കോഓര്ഡിനേഷന് സമിതി യോഗം രാവിലെ 10.30 ന് ബോധി ഹാളില്‍
- 125 views
കോഓര്ഡിനേഷന് സമിതി യോഗം രാവിലെ 10.30 ന് ബോധി ഹാളില്‍
കോഓര്ഡിനേഷന് സമിതി യോഗം രാവിലെ 10.30 ന് ബോധി ഹാളില്‍
എറണാകുളം നോര്ത്ത് പരവൂറിലെ മദേഴ്സ് കിച്ചണില് നിന്ന് കൊച്ചി മെട്രോ റെയില് ലിമിറ്റഡിലെ (കെഎംആര്എല്) ഉദ്യോഗസ്ഥര്ക്ക് ചോറ്റുപാത്രത്തില് ഉച്ചഭക്ഷണം വിതരണം ചെയ്തു തുടങ്ങി. ഇതിനായി കെഎംആര്എല്ലുമായി ധാരണയിലെത്തുകയായിരുന്നു. നോര്ത്ത് പരവൂര് സിറ്റി മിഷന് മാനേജ്മെന്റ് യൂണിറ്റിന് കീഴിലുള്ള മദേഴ്സ് കിച്ചണില് നിന്ന് രുചികരമായ ഭക്ഷണം തയാറാക്കി ചോറ്റുപാത്രത്തിലാക്കി എത്തിക്കുകയാണ് ചെയ്യുക (ഡബ്ബ സംവിധാനം).
കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ (എന്യുഎല്എം) ഭാഗമായി സ്ത്രീകള്ക്ക് ഉപജീവന മാര്ഗ്ഗമെന്ന നിലയില് സ്വയം തൊഴില്‍ കണ്ടെത്തി നല്കുന്നതിന് വേണ്ടിയാണ് മദേഴ്സ് കിച്ചണ് തുടക്കമിട്ടത്. നിലവില്‍ 100 ഓളം പേര്ക്ക് ഇത്തരത്തില് ഭക്ഷണം വിതരണം ചെയ്തുവരുന്നു. ചോറും സാമ്പാറും മീന്കറിയും ഉള്പ്പെടെയുള്ള ഊണിന് 40 രൂപ മാത്രമാണ് ഈടാക്കുന്നത്. ചോറ്റുപാത്രങ്ങള് പിന്നീട് ശേഖരിച്ച് മദേഴ്സ് കിച്ചണിലേക്ക് എത്തിക്കും. യൂണിറ്റ് അംഗങ്ങള്ക്ക് 8000 രൂപ മാസവരുമാനമായി ലഭിക്കുന്നു. മെട്രോ റെയില് ക്യാന്റീനിലേക്കുള്ള ഭക്ഷണവും മദേഴ്സ് കിച്ചണാണ് തയാറാക്കി നല്കുന്നത്.
പരിസ്ഥിതി സൗഹൃപരമായ രീതിയിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. അതിനാല് തന്നെ ഉദ്യോഗസ്ഥര് പ്ലാസ്റ്റിക് പാത്രങ്ങളില് ഭക്ഷണം കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡബ്ബാവാലാ സംവിധാനം ഏര്പ്പെടുത്തിയത്.
കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്പ്പ് ഡെസ്കിന്റെ ഭാഗമായുള്ള സ്‌നേഹിത @ സ്കൂള് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. കോട്ടയം പുതുവേലി ഗണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളില് ഒക്ടോബര്‍ നാലിന് നടന്ന ചടങ്ങില്‍ മോന്സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ജില്ലയിലെ മൂന്ന് സ്കൂളുകളില് പരീക്ഷണാടിസ്ഥാനത്തില് പദ്ധതി ആരംഭിച്ചിരുന്നു. ഇത് വിജയകരമായതിനെത്തുടര്ന്നാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന് തീരുമാനിച്ചത്. കുട്ടികള്ക്കും രക്ഷിതാക്കള്ക്കും വേണ്ട കൗണ്സിലിങ് അടക്കമുള്ള സേവനങ്ങള് നല്കുക. മാനസിക പ്രശ്നങ്ങളെയും സംഘര്ഷങ്ങളെയും അതിജീവിക്കാന് കുട്ടികളെ പ്രാപ്തരാക്കുക, ജീവിത വിജയത്തിനൊപ്പം പഠനം കൂടുതല് ആകര്ഷകമാക്കാനുള്ള ക്രിയാത്മക പ്രവര്ത്തനങ്ങള് നടത്തുക തുടങ്ങിയ സേവനങ്ങളാണ് സ്‌നേഹിത @ സ്കൂള് വഴി വിദ്യാര്ത്ഥികള്ക്ക് നല്കുന്നത്.
