.com/kilatcr എന്നിവയില്‍ തത്സമയം വീക്ഷിക്കാവുന്നതാണ്.