കേൾവിശേഷിക്കും സംസാരശേഷിക്കും വെല്ലുവിളികളുള്ള ഭിന്ന ശേഷിക്കാരായ വളരെയേറെ ജീവനക്കാർ സർക്കാർ സേവനത്തിലുണ്ട്. പരമ്പരാഗത രീതിയിലുള്ള പരിശീലനങ്ങളിൽ ഈ വിഭാഗത്തിലുള്ളവർക്ക് സജീവമായി പങ്കെടുക്കാൻ കഴിയാറില്ല. ഇക്കാര്യം മനസ്സിലാക്കി കില, കേരളത്തിലെ ഗ്രാമ പഞ്ചായത്തിലെ ഈ വിഭാഗം ജീവനക്കാർക്കായി അറുപതിലേറെ വിഷയങ്ങൾ ഉൾപ്പെടുത്തി ഒരു ഓൺലൈൻ പരിശീലന പരിപാടി ആരംഭിക്കുകയാണ്.
2022 ജനുവരി 10 രാവിലെ 10.30 നു തദ്ദേശ സ്വയംഭരണ, എക്സ്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. വി. ഗോവിന്ദന് മാസ്റ്റര് പ്രസ്തുത പരിശീലനത്തിന്റെ ഉദ്ഘാടനം ഓണ്ലൈന് ആയി നിര്വഹിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന് ആധ്യക്ഷം വഹിക്കുന്ന യോഗത്തില് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് ഡയറക്ടര് ശ്രീ. ബാലമുരളി ഐ.എ.എസ്, പഞ്ചായത്ത് ഡയറക്ടര് ശ്രീ. എച്. ദിനേശന് ഐ.എ.എസ്., പഞ്ചായത്ത് അഡീഷണല് ഡയറക്ടര് ശ്രീ. എം.പി. അജിത് കുമാര് എന്നിവര് ആശംസ അര്പ്പിക്കും.
സർക്കാർ ജീവനക്കാർക്ക് മാത്രമല്ല പൊതുജങ്ങൾക്ക് മുഴുവനായും ഉപയോഗപ്രദമാകുന്ന രീതിയിൽ സർക്കാർ സേവനങ്ങളെ കുറിച്ചും, സർവീസ് സംബന്ധിയായ വിഷയങ്ങളെ കുറിച്ചും പൂർണമായും ഭിന്നശേഷി സൗഹൃദമായി ആംഗ്യഭാഷയും, അടിക്കുറിപ്പുകളും, മറ്റു ഭിന്നശേഷി സൗഹൃദ മാർഗങ്ങളും ഉൾക്കൊള്ളിച്ചുള്ള ഒരു പരിശീലന പരിപാടിയാണ് കില ഇവിടെ അവതരിപ്പിക്കുന്നത്.
ഗ്രാമ പഞ്ചായത്തുകളില് നിന്നു ലഭിക്കുന്ന സേവനങ്ങൾ എന്തെല്ലാമാണെന്നും, അവ എപ്രകാരം ലഭ്യമാകുമെന്നും, അതിന്റെ നിയമവശങ്ങൾ എന്തെല്ലാമെന്നും അതോടൊപ്പംതന്നെ പരാതി പരിഹാര സംവിധാനങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ള ഓരോ വ്യക്തിയും നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട നിരവധി വിഷയങ്ങളാണ് എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാകുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നത്.
ഇത്രയും ഭിന്നശേഷി സൗഹൃദ മാർഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു പരിശീലന പദ്ധതി രാജ്യത്ത് ആദ്യമായാകും തയ്യാറാകുന്നത്. ദേശീയതലത്തില് ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പദവി തുടർച്ചയായി നേടുന്ന നമ്മുടെ കേരളത്തിൽ നിന്നും ലോകത്തുള്ള നിരവധിയായ ഭിന്നശേഷി സൗഹൃദ മാതൃകകളിലേക്ക് നമ്മുടെ സംസ്ഥാനവും ഒരു മാതൃക ഈ ഉദ്യമത്തിലൂടെ അവതരിപ്പിക്കുകയാണ്
ശാരീരികമായ ഏറ്റക്കുറച്ചിലുകൾക്കപ്പുറം നമ്മുടെ സമൂഹം ഭിന്നശേഷിക്കാരെ ഉൾക്കൊള്ളാനും അവർക്ക് പ്രാപ്യമായ സംവിധാനങ്ങൾ ഒരുക്കാനും എത്രമാത്രം സന്നദ്ധമാകുന്നു എന്ന് സ്വയം ചിന്തിക്കേണ്ട കാലമാണിത്. ഇവിടെയാണ് കിലയും തദ്ദേശ സ്വയംഭരണ വകുപ്പും ഭിന്നശേഷി സമൂഹത്തെ ഉൾച്ചേര്ത്ത് കൊണ്ടൊരു പരിശീലന പദ്ധതിയുമായി മുന്നോട്ട് വരുന്നത്.
കഴിഞ്ഞ പൊതുതെരെഞ്ഞെടുപ്പിന് മുൻപ് നടന്ന ഭിന്നശേഷിക്കാർക്കായുള്ള നവകേരളം സംവാദത്തിൽ ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്കായി ഭിന്നശേഷി സൗഹൃദ പരിശീലനം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പ് വളരെ ഭംഗിയായും കാര്യക്ഷമമായും നടപ്പിലാക്കാനുള്ള നടപടി കില ഏറ്റെടുക്കുകയായിരുന്നു.
നമ്മുടെ സമൂഹത്തിൽ പ്രത്യേക പരിഗണനയും, പരിരക്ഷയും പിന്തുണയും വേണ്ടുന്നൊരു വിഭാഗമാണ് ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർ എന്ന കാര്യത്തിൽ സംശയമില്ല. ഭിന്നശേഷി വിഭാഗത്തിലെ ഓരോ വ്യക്തിക്കും ഉപയോഗപ്രദമായ രീതിയിൽ തന്നെയാണ് ഈ പരീലന പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഇതൊരു തുടക്കം മാത്രമാണ്. തുടർന്നും, ഇനി വരുന്ന പരിശീലനങ്ങൾ കൂടുതൽ ഭിന്നശേഷി സൗഹൃദ മാർഗങ്ങൾ ഉൾപ്പെടുത്തി ജനങ്ങളിലേക്ക് എത്തിക്കാനാണ് കില ലക്ഷ്യം വയ്ക്കുന്നത്.
ഉദ്ഘാടന പരിപാടി https://www.youtube.com/kilatcr https://www.facebook.com/kilatcr എന്നിവയില് തത്സമയം വീക്ഷിക്കാവുന്നതാണ്.
- 181 views