നിരാലംബരായ സ്ത്രീകള്ക്കും കുട്ടികള്ക്കും സാന്ത്വനമേകുന്നതിനായി കുടുംബശ്രീ ആരംഭിച്ചിരിക്കുന്ന സംവിധാനമാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്പ്പ് ഡെസ്ക്ക്. ഈ ഹെല്പ്പ് ഡെസ്ക്കിന്റെ ഭാഗമായാണ് സ്‌നേഹിത @ സ്കൂള് പ്രവര്ത്തനങ്ങളും നടത്തുന്നത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടുകാരിയായി നിന്നുകൊണ്ട് സ്നേഹിതയുടെ സേവന സംവിധാനങ്ങള്‍ പ്രാദേശിക സ്കൂളുകളില് ഉപയോഗപ്പെടുത്തും. 14 ജില്ലകളിലെയും സ്‌നേഹിത കേന്ദ്രങ്ങളില് പ്രവര്‍ത്തിക്കുന്ന ലീഗല് ക്ലിനിക്കുകളുടെ സേവനവും ഉപയോഗപ്പെടുത്തും. സ്കൂളുകളിലെല്ലാം സ്‌നേഹിത കൗണ്സിലറുടെ സേവനം നല്കും.
കുടുംബശ്രീയുടെ ഭാഗമായ 43 ലക്ഷം അയല്‍ക്കൂട്ട കുടുംബങ്ങളെയും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജിയോടാഗ് ചെയ്യുകയും കുടുംബങ്ങളുടെ സംപൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ച് താഴേത്തട്ടില്‍ നിന്നുള്ള സൂക്ഷ്മതല ആസൂത്രണം സമഗ്രമാക്കാനുമുള്ള പദ്ധതിയായ ഇ-നെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. കോട്ടയം തെള്ളകത്തുള്ള ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഒക്ടോബര്‍ നാലിനായിരുന്നു ഉദ്ഘാടന ചടങ്ങ്. ഓരോ കുടംബത്തിന്റെയും സൂക്ഷ്മതലത്തിലുള്ള ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഈ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ഇ-നെസ്റ്റ് പദ്ധതി വഴി കഴിയും.
പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വേ ഉടന്‍ തന്നെ ആരംഭിക്കും. ലഭിക്കുന്ന വിവരങ്ങള്‍ എഡിഎസ്-സിഡിഎസ് തലത്തില്‍ പ്രാഥമിക തലത്തിലും പിന്നീട് ഉദ്യോഗസ്ഥ തലത്തിലും പരിശോധിച്ച് ഉറപ്പുവരുത്തും. എഡിഎസ്, സിഡിഎസ് തലത്തില്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ ക്രോഡീകരിക്കും. പിന്നീട് അയല്‍ക്കൂട്ടം, എഡിഎസ്, സിഡിഎസ് തലത്തില്‍ വിവിധ പ്ലാനുകള്‍ തയാറാക്കും. വിവിധ പ്ലാനുകള്‍ സംയോജിപ്പിച്ച് സിഡിഎസ് തലത്തില്‍ ആവശ്യകതാ നിര്‍ണ്ണയം നടത്തുകയും പദ്ധതി നിര്‍ദ്ദേശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യും.
സാമൂഹിക വികസന പ്ലാന്‍, ഉപജീവന പ്ലാന്‍, അടിസ്ഥാന വികസന പ്ലാന്‍, റിസോഴ്‌സ് പ്ലാന്‍ എന്നിവ അയല്‍ക്കൂട്ടതലത്തില്‍ രൂപീകരിക്കും. അതാത് പ്രദേശത്തെ അയല്‍ക്കൂട്ടങ്ങളുടെ സൂക്ഷ്മതല പ്ലാനുകളെ സംയോജിപ്പിച്ച് എഡിഎസ് പ്ലാന്‍ തയാറാക്കും. സിഡിഎസ് തലത്തില്‍ ഓരോ എഡിഎസുകളുടെ പ്ലാനുകള്‍ സംയോജിപ്പിച്ചാണ് ആവശ്യകതാ നിര്‍ണ്ണയം നടത്തുന്നതും പദ്ധതി നിര്‍ദ്ദേശങ്ങള്‍ തയാറാക്കുന്നതും. സിഡിഎസുകളുടെ നിര്‍ദ്ദേശങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് ജില്ലാ- ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. ഇതനുസരിച്ച് ജില്ലാതലത്തില്‍ ആവശ്യകതാ നിര്‍ണ്ണയം നടത്തുകയും അവ കുടുംബശ്രീ ജില്ലാ മിഷനുകള്‍ സംസ്ഥാന മിഷന് കൈമാറുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കുടുംബശ്രീ വാര്‍ഷിക പദ്ധതികളുടെ മുന്‍ഗണനകള്‍ നിശ്ചയിക്കുക.
അയല്‍ക്കൂട്ട അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തിനായി യുവശ്രീ, പ്രത്യാശ, അഗതിരഹിത കേരളം, സ്‌നേഹിത കോളിങ് ബെല്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കിവരുന്നത്. ഇതിന് പുറമേയാണ് അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കായി ഇ-നെസ്റ്റ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. താഴേത്തട്ടിലുള്ള സൂക്ഷ്മതല ആസൂത്രണത്തിന് പദ്ധതി ഏറെ സഹായകരമാകും.
ഉദ്ഘാടന യോഗത്തില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷനായി. തോമസ് ചാഴിക്കാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.വി. പ്രമോദ് പദ്ധതി വിശദീകരിച്ചു.
കണ്ണൂര്‍ ജില്ലയിലെ പത്ത് കുടുംബശ്രീ സംരംഭങ്ങളുടെ പതിനൊന്ന് ഉത്പന്നങ്ങള്‍ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ബ്രാന്‍ഡഡായി പുറത്തിറക്കി. സെപ്റ്റംബര്‍ ഏഴിന് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തുറമുഖം, പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉത്പന്നങ്ങളുടെ പുറത്തിറക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.
ഊര്‍ജ്ജശ്രീ പായസം മിക്സ് (മുണ്ടേരി, എടക്കാട് ബ്ലോക്ക്), വൈബ്രന്‍ഡ് ഷര്‍ട്ട്സ് (പാട്യം സിഡിഎസ്), സഹ്യശ്രീ ഹണി, ചോക്കോസോഫ്ട് ചോക്ലേറ്റ്സ്, യാഹൂ ബിസ്കറ്റ്സ് (മൂന്നും കൊട്ടിയൂര്‍ സിഡിഎസ്), സെന്‍റ് ജോര്‍ജ്ജ് ഓര്‍ഗോ ക്ലീനര്‍ (പേരാവൂര്‍ സിഡിഎസ്), ഷൈസോള്‍ ക്ലോത്ത് സാന്‍ഡല്‍സ് (കുഞ്ഞിപ്പള്ളി, കണ്ണൂര്‍ സിഡിഎസ്), ഗോകുല്‍ അഗര്‍ബത്തീസ് (തൃപ്പങ്ങോട്ടൂര്‍, കൂത്തുപറമ്പ ബ്ലോക്ക് എസ്വിഇപി), നൈറ്റിംഗേല്‍ നൈറ്റീസ് (അപ്പാരല്‍ പാര്‍ക്കുകളുടെ കണ്‍സോര്‍ഷ്യം), ആക്ടീവ് പ്ലസ് ലിക്വിഡ് ക്ലോത്ത് വാഷ് (കൂത്തുപറമ്പ് സിഡിഎസ്), ചൈതന്യ കമ്പിളി വസ്ത്രങ്ങള്‍ (കൊട്ടിയൂര്‍ സിഡിഎസ്). കുടുംബശ്രീ സംരംഭങ്ങള്‍ വഴി ആദ്യമായി പുറത്തിറക്കുന്ന ചോക്ലേറ്റാണ് ചോക്കോസോഫ്ട്.
തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശ്ശൂര്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ ശീതീകരിച്ച വിശ്രമമുറികളുടെ (എസി വെയിറ്റിങ് ഹാള്‍) മാതൃകയില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും കുടുംബശ്രീ അംഗങ്ങള്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന വിശ്രമമുറി ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം. സുര്‍ജിത്ത് സെപ്റ്റംബര്‍ അഞ്ചിന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹാളില്‍ മണിക്കൂറിന് 30 രൂപ നിരക്കിലാണ് ഈടാക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക ഇടവും ഹാളിലുണ്ട്. ടെലിവിഷനും വായിക്കാനായി പുസ്തകങ്ങളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വൃത്തിയുള്ള ശുചിമുറികളും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള ഇടങ്ങളും ഹാളിലുണ്ട്. ദിവസേന ലഭിക്കുന്ന വരുമാനം 50-50 ശരാശരിയില്‍ പങ്കിടാനാണ് കുടുംബശ്രീയും റെയില്‍വേയും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്.
വെയിറ്റിങ് ഹാള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് കുടുംബശ്രീ അംഗങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറോടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലും എസി വെയിറ്റിങ് ഹാള്‍ ആരംഭിക്കും. നിരവധി യാത്രക്കാര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ശീതീകരിച്ച വിശ്രമമുറികള്‍.
കാസര്‍ഗോഡ് ജില്ലയിലും കുടുംബശ്രീയുടെ യന്ത്രവത്കൃത ചകിരി നിര്‍മ്മാണ യൂണിറ്റിന് തുടക്കം. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ സെപ്റ്റംബര്‍ 14ന് നടന്ന ചടങ്ങില്‍ കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ യൂണിറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ജില്ലാ മിഷന്‍ മുന്നോട്ട് വച്ചപ്പോള്‍ അഞ്ച് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുത്ത് യൂണിറ്റ് ആരംഭിക്കുന്നതിനായി കിനാനൂര്‍ കരിന്തളം സിഡിഎസ് മുന്നോട്ട് വരികയായിരുന്നു.
പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിന്നുള്ള റീന (പ്രസിഡന്‍റ്), സുബിഷ (സെക്രട്ടറി), സാവിത്രി, ജയശ്രീ, ശ്യാമള എന്നീ അഞ്ച് വനിതകളാണ് യൂണിറ്റ് അംഗങ്ങള്‍. ഇവര്‍ക്ക് കയര്‍ മെഷീന്‍ മാനുഫാക്ചറിങ് കമ്പനിയില്‍ പരിശീലനം നല്‍കി. ഷെഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പരപ്പ ബ്ലോക്ക് പഞ്ചായത്തും കിനാനൂര്‍ കരിന്തരളം ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് ഒരുക്കി. ഈ യന്ത്രങ്ങളുപയോഗിച്ച് ദിവസം 2500 മുതല്‍ 3000 ചകിരികള്‍ വരെ സംസ്ക്കരിക്കാനാകും. നിലവില്‍ കണ്ണൂരിലെ പരിയാരം, ആന്തൂര്‍, തൃശ്ശൂരിലെ അളഗപ്പ നഗര്‍ എന്നിവിടങ്ങളിലാണ് കുടുംബശ്രീ ചകിരി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ പരമ്പരാഗത കയര്‍മേഖലയില്‍ കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ക്ക് പുതിയ തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് യന്ത്രവത്കൃത ചകിരി നിര്‍മ്മാണ യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. കയര്‍ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇവയ്ക്ക് വിദേശ രാജ്യങ്ങളിലുള്ള സ്വീകാര്യത മുന്‍നിര്‍ത്തിയുമാണ് കുടുംബശ്രീ ഈ മേഖലയില്‍ പദ്ധതി ആവിഷ്ക്കരിച്ചത്. പദ്ധതിക്ക് കണ്ണൂര്‍ ജില്ലയിലെ പരിയാരത്തായിരുന്നു തുടക്കമിട്ടത്. പച്ചത്തൊണ്ടില്‍ നിന്നും ചകിരി നാരുത്പാദിപ്പിക്കുന്ന പദ്ധതിയാണിത്. യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന ചകിരിനാര് കയര്‍ഫെഡ് സംഭരിക്കും. തൊണ്ട് സംസ്ക്കരിച്ചശേഷം വരുന്ന ചകിരിച്ചോറ് യൂണിറ്റുകള്‍ വളമാക്കി വില്‍ക്കുന്നതിലൂടെ അധികവരുമാനവും ഉറപ്പ് വരുത്തുന്നു.
കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ തിരുനെല്ലി ആദിവാസി പ്രത്യേക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കമ്പളനാട്ടി പരിപാടി നാടിനാകെ ആഘോഷമായി. പുതിയൂര്‍ പാടത്ത് ഞാറ് നട്ട് വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂടാതെ പണിയ, അടിയ, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്‍റെ ഉദ്ഘാടനവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് മായാദേവി അധ്യക്ഷയായി. അന്യം നിന്ന് പോകുന്ന നെല്ലിനങ്ങള്‍ തിരുനെല്ലിയിലെ 120 ഏക്കര്‍ പാടത്ത് കൃഷി ചെയ്യും. പഞ്ചായത്തില്‍ പുതുതായി 53 കൃഷി സംഘങ്ങള്‍ (ജെഎല്‍ജി- ജോയ്ന്‍റ് ലയബിളിറ്റി ഗ്രൂപ്പ്) രൂപീകരിച്ചിരുന്നു.
വയനാട്ടിലെ തിരുനെല്ലിയില്‍ ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന മേഖലയ്ക്കായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായായാണ് തിരുനെല്ലി പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ഇവിടെ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അട്ടപ്പാടി ആദിവാസി പ്രത്യേക പദ്ധതിയുടെ മാതൃകയില്‍ കേരളത്തില്‍ ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളിലേക്ക് ഇത്തരത്തിലുള്ള പദ്ധതികള്‍ വ്യാപിപ്പിച്ച് വരികയാണ്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ശക്തമായ സാമൂഹ്യ സംവിധാനങ്ങള്‍ കെട്ടിപ്പെടുത്ത് സാമ്പത്തികവും സാമൂഹികവുമായ വികാസം ഉറപ്പുവരുത്തുകയാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ ചെയ്യുന്നത്. ലഘുസമ്പാദ്യം, സുസ്ഥിര ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടാനുള്ള അവസരം നല്‍കി അവരുടെ സാമൂഹ്യ സ്ഥിതി മെച്ചപ്പെടുത്തുകയാണ് ചെയ്യുക.
ഓണംവാരാഘോഷ സമാപന ഘോഷയാത്രയില്‍ ശ്രദ്ധ നേടി കുടുംബശ്രീയുടെ ഫ്ളോട്ടും. സ്ത്രീശാക്തീകരണത്തിന്‍റെ കരുത്ത് തെളിയിക്കുന്ന ഫ്ളോട്ടായിരുന്നു സമാപനഘോഷയാത്രയില്‍ കുടുംബശ്രീ ഒരുക്കിയത്. എറൈസ് മള്‍ട്ടി ടാസ്ക് സംഘത്തിന്‍റെയും വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റിന്‍റെയും നേട്ടങ്ങള്‍ കാണികളിലേക്ക് എത്തിക്കുന്ന തരത്തിലായിരുന്നു ഈ നിശ്ചലദൃശ്യം. കെട്ടിട നിര്‍മ്മാണ സംഘങ്ങള്‍ക്കും എറൈസ് ടീമുനമായുള്ള പ്രത്യേകം പ്രത്യേകം യൂണിഫോമുകള്‍ അണഞ്ഞ വനിതകാളാണ് ഫ്ളോട്ടിലുണ്ടായിരുന്നത്.
നിര്‍മ്മാണ മേഖലയിലെ പെണ്‍കരുത്തായി കുടുംബശ്രീ വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റുകള്‍, ഇലക്ട്രിക്, പ്ലംബിങ് ജോലികള്‍ക്ക് കുടുംബശ്രീ മള്‍ട്ടി ടാസ്ക് ടീം എന്നതായിരുന്നു ഈ നിശ്ചലദൃശ്യത്തിന്‍റെ സന്ദേശം. 2018 ഓഗസ്റ്റില്‍ നേരിട്ട പ്രളയത്തിന് ശേഷം കേരളത്തിന്‍റെ തിരിച്ചുവരവിന് കുടുംബശ്രീ നടത്തുന്ന സാമൂഹ്യ ഇടപെടലുകളില്‍ കേന്ദ്രീകരിച്ചായിരുന്നു ഈ ഫ്ളോട്ട് ഒരുക്കിയത്. ആലപ്പുഴ ജില്ലയിലെ പരിശീലന സംഘമായ എക്സാഥാണ് നിശ്ചലദൃശ്യം അണിയിച്ചൊരുക്കിയത്. സമൂഹത്തിനോട് കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ക്കുള്ള സ്നേഹവും കരുതലും ഉത്തരവാദിത്തവും വെളിവാക്കിയ ഈ ഫ്ളോട്ട് കാണികളുടെ മനസ്സില്‍ ഏറെ ആകാംക്ഷ നിറച്ചു.
ഭാവിയില്‍ കെട്ടിട നിര്‍മ്മാണ മേഖലയില്‍ വിദഗ്ധരായ തൊഴിലാളികളുടെ അഭാവമുണ്ടാകുന്നത് മുന്‍കൂട്ടി കണ്ടാണ് കുടുംബശ്രീ കെട്ടിട നിര്‍മ്മാണ സംഘങ്ങളെന്ന ആശയത്തിന് രൂപം നല്‍കിയത്. ദരിദ്രര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടി സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്ന പല ഭവന നിര്‍മ്മാണ പദ്ധതികളിലും ഇവരുടെ സേവനം ഉപയോഗിക്കാനാകുമെന്ന കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ടായി. വിവിധ ജില്ലകളിലായി നിര്‍മ്മാണ മേഖലയില്‍ കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുകയും നിര്‍മ്മാണ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.
2018ലെ പ്രളയത്തിന് ശേഷം ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് പുതിയ ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള ചുമതല സര്‍ക്കാര്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചിരുന്നു. ഇതിനായി രൂപം നല്‍കിയ പദ്ധതിയാണ് എറൈസ് (അരൂൗശൃശിഴ ഞലശെഹശലിരല മിറ കറലിശേ്യേ വേൃീൗഴവ ടൗമെേശിമയഹല ഋാുഹീ്യാലിേ)). പദ്ധതിയിലൂടെ ഇലക്ട്രിക്കല്‍ വര്‍ക്ക്, ഇലക്ട്രോണിക്സ് റിപ്പയറിങ്, പ്ലംബിങ് എന്നീ മേഖലകളില്‍ പരിശീലനം ലഭിച്ചവര്‍ ഉള്‍പ്പെടുന്ന മള്‍ട്ടി ടാസ്ക് ടീമുകള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. 2019ലെ പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍, പൊതു ഇടങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ചുമതല എറൈസ് ടീമുകളെ ഏല്‍പ്പിക്കാമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു.